കുഞ്ഞുങ്ങള്‍ക്കുള്ള പാക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന. മധുരം രുചികരമാണെങ്കിലും ആരോഗ്യത്തിന് നല്ലതല്ല. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് നിരോധിക്കണമെന്നും ലോകാരോഗ്യ സംഘടന.
ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ കേടുവരാനിടയാക്കും. ചെറുപ്രായത്തില്‍ പഞ്ചസാര ധാരാളം കഴിക്കുന്ന കുട്ടികള്‍ ഭാവിയില്‍ മധുരപ്രിയരായേക്കാം.
കുട്ടികളില്‍ അമിതഭാരത്തിന് കാരണമാകും. മുതിരുമ്പോള്‍ പൊണ്ണത്തടിക്കുള്ള സാധ്യതയും കൂട്ടുമെന്നും ഡബ്ലുയു എച്ച് ഒ മുന്നറിയിപ്പ് നല്‍കുന്നു.
ആറുമാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ നിലനില്‍ക്കുന്നുണ്ട്. നാല് മാസം മുതലുള്ള കുട്ടികള്‍ക്ക് മധുരം കൂടുലായി അടങ്ങിയ ബേബി ഫുഡുകള്‍ നല്‍കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
യു കെ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ 2016-17 ല്‍ വില്‍പ്പനയ്ക്കായി എത്തിച്ച ബേബി ഫുഡുകളാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്യന്‍ വിഭാഗം പരിശോധിച്ചത്. ഉപ്പ്, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം എന്നിവ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയില്‍ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്.
മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജ്യൂസുകള്‍, പഴച്ചാറുകള്‍, പശുവിന്‍ പാല്‍, മിഠായി, മധുരപലഹാരങ്ങള്‍ എന്നിവ കൊടുക്കരുത്. പല ബേബി ഫുഡ് പാക്കറ്റുകളിലേയും ലേബലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും പഞ്ചസാരയുടെ അളവ് കൂടുതലാണെന്നതും ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേധാവി ഡോക്ടര്‍ ജോവോ ബ്രെഡ പറഞ്ഞു. ആറുമാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കണമെന്നും അതിന് ശേഷം മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊടുത്ത് തുടങ്ങണം. മധുരം മാത്രമുള്ള ഭക്ഷണമാകരുത്. വൈവിധ്യമുള്ള ഭക്ഷണം നല്‍കണം. വിവിധ രുചികള്‍ പരീക്ഷിക്കണം.