കൊവിഡ് എന്ന മഹാമാരിയിൽ പെട്ട് ലോകം വലഞ്ഞ് ഒടുവിൽ ആശ്വാസമായി വാക്സിൻ എത്തി. അതോടെ ഉറങ്ങി കിടന്ന വാക്സിൻ വിരോധികൾ തല പൊക്കി തുടങ്ങി. പതിവ് പോലെ കൊവിഡ് വാക്സിനെതിരെയും അവർ നുണ പ്രചരണങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഈ ഇടയ്ക്ക് ലോകത്തിന്റെ പല ഭാഗത്തായി സോഷ്യൽ മീഡിയയിലെ മാധ്യമങ്ങളിലെ കമന്റുകളിലും പോസ്റ്റുകളിലും കണ്ട ചില നുണ പ്രചരണങ്ങൾ എത്ര മാത്രം സത്യമാണ്?
1) കൊവിഡ് വാക്സിൻ നമ്മുടെ ജനിതക ഘടനയിൽ മാറ്റം വരുത്തും. ബ്രസീൽ പ്രസിഡന്റ് പറഞ്ഞത് പോലെ നമ്മൾ മുതലകളായി മാറില്ലേ?
വൈറസ് നമ്മുടെ കോശങ്ങളിൽ പ്രവേശിക്കുവാൻ ഒരു സ്വീകരണി ആവശ്യമാണു. ലളിതമായി പറഞ്ഞാൽ വൈറസ് നീട്ടുന്ന കൈ പിടിച്ച് കയറ്റാൻ നമ്മുടെ കോശങ്ങളിൽ ഒരു കൈ വേണം. വൈറസിന്റെ കൈ സ്പൈക്ക് പ്രോട്ടീനും നമ്മുടെ കോശങ്ങളിലെ സ്വീകരിക്കുന്ന കൈ എ.സി.ഇ.2 എന്ന പ്രോട്ടീനും ആണു. ഈ കൈകൾ തമ്മിൽ ചേരാതിരുന്നാൽ വൈറസിനു നമ്മുടെ കോശങ്ങളിൽ പ്രവേശിക്കുവാൻ കഴിയില്ല. ഇതിനായി വൈറസിന്റെ കൈ ലക്ഷ്യമാക്കി ഒരു ആന്റിബോഡി നിർമ്മിക്കുവാൻ നമ്മുടെ ശരീരത്തിനു കഴിയണം. ഇതാണു സ്വാഭാവികമായി കൊവിഡ് ബാധിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത്. ഇത് കൃത്രിമമായി നമ്മുടെ ശരീരത്തെ കൊണ്ട് നിർമ്മിപ്പിക്കുവാനുള്ള മാർഗമാണു വാക്സിനുകൾ.
ഫൈസറിന്റെ വാക്സിനാണു ആദ്യമായി പൊതുജനങ്ങളിൽ കുത്തി വെയ്ക്കുവാൻ അനുവാദം ലഭിച്ചത്. തുടർന്ന് യു.എ.ഇ.യിലും മറ്റൊരു വാക്സീനിനു അനുവാദം ലഭിച്ചു. ഈ രണ്ട് വാക്സീനുകൾ തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. യു.എ.ഇ. വാക്സിൻ ഉണ്ടാക്കിയത് നിർജീവമാക്കിയ വൈറസ് കൊണ്ടാണു. ഇതാണു വർഷങ്ങളായി വാക്സിൻ വികസനത്തിനായി ഉപയോഗിക്കുന്ന മാർഗം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണു ഫൈസറിന്റെയും മൊഡെർണയുടെയും വാക്സിൻ നിർമ്മാണം. അവർ മെസഞ്ചർ ആർ.എൻ.എ. ഉപയോഗിച്ചുള്ള ഏറ്റവും പുതിയ മാർഗമാണു ഉപയോഗിക്കുന്നത്. ഇവിടെ മുൻപ് പറഞ്ഞ വൈറസിന്റെ കൈയ്യിലെ ഒരു ചെറിയ ഭാഗം നമ്മുടെ കോശങ്ങളെ കൊണ്ട് നിർമ്മിപ്പിക്കുന്നു. ആ കൈ നിർമ്മിപ്പിക്കുവാനുള്ള നിർദ്ദേശം അടങ്ങിയതാണു മെസഞ്ചർ ആർ.എൻ.എ. എന്നത്. ഇത് കുത്തി വെയ്ക്കുമ്പോൾ മെസഞ്ചർ ആർ.എൻ.എ. നമ്മുടെ കോശത്തെ കൊണ്ട് സ്പൈക്ക് പ്രോട്ടീനിന്റെ ഒരു ചെറിയ ഭാഗം ഉണ്ടാക്കിച്ച് അത് കോശത്തിന്റെ പുറം പാളിയിൽ എത്തിക്കും. അന്യവസ്തു ആയതിനാൽ നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ഉണർന്ന് പ്രവർത്തിച്ച് ഈ സ്പൈക്ക് പ്രോട്ടീനിനെതിരെയുള്ള ആന്റിബോഡി നിർമ്മിക്കുന്നു. കൂടാതെ ഓർമ്മ കോശങ്ങളെയും. ഈ ആന്റി ബോഡിയും ഓർമ്മ കോശങ്ങളും പിന്നീട് ശരിക്കും ഒരു കൊവിഡ് വൈറസ് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്പോൾ പ്രതിരോധിച്ച് നമ്മളെ രക്ഷിക്കുന്നു.
ഇനി നമ്മളിൽ ജനിതക മാറ്റം ഉണ്ടാകണമെങ്കിൽ തന്നെ ഈ മെസഞ്ചർ ആർ.എൻ.എ. നമ്മുടെ കോശ മർമ്മത്തിൽ പ്രവേശിക്കണം. അത് നടക്കുന്നില്ല എന്നതിനാൽ നമ്മുടെ ഡി.എൻ.എ.യിൽ (ജനിതക ഘടനയിൽ) മാറ്റം വരുകയില്ല. അത് പോലെ മെസഞ്ചർ ആർ.എൻ.എ. നമ്മുടെ ശരീരത്തിൽ അധിക നേരം നിലനിൽക്കുകയും ഇല്ല. അതിനാൽ തന്നെ നമ്മുടെ ജനിതക ഘടനയിൽ മാറ്റം വരുത്തും എന്ന് പറയുന്നത് നുണയാണു. യു.എ.ഇ.യിലെ വാക്സിനാകട്ടെ നിർജീവമായ വൈറസ് ആയതിനാൽ നമ്മുടെ ശരീരത്തിലെ പ്രതിരോധം ഉണ്ടാക്കി ആന്റിബോഡിയും ഓർമ്മ കോശങ്ങളും ഉണ്ടാക്കുന്നതല്ലാതെ മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കില്ല.
രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ മുട്ട് മടക്കാൻ ശാസ്ത്ര ലോകവും ഏജൻസികളും തയ്യാറായില്ല എന്നതിനാലാണു വാക്സിന്റെ ഓരോ ഘട്ടവും സൂക്ഷമമായി മുന്നോട്ട് പോയതും അതിന്റെ ഫലങ്ങൾ എല്ലാം തന്നെ പിയർ റിവ്യൂ ശാസ്ത്ര ജേർണലുകളിലും പൊതുവിടത്തും പ്രസിദ്ധീകരിച്ചതും.
2) ഈ വാക്സിൻ എടുത്താൽ വൈറസ് പെരുകി അത് കൊവിഡ് രോഗം ഉണ്ടാക്കില്ലേ?
മുൻപ് പറഞ്ഞത് പോലെ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിന്റെ ഒരു ചെറിയ ഭാഗം മാത്രമാണു മെസഞ്ചർ ആർ.എൻ.എ. ഉണ്ടാക്കുക. വൈറസിനെ മുഴുവനായല്ല. യു.എ.ഇ. വാക്സിനിൽ ആകട്ടെ നിർജീവമായ വൈറസ് ആയതിനാൽ അവയ്ക്ക് പെരുകുവാൻ കഴിയില്ല. അതിനാൽ വാക്സിൻ എടുത്താൽ വൈറസ് പെരുകും എന്നത് നുണയാണു.
3) വാക്സിൻ വികസിപ്പിക്കുവാൻ വർഷങ്ങൾ വേണം ഇതിപ്പോൾ മാസങ്ങൾ മാത്രം എടുത്താണു വാക്സിൻ വികസിപ്പിച്ച് പുറത്തിറക്കുന്നത്!
കാലം മാറി ശാസ്ത്രത്തിനു അതിനു അനുസരിച്ച് പുരോഗതിയും ആയി. 2009ൽ എച്ച്1എൻ1 എന്ന മഹാമാരി നമ്മൾ മറന്ന് പോയിരിക്കുന്നു. അന്ന് മാർച്ചിൽ ആണു ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സെപ്തമ്പർ ആകുമ്പോൾ 4 വാക്സിനുകൾക്ക് അനുവാദം ലഭിച്ചു. നിർജീവമായ വൈറസ് ഉപയോഗിച്ചാണു അന്ന് വാക്സിൻ നിർമ്മിച്ചത്. 2010ൽ കോടികണക്കിനു ജനങ്ങളാണു ഈ വാക്സിൻ എടുത്തത്. 10 വർഷങ്ങൾ കഴിയുമ്പോൾ അവർക്ക് എന്തെങ്കിലും സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടോ? 10 വർഷങ്ങൾക്ക് ഇപ്പുറം ശാസ്ത്രീയ മാർഗങ്ങൾ മാറി. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ച് സൂക്ഷമമായ മെസഞ്ചർ ആർ.എൻ.എ. എളുപ്പം കണ്ട് പിടിച്ച് അവ മൃഗങ്ങളിൽ പരീക്ഷിക്കാം എന്നായി. മുൻപ് മുട്ടയിൽ വൈറസിനെ വളർത്തി അതിനെ നിർജ്ജീവമാക്കി എടുക്കുവാൻ കാത്തിരിക്കണം. എന്നാൽ മെസഞ്ചർ ആർ.എൻ.എ. മാർഗത്തിൽ അതിന്റെ ആവശ്യമില്ല എന്നതിനാൽ അവിടെയും സമയം ലാഭം. ഇനി ക്ലിനിക്കൽ പരീക്ഷണത്തിനാകട്ടെ കൊവിഡ് പടർന്ന് കൊണ്ടിരിക്കുന്നതിനാൽ വാക്സിന്റെ വിജയം കണ്ടെത്തുവാൻ എളുപ്പവും ആണു. ചൈനയിൽ കൊവിഡ് ബാധ നിയന്ത്രണത്തിലായതിനാൽ അവർക്ക് അവിടെ പരീക്ഷണം നടത്താൻ കഴിയാതെ ആയതിനാലാണു യു.എ.ഇ.യെയും മറ്റു രാജ്യങ്ങളെയും പരീക്ഷണത്തിനായി അവർക്ക് ആശ്രയിക്കേണ്ടി വന്നത്.
4) ഇത്ര വേഗം പുറത്തിറക്കിയ വാക്സിൻ സുരക്ഷിതമാണോ?
2009ലെ വാക്സിന്റെ കാര്യം നോക്കുക. അന്ന് ഇതിലും വേഗത്തിലാണു വാക്സിൻ വന്നത് എന്നിട്ട് എന്ത് സുരക്ഷിതമില്ലായ്മയാണു ഉണ്ടായത്? രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ മുട്ട് മടക്കാൻ ശാസ്ത്ര ലോകവും ഏജൻസികളും തയ്യാറായില്ല എന്നതിനാലാണു വാക്സിന്റെ ഓരോ ഘട്ടവും സൂക്ഷമമായി മുന്നോട്ട് പോയതും അതിന്റെ ഫലങ്ങൾ എല്ലാം തന്നെ പിയർ റിവ്യൂ ശാസ്ത്ര ജേർണലുകളിലും പൊതുവിടത്തും പ്രസിദ്ധീകരിച്ചതും. ഇത് വരെ പ്രസിദ്ധീകരിച്ചവയിൽ നിന്ന് വാക്സിൻ സുരക്ഷിതം എന്ന് തന്നെയാണു. കൂടാതെ വാക്സിൻ കൊവിഡിനെ തടയുന്നതിൽ ഫലപ്രദവും വാക്സിൻ എടുത്ത കൊവിഡ് വന്ന 5-10% ആളുകളിൽ അത് വലിയ പ്രശ്നം ഉണ്ടാക്കാത്ത നിലയിലും ആയിരുന്നു എന്നാണു. അത് കൊണ്ടാണു യൂറോപ്പും, അമേരിക്കയും മറ്റും അനുവാദം നൽകിയതും.
വാക്സിൻ വിരുദ്ധ വാർത്തകളും ഫോർവേർഡുകളും വാട്ട്സ് ആപ്പ് മെസേജുകളും വരുമ്പോൾ അത് ശരിയാണോ എന്ന് നോക്കി മാത്രം ഷെയർ ചെയ്യുക. ഈ മഹാമാരി അവസാനിക്കണം എങ്കിൽ കൈ കഴുകലും, അകലം പാലിക്കലും, മുഖം മറയ്ക്കലും ഒപ്പം വാക്സിനും കൂടി വേണം.
5) വാക്സിൻ എടുത്തവർക്ക് മുഖ പേശികൾക്ക് പ്രശ്നം ഉണ്ടായില്ലേ? അലർജിയുള്ളവർ തൽക്കാലം ഇത് ഉപയോഗിക്കരുത് എന്ന് യു.കെ. പറഞ്ഞില്ലേ?
ശരിയാണു ഫൈസറിന്റെ 43,000 പരീക്ഷണ ആളുകളിൽ 4 പേർക്കും മൊഡെർണയുടെ 30,000 ആളുകളിൽ 4 പേർക്കും മുഖ പേശി പ്രശ്നം ഉണ്ടായി. മൊഡെർണയുടെ വാക്സിൻ എടുത്ത 3 പേർക്കും ഉപ്പ് വെള്ളം (പ്ലാസിബോ) എടുത്ത ഒരാൾക്കും അത് സംഭവിച്ചത്. വാക്സിൻ എടുക്കാത്ത ഒരാൾക്ക് എങ്ങിനെ വന്നു? ഈ രോഗത്തിനു Bell's palsy എന്നാണു പറയുക. ഇത് അമേരിക്കയിൽ മാത്രം എല്ലാ വർഷവും 40,000 പേർക്കെങ്കിലും വരാറുണ്ട് എന്നാണു കണക്കുകൾ. ലോകത്ത് 10,000 പേരിൽ 2-3 പേർക്ക് ഇത് വരുവാൻ സാധ്യതയുണ്ട്. ഫൈസറിന്റെ പഠനത്തിൽ അപ്പോൾ എത്ര പേർക്ക് ഈ അവസ്ഥ വരുവാൻ സാധ്യതയുണ്ട്? മൊഡെർണയുടേതിൽ വാക്സിൻ എടുക്കാത്ത ഒരാൾക്ക് വന്നില്ലേ?
അലർജിയും ഇത് പോലെ തന്നെയാണു. ചുരുക്കം ചിലർക്ക് അലർജി വരാം. അത് കൊണ്ടാണു ഏത് വാക്സിൻ എടുത്താലും 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം എന്ന് പറയുന്നത്.
6) വാക്സിനിൽ മൈക്രോ ചിപ്പ് പിടിപ്പിച്ച് നമ്മളെ നിരീക്ഷിക്കുന്നില്ലേ?
2019ൽ അമേരിക്കയിലെ എം.ഐ.റ്റി.യിൽ ഒരു പഠനം നടത്തിയിരുന്നു. മൂന്നാം ലോക രാജ്യങ്ങളിൽ പോളിയോ വാക്സിൻ എടുക്കുന്നത് കൃത്യമായി നിരീക്ഷിക്കാൻ പച്ച കുത്തുന്നത് പോലെ തൊലിക്ക് തൊട്ട് താഴെ പോളിയോ വാക്സിനോടൊപ്പം ഒരു ഡൈ കൂടി കുത്തിയാൽ എളുപ്പമാകും എന്നത്. അത് ചിപ്പ് അല്ല മറിച്ച് ഒരു ഡൈ ആണു. ഇതിനെ പെരുപ്പീച്ച് കാട്ടിയാണു മൈക്രോ ചിപ്പ് എന്ന പ്രചരണം. ഈ ഡൈക്ക് എം.ഐ.റ്റി. ക്ക് ഇത് വരെ അനുവാദം ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇപ്പോഴത്തെ വാക്സിനിൽ ഈ ഡൈ ഉപയോഗിക്കുവാൻ കഴിയില്ല.
വാക്സിൻ വിരുദ്ധ വാർത്തകളും ഫോർവേർഡുകളും വാട്ട്സ് ആപ്പ് മെസേജുകളും വരുമ്പോൾ അത് ശരിയാണോ എന്ന് നോക്കി മാത്രം ഷെയർ ചെയ്യുക. ഈ മഹാമാരി അവസാനിക്കണം എങ്കിൽ കൈ കഴുകലും, അകലം പാലിക്കലും, മുഖം മറയ്ക്കലും ഒപ്പം വാക്സിനും കൂടി വേണം. 2021 പകുതിയിൽ എങ്കിലും ഇതിൽ നിന്നൊക്കെ പൂർണമായി പഴയ രീതിയിൽ എത്താൻ വാക്സിൻ കൂടിയേ തീരൂ. ഈ മഹാമാരി സമയത്തും വാക്സിന്റെ സുരക്ഷയ്ക്ക് വീഴ്ചകൾ ഉണ്ടാകാതെ നോക്കുവാൻ ശാസ്ത്ര ലോകം ജാഗ്രതയോടെയുണ്ട്.
References:
1) Mechanisms of SARS-CoV-2 Transmission and Pathogenesis, Trends in Immunology, 41(12), 1100, 2020
2) Pfizer, Moderna FDA applications
3) mRNA vaccines — a new era in vaccinology, Nature Reviews Drug Discovery, 17, 261, 2018
4) 2009 H1N1 Pandemic, CDC
5) Bell's palsy and autoimmunity, Autoimmun Rev, 12(2), 323, 2012