വെറുപ്പും ഭീതിയും പ്രസരിപ്പിക്കുന്ന മതദേശീയതയ്ക്കുള്ള ഉത്തരം ഭരണഘടനാദേശീയതയാണെന്ന് പ്രമുഖ നിയമജ്ഞനും ഇന്ത്യയുടെ ലോ കമ്മിഷൻ മുൻ ചെയർമാനും ഡൽഹി, മദ്രാസ് ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ.പി. ഷാ. കോടതിനിയമത്തിലൂടെ സ്നേഹമോ കാരുണ്യമോ നിർമ്മിക്കാനാവില്ല. എന്നാൽ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും ചുമതലകളും പ്രചരിപ്പിക്കുന്നതിലൂടെയും നിഷ്കർഷിക്കുന്നതിലൂടെയും ആ അന്തരീക്ഷം ഒരുക്കിയെടുക്കാൻ സാധിക്കുമെന്നു ജസ്റ്റിസ് ഷാ പറഞ്ഞു.
ദയാപുരം കോളേജിന്‍റെ ഇരുപതാം വാർഷികാഘോഷങ്ങളിൽ 'ഭരണഘടനാ ദേശീയത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഇന്ന് 'സ്വന്തത്വം' (belongingness)എന്ന ആശയം കടുത്ത പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നാം ഒരു ജനതയാണ് എന്നത് സ്വാഭാവികമായ സംഗതിയല്ല. അത് ഉണ്ടാക്കിയെടുക്കേണ്ടതാണ്. ദേശീയത കൂറിന്‍റെയും മനുഷ്യാനുകമ്പയുടെയും തോന്നലുകൾ നിർമ്മിക്കാൻ പര്യാപ്തമാണ്. അത് നല്ല രീതിയിൽ ഉപയോഗിക്കാവുന്നതുമാണ്- പ്രാന്തവത്കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടിയുള്ള വിധികളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് ഷാ പറഞ്ഞു. അങ്ങനെ ഉപയോഗിക്കാൻ പറ്റിയ പ്രായോഗികവും ധാർമികവുമായുള്ള ഒരേയൊരു ദേശീയത ഭരണഘടനാദേശീയതയാണ്. മതമോ വേഷമോ ഭക്ഷണമോ ഭാഷയോ ഒന്നും പൊതുവായി ഇല്ലാത്ത ഇന്ത്യക്കാർക്ക് പൊതുവായുള്ളത് ഭരണഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഗമനപരമായ ദേശീയത, വിപ്ലവാത്മക ജനകീയ ദേശീയത, പിന്തിരിപ്പൻ യുദ്ധോത്സുക ദേശീയത എന്നിങ്ങനെ ദേശീയതകൾ പലതുണ്ട്. ഹിറ്റ്ലറുടെ ദേശീയതയല്ല നെഹ്റുവിന്‍റെയോ ഗാന്ധിയുടെയോ ദേശീയത. ഈ വ്യത്യസ്തതകൾ നാം തിരിച്ചറിയണം. മതേതരവും സമത്വാധിഷ്ഠിതവും സ്വതന്ത്രവുമായ റിപ്പബ്ലിക്കിന്‍റെ സൃഷ്ടിക്കു വേണ്ടത് അഭിപ്രായ വ്യത്യാസങ്ങളാണ്. ഒരാൾ മതേതരനായിരിക്കുന്നത് അയാളുടെ നന്മയുടെയോ വിശ്വാസത്തിന്‍റെയോ പ്രശ്നമല്ല, ഭരണഘടനാപരമായ ഉള്ള കരാറിന്‍റെ ഭാഗമാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
2018 മുതൽ 2022 വരെ ദയാപുരം നടത്തിയ പ്രളയം- കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പ്രഭാഷണങ്ങളുടെയും പോസ്റ്ററുകളും അനുഭവക്കുറിപ്പുകളും വിശദമായ വരവുചെലവു കണക്കുകളും ഉള്‍ക്കൊള്ളിച്ച് ഡോ. എൻ പി ആഷ്‌ലി തയ്യാറാക്കിയ റിപ്പോർട്ട് ജസ്റ്റിസ് ഷാ പ്രകാശനം ചെയ്തു. ദയാപുരം ചെയർമാൻ ഡോ.എം.എം ബഷീർ റിപ്പോർട്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ ദയാപുരം ചെയർമാൻ ഡോ.എം.എം ബഷീർ അധ്യക്ഷനായിരുന്നു. പാട്രണ്‍ സി.ടി അബ്ദുറഹിം, ഡോ. എൻ പി ആഷ്‌ലി, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജ്യോതി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി വി ജോണ്‍ എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർഥികളായ ഫാത്വിമ ലന സ്വാഗതവും വഫ ജാഫർ നന്ദിയും പറഞ്ഞു.