Health and Wellness

ലിംഗമാറ്റ ശസ്ത്രക്രിയ: മാനസികാരോഗ്യ സേവനങ്ങൾ

ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, അതുപോലെ ജൻഡർ നോൺ കൺഫർമിംഗ് ആളുകൾക്കും ചിലപ്പോൾ ആവശ്യമായി വന്നേക്കാവുന്ന ഒരു ചികിത്സയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ (Sex Reassignment Surgery -SRS) അഥവാ ജൻഡർ അഫർമേഷൻ സർജറി. തൻ്റെ നിലവിലുള്ള ശരീരത്തെ ഭാഗികമായോ, പൂർണ്ണമായോ തൻ്റെ ജൻഡർ ഐഡൻ്റിറ്റിക്ക് ചേരുന്ന വിധം സർജറി വഴി മാറ്റുന്നതാണ് ഈ പ്രക്രിയ. വളരെ സങ്കീർണ്ണമായ, നീണ്ട കാലം എടുക്കുന്ന ഒരു ചികിത്സാ പ്രക്രിയയാണ് ഇത്.

സൈക്ക്യാട്രിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ, ഉദര ശസ്ത്രക്രിയ വിദഗ്ധൻ, ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ് തുടങ്ങിയ ഒരു കൂട്ടം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും, അതുപോലെ മറ്റു ആരോഗ്യ പ്രവർത്തകരുടെയും സേവനം ഇതിനാവശ്യമുണ്ട്. ഇത്രയും സങ്കീർണ്ണതകളുള്ളത് കൊണ്ടും, നിരവധി വിദഗ്‌ദ്ധരുടെ സേവനം ആവശ്യമായത് കൊണ്ടും, SRS ചികിത്സ നൽകേണ്ടത് എങ്ങനെയാണെന്നതിന് അന്താരാഷ്ട്ര മാർഗ്ഗരേഖകൾ ഉണ്ട്. WPATH (World Professional Association for Transgender Health ) എന്ന സംഘടനയാണ് ഇതിൽ പ്രധാന മാർഗ്ഗരേഖകൾ പുറത്ത് ഇറക്കിയിരിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ദരുടെ അഭിപ്രായങ്ങളും, ഈ മേഖലയിലെ ശാസ്ത്രീയ പഠനങ്ങളും വിലയിരുത്തി, ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രത്യേക വെല്ലുവിളികളും കുടി കണക്കിലെടുത്താണ് STANDARDS OF CARE മാർഗ്ഗരേഖകൾ തയ്യാറാക്കിയിരിക്കുന്നത്. STANDARDS OF CARE 7 ( SOC-7) ആണ് നിലവിലുള്ളത്. SRS സേവനങ്ങൾക്ക് ഒരു ഏകീകൃത രൂപം കൊണ്ടുവരുക, അതുവഴി ഏറ്റവും മികച്ച സേവനം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നൽകുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇന്ത്യയിൽ ഈ മാർഗ്ഗരേഖ പാലിക്കാൻ നിയമപരമായി നിർബന്ധമില്ല. പക്ഷേ ഇത്തരം ഒരു മാർഗ്ഗരേഖ ഇന്ത്യയിൽ വേണം എന്നുള്ളത് ട്രാൻസ്ജെൻഡർ നിയമം 2019 നിർദ്ദേശിക്കുന്നുണ്ട്.

പ്രധാനമായും മൂന്നു തരത്തിലുള്ള ആരോഗ്യ സേവനങ്ങളാണ് ലിംഗമാറ്റ ശസ്ത്രക്രിയയോട് അനുബന്ധിച്ച് നൽകുക.

1. മാനസികാരോഗ്യ സേവനങ്ങൾ

2. ഹോർമോൺ ചികിത്സ

3. ശസ്ത്രക്രിയ

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ഒരുങ്ങുന്നവർക്ക് നൽകേണ്ട മാനസികാരോഗ്യ സേവനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണം എന്ന ആഗ്രഹുവുമായി വരുന്ന വ്യക്തിയെ ചികിത്സ ടീം കണ്ടതിനു ശേഷം ആദ്യം അയക്കേണ്ടത് മാനസികാരോഗ്യ സേവനങ്ങൾക്കാണ്. സർജറിക്കും, ഹോർമോൺ ചികിത്സക്കും ഒരുങ്ങുന്ന വ്യക്തിക്ക് മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പായും നൽകണം.

