Community Medicine

കൊവിഡ് 19 പ്രതിരോധം, ഇന്ത്യക്ക് മുന്നിലെ വെല്ലുവിളി

കൊവിഡ് 19 രോഗപ്രതിരോധത്തില്‍ രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ വിശകലനം ചെയ്യുകയാണ് കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സീനിയര്‍ അഡൈ്വസര്‍ ഡോ.സി.സി കര്‍ത്തായും, ഇന്റര്‍നണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. എം.ഐ സഹദുള്ളയും

പരിഭാഷ : രശ്മി കാരാമേൽ

ലോകത്തുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് - 19 രോഗികളുടെ എണ്ണം നന്നേ കുറവാണ്. എന്നിരുന്നാലും ഈ പുതിയ പകർച്ചവ്യാധി ഒരു തലവേദന തന്നെയാണ്.

മറ്റു പലതരം സൂക്ഷ്മജീവികളിൽ നിന്നുണ്ടാകുന്ന അനേകം അണുബാധകൾ ഉയർത്തുന്ന രോഗാവസ്ഥയും മരണനിരക്കും ഇന്നും ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ ഉയര്‍ന്ന ധനവിനിയോഗത്തിന് കാരണമാണ്. പിന്നിട്ട കാലഘട്ടങ്ങളിൽ, മലേറിയ, പ്ലേഗ്, കുഷ്ടം, കോളറ എന്നിങ്ങനെയുള്ള മഹാമാരികളെ നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ സാധിച്ചെങ്കിലും ഈ അടുത്ത കാലത്ത് വിവിധതരം പകർച്ചവ്യാധികളുടെ വ്യാപനത്തെ തുടർന്ന് വലിയൊരു വെല്ലുവിളി നേരിടുകയാണ് നമ്മുടെ രാജ്യം. ശ്വാസകോശസംബന്ധമായ അണുബാധ, ചെറുപ്രാണികൾ, വവ്വാലുകൾ എന്നിവയിൽ നിന്ന് പടരുന്ന അണുബാധകൾ എന്നിങ്ങനെ മൂന്നു തരത്തിലുള്ള സാംക്രമികരോഗങ്ങളാണ് നിലവിൽ ഇന്ത്യയിൽ ഉയർന്നുവരുന്നത്. പുതിയതായി മറ്റുചില അണുക്കളെ കൂടി തിരിച്ചറിഞ്ഞിരിക്കുന്നു ചികിത്സാ മേഖലയിലെ ഉയർന്ന ചെലവ്, അനാരോഗ്യം കാരണം നഷ്ടപ്പെടുന്ന ഉല്പാദനപരമായ ജോലി സമയം, യാത്ര- ടൂറിസം മേഖലയ്ക്ക് നേരിടേണ്ടിവരുന്ന കടുത്ത ആഘാതം, ബാധിത പ്രദേശങ്ങളിൽ നിന്നും കാർഷിക -മത്സ്യ ഉൽപ്പന്നങ്ങളുടെ കുറഞ്ഞ കയറ്റുമതി നിരക്ക് തുടങ്ങിയ കാരണങ്ങളാൽ പകർച്ചവ്യാധികൾ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന തിരിച്ചടികൾ വൻതോതിൽ ആയേക്കാം. മനശാസ്ത്രപരമായിട്ടുള്ള പ്രത്യാഘാതങ്ങൾ ഇനിയും വിലയിരുത്തിയിട്ടില്ല.

അടുത്തകാലത്തായി രൂപം പ്രാപിച്ചതും, വീണ്ടും മറനീക്കി പുറത്തുവരുന്നതുമായ പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിർമാർജ്ജനത്തിനും നേരിടുന്ന പ്രതിസന്ധികൾ, അവയ്ക്ക് കാരണമായ അടിസ്ഥാന ഘടകങ്ങളെ തിരിച്ചറിയുന്നതു മുതൽ വേണ്ടവിധത്തിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ബലപ്പെടുത്തുന്നത് വരെ നീണ്ടു കിടക്കുന്നു. ഭൗമ കാലാവസ്ഥാ വ്യതിയാനങ്ങൾ, അസമമായ ജനസംഖ്യ, സാമൂഹിക-സാംസ്കാരിക-പാരിസ്ഥിതിക പരമായ ഘടകങ്ങൾ എന്നിവയും മറ്റു വെല്ലുവിളികളാണ്. നിലനിൽക്കുന്നവയിൽ ഏകദേശം 60 ശതമാനവും പുതുതായി പ്രത്യക്ഷപ്പെടുന്നവയിൽ ഏതാണ്ട് 70 ശതമാനവും അണുബാധകൾ മൃഗങ്ങളിൽനിന്ന് പടരുന്നവയാണ്. അവയിലാവട്ടെ മൂന്നിൽ രണ്ട് ശതമാനം വന്യമൃഗങ്ങളിൽ നിന്നും പടരുന്നതും. വികലമായ നഗരവൽക്കരണം രോഗാണുവാഹകരായ മൃഗങ്ങളും കീടങ്ങളും ആയുള്ള മനുഷ്യൻറെ സമ്പർക്കം വർദ്ധിക്കാൻ കാരണമായി. ഉയർന്നുകൊണ്ടിരിക്കുന്ന ജനപ്പെരുപ്പം, ജനസമൂഹങ്ങളുടെ കുടിയേറ്റം, യാത്രാനിരക്കുകളിൽ ഉള്ള കയറ്റം, വനനശീകരണം, കാർഷിക വ്യവഹാരത്തിൽ വന്ന മാറ്റങ്ങൾ, രോഗരോഗകാരണങ്ങളായ ജീവികളിലെ ജനിതക മാറ്റങ്ങൾ എന്നിങ്ങനെ തുടരുകയാണ് ഏറി വരുന്ന അണുബാധയുടെ കാരണങ്ങൾ.

ഈ അടുത്ത കാലത്ത് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ വന്ന ഒരു വിശകലനകുറിപ്പിൽ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ദേവേന്ദ്ര ടി മൗര്യയും അദ്ദേഹത്തിൻറെ സഹപ്രവർത്തകരും ഇപ്രകാരം സൂചിപ്പിക്കുകയുണ്ടായി, "സാംക്രമികരോഗ ശാസ്ത്രത്തെയും രോഗഞെരുക്കത്തെയും മുൻനിർത്തി അസുഖങ്ങൾക്കു മേൽ ജാഗ്രതയോടെയുള്ള മേൽനോട്ടം രാജ്യത്ത് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരം രോഗ സാഹചര്യങ്ങൾക്കെതിരെ സ്വീകരിക്കേണ്ട അടിയന്തിര തയ്യാറെടുപ്പ് സംവിധാനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതും അനിവാര്യമാണ്.”

മഹാമാരികൾക്കെതിരെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ, അടിയന്തര പ്രതിരോധങ്ങൾ, പൊതു ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, അപകടസാധ്യതകൾ മുൻനിർത്തിയുള്ള ആശയവിനിമയ സംവിധാനങ്ങൾ, ഗവേഷണങ്ങൾ, അവയുടെ ഫലപ്രദമായ വിനിയോഗം, രാഷ്ട്രീയ പ്രതിബദ്ധത വളർത്താനുള്ള ശുപാർശകൾ മുതലായവ ബലപ്പെടുത്തുന്നതിനായി ലോകാരോഗ്യസംഘടന വിവിധ പദ്ധതികൾ നിർദ്ദേശിക്കുന്നുണ്ട്. ഇതിനായുള്ള പല സംരംഭങ്ങളും ഇതിനോടകം തന്നെ രാജ്യത്തു തുടങ്ങിയിരിക്കുന്നു.

2004-ൽ കേവലം 101 ജില്ലകളിൽ മാത്രം സ്ഥാപിതമായ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്ട് (IDSP) ഇന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വളർന്നിരിക്കുന്നു. എല്ലാ ജില്ലകളിലും നിലവിൽ ഒരു നിരീക്ഷണ സംഘവും അടിയന്തിര പ്രതിരോധ സംഘവുമുണ്ട്. കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഒരു രോഗ പര്യവേക്ഷകൻ, മൈക്രോബയോളജിസ്റ്റ്, എന്റമോളജിസ്റ്റ് എന്നിവരെയും സജ്ജമാക്കിയിരിക്കുന്നു. അതിവേഗ ഇൻറർനെറ്റ് പദ്ധതികൾ, വീഡിയോ കോൺഫറൻസിംഗ് സംവിധാനം, വിദൂര പഠനപ്രവർത്തനങ്ങൾ എന്നിവയും 776 ഓളം മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ തലങ്ങളിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പര്യാപ്തത വർധിപ്പിക്കുന്നതിനായി നിരവധി പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കുന്നുമുണ്ട്.

ദേശീയ-ആഗോള തലങ്ങളിൽ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഇൻറർനാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ (IHR) വിവിധ പ്രവർത്തനങ്ങളും ഇന്ത്യയിൽ നടപ്പിലാക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾക്ക് ഭീഷണിയാകുംവിധം അതിർവരമ്പുകൾ ലംഘിക്കാൻ സാധ്യതയുള്ള തീവ്രമായ പൊതു ആരോഗ്യ പ്രശ്നങ്ങളോട് പ്രതികരിക്കുക, അവയെ പ്രതിരോധിക്കുക എന്നിവയും IHR-ന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നവയാണ്.

രോഗം കണ്ടെത്താൻ സഹായകമായ പരിശോധനകളുടെ വികസനം, രോഗികളെ കൈകാര്യം ചെയ്യുവാനുള്ള പ്രമാണങ്ങളുടെ രൂപീകരണം, പ്രതിരോധ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, അപകടകാരികളായ പുതിയ ഇനം ജീവികളെ കൈകാര്യം ചെയ്യുവാൻ തക്കതായ ലാബുകൾ സ്ഥാപിക്കല്‍ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്കായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പിന് നിർദിഷ്ടമായ നടപടിക്രമങ്ങൾ ഉണ്ട്.

പാളിച്ചകൾ/ ദൗർബല്യങ്ങൾ

അടിയന്തരഘട്ടങ്ങളിൽ വിവേചന ബുദ്ധിയോടെ പ്രതികരിക്കാനുള്ള നമ്മുടെ കഴിവിനെ ഇപ്പോൾ ഉണ്ടായ ദുരന്തം വെളിവാക്കുന്നുണ്ടെങ്കിലും, മറുവശം പ്രതീക്ഷിക്കാതെ പൊട്ടിപ്പുറപ്പെട്ട ഒരു പകർച്ചവ്യാധിയോട് വേണ്ടത്ര ചികിത്സാ സംവിധാനങ്ങളും നിർദ്ദിഷ്ടമായ രോഗപരിശോധനയും ഇല്ലാതെ പോരാടേണ്ടിവന്ന നമ്മുടെ ദൗർബല്യവും ഈ അനുഭവം വെളിവാക്കുന്നു . ഇതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തിയേ തീരൂ.

ലക്ഷക്കണക്കിന് വരുന്ന ജനതയെ സംരക്ഷിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, വെറും 50 പകർച്ചവ്യാധി രോഗവിദഗ്ദന്മാർ മാത്രമാണുള്ളത്. അവരിൽ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ നിന്നും പരിശീലനം നേടിയതിനുശേഷം വലിയ വലിയ നഗരങ്ങളിൽ പാർക്കുന്നവരും. കാർഡിയോളജി,ഓങ്കോളജി, നെഫ്രോളജി എന്നീ മേഖലകളിലെ പോലെ പകർച്ചവ്യാധികളുടെ വിദഗ്ദ്ധചികിത്സകൾക്കള്ള പ്രാഥമിക പരിശീലനം പോലും ഇന്ത്യയിലെ പല മെഡിക്കൽ സ്കൂളുകളിലും ഇന്ന് നിലനിൽക്കുന്നില്ല. മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പകർച്ചവ്യാധിരോഗ മേഖലയിലെ പഠനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. രാജ്യത്തിന്റെ മാറിമാറിവരുന്ന ആവശ്യങ്ങൾക്ക് ഉതകുന്നവിധം ആകണം പാഠ്യപദ്ധതികളുടെ രൂപീകരണം.

ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷിയുള്ള ജീവികളുടെ വളർച്ചയ്ക്ക് കാരണമായേക്കാവുന്ന ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും, ഇന്ത്യയിലെ പ്രാഥമിക പരിചരണ വിഭാഗം ഡോക്ടർമാരുടെയും, വിദഗ്ദന്മാരുടെയും ഇടയിൽ വളർന്നു വരുന്ന ഒരു പ്രവണതയാണ്. ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുകളുടെ ഉപദേശങ്ങള്‍ ലഭ്യമാകാതെ പകർച്ചവ്യാധികളെ കൈകാര്യം ചെയ്യാന്‍ നിർബന്ധിതരാവുകയാണ് പലപ്പോഴും പല മേഖലകളിലെയും ഡോക്ടർമാരും പൊതു ആരോഗ്യ മേഖലയില്‍ ഉള്ളവരും. വേണ്ട പരിശോധനയും ചികിത്സയും ഇല്ലാതെയുള്ള ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം രോഗചികിത്സയുടെ പരാജയത്തിലേക്കും രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ട സൂക്ഷ്മാണുക്കളുടെ വളർച്ചയിലേക്കും നയിക്കുന്നു. ഇന്ത്യയിലെ ഏതൊരു ഫാർമസിയിൽ നിന്നും ഒരു കുറിപ്പ് പോലുമില്ലാതെ പലതരം ആൻറിബയോട്ടിക്കുകൾ വാങ്ങാവുന്നതാണ്. ഈ വിധത്തിലുള്ള പ്രവണതകൾ തീർച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്.

പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനങ്ങൾക്ക് വേണ്ടത്ര സാമ്പത്തിക സഹായം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പാളിച്ചയായി ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഡാറ്റാ സയൻസ്,സാംക്രമികരോഗശാസ്ത്രം, വാക്സിനോളജി, അണുബാധകൾ കണ്ടെത്തി അവയ്ക്കെതിരെയുള്ള മരുന്നുകളുടെ വികസനവുമായി ബന്ധപ്പെട്ട ഗവേഷണം എന്നീ മേഖലകൾ കൂടുതൽ പ്രയോജനപ്രദം ആക്കാൻ ആവശ്യമായ അടിസ്ഥാനനടപടികളിൽ നാം കൂടുതലായി ശ്രദ്ധ ചെലുത്തുകയും അവയുടെ വികസനത്തിന് വേണ്ട സാമ്പത്തികഭദ്രതയും കൈവരിക്കേണ്ടതുണ്ട്.

മുന്നോട്ടു നോക്കുമ്പോൾ

ആരോഗ്യ മേഖലയിൽ ഉണ്ടായ പൊതുമുന്നേറ്റം പരിശോധിക്കുമ്പോൾ, ഈ കഴിഞ്ഞ ദശാബ്ദകാലത്തിൽ പകർച്ചവ്യാധികൾ മൂലമുണ്ടായ ഭീഷണികളുടെ ഉയർന്ന തോത് ഒരു വിരോധാഭാസം തന്നെയാണ്. മനുഷ്യന്റെ പ്രവർത്തികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ , അന്താരാഷ്ട്ര യാത്രാമേഖലയിലുള്ള വളർച്ച , ക്ഷയിച്ചുകൊണ്ടിരിക്കുന്ന പൊതു ആരോഗ്യ സംവിധാനങ്ങൾ, രോഗാണുക്കളിലെ ജനിതകമാറ്റങ്ങൾ എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്.

ഉയർന്നുവന്നുകൊണ്ടിരിക്കുന്ന അണുബാധകൾ പൊതുആരോഗ്യ സംവിധാനങ്ങൾക്ക് ഒരു വെല്ലുവിളിയായിത്തന്നെ തുടരുകയാണ്. ഇവയെ എതിരിടാൻ ഫലപ്രദമായ ഒരു പദ്ധതിയും, തന്ത്രപരമായ ഒരു വീക്ഷണവും വികസിപ്പിച്ചെടുക്കുംവരെ, ആരോഗ്യ-സാമ്പത്തിക മേഖലയുടെ വളർച്ചയെ ഈ രോഗങ്ങൾ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. നൂതനമായ ജീവശാസ്ത്രപരവും സംക്രമികരോഗശാസ്ത്രപരവുമായ സംവിധാനങ്ങളുടെ ഉപയോഗവും മനുഷ്യന്റെ പൊതുസ്വഭാവങ്ങളിലുള്ള മാറ്റവും രോഗപ്രതിരോധത്തിന് കൂടിയേ തീരു.

ആരോഗ്യ മേഖലയുടെ വിവിധ തലങ്ങളിൽ കണ്ടെത്തിയിട്ടുള്ള ത്വരിതഗതിയിലുള്ള പ്രതിരോധ സംവിധാനങ്ങൾ തന്നെയാണ് ഇത്തരം പൊതുആരോഗ്യ ഭീഷണികളെ കണ്ടെത്താനും , അവയോടു തന്ത്രപരമായി തത്ക്ഷണം പ്രതികരിച്ചു മനുഷ്യജീവനുകൾ സംരക്ഷിക്കാനുമുള്ള മൂലക്കല്ലായി പ്രവർത്തിക്കേണ്ടത്. മെച്ചപ്പെട്ട ജാഗ്രതാ സംവിധാനങ്ങൾ, പരിശോധനകൾ, ' കണ്‍വേര്‍ജെന്‍സ് റിസേര്‍ച്, ഇമ്പ്ളിമേന്റെഷന്‍ സയന്‍സ് തുടങ്ങിയ നൂതന വിജ്നാനശാഖകൾ എന്നിവ അവലംബിച്ചു കുത്തിവെയ്പ്പുകൾ , ചികിത്സകൾ എന്നിവയുടെ വികസനം നാം ലക്ഷ്യമാക്കണം. ഇവയ്ക്കെല്ലാം സങ്കടിതമായ പ്രവർത്തനങ്ങളുടെ ആവശ്യകത ഒഴിച്ചുകൂടാനാവാത്തതാണ്.

എന്തുകൊണ്ട് പകർച്ചവ്യാധികൾ പൂർണ്ണമായി നീക്കം ചെയ്യുപ്പെടുന്നില്ലയെന്നുള്ളത് ഗൗരവത്തിൽ ചിന്തിക്കേണ്ട ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഇതൊന്നും അത്ര വലിയ കാര്യമല്ല. അതുകൊണ്ട് ആ രാജ്യങ്ങളിൽ ഈ മേഖലയിലെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. ഹ്യൂമന്‍ ഇമ്മുണ്‍ ഡെഫിഷ്യന്‍സി വൈറസിന്റെ വരെ വ്യാപനത്തിനു അവർ വേഗം പരിഹാരം കണ്ടെത്തി . പകർച്ചവ്യാധികളെ നേരിടാനുള്ള വാക്സിന്‍ കണ്ടെത്താനുള്ള ഗവേഷണങ്ങൾ വികസിതരാജ്യങ്ങളിൽ ക്ഷയിക്കുകയും ചെയ്തു. ഒരുപക്ഷെ കോവിഡ് -19 മഹാമാരി അന്താരാഷ്‌ട്രതലത്തില്‍ ഈ മേഖലയിലെ സഹകരണങ്ങൾക്കു വഴിതെളിച്ചേക്കാം.

നിക്ഷേപക ലക്ഷ്യങ്ങള്‍

പെരുകിവരുന്ന പകർച്ചവ്യാധി രോഗങ്ങളെ പ്രതിരോധിക്കാൻ വിവിധ സംവിധാനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട് . ഉയർന്ന ചെലവും ഫലപ്രാപ്തിയിലുള്ള അനിശ്ചിതത്വവും കൊണ്ടുതന്നെ ഇതിനെതിരെ ധാരാളം വിമർശനങ്ങളുമുയരുന്നുണ്ട്. മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പുതിയ രോഗാണുക്കളെ കണ്ടെത്തുക എന്നതാണ് ഒരു മാർഗം.വലിയ ഒരു സമൂഹം മൃഗങ്ങൾക്കിടയിൽ ഇതുവരെ തിരിച്ചറിയപ്പെടാത്ത രോഗാണുക്കൾക്കു വേണ്ടിയുള്ള പരിശോധന നടത്താനുള്ള ചിലവിനെ അപേക്ഷിച്ചു മനുഷ്യനും മൃഗത്തിനുമിടയിലുള്ള അതിർത്തികൾ കടന്നെത്തിയ രോഗാണുക്കളെ പഠിക്കുക എന്നത് തന്നെയാണ് ചെലവ് കുറഞ്ഞ സമീപനം. കാര്യക്ഷമതയോടെ മനുഷ്യസമൂഹത്തിൽ വ്യാപരിക്കുന്ന രോഗാണുക്കളെ കണ്ടുപിടിച്ചു, ഉയർന്നുവരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി പ്രതിരോധിക്കാനുള്ള ശ്രമങ്ങളും പരീക്ഷിക്കാവുന്നതാണ്.

ഒരു ജനസംഖ്യയിലെ കൂടിവരുന്ന രോഗാണുക്കളുടെ വ്യാപനം കണ്ടെത്താൻ രക്തദാതാക്കളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധന സഹായിച്ചേക്കാം.ഇതിനായി സാങ്കേതിക ഉദ്യോഗസ്ഥർ, ആവശ്യത്തിന് ലബോറട്ടറി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. സൂക്ഷ്മാണു നിരീക്ഷണം പോലുള്ളവ പൊതുജനങ്ങൾക്കിടയിൽ ഉപകാരപ്രദമായേക്കാമെങ്കിലും ചില സന്ദർഭങ്ങളിൽ ഇത് തെറ്റായ സൂചനകളും നൽകിയേക്കാമെന്ന കരുതലുണ്ടാകണം. മാത്രവുമല്ല, മനുഷ്യർക്കിടയിൽ വ്യാപരിക്കുന്ന എല്ലാ സൂക്ഷ്മജീവികളും അപകടകാരികളാവണമെന്നില്ല.

ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം,പാരിസ്ഥിതിക സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുകയെന്നതിനെ ആശ്രയിച്ചിരിക്കും ഏറിവരുന്ന സംക്രമികരോഗങ്ങളുടെ പ്രതിരോധം. മനുഷ്യ, മൃഗ, പാരിസ്ഥിതിക ഘടകങ്ങൾ ഒരുപോലെ വിലയിരുത്തപ്പെടേണ്ട ഒരു മേഖലയാണ് രോഗപ്രതിരോധവും അവയുടെ തോത് കുറക്കാനുള്ള സംവിധാനങ്ങളും.

ചെലവ് കുറഞ്ഞ രോഗനിർണയ സംവിധാനങ്ങളും, രോഗാണുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തുക നിർണായകമാണ്. പുതിയ പരിശോധനാ സംവിധാങ്ങളുടെ വികസനം വിദൂരമാണ്. ഒരു ജൈവസാമ്പിളിലെ രോഗാണുക്കളെ കണ്ടെത്താൻ പ്രാപ്തിയുള്ള DNA microarray പ്ലാറ്റുഫോമുകൾ, portable sequences, CSISPR/CaS മാർഗങ്ങൾ എന്നിവ രോഗാണു നിർണ്ണയമാർഗങ്ങളിലെ പുതിയ നാഴികക്കല്ലുകളാണ്. സൂക്ഷ്മജീവികളെ കണ്ടുപിടിക്കാൻ ദ്രുതഗതിയിലുള്ള സൂക്ഷമമായ മാർഗ്ഗങ്ങൾ വളരെ ചെലവേറിയതുകൊണ്ട് ഇന്ത്യ പോലൊരു രാജ്യത്തു നിലവിൽ വരുത്തുകയെന്നത് അഭിലഷണീയമാണെങ്കിലും അതിമോഹമായേക്കാം.

ചുറ്റുപാടുമുള്ള സാമ്പിളുകളിൽ നിന്ന് വീണ്ടെടുത്ത ജനിതകവസ്തുക്കളുടെ പഠനം വഴി , പാരിസ്ഥിതിക, മൃഗ, ക്ലിനിക്കൽ സാമ്പിളുകളിൽ ഏതു തരത്തിലുള്ള രോഗാണുവാഹകരാണുള്ളതെന്നു തിരിച്ചറിയാൻ സാധിക്കും. ഒരു സാമ്പിളിലെ അണുവാഹകന്റെ അംശം എത്രത്തോളമുണ്ടെന്ന് കണ്ടുപിടിക്കാനും ഇത് സഹായിക്കും. ശേഖരിച്ച DNA സാമ്പിളുകളിൽ നിന്ന് രോഗാണുവാഹകന്റെ പരിണാമസംബന്ധമായ ഒരു രൂപരേഖ തയാറാക്കി പകർച്ചയുടെ കണ്ണികൾ മുറിക്കാനും ഒരു മഹാവ്യാപനത്തിന്റെ സാധ്യതകളെകുറിച്ച പ്രവചിക്കാനും സാധിക്കും .

രോഗാണുക്കളെ നാം ഉന്മൂലനം ചെയ്യണോ ?

ആധികാരികമായ ചുവടുവയ്പ്പിൽ അടിയുറച്ചു വിശ്വസിക്കുമ്പോഴും വിവേകമുള്ള മറ്റു ചില ചിന്തകൾക്ക് ചെവി കൊടുക്കുന്നതും ഒരുപക്ഷെ നല്ലതാണ്.

ഒരു നൂറ്റാണ്ടു മുൻപ് എഡിൻബറോ സര്‍വ്വകലാശാലയിലെ ക്ലാർക് ഡൊണാൾഡ് റസ്സൽ Frontiers in Immunology എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, പകർച്ചവ്യാധികൾ തുടച്ചുനീക്കുന്നത് എപ്പോഴും ഗുണകരമാവണമെന്നില്ല എന്ന് വാദിക്കുകയുണ്ടായി. അദ്ദേഹം പറയുന്നത് , " രോഗാണു എന്ന് പറഞ്ഞാൽ രോഗം എന്നല്ല എന്നതാണ്. ചില സന്ദർഭങ്ങളിൽ രോഗകാരികളായ ജീവികൾ മൂലം മനുഷ്യന് ചില ലാഭകരമായ അവസ്ഥകളും ഉണ്ടാകാമെന്നുള്ളതുകൊണ്ട്, അവയെ ഉന്മൂലനം ചെയ്യുമ്പോഴുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കണമെങ്കിൽ അവയെക്കുറിച്ച ഒരു സമഗ്രപഠനം തന്നെ നടത്തണം.

നിരന്തരമായ അണുബാധ, ദീർഘകാലത്തിൽ മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥിതിയെ തന്നെ ബാധിക്കും എന്നതിന് തെളിവുകളുണ്ട്. രോഗകാരികളായ ബാക്റ്റീരിയയും മനുഷ്യനും തമ്മിൽ നടക്കുന്ന സഹജീവിപരമായ ഇടപെടലുകളെകുറിച്ച് നിലവിൽ നടന്നുകൊണ്ടിരുന്ന ഗവേഷണം ഒരുപാട് വസ്തുതകൾ പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

HIV പോലുള്ളവ മൂലമുണ്ടാകുന്ന അണുബാധകൾ ഉന്മൂലനം ചെയ്യുകയെന്നത് വ്യക്തമായും അഭിലഷണീയംതന്നെയാണ്. പക്ഷെ ശ്രദ്ധകൊടുക്കേണ്ട മറ്റുചിലതുണ്ട്. സൂക്ഷ്മാണുക്കളുടെ മുഴുവനായുള്ള ഉന്മൂലനത്തിന്റെ ഒരു ഫലമാണ് Clostridium difficile കാരണമുണ്ടാകുന്ന കുടലിലെ അണുബാധക്ക് ചികിത്സകിട്ടിയവരുടെ ഉത്തരഫലങ്ങളില്‍നിന്നു വ്യക്തമാണ്. മറ്റൊരു ഉദാഹരണമാണ് ആമാശയത്തിൽ കണ്ടുവരുന്നതും, ക്യാൻസറിനും, ആമാശയത്തിലെ വൃണങ്ങൾക്കും പുണ്ണിനും 75 ശതമാനം കാരണഹേതുവുമായ helicobacter pylori. ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും , താഴ്ന്ന പകർച്ചാ നിരക്കും ഇവയുടെ കോളനിവത്ക്കരണം കുറച്ചു എന്നത് ശ്രദ്ധേയമാണ്. കുടൽ പുണ്ണിന്റെയും ആമാശയ ക്യാൻസറിന്റെയും സംഭവ്യതയിൽ ഗണനീയമായ കുറവ് ഉണ്ടാകുവാൻ ഇത് സഹായകമായി.എന്നാൽ നെഞ്ചേരിച്ചിൽ , അന്നനാളത്തിലെ ക്യാൻസർ എന്നിവയിൽ വർധനവും ഉണ്ടായതായി തെളിവുകളുണ്ട്. Helicobacter pylori-യുടെ ഉന്മൂലനം, വിശപ്പ് ഉത്തേജിപ്പിക്കാൻ കഴിവുള്ള 'ഗ്രെലിൻ’ എന്ന ഹോർമോണിന്റെ ഉത്‌പാദനം ഉയരാൻ കാരണമായി. കുട്ടികളിലെ ഉയർന്നുവരുന്ന പൊണ്ണത്തടിയുടെ കാരണം helicobacter pylori-ന്റെ നശീകരണം മൂലം കൂടിവന്ന ഗ്രെലിന്റെ ഉത്പാദനമാണെന്നൊരു അനുമാനവും നിലനിൽക്കുന്നു. ഒരു സൂക്ഷ്മജീവിയും അതിന്റെ ഹോസ്റ്റുമായുള്ള ഇടപെടലും എത്രത്തോളം സങ്കീർണമാണെന്നു ഈ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഡൊണാൾഡ് റസ്സലിന്റെ അഭിപ്രായങ്ങൾ വിവാദപരമാണെന്നുകൂടി സൂചിപ്പിക്കട്ടെ. എന്നിരുന്നാലും, “സഹകരണത്തിനും സംഘട്ടനത്തിനുമിടയില്‍ ഒരു നേര്‍ത്ത സന്തുലിതാവസ്ഥ കൈവരിക്കുകയെന്നത് സാമൂഹിക ജീവികളുടെ അതിജീവനോപായങ്ങളുടെ നിയതമായ ലക്ഷണമാണ്.” (Raghavendra Gadagkar: Survival Strategies)

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT