Illustration by Chrissy Curtin Illustration by Chrissy Curtin
Health and Wellness

ലൈംഗികതാ വിദ്യാഭ്യാസം : എന്ത്, എന്തിന് ?

ഇന്‍ഫോ ക്ലിനിക് പ്രതിനിധി ഡോ. ജിതിന്‍ ടീ ജോസഫ് ഇന്‍ഫോ ക്ലിനിക് ഗസ്റ്റ് റൈറ്റര്‍ എഡ്വിന്‍ ജില്‍സി പീറ്റര്‍ എന്നിവരെഴുതിയത്.

സ്‌കൂളിൽ പഠിക്കുമ്പോൾ ഓരോ വിഷയവും അധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നുവോ അതുപോലെ തന്നെ പഠിക്കുന്നതാണ് സാറുമാർക്ക് ഇഷ്ടം, അല്ലെ? സ്വന്തമായ രീതിയിൽ എന്തെങ്കിലും എഴുതി വെച്ചാൽ വഴക്കും ചിലപ്പോൾ അടിയും കിട്ടും. എന്നാൽ നിങ്ങൾ ആ പാഠം സ്വയം വായിച്ചു പഠിച്ചാൽ മതി എന്ന് പൊതുവെ അധ്യാപകർ പറയുന്ന ഒരു പാഠഭാഗം ഉണ്ട്, 'മനുഷ്യ ശരീരത്തിലെ ലൈംഗിക അവയവങ്ങളെ കുറിച്ചും, ലൈംഗിക പ്രക്രിയയെ കുറിച്ചുമുള്ള' പാഠമായിരിക്കുമത്.

ഇനി വീട്ടിലാണെങ്കിലോ?കുട്ടി "ഞാൻ എങ്ങനെയാ ഉണ്ടായത് " എന്ന് ചോദിച്ചാൽ മാതാപിതാക്കൾ വിയർക്കും, എന്തെങ്കിലും പറഞ്ഞു രക്ഷപെടും. കുറച്ചു കൂടി വലിയ കുട്ടിയാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ ചിലപ്പോൾ വഴക്കും കിട്ടും.

നമ്മുടെ നാട്ടിലെ പൊതുവായ ഒരു അവസ്ഥയാണ്‌ മുകളിൽ പറഞ്ഞു വെച്ചത്. പലപ്പോഴും നമ്മളുടെ കുട്ടികളുടെ ലൈംഗികതാ വിദ്യാഭ്യാസം ഏതെങ്കിലും വ്യക്തികൾ കുറെ വർഷത്തിലൊരിക്കൽ സ്‌കൂളിൽ വന്നു നടത്തുന്ന ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ്സിൽ മാത്രമൊതുങ്ങും. പ്രധാന പഠനസഹായി പിന്നെ കൂട്ടുകാരോ, നീലച്ചിത്രങ്ങളോ, പണ്ട് കാലത്തു കൊച്ചുപുസ്തകങ്ങളോ ആയിരിക്കും. അപ്പൊ പിന്നെ നമ്മുടെ ലൈംഗികതയെ കുറിച്ചുള്ള ഒരു ധാരണയെ പറ്റി ഊഹിക്കാമല്ലോ.

ലൈംഗികതാ വിദ്യാഭ്യാസത്തെ (Comprehensive Sexuality Education) കുറിച്ചാണ് ഈ ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു ആമുഖ ലേഖനമാണിത്. ലൈംഗികതാ വിദ്യാഭ്യാസത്തെ കുറിച്ച് മനസിലാക്കണമെങ്കിൽ ആദ്യമേ തന്നെ 'ലൈംഗികത' എന്താണ് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. പലരുടെയും മനസിലുള്ള ഒരു ധാരണ ലൈംഗികത എന്നത് ലൈംഗിക പ്രക്രിയയും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രത്യേകതകളും മാത്രമാണെന്നാണ്.

എന്താണ് ലൈംഗികത?

ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വ്യക്തിതയുടെ ലൈംഗികപരമായ മനോഭാവം, താല്പര്യങ്ങൾ, പെരുമാറ്റം ഇവയെല്ലാം ചേർന്നതാണ് അയാളുടെ ലൈംഗികത. ലൈംഗികതക്ക് ജൈവപരവും, വൈകാരികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ വിവിധ തലങ്ങളുണ്ട്. കേവലം ലൈംഗിക പ്രക്രിയ മാത്രമല്ല ഇതിൽ വരിക, മറിച്ചു ലിംഗത്വം (Gender), ലിംഗ വ്യക്തിത്വം (Gender identity), ജെൻഡർ റോൾസ്, ലൈംഗിക ആഭിമുഖ്യം, ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രത്യുൽപാദനം, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ലൈംഗികതയുടെ ഭാഗമായി വരും.

എന്താണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം അഥവാ Comprehensive sexuality education (CSE)?

ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക, ധാരണപരമായ വശങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാൻ, പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഒരു പരിശീലന പ്രക്രിയയാണ് CSE. സ്‌കൂളുകളിൽ പോകുവാൻ സാധിക്കാത്ത കുട്ടികളെ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ട്.

എന്താണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യം?

ലൈംഗികതയുമായി ബന്ധപ്പെട്ട അറിവ് നൽകുന്നത് വഴി അവരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാക്കുകയും, കഴിവുകൾ വർധിപ്പിക്കുകയും അങ്ങനെ അവരെ ശാക്തീകരിക്കുകയും ചെയ്യുക.

അവരുടെ ആരോഗ്യത്തിൻ്റെ മഹത്വവും ക്ഷേമവും തിരിച്ചറിയാൻ പ്രാപ്തരാക്കുക.

പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ, വ്യക്തിഗത, സാമൂഹിക, ലൈംഗിക ബന്ധങ്ങൾ സൃഷ്ടിക്കാൻ അവരെ സഹായിക്കുക

തൻ്റേയും മറ്റുള്ളവരുടെയും അവകാശങ്ങൾ തിരിച്ചറിയാനും, അത് സംരക്ഷിക്കാനും കഴിവുള്ളവരാക്കുക.

ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നമ്മളെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാൻ സഹായിക്കുക.

അങ്ങനെ സന്തുഷ്ടമായ ഒരു വ്യക്തി ജീവിതവും സാമൂഹിക ബന്ധങ്ങളും ഉറപ്പാക്കുക.

എന്തൊക്കെയാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രത്യേകതകൾ?

ലൈംഗിതയെ സംബന്ധിച്ച് എന്തെങ്കിലുമൊക്കെ കുട്ടികൾക്ക് പറഞ്ഞു നൽകുന്നതല്ല CSE അഥവാ സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതി. അത്...

ശാസ്ത്രീയമായിരിക്കണം: ശാസ്ത്രീയമായി കൃത്യമായ കാര്യങ്ങൾ വേണം പഠിപ്പിക്കുവാൻ.

സമഗ്രമായിരിക്കണം- കേവലം ലൈംഗിക അവയവങ്ങളെ കുറിച്ചും ലൈംഗിക പ്രക്രിയയെ കുറിച്ചും മാത്രം പഠിപ്പിച്ചാൽ പോരാ, മറിച്ചു ലൈംഗികതയുടെ എല്ലാ വശങ്ങളും അതിൽ ഉൾപ്പെടണം.

പ്രായത്തിനും ബൗദ്ധിക വളർച്ചക്കും അനുസരിച്ചാവണം- ഓരോ പ്രായത്തിലുള്ളവർക്കും മനസിലാക്കാൻ സാധിക്കുന്ന വിവരങ്ങൾ വേണം ഉൾപ്പെടുത്താൻ. ചെറുപ്രായത്തിൽ തുടങ്ങി വളർച്ചക്ക് അനുസരിച്ചു വർദ്ധനവ് വരുത്തണം.

പാഠ്യപദ്ധതിയുടെ ഭാഗമാവണം- വർഷം ഒന്നോ രണ്ടോ മണിക്കൂർ മാറ്റിവെച്ചാൽ പോരാ, പാഠ്യപദ്ധതിയുടെ ഭാഗമായി വേണം ഇത് നടപ്പിലാക്കാൻ .

മാനുഷിക അവകാശങ്ങൾക്കു പ്രാധാന്യം നൽകുന്ന രീതിയിൽ ആവണം.

ലിംഗ സമത്വം ഉറപ്പാക്കുന്നത് ആയിരിക്കണം

സാമൂഹിക- സാംസ്കാരിക പ്രത്യേകതകളെ കണക്കിൽ എടുക്കണം

കുട്ടികളുടെ അറിവിലും കാഴ്ചപ്പാടിലും മാറ്റം വരുത്താൻ സാധിക്കുന്നതാവണം

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിയിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്യുക ?

8 ആശയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക

മാനുഷിക ബന്ധങ്ങൾ

ലൈംഗികത- മൂല്യങ്ങൾ, അവകാശങ്ങൾ, സാംസ്കാരിക വശങ്ങൾ

ജൻഡർ എന്താണെന്ന് മനസിലാക്കുക

അതിക്രമങ്ങൾ എന്തൊക്കെയാണ്? എങ്ങനെ സുരക്ഷ ഉറപ്പാക്കാം?

ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ട നൈപുണ്യങ്ങൾ

മനുഷ്യ ശരീരവും അതിൻ്റെ വളർച്ചയും പരിണാമവും

ലൈംഗികത, ലൈംഗികപരമായ പെരുമാറ്റങ്ങൾ

ലൈംഗിക- പ്രത്യുല്പാദന ആരോഗ്യം

ഈ ഓരോ വിഷയത്തിലുമുള്ള പരിശീനലനം വഴിയായി കുട്ടികളുടെ അറിവ് വർധിപ്പിക്കുക, അതുവഴി അവരുടെ അവബോധത്തിലും അതുപോലെ കഴിവുകളിലും അങ്ങനെ അവരുടെ പെരുമാറ്റത്തിലും മാറ്റം കൊണ്ടുവരിക. ഇതാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിവഴി ലക്ഷ്യമിടുന്നത്.

എപ്പോഴാണ് ലൈംഗികതാ വിദ്യാഭ്യാസം ആരംഭിക്കേണ്ടത്?

എത്ര നേരത്തേ തുടങ്ങാനാവുമോ അത്രയും നല്ലത്! ഇന്റര്‍നെറ്റിന്റെ കാലത്ത് അറിവുകൾ ഒരാളിലേക്കെത്തുന്നത് ആർക്കും തടയാനാവില്ല. വിവരങ്ങളുടെ കുത്തൊഴുക്കിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാതെ പകച്ച് നിൽക്കുകയാണ് നമ്മളിന്ന്. ഇവിടെയാണ് തെറ്റായ വിവരങ്ങളെത്തുന്നതിലും മുൻപേ ശരിയായ വിവരങ്ങൾ - വിദഗ്ധരിൽ നിന്നും - ശരിയായ രീതിയിലെത്തിച്ച്, പക്വതയുള്ള ഒരു ജനതയെ നമ്മൾ വാർത്തെടുക്കേണ്ടത്. കുട്ടിക്കാലം മുതലേ അതത് പ്രായത്തിനനുസരിച്ചുള്ള ലൈംഗികതാ വിദ്യാഭ്യാസവും ആരംഭിക്കണം. അത് കൗമാരത്തിലും യൗവ്വനത്തിലും മാത്രമല്ല പിന്നീടങ്ങോട്ടും തുടരുകയും വേണം. കാരണം, മനുഷ്യൻ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ കാലഘട്ടത്തിലും മനുഷ്യനും മനുഷ്യബന്ധങ്ങളും നേരിടുന്ന പ്രശ്നങ്ങളനുസരിച്ച് ലൈംഗികതാ വിദ്യാഭ്യാസം സംവദിക്കുന്ന വിഷയങ്ങളും മാറേണ്ടത് അനിവാര്യമാണ്.

എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഒരേ രീതിയിലാണോ പരിശീലനം നൽകുക?

അല്ല. പ്രായത്തിനും ബൗദ്ധിക വളർച്ചക്കും അനുസരിച്ചു വേണ്ട അറിവുകളാണ് നൽകുക. ഇതിനായി കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചിട്ടുണ്ട്. 5-8 വരെ, 9-12വരെ, 12-15 വരെ, 15-18 വരെ. 5 വയസിനു താഴെയുള്ള കുട്ടികൾക്കും അവർക്കു മനസിലാകുന്ന ഭാഷയിൽ പല കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ പറ്റും.

എന്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസം?

നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിക്കുന്നത് രാജ്യവ്യാപകമായി ലൈംഗികതാ വിദ്യാഭ്യാസം നടപ്പിലാക്കുന്നത് വഴി കൗമാര ഗർഭധാരണനിരക്കും, ഗർഭച്ഛിദ്രനിരക്കും, ലൈംഗിക രോഗനിരക്കും, എയ്ഡ്സ് അണുബാധയും 15-24 വയസ്സിനുള്ളിലുള്ളവരിൽ കുറക്കാനാകുന്നുവെന്നാണ്. ജീവിതത്തിലെയും ബന്ധങ്ങളിലെയും പ്രശ്നങ്ങള്‍ നേരിടാനുള്ള കഴിവും ആത്മവിശ്വാസവും കൂടുകയും ചെയ്യുന്നു. അങ്ങിനെ കൂടുതല്‍ അർത്ഥവത്തായ മനുഷ്യബന്ധങ്ങളുണ്ടാകുന്നു. ലൈംഗികാസമത്വം വഴി കഷ്ടപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും കൂടുതല്‍ ശക്തിപ്പെടുത്താനും സമൂഹം തയ്യാറാക്കി വച്ചിരിക്കുന്ന ആൺബോധങ്ങൾ തൃപ്തിപ്പെടുത്തലല്ല ജീവിതമെന്ന് ആൺകുട്ടികളെ പഠിപ്പിക്കാനും ലൈംഗിക വിദ്യാഭ്യാസം വഴി സാധിക്കും. പരസ്പരം സ്നേഹിക്കുന്നതിനുപുറമേ പരസ്പര ബഹുമാനമുള്ള പരസ്പരസമ്മതപ്രകാരമുള്ള (Consensual) മനുഷ്യ ബന്ധങ്ങളുണ്ടായിവരും.

വീട്ടില്‍ നിന്നും കൂട്ടുകാരിൽ നിന്നും കിട്ടുന്ന ലൈംഗികതാ വിദ്യാഭ്യാസം തന്നെ പോരേ?

മാതാപിതാക്കള്‍, ബന്ധുക്കള്‍, കൂട്ടുകാർ എന്നിവർ എല്ലാവരും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗങ്ങൾ തന്നെയാണ്. പക്ഷേ, അതിവേഗം മാറുന്ന വിവരവിസ്ഫോടനത്തിന്റെ യുഗത്തിൽ ഇവർക്ക് മാത്രമായി എപ്പോഴും ശരിയായ അറിവ് ശരിയായ സമയത്ത് നൽകാനായെന്ന് വരില്ല. ആഗോളവല്‍ക്കരണം, വ്യത്യസ്ത സംസ്ക്കാരങ്ങളുള്ള മനുഷ്യരോട് ഇടപെടേണ്ട സാഹചര്യങ്ങള്‍, അതിവേഗ വിവരവിനിമയം, നീലച്ചിത്രങ്ങൾ, ലൈംഗിക രോഗങ്ങള്‍, ഗർഭച്ഛിദ്രം, വന്ധ്യത, ഗർഭനിരോധനമാർഗങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ലൈംഗികതയോടുള്ള മാറുന്ന സമീപനം, മാറിവരുന്ന ലൈംഗിക സ്വഭാവങ്ങള്‍ ഇങ്ങനെയുള്ള ഒരുപാട് സങ്കീര്‍ണമായ കാര്യങ്ങള്‍ മൂലം ലൈംഗികതാ വിദ്യാഭ്യാസം ഒരു വിദഗ്ധന്റെ സഹായം ആവശ്യമുള്ള മേഖലയാണ്. പോരാത്തതിന് മാതാപിതാക്കള്‍ പലർക്കും ശാസ്ത്രീയമായ ലൈംഗികതാ വിദ്യാഭ്യാസം ലഭിച്ചിട്ടുമില്ല. അവർക്കറിയാവുന്ന വിവരങ്ങള്‍ മടികൂടാതെ കാര്യക്ഷമമായി കുട്ടികളുമായി പങ്കുവക്കാനും പലർക്കുമാവുന്നുമില്ല.

ഇനി കുറച്ച് നുണയും സത്യവും

ലൈംഗികതാ വിദ്യാഭ്യാസം ലഭിച്ചാല്‍ കുട്ടികള്‍ നേരത്തേ ലൈംഗിക പ്രവര്‍ത്തനങ്ങളിലേർപ്പെടും

ശാസ്ത്രീയ ലൈംഗികതാ വിദ്യാഭ്യാസം ലഭിക്കുന്നത് വഴി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കുറഞ്ഞപ്രായം ദേശീയ ശരാശരിയേക്കാൾ മാറുന്നില്ലെന്നാണ് ഫിൻലൻഡിലേയും എസ്റ്റോണിയയിലേയും മറ്റ് ലോക രാജ്യങ്ങളിലേയും പഠനങ്ങള്‍ പറയുന്നത്. മാത്രവുമല്ല കൂടുതല്‍ ഉത്തരവാദിത്വമുള്ള ലൈംഗിക ബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

കുട്ടികളുടെ 'നിഷ്കളങ്കത്വം' ഇല്ലാതാവുന്നു

ശരിയായ അറിവ് ഒരു കുട്ടിയുടേയും 'നിഷ്കളങ്കത്വം' ഇല്ലാതാക്കില്ല. എന്ന് മാത്രവുമല്ല, മനുഷ്യ ബന്ധങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന ഒരു കുഞ്ഞിന് അവരോട് ശരിയല്ലാത്ത രീതിയില്‍ പെരുമാറുന്നവരെ മനസ്സിലാക്കാനാവും. അപകടകരമായ സാഹചര്യങ്ങളും തിരിച്ചറിയാനാകും. അത്തരം സാഹചര്യങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അവർ പഠിച്ചിട്ടുണ്ടാകും.