ഈ പ്രക്രിയയ്ക്ക് ശാരീരികവും മാനസികവുമായി തയ്യാറാവാനും, സംശയങ്ങൾ മാറ്റാനും, ചികിത്സയെ കുറിച്ച് യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾ ഉണ്ടാക്കുന്നതിനും, എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി പരിഹരിക്കുന്നതിനും ഇത് സഹായിക്കും. SRS സർജറിക്ക്‌ ഒരുങ്ങുന്ന വ്യക്തിക്ക് താഴെ പറയുന്ന സേവനങ്ങളാണ് മാനസികാരോഗ്യ ടീം നൽകേണ്ടത്.

ജൻഡർ ഡിസ്‌ഫോറിയ/ഇൻകോൺഗ്രുവൻസ് നിർണ്ണയം: ( ഇത് നിലവിലുള്ള മാർഗ്ഗരേഖകൾ നിർദ്ദേശിക്കുന്നുണ്ട്)

ചികിത്സ തേടി എത്തുന്ന വ്യക്തിക്ക് ജൻഡർ ഡിസ്‌ഫോറിയ/ഇൻകോൺഗ്രുവൻസ് ഉണ്ടോ, ഉണ്ടെങ്കിൽ അതിൻ്റെ തീവ്രത, അത് എങ്ങനെ വ്യക്തിയുടെ ജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്നു ഇവ നിർണ്ണയിക്കണം.

ആളുടെ ജൻഡർ ഐഡൻ്റിറ്റിയെ കുറിച്ചുള്ള തിരിച്ചറിവ്, അത് രൂപീകരിക്കപ്പെട്ടു വന്ന ചരിത്രം, സാമൂഹികമായി അവർ നേരിടുന്ന വേർതിരിവുകൾ, അത് അയാളെ എങ്ങനെ ബാധിക്കുന്നു, കുടുംബം, സമൂഹം, ട്രാൻസ് കമ്മ്യൂണിറ്റി ഇവയിൽ നിന്നുള്ള പിന്തുണ എന്നിവ കൃത്യമായി അറിയണം.

അറിവ് നൽകുക, തീരുമാനം എടുക്കാൻ സഹായിക്കുക.

വിവിധ തരത്തിലുള്ള ജൻഡർ ഐഡൻ്റിറ്റി/ എക്സ്പ്രഷൻ, അവയുടെ പ്രത്യേകതകൾ, സാധാരണത്വം ഇവയെ കുറിച്ച് പറഞ്ഞു നൽകണം.

നിലവിൽ ലഭ്യമായ ചികിത്സ സംവിധാനങ്ങളെ കുറിച്ചും അറിവ് നൽകണം. അതിനു ശേഷം തനിക്കു വേണ്ട ഏറ്റവും ഉചിതമായ മാർഗം തിരഞ്ഞെടുക്കുന്നതിൽ ആളെ സാഹായിക്കണം.

താൻ എടുക്കാൻ പോകുന്ന ചികിത്സയുമായി ബന്ധപെട്ട് ഉണ്ടാകാവുന്ന സാമൂഹികവും, വ്യകതിപരവുമായ പരിണിത ഫലങ്ങളെ കുറിച്ചു ചർച്ച ചെയ്തിരിക്കണം. ആവശ്യമെങ്കിൽ അവർക്ക് വ്യക്തി,കുടുബ കൗൺസിലിംഗ്, ക്വീർ കമ്മ്യൂണിറ്റി സേവനം ഇവയും നൽകണം.

എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കുക.

ജൻഡർ ഡിസ്‌ഫോറിയ/ഇൻകോൺഗ്രുവൻസ് അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. തൻ്റെ ആഗ്രഹം പോലെ ജീവിക്കാൻ പറ്റാത്തതും, സമൂഹത്തിൽ നിന്നും നേരിടുന്ന വേർതിരിവുകളുമാണ് ഈ സാദ്ധ്യത കൂട്ടുന്നതിന് പ്രധാന കാരണം.

പരിശോധനയുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ അതിനുള്ള പരിഹാരവും, ആവശ്യമെങ്കിൽ ചികിത്സയും നൽകണം. ഇവ കണ്ടെത്താതെ പോയാൽ ഹോർമോൺ ചികിത്സ, സർജറി എന്നിവയെ ബാധിക്കാനിടയുണ്ട്. നീണ്ട കാലം വേണ്ട ഇത്തരം ചികിത്സകളിൽ സഹകരിക്കാൻ മികച്ച മാനസികാരോഗ്യം ആവശ്യമാണ്.

എന്തെങ്കിലും മാനസികരോഗം ഉള്ളത് കൊണ്ട് മാത്രം ആൾക്ക് സർജറിയും ഹോർമോൺ ചികിത്സയും നിഷേധിക്കാൻ സാധിക്കില്ല. അതിനു ആവശ്യമായ പരിചരണം കൊടുത്തു ആളെ സർജറിക്ക്‌ തയ്യാറാക്കാം.

ഹോർമോൺ ചികിത്സക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ, റഫറൻസ്

ഹോർമോൺ ചികിത്സ തുടങ്ങുന്നതിനു മുൻപ് ഒരു മാനസികാരോഗ്യ വിദഗ്നനിൽ നിന്ന് റഫറൻസ് ഉണ്ടായിരിക്കണം.

റഫറൻസ് നൽകുന്നതിന് മുൻപ് വ്യക്തിക്ക് ഈ ചികിത്സയെ കുറിച്ചുള്ള ധാരണ എത്രത്തോളം ഉണ്ടെന്നു മനസിലാക്കുകയും, ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണം നൽകുകയും ചെയ്തിരിക്കണം.

ഇത് വ്യക്തിയെ ഹോർമോൺ ചികിത്സക്ക് ശാരീരികവും മാനസികവുമായി തയ്യാറാക്കാൻ സഹായിക്കും. ഗുണദോഷങ്ങളെക്കുറിച്ച് മനസിലാക്കി തീരുമാനം എടുക്കുവാനും, പാർശ്വ ഫലങ്ങളെ കുറിച്ച് അറിവുണ്ടാകുവാനും സഹായിക്കും.

ചികിത്സക്ക് മുൻപായി ഭാവിയിലേക്ക് അണ്ഡവും ബീജവും സൂക്ഷിക്കാനുള്ള ഓപ്ഷൻ കൂടി ചർച്ച ചെയ്യണം എന്നാണ് അന്താരാഷ്ട്ര മാർഗ്ഗരേഖകൾ പറഞ്ഞിരിക്കുന്നത്.

അതിനു ശേഷം വേണം റഫറൻസ് നൽകാൻ. അതിനു നിശ്ചിത മാർഗ്ഗരേഖകൾ പിന്തുടരണം. ഹോർമോൺ ചികിത്സയുടെ സമയത്തും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ നൽകാനുള്ള മെന്റൽ ഹെൽത്ത് ടീം ലഭ്യമായിരിക്കണം.

സർജറിക്കുള്ള മുന്നൊരുക്കം, റഫറൻസ്:

സർജറിയെ കുറിച്ചുള്ള വ്യക്തിയുടെ അറിവ് എത്രത്തോളമുണ്ടെന്നും അവരുടെ പ്രതീക്ഷകൾ ഈ സർജറി വഴി ലഭിക്കാവുന്ന ഫലവുമായി ചേർന്ന് പോകുന്നതാണോ എന്നുമുള്ള കാര്യങ്ങൾ വ്യക്തമായി ചോദിച്ച് അറിയേണ്ടതുണ്ട്. അങ്ങനെയല്ലാ എങ്കിൽ സർജൻ കൂടി ചേർന്ന് ഈ കാര്യങ്ങൾ കൂടുതൽ വിശദമായി പറഞ്ഞു നൽകുകയും വേണം.

അതിനു ശേഷം വേണം വ്യക്തി SRS വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ. ഇത്തരത്തിൽ ശരിയായി അറിവ് നൽകുന്നത് SRS നു വ്യക്തിയെ ശാരീരികമായും മാനസികമായും തയ്യാറാകാൻ സഹായിക്കും.

സ്‌തന/ നെഞ്ച് സർജറികൾക്ക് ഒരു മാനസികാരോഗ്യ വിദഗ്‌ധൻ്റെയും, ജനനേന്ദ്രീയ സർജറികൾക്ക് രണ്ടുപേരുടെയും റഫറൻസ് ആവശ്യമുണ്ട്.

വ്യക്തിയുടെ വിവരങ്ങൾ, ആളുടെ ഡിസ്‌ഫോറിയയെ കുറിച്ചുള്ള വിശദാംശങ്ങൾ, മാനസികാരോഗ്യ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ, സർജറിയുടെ ആവശ്യകത വ്യക്തമാക്കുന്ന വിവരങ്ങൾ, സർജറിക്ക് ശേഷമുള്ള സേവനങ്ങൾക്ക് ഡോക്ടറുടെ ലഭ്യത തുടങ്ങിയ വിവരങ്ങൾ റഫറൻസ് ലെറ്ററിൽ ഉണ്ടാകണം.

ഇത്രയും വിശദമായ പരിശോധനകൾക്ക് ശേഷമാണ് അടുത്ത ഘട്ട ചികിത്സയിലേക്ക് വ്യക്തി പ്രവേശിക്കാൻ. ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്താൻ പോകുന്ന ചികിത്സ ആയതുകൊണ്ടും, ഈ ഘട്ടത്തിൽ ഒക്കെ മാനസികാരോഗ്യം മോശമാവാൻ സാധ്യത ഉള്ളതുകൊണ്ടും ഈ പരിശോധന കൃത്യമായി നടന്നിരിക്കണം. ഇതിൻ്റെ ആവശ്യകത ട്രാൻസ് വ്യക്തികളെ ബോധ്യപ്പെടുത്തുകയും വേണം.

ഈ പരിശോധനക്ക് പുറമെ, പ്രത്യേകം കൗൺസലിംഗ് എടുക്കുന്നതാണ് അഭികാമ്യം എന്നാണ് മാർഗരേഖയിൽ പറയുന്നത്. അടുത്ത ഘട്ട ചികിത്സക്ക് അത് നിർബന്ധം അല്ലെങ്കിൽ കൂടി, ചികിത്സയിലേക്ക് കടക്കുന്ന വ്യക്തിയെ നല്ല രീതിയിൽ സഹായിക്കാൻ ഇത്തരം കൗൺസലിംഗ് കൊണ്ട് സാധിക്കും.

കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള കൗൺസലിങ് അവർക്കും ഈ കാര്യങ്ങൾ മനസിലാക്കാനും, വ്യക്തിക്ക് വേണ്ട പിന്തുണ നൽകാനും സഹായിക്കും.

ഹോർമോൺ ചികിത്സാ സമയത്തെ മാനസികാരോഗ്യ സേവനം

ചിലർക്ക് ഹോർമോൺ ചികിത്സയുടെ സമയത്തും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കണം.

പെട്ടന്ന് ഹോർമോണുകളുടെ അളവുകളിൽ ഉണ്ടാകുന്ന വ്യതിയാനം വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അത് കണ്ടെത്തി പരിഹരിക്കാൻ മാനസികാരോഗ്യ സേവനങ്ങൾ വഴി സാധിക്കും.

ഹോർമോൺ ചികിത്സ എടുക്കുന്ന സമയത്ത് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളോട് താദാമ്യം പ്രാപിക്കാനും കൗൺസലിംഗ് സഹായിക്കും.

സർജറി സമയത്തെ മാനസികാരോഗ്യ സേവനം

ഇത്ര വലിയ സർജറി ആയതുകൊണ്ട് തന്നെ പലർക്കും ഉത്കണ്ഠയും ആകുലതകളും ഉണ്ടാവുക സ്വാഭാവികമാണ്.

തുടർ സർജറി, ഐസിയു വാസം ഇവയൊക്കെ മാനസിക സമ്മർദ്ദം കൂട്ടാം. അതുകൊണ്ട് തന്നെ ഈ സമയത്തും മാനസികാരോഗ്യ സേവനങ്ങൾ തുടരുന്നതാണ് അഭികാമ്യം.

സർജറിക്ക് ശേഷമുള്ള മാനസികാരോഗ്യ സേവനങ്ങൾ.

സർജറിക്ക്‌ ശേഷമുള്ള സമയത്തും മാനസികാരോഗ്യ സേവനങ്ങൾ മുടങ്ങാതെ നൽകണം. പുതിയ ശരീരവുമായി താദാത്മ്യം പ്രാപിക്കാൻ പലർക്കും ഇത് വേണ്ടി വരും. ഒപ്പം ആ സമയത്ത് ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും ഇത് സഹായിക്കും.

സർജറിക്ക് ശേഷം സങ്കീർണ്ണതകൾ ഉണ്ടാകുന്നതും, ഏതൊരു വ്യക്തിയുടെയും മാനസികാരോഗ്യത്തെ ബാധിക്കാം. അതുകൊണ്ട് ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

സർജറിയുടെയും, ഹോർമോൺ ചികിത്സയുടെയും പ്രയോജനം പൂർണമായി ലഭിക്കുവാൻ മാനസിക ആരോഗ്യ സേവനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ സേവനങ്ങളുടെ പ്രാധാന്യം ചികിത്സ തേടി എത്തുന്നവരെ ബോധ്യപ്പെടുത്തുകയും അവർക്ക് അത് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം.

SRS എന്നത് ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവമാണ്. താൻ ഇതുവരെ അനുഭവിച്ചിരുന്ന ദുരിതങ്ങൾക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ഇതിനെ അവർ കാണുക. സാമ്പത്തികവും സാമൂഹികവുമായ പല വെല്ലുവിളികളും നേരിട്ടാണ് അവർ ഈ സർജറിക്ക് തയ്യാറാകുന്നത്. അതുകൊണ്ടു തന്നെ അവർക്ക് ഏറ്റവും മികച്ച സേവനം കൊടുക്കാൻ ആരോഗ്യ മേഖലക്ക് കടമയുണ്ട്.

WPATH മാർഗ്ഗരേഖ ഡിസ്‌ഫോറിയ ഉള്ളവർക്ക് മാത്രമേ SRS സേവനങ്ങൾ നൽകാവൂ എന്നാണ് പറയുന്നത്. പക്ഷേ അങ്ങനെ ഇല്ലാത്തവർക്കും അവർ ആഗ്രഹിക്കുന്ന ശാരീരിക മാറ്റം നൽകാനുള്ള സംവിധാനവും ഉണ്ടാകണം.

തങ്ങളുടെ മേഖലകളിലെ വിദഗ്ധ പരിശീലനത്തിന് ഒപ്പം LGBTIQ കമ്മ്യൂണിറ്റി നേരിടുന്ന സാമൂഹിക വെല്ലുവിളികളെ കുറിച്ചുള്ള അറിവും, അവരുടെ ആരോഗ്യ സേവനങ്ങളെ കുറിച്ചുള്ള പ്രത്യേക പരിശീലനം തേടുന്നതും ഏറ്റവും മികച്ച സേവനം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നൽകാൻ ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ധരെ സഹായിക്കും.

മറ്റ് വ്യക്തികൾക്ക് സേവനങ്ങൾ നൽകുന്ന അതേ രീതിയിൽ ഈ വിഷയത്തിൽ ഇടപെടാൻ പറ്റില്ല. അതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തിലുള്ള പ്രത്യേക മാർഗ്ഗരേഖകൾ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾക്കായി ഇറക്കിയിട്ടുള്ളത്. WPATH ഇറക്കുന്ന സ്റ്റാൻഡേർഡ് ഓഫ് കെയർ പോലെയുള്ള മാർഗ്ഗ രേഖകൾ ഇന്ത്യയിൽ ഉണ്ടാക്കാനാണ് 2019 ലെ ട്രാൻസ്‌ജെൻഡർ നിയമവും അനുശാസിക്കുന്നത്. ഇന്ത്യയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ധർ അടങ്ങിയ ഇന്ത്യൻ പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ട്രാൻസ്ജെൻഡർ ഹെൽത്ത് - IPATH എന്ന സംഘടന WPATH മാർഗ്ഗരേഖ മുൻനിറുത്തി ഇന്ത്യൻ ഗൈഡ്ലൈൻസ് ഉണ്ടാക്കിയിട്ടുണ്ട്. അത് ഈ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകും എന്ന് പ്രതീക്ഷിക്കാം.

അവലംബം: WPATH STANDARD OF CARE -7th EDITION

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT