Health and Wellness

നവജാത ശിശുക്കളെ കുളിപ്പിക്കണോ? 

വീട്ടിലെ മുതിര്‍ന്നവര്‍ക്കാണ് കുളിപ്പിക്കാനുള്ള അറിവും യോഗ്യതയുമെന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. 

ഡോ. വിജയന്‍ എ. പി

കുഞ്ഞ് പിറന്നാല്‍ രക്ഷിതാക്കള്‍ക്ക് പലതരം ആശങ്കകളുണ്ടാകും. അതിലൊന്നാണ് കുഞ്ഞിനെ കുളിപ്പിക്കേണ്ടതെപ്പോള്‍, ആര് കുളിപ്പിക്കണം, എങ്ങനെ കുളിപ്പിക്കണമെന്നതൊക്കെ. വീട്ടിലെ മുതിര്‍ന്നവര്‍ക്കാണ് കുളിപ്പിക്കാനുള്ള അറിവും യോഗ്യതയുമെന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. അച്ഛനും അമ്മയും തന്നെ തങ്ങളുടെ കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ തയ്യാറായിരിക്കണം.

ആര് കുളിപ്പിക്കും ,എങ്ങനെ കുളിപ്പിക്കും, എപ്പോള്‍ കുളിപ്പിക്കാം ?

അച്ഛനും അമ്മയുമാകാന്‍ തയ്യാറെടുക്കുന്നവര്‍ ഇതൊക്കെ മുന്‍പേ അറിഞ്ഞ് വെക്കേണ്ടതാണ്. അത് ചെയ്യാത്തത് കൊണ്ടാണ് നാട്ടിലിന്ന് ശാസ്ത്രീയ ശിശുപരിപാലനത്തിന്റെ പ്രാഥമികപാഠങ്ങള്‍ പോലുമറിയാത്ത പഴയ വിദദ്ധന്മാര്‍ക്ക് പ്രസവം നടന്ന വീടുകളിലേക്കുള്ള ഡിമാന്‍ഡ് അതിഭീകരമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് വന്‍ തുക ചോദിച്ച് വാങ്ങി , മറ്റാര്‍ക്കുമറിയാത്ത എന്തോ മഹാസംഭവം ചെയ്യുന്ന പോലെ കുഞ്ഞുങ്ങളെ കുളിപ്പിച്ചും രക്ഷിതാക്കളെ കബളിപ്പിച്ചും അവര്‍ ജീവിച്ച് പോകുന്നത് . ഇപ്പോള്‍ പ്രസവത്തിന് ആശുപത്രികളില്‍ ചെലവാകുന്ന മൊത്തം പണത്തേക്കാള്‍ എത്രയോ കൂടുതലാണ് ഈ നിസ്സാര കാര്യത്തിന് 'വിദദ്ധര്‍ ' പിടുങ്ങുന്നത്. അതി ബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്ന മലയാളികളുടെ ഈ ശീലം സ്വയം ചോദ്യം ചെയ്യപ്പെടലിന് വിധേയമാകേണ്ടതാണ്. വീട്ടുകാരെ തങ്ങളുടെ പ്രാഗല്‍ഭ്യം ബോധ്യപ്പെടുത്താല്‍ വേണ്ടി ഇവന്മാര്‍ കാണിക്കുന്ന പല അഭ്യാസങ്ങളും ( കുഞ്ഞിന്റെ മുല പിഴിഞ്ഞ് പാല്‍ കളയുക പോലുള്ള അനാവശ്യ ഏര്‍പ്പാടുകള്‍ ) പലപ്പോഴും കുഞ്ഞിന് അപകടകരവുമാണെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കുന്നത് നന്ന്.

കുഞ്ഞുങ്ങളെ കുളിപ്പിക്കണോ ?

വേണം, കുളിപ്പിക്കണം എന്നു തന്നെയാണ് ശിശുപരിപാലനത്തിനായി പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ സുപ്രധാന മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശിക്കുന്നത്. പക്ഷേ മുലയൂട്ടല്‍ ( exclusive breast feeding ) , ' പ്രതിരോധ കുത്തിവെപ്പുകള്‍' എന്നിവയ്ക്ക് നീക്കി വെച്ച സമയമോ പ്രാധാന്യമോ മെഡിക്കല്‍ സയന്‍സ് ഈ വിഷയത്തിന് നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ലോകാരോഗ്യ സംഘടനയടക്കമുള്ള നിരവധി അന്തര്‍ദേശീയ , ദേശീയ ഏജന്‍സികള്‍ കുഞ്ഞുങ്ങളെ ശാസ്ത്രീയമായി പരിപാലിക്കുന്ന രീതി വിശദീകരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എല്ലായിടത്തും ആവര്‍ത്തിക്കപ്പെടുന്ന പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തേത് , പ്രസവിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് കുഞ്ഞിനെ കുളിപ്പിക്കരുത് എന്നാണ് ( എപ്പോള്‍ എങ്ങനെ കുളിപ്പിക്കണം എന്നല്ല )

~ എന്തു കൊണ്ടാണിത്?

നവജാത ശിശുവിന് അപകടകരമായ Cold Stress , രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ മുന്‍കരുതല്‍ നിര്‍ദ്ദേശിക്കുന്നത്. ഭാരകുറവുള്ള കുഞ്ഞുങ്ങളേയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണമല്ലാതെ കുളിപ്പിക്കരുത്. കുഞ്ഞുങ്ങളെ അവരുടെ ശരീരോഷ്മാവ് നിലനിര്‍ത്താനനുയോജ്യമായ വസ്ത്രങ്ങള്‍ ധരിപ്പിക്കണം എന്നതാണ് മറെറാന്ന് ~ എന്നു വെച്ചാല്‍ അന്തരീക്ഷ ഊഷ്മാവിനുയോജ്യമായി, മുതിര്‍ന്നവര്‍ ധരിക്കുന്നതിനേക്കാള്‍ ഒന്നോ രണ്ടോ എണ്ണം കൂടുതല്‍ വസ്ത്രങ്ങള്‍ കുഞ്ഞുങ്ങള്‍ ധരിക്കണമെന്ന് . അവ കൂടാതെ തലമൂടുന്ന കാപ്പും ഉപയോഗിക്കണം . ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറും ഒരേ മുറിയില്‍ ഒരേ മെത്തയില്‍ തന്നെയായിരിക്കണം അമ്മയും കുഞ്ഞും എന്നുമാണ് ആവര്‍ത്തിക്കപ്പെടുന്ന മറ്റൊരു നിര്‍ദ്ദേശം .

രസകരമായ കാര്യം കുളിപ്പിക്കല്‍ നിരോധിച്ച ആദ്യത്തെ 24 മണിക്കൂര്‍ കഴിഞ്ഞ് , വീട്ടിലെത്തിയാല്‍ എന്ന് കുളിപ്പിക്കാന്‍ തുടങ്ങാം എന്ന് WHO നിര്‍ദ്ദേശിക്കുന്നില്ലെന്നതാണ്.നമുക്കാണെങ്കില്‍ പ്രധാനമായും അറിയേണ്ടതതാണ് ??. മെഡിക്കല്‍ വിദദ്ധരുടെ പൊതുനിര്‍ദ്ദേശം ,പൊക്കിള്‍ കൊടി ഉണങ്ങി വീണ ശേഷം കുളിപ്പിക്കാമെന്നാണ് - സാധാരണ ഇത് രണ്ടാമത്തെ ആഴ്ചയാണ് സംഭവിക്കുക. അതുവരെ ഇളം ചൂടുവെള്ളത്തില്‍ തുണിമുക്കി ശരീരം തുടച്ചു വൃത്തിയാക്കിയാല്‍ മതിയാകും. അതിനു ശേഷം ആഴ്ചയില്‍ മൂന്നോ നാലോ തവണ കുളിപ്പിക്കാം. കുളി കൊണ്ടുള്ള മുഖ്യ പ്രയോജനം ശരീരത്തിലടിഞ്ഞു കൂടുന്ന വിയര്‍പ്പും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കുക എന്നത് മാത്രമാണ് . കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന രീതികള്‍ക്ക് പ്രാദേശികമായും സാംസ്‌കാരികമായും പ്രകടമായ പല വ്യത്യാസങ്ങളുമുണ്ട്. ഏതെങ്കിലും ഒരു രീതിയ്ക്ക് മറ്റുള്ളവയേക്കാള്‍ പ്രത്യേക മേന്മയൊന്നുമില്ലാത്തതുകൊണ്ടു മാത്രമാണ് ' കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന രീതിയ്ക്ക് ' പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്തത്.

ചെറിയ ടബ് ഉപയോഗിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ ഇഞ്ച് ഉയരത്തില്‍ മാത്രം വെള്ളം നിറച്ച് കുഞ്ഞിനെ കുളിപ്പിക്കാം. ഇളം ചൂടുള്ള ( ശരീരോഷ്മാവിന് സമാനമായ) ശുദ്ധജലമാണ് ഇതിനായുപയോഗിക്കേണ്ടത്. സാധാരണ ഉപയോഗിക്കുന്ന സോപ്പിന് പകരം , ബേബി സോപ്പ് ഉപയോഗിക്കാം. കുളിപ്പിച്ച് കഴിഞ്ഞ ഉടനെ തന്നെ ഉണങ്ങിയ വൃത്തിയുള്ള തുണി ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരം തോര്‍ത്തിയുണക്കണം. ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ വലിയ പരിശീലനമോ മുന്‍പരിചയമോ ഒന്നും തന്നെ ആവശ്യമില്ല.കുഞ്ഞിനോട് സ്നേഹവും കരുതലും പിന്നെ അത്യാവശ്യം സാമാന്യബോധവുമുള്ള ആര്‍ക്കും ധൈര്യമായി കുഞ്ഞുങ്ങളെ കുളിപ്പിക്കാം.

അപകട സാധ്യത വളരെ അപൂര്‍വ്വമാണെങ്കില്‍ പോലും അറിഞ്ഞിരിക്കേണ്ട , ശ്രദ്ധിക്കേണ്ട പ്രശ്നങ്ങള്‍ വല്ലതുമുണ്ടോ?

വെള്ളവും സോപ്പും തേച്ച് കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് കുഞ്ഞ് വഴുതി ബക്കറ്റിലേക്കോ, നിലത്തേക്കോ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം . ഈ കൈയബദ്ധം ആര്‍ക്കും സംഭവിക്കാം. ഒരാള്‍ ഒറ്റയ്ക്ക് കുളിപ്പിക്കുന്നതിന് പകരം അച്ഛനും അമ്മയും ചേര്‍ന്ന് കുളിപ്പിക്കുന്നത് ഇത്തരം അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കുഞ്ഞിന്റെ മുഖത്തേയ്ക്ക് ശക്തിയോടെ വെള്ളം ഒഴിക്കരുത് ( ഒരു പഴയ രീതി) .കുഞ്ഞിന് ശ്വാസംമുട്ടാനും ചിലപ്പോള്‍ പെട്ടെന്ന് ശ്വാസം നിന്നുപോകാനും ഇത് കാരണമായേക്കാം.

ശരീരേഷ് മാവ് സംരക്ഷിക്കുന്ന രീതിയില്‍ കട്ടിയുള്ള നല്ല തുണിയില്‍ കുഞ്ഞുങ്ങളെ പൊതിഞ്ഞ് കിടത്തുന്ന രീതി പഴമക്കാര്‍ക്ക് പലപ്പോഴും ഇഷ്ടപ്പെടാറില്ല . ഇത് കുഞ്ഞുങ്ങള്‍ അമിതമായി വിയര്‍ക്കാനിടയാക്കും എന്ന ഉല്‍കണ്ഠ നമുക്ക് സ്വാഭാവികമായുണ്ടാകുമെങ്കിലും ഇങ്ങനെ പരിപാലിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ സുഖമായി മുലപാല്‍ കുടിച്ച് ,അനാവശ്യമായി കരയാതെ രണ്ട് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചായായുറങ്ങുന്നതു കാണാന്‍ കഴിയും.

നവജാത ശിശുക്കള്‍ക്കു അവരുടെ ഗര്‍ഭസ്ഥസ്ഥിതിയോട് സമാനമായ ഉഷ്മാവ്, നിശ്ശബ്ദത , നേരിയ വെളിച്ചം എന്നിങ്ങനെയുള്ള അന്തരീക്ഷം പ്രദാനം ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്.. പത്ത് മാസം സുരക്ഷിതമായി ,അമ്മയുടെ ഗര്‍ഭപാത്രത്തിലെ ചൂടില്‍ ,അന്ധകാരത്തിലെ നേരിയ വെളിച്ചത്തില്‍ , തുറന്ന കണ്ണുകളുമായി സ്വച്ഛന്ദം ജീവിച്ച് വളര്‍ന്ന അവരെ നമ്മളുണ്ടാകുന്ന വിവിധ ശബ്ദങ്ങളും , വൈദ്യുത വെളിച്ചവും തണുപ്പും ( നമുക്ക് സ്വയം സന്തോഷകരമായി തോന്നുമെങ്കിലും ) അലോസരപ്പെടുത്തും, പലപ്പോഴും ഭയപ്പെടുത്തും . നവജാത ശിശുവിന്റെ കുഞ്ഞുചെവിയിലേയ്ക്ക് ഉറക്കെ താരാട്ട് പാട്ട് പാടുന്നതിന്നു മുമ്പ് ഈ കാര്യങ്ങളെല്ലാം നാമോര്‍ക്കേണ്ടതാണ്.

സ്വന്തം കുട്ടികളെ പരസഹായമില്ലാതെ ആത്മവിശ്വാസത്തോടെ വളര്‍ത്താനുള്ള രക്ഷിതാക്കളുടെ കഴിവ് പരീക്ഷിക്കപ്പെടുന്ന ആദ്യസന്ദര്‍ഭങ്ങളാണ് വിജയകരമായ മുലയൂട്ടല്‍ ,കുഞ്ഞുങ്ങളെ കുളിപ്പിക്കല്‍ , വസ്ത്രം മാറ്റല്‍ തുടങ്ങിയവ. അപരിചിതമായ ,പൂ പോലെ മൃദുവായ നനുത്ത കുഞ്ഞുടലിനെ , സ്വന്തം കൈകളിലെടുത്ത് ആദ്യമായി കുളിപ്പിക്കുമ്പോള്‍ അച്ഛനമ്മമാരനുഭവിക്കുന്നത് , പ്രകൃതി സ്ഥലകാല ഭേദമില്ലാതെ അവര്‍ക്കായി മാത്രം കാത്തു വെച്ച ആനന്ദമാണ്. ആത്മ നിര്‍വ്വിതിയാണ്. അത് ഒരു രക്ഷിതാവിനും നിഷേധിക്കപ്പെടരുത്.

നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന പുതുനാമ്പിനെ പരസഹായമില്ലാതെ വളര്‍ത്താനുള്ള അവസരം !ഒന്നോ രണ്ടോ തവണ മാത്രം കിട്ടുന്ന അസുലഭ ഭാഗ്യം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT