ചൈനയില്‍ ദുരിതം വിതയ്ക്കുകയും ലോകരാജ്യങ്ങളിലേക്ക് പടരുകയും ചെയ്യുന്ന കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചും വാഹകരെപ്പറ്റിയുമുള്ള ചര്‍ച്ചകള്‍ സജീവമാണ്. നിപ പോലെ വവ്വാലാണ് രോഗാണു വാഹകരെന്നാണ് പ്രചരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളും ഗൂഡാലോചന സിദ്ധാന്തങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്കും, ഗൂഗിളും, ട്വിറ്ററുമെല്ലാം പാടുപെടുകയാണ്.
തെറ്റായ സന്ദേശങ്ങള്‍ നീക്കും ചെയ്യുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ മാത്രം ലഭിക്കുന്ന തരത്തില്‍ സെര്‍ച്ച് ക്രമീകരിക്കുമെന്ന് ട്വിറ്ററും അറിയിച്ചു.
വവ്വാലാണ് വൈറസിനെ പരത്തുന്നതെന്നതിന് ആധികാരികമായ കണ്ടെത്തലുകളില്ല. ഇത്തവണ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ ആളുകള്‍ വവ്വാലുകളെ ഭക്ഷിക്കുന്നുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീ വവ്വാലിനെ ഭക്ഷിക്കുന്ന വീഡിയോ അടക്കമാണ് പ്രചരണം. ഇത് വുഹാനിലെ റസ്റ്റോറന്റില്‍ ചിത്രീകരിച്ചതല്ലെന്നാണ് റിപ്പോര്‍ട്ട്. വുഹാനിലെ സമുദ്ര വിപണന കേന്ദ്രത്തിലാണ് രോഗാണുവിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. വവ്വാലുകളില്‍ നിന്നാണോ രോഗം പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ജൈവായുധമാണ് കൊറോണയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇസ്രായേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ചായിരുന്നു വാര്‍ത്ത വന്നിരുന്നത്. ഇതിനെയും ശാസ്ത്രലോകം തള്ളുകയാണ്. ജൈവായുധം കുറെ കൂടി മാരകമായിരിക്കുമെന്നും എളുപ്പത്തില്‍ പടരുന്നതും ആയിരിക്കില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
വൈറ്റമിന്‍ സി, ഉപ്പുവെള്ളം എന്നിവ കൊറോണ വൈറസിനെ തടയുമെന്നാണ് പ്രചരിക്കുന്ന മറ്റൊന്ന്. വാക്‌സിന്‍ വിരുദ്ധരും നാച്ചുറല്‍ മെഡിസിന്‍ ഗ്രൂപ്പുകളുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.