ലൈംഗികതാ വിദ്യഭ്യാസം ഞങ്ങളുടെ സംസ്ക്കാരത്തിനും മതത്തിനും ചേരാത്തതാണ്

ലൈംഗികതാ വിദ്യാഭ്യാസം ഓരോ രാജ്യത്തേയും മത-സാംസ്ക്കാരിക യാഥാര്‍ത്ഥ്യങ്ങൾക്കനുസരിച്ച് ശാസ്ത്രതത്വങ്ങൾ വളച്ചൊടിക്കാതെത്തന്നെ അവതരണത്തിൽ മാറ്റങ്ങളുണ്ടാക്കി നടപ്പിലാക്കാവുന്നതാണ്.

ലൈംഗികതാ വിദ്യഭ്യാസത്തിന് മറ്റ് വിഷയങ്ങളേക്കാൾ കുറവ് പ്രാധാന്യം കൊടുത്താൽ മതി

മറ്റു വിഷയങ്ങളുടെ അത്ര തന്നെയോ അതിലും കൂടുതലോ പ്രാധാന്യം ലൈംഗികതാ വിദ്യാഭ്യാസത്തിനുണ്ട്! മറ്റ് വിഷയങ്ങൾ അറിവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വിഷയം നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. തന്നെതന്നെയും മറ്റുള്ളവരെയും ബഹുമാനത്തോടെ കാണുന്നതും എല്ലാ അർത്ഥത്തിലും ആരോഗ്യകരമായ മനുഷ്യബന്ധങ്ങള്‍ ഉണ്ടായിവരുന്നതും ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് എത്ര അനിവാര്യമാണെന്നത് നമുക്ക് ചിന്തിക്കാവുന്നതല്ലേയുള്ളൂ.

കുട്ടികള്‍ ലൈംഗികതയെപ്പറ്റി സംസാരിക്കും. അത്തരം മാധ്യമങ്ങളിലേക്ക് ആകർഷിക്കപ്പെടും.

ആര് പറഞ്ഞ് കൊടുത്താലും ഇല്ലെങ്കിലും കുട്ടികള്‍ ഇതേപ്പറ്റി സംസാരിക്കുകയും തെറ്റായ ഒരുപാട് അറിവുകൾ സുഹൃത്ത് വലയത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അവർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ശരിയായ അറിവുകൾ ഇത്രത്തോളം അനിവാര്യമാവുന്നത്. പ്രായത്തിനനുസരിച്ചാണ് ഈ അറിവുകള്‍ പങ്കുവക്കുക. ഉദ്ദാഹരണത്തിന് 4 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളോട് സൗഹൃദം, മനുഷ്യവികാരങ്ങൾ, ശരീരഭാഗങ്ങള്‍, മനുഷ്യബന്ധങ്ങള്‍ ഇങ്ങനെ പറഞ്ഞ് തുടങ്ങി ഈ അടിത്തറക്ക് മുകളിലാണ് പ്രായമാകുന്നതിനനുസരിച്ച് ശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറഞ്ഞുകൊടുക്കുന്നത്. മാറ്റങ്ങള്‍ ബോംബ് പൊട്ടുന്ന പോലെ ഒറ്റയടിക്ക് സംഭവിക്കുകയല്ല ഒരുപാട് വർഷങ്ങളെടുത്ത് പതിയെയുണ്ടാവുന്നതാണ്.

കപട സാദാചാരബോധവും, മതങ്ങളുടെയും സാമൂഹിക വ്യവസ്ഥതയുടെയും സ്വാധീനവും മൂലം ഇന്നും നമ്മളുടെ കുട്ടികൾക്ക് ശാസ്ത്രീയമായ ലൈംഗികത വിദ്യാഭ്യാസം ലഭിക്കുന്നില്ല. പക്ഷേ നമ്മൾ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ അധികാരികളുടെയും സമൂഹത്തെയും നമ്മൾ ബോധവൽക്കരിക്കേണ്ടതുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT