Doctor's take

വിദേശത്തു നിന്ന് വന്നവർ ഒരു മാസത്തിനു ശേഷവും പോസിറ്റീവ്, ക്വാറന്റൈന്‍ കൂട്ടണോ, പിഎസ് ജിനേഷ് എഴുതുന്നു 

ഡോ. ജിനേഷ് പി.എസ്

വിദേശത്തു നിന്ന് വന്നവർ ഒരു മാസത്തിനു ശേഷവും പോസിറ്റീവ് ആകുന്നു, ക്വാറന്റൈൻ കൂട്ടണ്ടേയെന്ന് ഒരു ദിവസം പത്തു പേരെങ്കിലും ചോദിക്കുന്നുണ്ട്.

ഒരു മാസം മുൻപ് വിദേശത്തു നിന്ന് വന്നവരിൽ ചിലർക്കെങ്കിലും ഇനിയും പോസിറ്റീവ് റിസൾട്ട് ലഭിക്കാനാണ് സാധ്യത. അങ്ങനെ വന്നില്ലെങ്കിൽ ആണ് എനിക്ക് അത്ഭുതം.

കാരണം ഈ രോഗത്തിൻറെ പ്രത്യേകതകൾ തന്നെ...

1. വിദേശത്തുനിന്നു വന്ന ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ചെറിയ ജലദോഷം ഉണ്ടായി. പിന്നെ രണ്ടാഴ്ച കുഴപ്പമില്ലായിരുന്നു. വീണ്ടും ജലദോഷവും ചുമയും തൊണ്ടവേദനയും ഒക്കെ കൂടി. പിസിആർ പരിശോധന നടത്തിയപ്പോൾ കോവിഡ് പോസിറ്റീവ്.

ലളിതമാണ്, ആദ്യലക്ഷണങ്ങൾ ആരംഭിച്ചപ്പോൾ പരിശോധന നടത്തിയില്ല.

3. രോഗലക്ഷണങ്ങൾ ആരംഭിച്ചു. ആദ്യ പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ്. ലക്ഷണങ്ങൾ കുറയാത്തതിനെ തുടർന്ന് രണ്ടു മൂന്ന് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിശോധിച്ചപ്പോൾ റിസൾട്ട് പോസിറ്റീവ്.

തികച്ചും സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. സാമ്പിൾ ശേഖരിക്കുന്നത് മുതൽ സംഭവിക്കാൻ സാധ്യതയുള്ള എന്തെങ്കിലുമൊക്കെ മിസ്റ്റേക്കുകൾ ഉണ്ടെങ്കിൽ ഉറപ്പായും സംഭവിക്കുന്ന കാര്യമാണ്.

RT PCR പരിശോധന ലക്ഷണങ്ങൾ ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചയിൽ 70 % ഓളം കൃത്യമായ ഫലം തരുന്നു. രണ്ടാമത്തെ ആഴ്ചയിൽ 60 % ഓളം കൃത്യമായ ഫലം തരുന്നു.

ആൻറിബോഡി പരിശോധന ആണെങ്കിൽ രോഗലക്ഷണങ്ങൾ ആരംഭിച്ച ശേഷം രണ്ടാമത്തെ ആഴ്ചയിൽ IgG, IgM എന്നിവ ഒരുമിച്ച് പരിശോധിച്ചാൽ 90 ശതമാനത്തോളം കൃത്യത ലഭിക്കുന്നു. ആദ്യ ആഴ്ചയിൽ കൃത്യത വളരെ കുറവാണ്.

ഇനി രോഗം മൂർച്ഛിക്കുന്നതനുസരിച്ച് റിസൽട്ട് പോസിറ്റീവ് ആകാനുള്ള സാധ്യത അല്ലാതെ തന്നെ കൂടുന്നുണ്ട്.

3. എസിംപ്ന്റമാറ്റിക് കേസുകൾ: അതായത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരുടെ ശരീരത്തിൽ വൈറസ് പോസിറ്റീവ് ആകാനുള്ള സാധ്യത. അങ്ങനെയും സാധ്യതയുള്ള ഒരു രോഗമാണിത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ഉൾപ്പെടെ വ്യാപകമായ പരിശോധനകൾ നടത്തുമ്പോൾ കേസുകളുടെ എണ്ണം കൂടുന്നത് ഇത് കാരണമാണ്.

അപ്പോൾ ഇൻകുബേഷൻ പീരീഡ് കൂടിയത് അല്ലേ കേരളത്തിൽ ?

അങ്ങനെ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ് അത്. ഒന്നു മുതൽ 14 ദിവസം വരെയാണ് കോവിഡ് 19 ന്റെ ഇൻകുബേഷൻ പീരീഡ്. അതായത് ശരീരത്തിൽ വൈറസ് കയറിയ ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കാൻ 14 ദിവസം വരെ എടുക്കാം എന്ന് ചുരുക്കം.

ഇതിൽ കൂടുതൽ നീണ്ട കേസുകൾ ഉണ്ടായിട്ടില്ല എന്നല്ല അതിൻറെ അർത്ഥം. ഇതിൽ കൂടുതൽ ഇൻകുബേഷൻ പീരീഡ് ഉള്ളത് അത്യപൂർവ്വമാണ് എന്നതാണ് അർത്ഥം. എങ്കിലും കേരളത്തിൽ അങ്ങിനെ ഉണ്ടായതായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് മുകളിൽ പറഞ്ഞ മൂന്ന് സാധ്യതകൾ ആണ് ഞാൻ ഇപ്പോഴും കാണുന്നത്. അല്ലെങ്കിൽ വിവരം ആരോഗ്യവകുപ്പ് പുറത്തു വിടേണ്ടതുണ്ട്.

അപ്പോൾ ക്വാറന്റൈൻ കാലം 28 ദിവസത്തിൽ നിന്നും നീട്ടേണ്ടതില്ല എന്നാണോ പറയുന്നത് ?

എൻറെ അഭിപ്രായം അങ്ങനെയാണ്. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന കാലാവധി 14 ദിവസമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും പിന്തുടരുന്നതും 14 ദിവസം തന്നെയാണ്.

അവിടെയൊക്കെ ഇതുപോലെ സംഭവിക്കുന്നില്ല എന്നാണോ പറയുന്നത് ?

അല്ല, ഇത്തരം കാര്യങ്ങളിൽ കേരളത്തിൽ സംഭവിച്ചത് തന്നെയാണ് പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അപ്പോൾ ചികിത്സയിൽ ഇരിക്കുന്നവരിൽ നെഗറ്റീവ് ആകാൻ രണ്ടാഴ്ചക്ക് ശേഷവും ആഴ്ചകൾ എടുക്കുന്നുണ്ടല്ലോ ?

ഉണ്ട്. 24 മണിക്കൂറിൽ കൂടിയ ഇടവേളകളിൽ ശേഖരിക്കുന്ന രണ്ട് സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. അതിൽ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ല.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ രോഗം പകരില്ല എന്നാണോ പറയുന്നത് ?

ഏറ്റവും കൂടുതൽ രോഗപ്പകർച്ച ഉണ്ടാകുന്നത് രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടാഴ്ചക്ക് അകത്താണ്. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുൻപു മുതൽ രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാൽ 14 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത കുറവാണ്. 28 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ സമൂഹം കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചാൽ രോഗം ലഭിക്കുന്നത് തടയാൻ സാധിക്കും.

ഇതിനിടയിൽ പോസിറ്റീവ് ആകുന്നവർ പാലിക്കേണ്ട കാര്യങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. അത് പാലിച്ചാൽ മതിയാകും.

ഇങ്ങനെ റിസ്ക് എടുക്കുന്നതിലും നല്ലതല്ലേ വിദേശത്തു നിന്ന് വന്നവർക്ക് രണ്ടോമൂന്നോ മാസം ക്വാറന്റൈൻ ഏർപ്പെടുത്തുന്നത് ?

ഒരു കാര്യം ഞാനടക്കമുള്ളവർ മനസ്സിലാക്കേണ്ടതുണ്ട്. എനിക്ക് അസുഖം ലഭിച്ചാൽ അതിന്റെ ഉത്തരവാദി ഞാൻ ആണ് എന്ന്. കാരണം എനിക്ക് അസുഖം ലഭിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ലോകാരോഗ്യസംഘടന മുതലുള്ള ആരോഗ്യപ്രവർത്തകർ അറിയിപ്പ് നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ശാരീരിക അകലം പാലിക്കുക എന്നത്. അതായത് ഒന്നര മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിക്കുക. ഞാൻ കാണുന്ന മറ്റൊരാളുടെ ശരീരത്തിൽ വൈറസ് ബാധ ഉണ്ടെങ്കിൽ പോലും അയാളിൽ നിന്ന് എനിക്ക് അസുഖം പകരാതിരിക്കാൻ വേണ്ടിയാണ് അത്. അയാൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുതുള്ളികൾ നമ്മുടെ വായിലും മൂക്കിലും കണ്ണിലും പ്രവേശിച്ചുകൂടാ. അത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക എന്നതും കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കുക എന്നതും. കാരണം വൈറസ് ബാധയുള്ള ഒരാൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന കണങ്ങൾ ഏതെങ്കിലും പ്രതലങ്ങളിൽ പറ്റി പിടിച്ചിരിക്കുകയും, ആ പ്രതലങ്ങളിൽ നമ്മൾ തൊട്ട ശേഷം നമ്മുടെ മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാൽ വൈറസ് നമ്മുടെ ശരീരത്തിൽ കയറാൻ സാധ്യതയുണ്ട് എന്നത് തന്നെ.

ഈ രണ്ടു കാര്യങ്ങൾ ചെയ്യാതെ എനിക്ക് രോഗബാധ ഉണ്ടായാൽ വിദേശത്ത് നിന്ന് വന്ന വരെ ചീത്ത വിളിക്കുന്നതിൽ അർത്ഥമില്ല. ഇത് ഞാനടക്കമുള്ളവർ മനസ്സിലാക്കേണ്ട കാര്യമാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT