Health and Wellness

‘ഡിഫ്തീരിയ വാക്സിന്‍ എടുക്കാത്തവര്‍ എടുത്തവര്‍ക്ക് ഭീഷണിയുമാകും,കുഞ്ഞുങ്ങള്‍ വേദന പേറി മരിക്കാന്‍ ഇടവരുത്തരുത്’ 

ഡോ.ദീപു സദാശിവന്‍
‘Those who don’t know history are destined to repeat it’s mistakes ‘
Edmund Burke

ഒരു കുട്ടി കൂടി ഡിഫ്തീരിയ ബാധിച്ച് കേരളത്തില്‍ മരണമടഞ്ഞു എന്ന ദുഃഖ വാര്‍ത്ത കേട്ടു, തടയാവുന്നതായിരുന്നു ആ മരണം ! 90 കളില്‍ ഞാന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു വാര്‍ത്ത പടര്‍ന്നു, ഇതേത്തുടര്‍ന്ന് ക്ലാസ്സിലെ 'പഠിപ്പിസ്റ്റുകള്‍' വാര്‍ഡിലേക്ക് ഓടി. ടെറ്റനസ് ബാധിച്ച് ഒരു രോഗി അഡ്മിറ്റ് ആയിട്ടുണ്ട് എന്നതായിരുന്നു ആ 'ചൂട് വാര്‍ത്ത'. അതിന്റെ സാംഗത്യം എന്താണെന്ന് പിടി കിട്ടിയോ? അതിന് മുന്‍പുള്ള ദശകങ്ങളില്‍ ശാസ്ത്രാവബോധം ഉള്ള പൊതു സമൂഹം വാക്‌സിനേഷന്‍ പദ്ധതികള്‍ സ്വീകരിച്ചിരുന്നത് കൊണ്ട് നമ്മുടെ നാട്ടില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായ രോഗങ്ങളായിരുന്നു റ്റെറ്റനസ്, ഡിഫ്തീരിയ പോലുള്ളവയൊക്കെ. അത്യപൂര്‍വ്വമായ ഒരു 'കേസ്' കാണാനുള്ള ത്വരയിലാണ് അന്ന് കൂടെയുള്ള പലരും ഓടിയത്. തമിഴ് നാട്ടില്‍ നിന്നുള്ള ഒരു രോഗി ആയിരുന്നുവെന്നാണ്‌ ഓര്‍മ്മ. ഉഴപ്പന്മാരായ ഞങ്ങളില്‍ ചിലര്‍ ഇതൊക്കെ ഇനി എവിടെ തിരിച്ചു വരാന്‍ എന്ന ചിന്തയില്‍ കാണാന്‍ പോയതും ഇല്ല.

എന്നാല്‍ കഴിഞ്ഞ ഒരു ദശകമെങ്കിലുമായി ഈവിധ വാക്‌സിന്‍ മൂലം തടയാവുന്ന രോഗങ്ങള്‍ വടക്കന്‍ കേരളത്തില്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഓരോ വരവിനും കുറച്ച് കുഞ്ഞുങ്ങളുടെ ജീവനും കൊണ്ട് പോവും രോഗാണുക്കള്‍. സംസാര ശേഷി ഉണ്ടായിരുന്നെങ്കില്‍ രോഗാണുക്കള്‍ മൈക്ക് വെച്ച് കെട്ടി നന്ദി പറയുമായിരുന്ന വിഭാഗമാണ് വടക്കന്‍ കേരളത്തില്‍ സജീവമായ വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകര്‍.വാക്‌സിനേഷന്റെ തോത് കുറയുമ്പോള്‍ ഈ വക രോഗങ്ങള്‍ തല പൊക്കുന്നത് ലോകമെമ്പാടും കണ്ടിട്ടുള്ള പ്രതിഭാസമാണ്.യു.എസ്എസ്.ആറിന്റെ തകര്‍ച്ചയ്ക്ക് ശേഷം വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചപ്പോള്‍ ഉണ്ടായ ഡിഫ്തീരിയ വര്‍ഷങ്ങളോളം നീണ്ടു നിന്നു, രണ്ടു ലക്ഷത്തോളം പേരെ ബാധിക്കുകയും 5000-ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. 2003-ല്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിലെ അഭയാര്‍ഥി ക്യാമ്പില്‍ 50-ഓളം കുട്ടികളെ ബാധിച്ചു; 3 പേരുടെ മരണത്തിനും ഇതിടയാക്കി. വലിയൊരു ശതമാനം ആളുകളും വാക്‌സിനേഷന്‍ നേടിയവര്‍ ആവുമ്പോള്‍, രോഗപ്പകര്‍ച്ചാ സാധ്യത കുറയുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്ന് പിടിക്കാന്‍ രോഗാണുക്കള്‍ക്ക് അവസരം കുറയുന്നതിനാല്‍ വാക്‌സിന്‍ എടുക്കാത്ത കുറച്ചു പേര്‍ക്ക് കൂടി വാക്‌സിന്‍ എടുത്തവര്‍ മുഖേന രോഗസാധ്യത കുറയുന്നു.

എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടുന്നത് രോഗാണുക്കളുടെ അതിജീവന സാധ്യത കൂട്ടുന്നു.'പകര്‍ച്ചാ ചങ്ങല' മുറിയപ്പെടാതെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അങ്ങനെ പടരാന്‍ രോഗാണുക്കളെ സഹായിക്കുന്നു. 2000 ത്തിനുശേഷം ആകെ '5' ഡിഫ്തീരിയ കേസുകള്‍ മാത്രമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 1920 കളില്‍ അമേരിക്കയില്‍ പ്രതിവര്‍ഷം ഒന്നു മുതല്‍ രണ്ടു ലക്ഷം വരെ കുട്ടികള്‍ ഡിഫ്തീരിയ ബാധിതരാവുകയും തന്മൂലം 15,000 വരെ കുട്ടികള്‍ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെപ്പ് പ്രാബല്യത്തിലാക്കിയതിന്റെ ഫലമായാണ് രോഗം തീരെ ഇല്ലാതായത്.

എന്താണ് ഡിഫ്തീരിയ അഥവാ തൊണ്ട മുള്ള് ?

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാക്കുന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തെറിക്കുന്ന ചെറു കണികകളിലൂടെയാണ് രോഗം പകരുന്നത്. ഈ സ്രവങ്ങള്‍ പുരണ്ട തൂവാലകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍

രോഗാണുബാധ ഉണ്ടായി രണ്ടു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും.

1) പനി, ശരീരവേദന, വിറയല്‍

2) തൊണ്ടയിലെ ലസികാ ഗ്രന്ഥികളുടെ (Lymph Nodes) വീക്കം

3) ഉച്ചത്തിലുള്ള, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ

4) മൂക്കൊലിപ്പ്

5) തൊണ്ടവേദന

6) ഇതോടൊപ്പം തൊണ്ടയുടെ ഉള്‍ഭാഗത്ത് കാണുന്ന തുകല്‍ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രത്യേകത ഉള്ള ലക്ഷണം.

ചിലരില്‍ ശ്വാസതടസ്സം, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, സംസാരത്തില്‍ വ്യതിയാനം എന്നിവയും കാണാം.

ഡിഫ്തീരിയ രോഗാണുക്കള്‍ പുറപ്പെടുവിക്കുന്ന ടോക്‌സിന്‍ അഥവാ വിഷവസ്തുക്കള്‍ രോഗം മൂര്‍ഛിക്കാന്‍ കാരണമാവുന്നു , ഹൃദയത്തെയും, വൃക്കയെയും ഒക്കെ ഇവ തകരാറിലാക്കിയേക്കും.

രോഗം സങ്കീര്‍ണ്ണമായാല്‍ ഹൃദയ ഭിത്തികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന 'മയോകാര്‍ഡൈറ്റിസ്' & തൊണ്ടയിലെ പാട മൂടിയുള്ള ശ്വാസതടസ്സവും , ശ്വാസകോശത്തിലെ അണുബാധയും മരണത്തിലേക്ക് നയിക്കാന്‍ ഇടയുണ്ട്.

ചികിത്സ

മാരകമായ ഒരു രോഗമായതിനാല്‍ എത്രയും വേഗം രോഗനിര്‍ണ്ണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ടോക്‌സിന്റെ ദൂഷ്യഫലങ്ങളെ ചെറുക്കാനുള്ള ആന്റി ടോക്‌സിന്‍ ഇഞ്ചക്ഷന്‍.

ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍.

ശ്വാസതടസം ഉള്ള രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനായി ശ്വാസനാളത്തില്‍ കുഴല്‍ കടത്തുക, ശ്വാസനാളത്തില്‍ ദ്വാരം ഉണ്ടാക്കുക പോലുള്ള ചികില്‍സാ വിധികള്‍ വേണ്ടി വന്നേക്കാം.

ഹൃദയസംബന്ധമോ വൃക്കസംബന്ധമോ മറ്റു സങ്കീര്‍ണതകളോ ഉളള രോഗികള്‍ക്ക് അതിനു തക്കതായ മറ്റു ചികിത്സകളും വേണ്ടി വന്നേക്കാം.

ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ഡിഫ്തീരിയ മൂലമുള്ള മരണനിരക്ക് അന്‍പതു ശതമാനത്തിലധികം ആയിരുന്നു. ആധുനിക ചികിത്സ ലഭ്യമായ ഈ കാലയളവിലും പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് ഡിഫ്തീരിയയുടെ മരണനിരക്ക്. അതില്‍ തന്നെ അഞ്ചു വയസ്സില്‍ താഴെയും നാല്‍പ്പതു വയസ്സിനു മുകളിലുമുള്ള രോഗബാധിതരിലെ മരണനിരക്ക് ഇരുപത് ശതമാനമാണ്. പ്രതിരോധമാണ് ഏറ്റവും ഉചിതം എന്ന് ഒരിക്കല്‍ കൂടി നമ്മെ ഇത് ഓര്‍മ്മിപ്പിക്കുന്നു.

രോഗപ്രതിരോധം എങ്ങനെ ?

ഡിഫ്തീരിയ വാക്‌സിന്‍ ഒരു ടോക്‌സോയിഡാണ്. ഡിഫ്തീരിയ രോഗാണു ഉണ്ടാക്കുന്ന ടോക്‌സിനെ നിര്‍വീര്യമാക്കുകയാണ് അത് ചെയ്യുന്നത്. നിലവില്‍ പെന്റാ വാലന്റ് വാക്‌സിന്റെ ഘടകമായാണ് കുഞ്ഞിന് ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം എന്നിങ്ങനെ നല്‍കുന്നത്. പിന്നീട് ഒന്നര വയസിലും അഞ്ചു വയസിലും കൊടുക്കുന്ന രണ്ടു DPT ബൂസ്റ്റര്‍ ഡോസുകളോട് കൂടി ഇതിനെതിരെയുള്ള കുത്തിവയ്പ് പൂര്‍ണമാവുന്നു. എന്നാല്‍ നിലവില്‍ ഈ രോഗം നമ്മുടെ നാട്ടില്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്ന സാഹചര്യത്തില്‍ കുറച്ചു കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കൂടി ശിശുരോഗ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പില്‍ വരുത്താന്‍ തുടങ്ങിയിട്ടില്ല എങ്കിലും വ്യക്തികള്‍ക്ക് സ്വമേധയാ ഇത് അനുവര്‍ത്തിക്കാവുന്നതാണ്. 10 വയസ്സിലും 15 വയസ്സിലും TT വാക്‌സിന് പകരം Td വാക്‌സിന്‍ എടുക്കുക. ( അഞ്ചു വയസ്സില്‍ എടുത്ത വാക്‌സിന്റെ പ്രതിരോധ ശേഷി കാലക്രമേണ കുറയും എന്നതിനാലും, നിലവില്‍ ഈ രോഗം നമ്മുടെ നാട്ടില്‍ വീണ്ടും തിരിച്ചു വരവ് നടത്തുന്നതിനാലും ആണ് ഈ നിര്‍ദ്ദേശം.) കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഡിഫ്തീരിയ ബൂസ്റ്റര്‍ എടുത്തിട്ടില്ലാത്തവര്‍ (മുമ്പ് കൃത്യമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും) ഒരു ഡോസ് Td വാക്‌സിന്‍ എടുക്കുക.

തീരെ കുത്തിവെപ്പ് എടുക്കാത്ത 7 വയസ്സിന് മുകളിലുള്ളവര്‍ 3 ഡോസ് Td വാക്‌സിനും, 7 വയസ്സില്‍ താഴെയുള്ളവര്‍ 3 ഡോസ് DPTവാക്‌സിനും ( 0, 1 മാസം, 6 മാസം) എടുക്കുക. ഡിഫ്തീരിയ വാക്‌സിന്‍ 3 ഡോസും ഒരു ബൂസ്റ്റര്‍ ഡോസും എടുത്താല്‍ ഫലപ്രാപ്തി 95% ആണ്. അതായത് വാക്‌സിന്‍ എടുത്തവരില്‍ ഡിഫ്തീരിയ വരാന്‍ സാധ്യത തുലോം കുറവാണ്. അഥവാ ചെറിയ ഒരു ശതമാനത്തില്‍ വന്നാലും വിഷവസ്തു ഉല്‍പാദിപ്പിക്കാന്‍ സാധ്യതയും രോഗ സങ്കീര്‍ണ്ണതയും കുറവാണ്. ഇത്തരം അവസ്ഥയില്‍ ആവട്ടെ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കുറവാണ്. പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങള്‍ മാറാതെ തുടര്‍ന്നാല്‍ സ്വയം ചികില്‍സയെ ആശ്രയിക്കാതെ, വ്യാജ വൈദ്യന്മാര്‍ പറയുന്ന അബദ്ധ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കാതെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തന്നെ തേടുക. പനിക്ക് എനിമ മതി എന്നൊക്കെയുള്ള അസംബന്ധങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക.

വാക്‌സിന്‍ വ്യക്തിഗത സുരക്ഷ തരുന്നു എന്നത് സത്യമാണ്, എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരുടെ ഒരു കൂട്ടം സമൂഹത്തില്‍ വളര്‍ന്നു വരുന്നത് വാക്‌സിന്‍ എടുത്ത നമ്മുടെ കുട്ടികള്‍ക്ക് കൂടി ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. വാക്‌സിന്‍ വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എതിര്‍ക്കേണ്ടതും, പ്രചാരകരെ ചെറുത്തു തോല്‍പ്പിക്കേണ്ടതും,സാധാരണക്കാരുടെ തെറ്റിധാരണ മാറ്റേണ്ടതും വാക്‌സിനെ അനുകൂലിക്കുന്നവരുടെ ആവശ്യവും ഉത്തരവാദിത്വവും ആകുന്നത് ഇത് കൊണ്ട് കൂടിയാണ്. സാംക്രമിക രോഗങ്ങള്‍ തന്നിരുന്ന ദുരിതങ്ങളെ കുറിച്ചുള്ള ഇന്നത്തെ തലമുറയുടെ മറവി ഒരു ശാപം ആണ്, വസൂരി ഗ്രാമങ്ങള്‍ തന്നെ ഇല്ലാതാക്കിയത്, കുഞ്ഞുങ്ങള്‍ പിള്ളവാതം ബാധിച്ചു തളര്‍ന്നു കിടന്നിരുന്നത്, എല്ലാം നാം മറന്നു. വില്ല് പോലെ വളഞ്ഞു നിന്ന് ശ്വാസം കിട്ടാതെ ചുമയ്‌ക്കേണ്ടി വരുന്ന വില്ലന്‍ ചുമ ബാധിച്ച കുഞ്ഞുങ്ങളെയൊന്നും നാം കണ്ടിട്ടില്ല.

എന്നാല്‍ ഇത്തരം മാരക രോഗങ്ങളുടെ തിരിച്ചു വരവില്‍ ഡോക്ടര്‍മാര്‍ ചില കരള്‍ അലിയിക്കുന്ന കാഴ്ചകള്‍ കാണുന്നുണ്ട്, പിഞ്ചു കുഞ്ഞുങ്ങള്‍ വേദനയും ദുരിതവും പേറി മരിക്കുന്ന ദാരുണ കാഴ്ച. 2016 ല്‍ ഡിഫ്തീരിയ ബാധിച്ച കുഞ്ഞുങ്ങളെ ചികില്‍സിച്ച ചില ഡോക്ടര്‍മാരുടെ കുറിപ്പുകള്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിലെ ചില വരികള്‍ അതേ പടി ഉദ്ധരിച്ചു കൊണ്ട് നിര്‍ത്താം.

' Last night was a horrible one for me. I had to do a tracheostomy(ശ്വാസനാളം തുളയ്ക്കുന്ന ശസ്ത്രക്രിയ) for a 14 yr old boy with diphtheria. His last words were to me.

ങ്ങള് വേഗം ഒന്ന് ചെയ്യ്

എനിക്ക് ശ്വാസം കിട്ടട്ടെ

I could do the surgery in few mnts. Airway maintained. He looked at me with thankful eyes. But the poor boy died after 6 hrs.'

മറ്റൊരു ഡോക്ടര്‍ മുഹമ്മദ് നിയാസ് എഴുതി...

'I have seen deaths..

I have seen deaths to such an extent that I often wonder if I feel death any more. Yesterday was different, it was a death that will haunt me for my lifetime......'' his entire trachea was covered with the membrane. Despite ventilation through the Trachestomy tube the saturation and BP was dropping. I can't describe the agony on his face as he battled death. I cursed all the vaccine hate mongers in Kerala a 1000 times in my mind as I was looking at him,my helplenssess hid behind my face mask .I thought of blaming the parents for not vaccinating their child,but soon realized that it was not their fault. We have failed as a society,to educate people about vaccines and expose the anti vaccine mafia in our state. As I declared his death at 1.45 AM ,I was sure...this was a death that will haunt me for a lifetime.'

മൂന്നു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും വാക്‌സിനേഷന്‍ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ നില നില്‍ക്കുന്നു, തെറ്റിധരിക്കപ്പെട്ട് ഇരയാക്കപ്പെടുന്നവരും ഉണ്ട്, അധികാരികള്‍ മാത്രമല്ല ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും പിന്തുണ ഏറെ ആവശ്യമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നാം പരാജയപ്പെടാന്‍ പാടില്ല.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT