Doctor's take

വിഷാദ രോഗം എങ്ങനെ തിരിച്ചറിയാം, എന്ത് ചെയ്യാനാകും

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും അനിശ്ചിതത്വം നിറഞ്ഞ നാളുകളില്‍ വിഷാദ രോഗാവസ്ഥയുടെ പിടിയിലായ സഹജീവികളെ കൂടി അറിയേണ്ടതുണ്ട്. വിഷാദത്തെ അറിയാം, ചികിത്സിക്കാം. ഇന്‍ഫോ ക്ലിനിക് പ്രതിനിധി ഡോ.ജിതിന്‍ ടി ജോസഫ് എഴുതുന്നു

വീണ്ടും വിഷാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ലോകത്ത് നല്ലൊരു ശതമാനം ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയായിട്ടും ഇത്തരത്തില്‍ പ്രമുഖരുടെ ജീവിത അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മാനസിക ആരോഗ്യം ചര്‍ച്ചയാവുന്നത് . ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 265 മില്യണ്‍ ആളുകള്‍ വിഷാദ രോഗം കൊണ്ട് കഷ്ടപ്പെടുന്നു. ശരിക്കും covid രോഗത്തെക്കാള്‍ വലിയ എപ്പിഡെമിക് ആണ് വിഷാദം. വ്യക്തികളുടെ ആകമാനം ഉള്ള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന ഈ അവസ്ഥയില്‍ , നല്ലൊരു ശതമാനം ആളുകള്‍ക്കും വേണ്ട പരിചരണം ലഭിക്കുന്നില്ല എന്നതാണ് സത്യം. മാനസിക രോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ, മാനസിക രോഗികളോട് സമൂഹം കാണിക്കുന്ന അവജ്ഞ, വേണ്ട വിദഗ്ധ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇവയൊക്കെ സഹായം തേടുന്നതിന് തടസമാകാം.

എന്താണ് വിഷാദരോഗം ?

മനുഷ്യന്റെ വികാരങ്ങള്‍ , ചിന്തകള് , ഇവയെ ബാധിക്കുന്ന ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം അഥവാ depression. Melancholy എന്നപേരില്‍ പണ്ട് മുതലേ അറിയപ്പെട്ടിരുന്ന ഈ അവസ്ഥ 15-20 % ആളുകളെ ബാധിക്കാം എന്നാണ് പുതിയ പഠനങ്ങള്‍ സൂചപ്പിക്കുന്നത്. സ്ഥായിയായ സങ്കടം,. താല്‍പര്യം ഇല്ലായ്മ, കാര്യങ്ങല്‍ ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

എന്തൊക്കെയാണ് വിഷാദത്തിന്റെ ലക്ഷണങ്ങള്‍?

1. സ്ഥായിയായ സങ്കടമാണ് പ്രധാന ലക്ഷണം. മിനിമം 2 ആഴ്ച എങ്കിലും നീണ്ടു നില്‍ക്കുന്ന , സങ്കടം , കാരണം അറിയാതെ ഉള്ള കരച്ചില്‍, വിഷമം പറയല്‍ ഒക്കെ കാണാം.

2. പണ്ട് ആസ്വദിച്ചു ചെയ്തിരുന്ന പല കാര്യങ്ങളും, സന്തോഷം നല്‍കാതെ ആവുക, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുക, പൊതുവെ എപ്പോഴും ക്ഷീണവും തകര്‍ച്ചയും തോന്നുക.

3. വിശപ്പ് കുറയുകയും, ശരീര ഭാരം കുറയുകയും ചെയുക. ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും അതുകൊണ്ട് ശരീരഭാരം കൂടുന്ന അവസ്ഥയും ഉണ്ടാകാം.

4. ഉറക്കം കുറയുക - പലതരത്തില്‍ ആകാം. കിടന്നാല്‍ ഉറക്കം വരാതെ ഇരിക്കുക, ഉറക്കം പലതവണ മുറിയുക, രാവിലെ നേരത്തെ ഉറക്കം ഉണരുക, ഉണര്‍ന്നാല്‍ വീണ്ടും ഉറക്കം വരാതെ ഇരിക്കുക, നല്ലപോലെ ഉറങ്ങിയാലും തൃപ്തി ലഭിക്കാതെ ഇരിക്കുക. ചിലരില്‍ ഉറക്കം കൂടാറുണ്ട്. പകലും കൂടുതല്‍ സമയം കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നവര് ഉണ്ട്.

5. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്ക് ഇനി ഭാവിയില്ല തുടങ്ങിയ ചിന്തകള്. അകാരണമായി കുറ്റബോധം തോന്നുക.

6. ശ്രദ്ധ കുറവും തീരുമാനം എടുക്കാന്‍ ഉള്ള കഴിവ് കുറയുകയും ചെയ്യുക.

7. മരണത്തെ കുറിച്ചും , ജീവിതം അവസാനിപ്പിക്കാന്‍ ഉള്ള ചിന്തകളോ പ്രവൃത്തിയോ.

8. കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധ കുറവും, ഉറക്ക കുറവ്, ദേഷ്യം ,വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ലഹരി ഉപയോഗം തുടങ്ങുക- കൂടുക ഇവയും ഉണ്ടാകാം.

9. പ്രായമായവരില്‍ ശാരീരിക അസ്വസ്ഥകളും, ഓര്‍മ്മ കുറവ്, വിശപ്പ് കുറവ്, ആത്മഹത്യ ചിന്തകള്, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളും കാണാം.

10. കൂടുതല്‍ സമയം ഒറ്റക്ക് ഇരിക്കുക, എനിക്ക് ആരും ഇല്ല , എന്നെ സഹായിക്കാന്‍ ആരുമില്ല തുടങ്ങിയ സംസാര രീതികള്‍ , ജോലി സ്ഥലത്തും പഠനത്തിലും ഉള്ള പ്രശ്നങ്ങള്‍ , ലഹരി ഉപയോഗം ഇവയൊക്കെ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ ആവാം.

11. ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി രണ്ടു ആഴ്ചകള്‍ എങ്കിലും നീണ്ടു നില്‍ക്കുകയും, അയാളുടെ വ്യക്തി ജീവിതത്തെയോ , സാമൂഹിക കുടുംബ ജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയാല്‍ അത് വിഷാദത്തിന്റെ സൂചനയാണ്.

12. കടുത്ത വിഷാദരോഗം ഉള്ളവരില്‍ ഇല്ലാത്ത ശബ്ദങ്ങളും കാഴ്ചകളും കേള്‍ക്കുന്ന അവസ്ഥയും( hallucinations) , തെറ്റായ ധാരണകളും( delusions) ഉണ്ടാവാം.

എന്താണ് വിഷാദത്തിന്റെ കാരണങ്ങള്‍ ?

കാരണങ്ങളെ പൊതുവേ മൂന്നായി തിരിക്കാം.

1. ജൈവികം :

കുടുംബങ്ങളിലും ഇരട്ടകളിലും നടന്നിട്ടുള്ള പഠനങ്ങള്‍, ജനിതകപരമായ പഠനങ്ങള്‍ ഇവ സൂചിപ്പിക്കുന്നത് 50- 70 ശതമാനം ആളുകളില്‍ വിഷാദം വരാനുള്ള സാധ്യത ജനിതകമായി ലഭിക്കുന്നു എന്നതാണ്. തലച്ചോറിലെ നാഡീരസങ്ങള്‍, അവയ്ക്ക് പ്രവര്‍ത്തിക്കാനുള്ള receptors ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജീനുകള്‍ ഇവയിലാണ് പ്രശ്നങ്ങള്‍ കണ്ടിട്ടുള്ളത്.

തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നാഡീരസങ്ങളായ സീറോട്ടോണിന്‍ , ഡോപമിന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളും വിഷാദത്തിന് കാരണമാണ്.

ഈ കാരണങ്ങള്‍ കൊണ്ട് തലച്ചോറിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ക്കും (limbic system)ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ക്കും ( prefrontal cortex) വിഷാദരോഗം ഉള്ളവരില്‍ വ്യത്യാസം കണ്ടിട്ടുണ്ട്. ഇവയോടൊപ്പം ഉറക്കം വിശപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ട്.

2. മനശാസ്ത്രപരമായ കാരണങ്ങള്‍

ചെറു പ്രായത്തിലേ ജീവിതാനുഭവങ്ങള്‍, കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതികള്‍, മാതാപിതാക്കളുടെ പെരുമാറ്റം, വ്യക്തിത്വ പ്രത്യേകതകള്‍, ചിന്താ രീതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ( cognitive errors) , സാമൂഹിക കഴിവുകളുടെ കുറവ് ഇവയൊക്കെ വിഷാദത്തിന്റെ സാധ്യത കൂട്ടുന്നു.

3. സാമൂഹിക സാഹചര്യങ്ങള്‍

മോശം ജീവിതാനുഭവങ്ങള്‍, ബന്ധങ്ങളുടെ തകര്‍ച്ച, ജീവിതത്തിലെ പരാജയങ്ങള്‍ അവള്‍ അടുത്തു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണം, ജോലിയിലും പഠനത്തിനുള്ള പിന്നോട്ടു പോകല്‍ , ലഹരി ഉപയോഗം ഇവയും വിഷാദത്തിലേക്ക് നയിക്കാം.

4. ഡിമന്‍ഷ്യ, തൈറോയ്ഡ് രോഗാവസ്ഥകള്‍

പാര്‍ക്കിന്‍സോണിസം, ഹൃദ്രോഗങ്ങള്‍, ലഹരി ഉപയോഗം, ഡയബറ്റിസ് ഈ രോഗാവസ്ഥ ഉള്ളവര്‍ക്ക് ഒക്കെ വിഷാദ സാധ്യത കൂടുതലാണ്. ഡിമന്‍ഷ്യ ,തൈറോയ്ഡ് രോഗം പാര്‍ക്കിന്‍സോണിസം, ഈ അവസ്ഥകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് തന്നെ വിഷാദ ലക്ഷണങ്ങളോട്കൂടി ആയിരിക്കാം.

വിഷാദം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതിനു കാരണം നിങ്ങളോ നിങ്ങള്‍ ചെയ്ത എന്തെങ്കിലും പ്രവൃത്തികളോ അല്ല. മികവുറ്റ ചികിത്സാരീതികള്‍ ഇന്ന് വിഷാദത്തിനു ലഭ്യമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നു സമയത്ത് അത് നിങ്ങളുടെ അടുത്തുള്ളവരോട് സംസാരിക്കാന്‍ തയ്യാറാവുക

വിഷാദം പലതരത്തില്‍ ഉണ്ടോ?

പ്രധാനമായും വിഷാദം രണ്ട് രീതിയില്‍ പ്രത്യക്ഷപ്പെടാം.

1. Unipolar depression/ major depressive disorder.

മുകളില്‍ വിവരിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ പ്രധാനമായും കാണുന്ന അവസ്ഥയാണിത്. ഇത് ഒരിക്കല്‍ മാത്രം വരികയോ, വീണ്ടും വീണ്ടും വരികയോ ചെയ്യാം.

2. Bipolar depression

ഉന്മാദ വിഷാദ രോഗത്തിന്റെ ഭാഗമായി മാറി വരുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ ഉന്മാദ അവസ്ഥയോ, ആ അവസ്ഥ മാറിയതിനുശേഷം വേറൊരു സമയത്ത് വിഷാദ അവസ്ഥയോ ഇവര്‍ക്ക് ഉണ്ടാവാം. ഇത്തരക്കാരിലെ വിഷാദരോഗം കൂടുതല്‍ കടുപ്പമേറിയതും ആത്മഹത്യാ സാധ്യത കൂടുതല്‍ ഉള്ളതുമാണ്.

ഇതോടൊപ്പം ഗര്‍ഭാവസ്ഥയിലെ വിഷാദം ( post partum depression) , വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിഷാദ ലക്ഷണങ്ങള്‍ ( dysthymia) തുടങ്ങിയ അവസ്ഥയും ഉണ്ടാകാം.

ആരിലാണ് വിഷാദ സാധ്യത കൂടുതല്‍ ?

1. കുടുംബത്തില്‍ മാനസിക രോഗാവസ്ഥ ഉള്ളവര്‍.

2. മുന്‍പ് വിഷാദരോഗം ഉണ്ടായിട്ടുള്ളവര്‍.

3. തുടര്‍ച്ചയായുള്ള ലഹരി ഉപയോഗം ഉള്ളവര്‍

4. ഗുരുതരമായ രോഗാവസ്ഥകള്‍ ബാധിച്ചവര്‍

5. തൈറോയ്ഡ് രോഗാവസ്ഥകള്‍ ഉള്ളവര്‍

6. അടുത്ത ജീവിതത്തില്‍ കടുത്ത പരാജയമോ നഷ്ടമോ നേരിട്ടവര്‍

7. കുടുംബപരവും സാമൂഹികവുമായ പിന്തുണ കുറവുള്ളവര്‍

8. സാമൂഹികമായി ഒറ്റപ്പെട്ട കഴിയുന്നവര്‍

9. മതപരവും സാമൂഹികപരവുമായ ന്യൂനപക്ഷങ്ങളില്‍ ഉള്ളവര്‍.

ബന്ധുക്കള്‍ക്കും അടുത്തുള്ളവര്‍ക്കും വിഷാദം ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

പലപ്പോഴും വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോവുകയും വളരെ മോശം സാഹചര്യങ്ങള്‍ എത്തിയതിനുശേഷം കണ്ടെത്തുകയും ചെയ്യാറുണ്ട്. നമ്മുടെ ചുറ്റും ശ്രദ്ധിച്ചാല്‍ ചാല്‍ വിശാദ ലക്ഷണങ്ങള്‍ ഓടുകൂടി ജീവിക്കുന്നവരെ കാണാന്‍ സാധിക്കും.

കൂടുതല്‍ നേരവും വിഷമിച്ചു കാണുന്നവര്‍, ഒതുങ്ങിനിന്ന് കരയുന്നവര്‍, പെട്ടെന്ന് സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണിക്കുന്നവര്‍, ശരീരത്തിന് ഭാരം പെട്ടെന്ന് കുറയുന്നവര്‍,

ഉറക്കവും വിശപ്പും കുറഞ്ഞവര്‍, എപ്പോഴും ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, പഴയതുപോലെ കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കാന്‍ താല്പര്യം കാണിക്കാത്തവര്‍, മരണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ പറയുന്നവര്‍, സ്വയം അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍, ജോലിസ്ഥലത്തും പഠിക്കുന്നിടത്തും കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നവര്‍, പലതും ശ്രദ്ധിക്കാതെ ഇരിക്കുന്നവര്‍ ഇവയൊക്കെ വിഷാദത്തിന്റെ ലക്ഷങ്ങള്‍ ആവാം. നമ്മള്‍ അവരോട് പിന്തുണയോടെ സംസാരിക്കാന്‍ തയ്യാറായാല്‍ അവര്‍ പലപ്പോഴും ഈ വിഷമങ്ങള്‍ പങ്ക് വെക്കും.

എന്താണ് വിഷാദത്തിന്റെ പരിണിത ഫലങ്ങള്‍?

കൃത്യമായി കണ്ടെത്താതെ ഇരിക്കുന്നതും ആവശ്യമായ പരിചരണം നല്‍കാതിരിക്കുന്നതും സങ്കീര്‍ണതകളിലേക്ക് നയിക്കാം. ആത്മഹത്യയും ആത്മഹത്യാപ്രവണതയും ആണ് ആണ് പ്രധാനപ്പെട്ട സങ്കീര്‍ണത. വിഷാദ ലക്ഷണങ്ങള്‍ ഉള്ളവരില്‍ ഏകദേശം 50 ശതമാനത്തോളം പേര്‍ ആത്മഹത്യാശ്രമങ്ങള്‍ നടത്താറുണ്ടെന്നും, ഇതില്‍ ഏകദേശം ഓണം 10 മുതല്‍ 15 ശതമാനം വരെ വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാറുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വളരെ നേരത്തെ രോഗം കണ്ടെത്തേണ്ടതും ആവശ്യമായ ചികിത്സ നല്‍കേണ്ടതും അത്യാവശ്യം ആയിരിക്കുന്നത് ഇതുകൊണ്ടാണ്. അതുവഴിയായി ഇത്തരം സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാന്‍ സാധിക്കും.

സഹായം എവിടെ ലഭിക്കും ?

കൃത്യമായ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വിഷാദരോഗം കണ്ടെത്താന്‍ ഉള്ള പരിശീലനം ലഭിച്ചിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉണ്ട്.അവര്‍ വിദഗ്ധ സേവനങ്ങള്‍ക്കും പരിശോധനയുമായി ആയി മാനസിക ആരോഗ്യ വിദഗ്ധരുടെ അടുത്തേക്കു അയക്കാറുണ്ട് . ആദ്യ പരിശോധനകളും രോഗ നിര്‍ണ്ണയം ഒരു psychiatrist നടത്തുന്നത് ആണ് ഉത്തമം. കാരണം മുന്‍പ് പറഞ്ഞത് പോലെ പല ശാരീരിക രോഗാവസ്ഥകളും വിഷാദ ലക്ഷങ്ങളോട് കൂടി പ്രത്യക്ഷപ്പെടാം. അത് ആദ്യമേ തന്നെ തിരിച്ചറിയേണ്ടതുണ്ട്. സൈക്യാട്രിസ്റ്റ് നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ മനഃശാസ്ത്ര ചികിത്സകരുടെ ( ക്ലിനിക്കല്‍ സൈകകോളജിസ്റ്റ്) സഹായവും തേടാം.

എന്തൊക്കെ ചികില്‍സകള്‍ ലഭ്യമാണ് ?

മരുന്നുകള്‍ : antidepressant ഗണത്തില്‍ പെടുന്ന മരുന്നുകളാണ് പ്രധാന ചികിത്സാ മാര്‍ഗം. ഈ വിഭാഗത്തില്‍ പെടുന്ന പുതിയ മരുന്നുകള്‍ ആളുകള്‍ വളരെ സുരക്ഷിതവും അതുപോലെതന്നെ പ്രയോജനകരമാണ്. ഓരോ വ്യക്തിയുടെയും രോഗലക്ഷണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ ഗണത്തില്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. എല്ലാ അന്തര്‍ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മോഡറേറ്റ് to severe വിഷാദത്തിന് മരുന്നു ചികിത്സയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏകദേശം ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെ മരുന്നുകള്‍ തുടരേണ്ടിവരും. വീണ്ടും വിഷാദം വരാതിരിക്കാന്‍ ഇത് സഹായിക്കും. ഇവയ്ക്കൊപ്പം ഒപ്പം ചെറു കാലത്തേക്ക് ഉറക്കത്തിനു വേണ്ട മരുന്നുകള്‍ നല്‍കാറുണ്ട്. വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ അഡിക്ഷന്‍ ഉണ്ടാക്കുകയോ , ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറില്ല.

Psychological treatment: talk therapy

മനശാസ്ത്ര തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചികിത്സാരീതികളാണ് ഇവ. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ( CBT) , ഇന്റര്‍ പേര്‍സണല്‍ തെറാപ്പി ( IPT) എന്നീ ചികിത്സാരീതികളാണ് ആണ് ഏറ്റവും കൂടുതല്‍ ആധികാരികത. ചെറു തോതിലുള്ള വിഷാദത്തിന് അതിന് ഈ ചികിത്സകള്‍ മാത്രം മതിയാകും. ഗുരുതരമായ വിഷാദരോഗത്തിന് മരുന്നുകള്‍ക്കൊപ്പം ഒപ്പം ഇത്തരം ചികിത്സയും നല്‍കേണ്ടത് പ്രധാനമാണ്. കൃത്യമായ പരിശീലനം ലഭിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടുകൂടി ഈ ചികിത്സ തേടാവുന്നതാണ്.

മറ്റു ചികില്‍സകള്‍:

ECT - electroconvulsive therapy: അനസ്തീസിയ നല്‍കിക്കൊണ്ട് ചെറിയ തോതില്‍ വൈദ്യുതി തലച്ചോറിലേക്ക് കടത്തിവിട്ട് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന രീതിയാണിത്. വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചികിത്സ ആണെങ്കിലും കടുത്ത വിഷാദ അവസ്ഥയിലും , ആത്മഹത്യ സാധ്യത കൂടിയ ആളുകളിലും , ഭക്ഷണം കഴിക്കുന്നത് കുറഞ്ഞവരിലും ,വളരെ വേഗം പ്രയോജനം നല്‍കുന്ന ഒരു ചികിത്സയാണിത്. പാര്‍ശ്വഫലങ്ങള്‍ വളരെയധികം കുറഞ്ഞ ഈ ചികിത്സ മരുന്നുകളോട് പ്രതികരിക്കാത്തവര്‍ക്കും പ്രയോജനം നല്‍കും.

Transcranial direct current stimulation (TdCS) , repetitive transcranial magnetic stimulation ( rtms) , injection ketamine തൂങ്ങിയ നൂതന ചികിത്സ രീതികളും നിലവില്‍ ലഭ്യമാണ്.

കൃത്യമായ ചികിത്സ വഴി രണ്ടു ആഴ്ചയ്ക്കുള്ളില്‍ അതില്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞു തുടങ്ങുകയും, 6 ആഴ്ച കഴിയുമ്പോള്‍ പോള്‍ രോഗലക്ഷണങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും കുറയുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. എന്നിരുന്നാലും ആലും തലച്ചോറിലെ മാറ്റങ്ങള്‍ ഞങ്ങള്‍ കുറേ സമയം കൂടി എടുത്തെ മാറുകയുള്ളൂ. 9 മാസം മുതല്‍ ഒരു വര്‍ഷം വരെ വരെ തുടര്‍ ചികിത്സ ആവശ്യമായി വരുന്നത് അതുകൊണ്ടാണ്. പാതിവഴിയില്‍ ചികിത്സ നടക്കുന്നത് രോഗം വീണ്ടും വരാനുള്ള സാധ്യത കൂട്ടും.

ഓര്‍ക്കുക , വിഷാദം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതിനു കാരണം നിങ്ങളോ നിങ്ങള്‍ ചെയ്ത എന്തെങ്കിലും പ്രവൃത്തികളോ അല്ല. മികവുറ്റ ചികിത്സാരീതികള്‍ ഇന്ന് വിഷാദത്തിനു ലഭ്യമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നു സമയത്ത് അത് നിങ്ങളുടെ അടുത്തുള്ളവരോട് സംസാരിക്കാന്‍ തയ്യാറാവുക. മനസ്സിലെ പ്രശ്നങ്ങള്‍ക്ക് സഹായം തേടുന്നതില്‍ ഇതില്‍ നാണക്കേട് വിചാരിക്കണ്ട. നിങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും വളരെയധികം ആളുകള്‍ കൂടെയുണ്ട്. ഒരുമിച്ച് നമുക്ക് ഈ ഈ അവസ്ഥയില്‍ നിന്ന് ഇന്ന് കയറാം.

നമ്മുക്ക് വേണ്ടത് കാല്പനിക വത്കരണം അല്ല, മറിച്ച് പിന്തുണയാണ്. കാരണം വിഷാദത്തിന്റെ വേദന അതിലൂടെ കടന്നു പോയവർക്കെ അറിയൂ, അതൊട്ടും സുഖകരമല്ല, ഒരിക്കലും തിരിച്ചു പോകാൻ ആരും ആഗ്രഹിക്കാത്ത അവസ്ഥയാണ്...താഴ്ന്നു പോകുന്നവർക്ക് പിടിച്ചു കയറാൻ നീട്ടുന്ന കൈകളാവാൻ നമ്മൾക്ക് സാധിക്കട്ടെ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT