ബെലാറസ്- പോളണ്ട് അതിര്‍ത്തിയില്‍നിന്ന് പോളണ്ടിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കും കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ പ്രവാഹം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. യുദ്ധവും ആഭ്യന്തരകലഹങ്ങളും രൂക്ഷമായിരിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഇവരെയെല്ലാം പോളണ്ടിലേക്ക് കടത്തിവിടാനാകില്ലെന്ന് പോളണ്ട് ഭരണകൂടവും യൂറോപ്യന്‍ യൂണിയനും ശക്തമായ തീരുമാനമെടുത്തുകഴിഞ്ഞു. തങ്ങളുമായുള്ള ശത്രുതയുടെ പേരില്‍ അഭയാര്‍ത്ഥികളെ ബെലാറസ് പ്രെസിഡന്റും ഏകാധിപതിയുമായ അലക്സാണ്ടര്‍ ലൂകാഷെങ്കോ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അതിര്‍ത്തികളിലേക്ക് തള്ളിവിടുകയാണെന്നും യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുന്നു.
എന്താണ് ബെലാറസ്-പോളണ്ട് അഭയാര്‍ത്ഥിപ്രശ്‌നം? എന്താണ് ബെലാറസ് ഭരണകൂടത്തിന് അവയിലുള്ള പങ്ക്?
ലൂകാഷെങ്കോയുടെ അഭയാര്‍ത്ഥിതന്ത്രം
വര്‍ധിച്ചുവരുന്ന അഭയാര്‍ത്ഥിപ്രവാഹത്തില്‍ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോയുടെ ഭരണകൂടത്തിന് നല്ല പങ്കുണ്ട്.
'യൂറോപ്പിലെ അവസാനത്തെ ഏകാധിപതി' എന്നറിയപ്പെടുന്ന ലൂകാഷെങ്കോ 1994ലാണ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് 25 വര്‍ഷത്തിലധികവും ലൂകാഷെങ്കോ പ്രസിഡന്റായിത്തന്നെ തുടര്‍ന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയും എതിരാളികളെ ഭീഷണിപ്പെടുത്തിയും ജയിലുകളിലടച്ചുമെല്ലാം ലൂകാഷെങ്കോ തന്റെ ഏകാധിപത്യഭരണം തുടരുകയാണ്.
2020 ഓഗസ്റ്റില്‍ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് ലൂകാഷെങ്കോ തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് വലിയതോതിലുള്ള പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. ഒട്ടനവധി പ്രതിഷേധക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായി മര്‍ദിക്കപ്പെടുകയും ചെയ്തതിനുപിന്നാലെയും, 2021 മേയില്‍ മാധ്യമപ്രവര്‍ത്തകനായ രമാന്‍ പ്രടാസേവിച്ചിനെ അറസ്റ്റ് ചെയ്യുവാന്‍ വേണ്ടി ലിത്വാനിയയിലേക്ക് പോയിരുന്ന വിമാനത്തെ വഴിതിരിച്ചുവിട്ട് ബെലാറസിലിറക്കുകയും ചെയ്തതൊടെയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും ബെലാറസിനുമേല്‍ കനത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
ഈ ഉപരോധങ്ങള്‍ക്കുള്ള പകവീട്ടലാണ് യൂറോപ്യന്‍ യൂണിയന്‍ അംഗമായ പോളണ്ടിലേക്കും, തുടര്‍ന്ന് യൂറോപ്പിലേക്കും അഭയാര്‍ത്ഥികളെ കയറ്റിവിടാനുള്ള ലൂകാഷെങ്കോയുടെ തീരുമാനം. ഉപരോധങ്ങള്‍ മൂലം അഭയാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള പണം കണ്ടെത്താനാകുന്നില്ല എന്നതാണ് ലൂകാഷെങ്കോയുടെ വാദം. ഇത്തരത്തില്‍ തങ്ങളുടെ രാജ്യത്തേക്ക് വരുന്ന അഭയാര്‍ത്ഥികളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തള്ളിവിട്ട്, ഉപരോധങ്ങള്‍ നിര്‍ത്തലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ലൂകാഷെങ്കോയുടെ തന്ത്രം.
യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബെലാറസിലേക്കുള്ള വിസാ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയാണ് ബെലാറസ് ആദ്യം ചെയ്തത്. ഇതോടെ യൂറോപ്പിലേക്ക് കടക്കാനാഗ്രഹിച്ചുവന്ന അഭയാര്‍ഥികളുടെ എണ്ണവും പെരുകി. ഇവരെല്ലാം പോളണ്ട് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചതോടെ അതിര്‍ത്തിയും അശാന്തമായിരിക്കുകയാണ്. ബെലാറസ് സൈന്യം തന്നെ അഭയാര്‍ത്ഥികള്‍ക്ക് മുള്ളുവേലികള്‍ മുറിച്ചുകടക്കാനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതായും അതിര്‍ത്തി മുറിച്ചുകടകാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഭയാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍
കടുത്ത അഭയാര്‍ത്ഥിവിരുദ്ധ മനോഭാവമുള്ള രാജ്യമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയന്റെത്തന്നെ അഭയാര്‍ത്ഥിനയങ്ങളെ തുറന്നെതിര്‍ത്ത ഭരണകൂടമാണ് പോളണ്ടിലേത്. വലതുപക്ഷ സ്വഭാവമുള്ള പോളണ്ട് ഭരണകൂടം ഒരുതരത്തിലും അനധികൃത അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകില്ലയെന്ന് അറിയിച്ചുകഴിഞ്ഞു. ഇതോടെ ബെലാറസ്-യൂറോപ്യന്‍ യൂണിയന്‍ ശത്രുതയില്‍ അകപ്പെട്ടുപോയിരിക്കുന്നത് ആയിരക്കണക്കിനുവരുന്ന സാധാരണക്കാരായ അഭയാര്‍ത്ഥികളാണ്.
യുദ്ധവും ആഭ്യന്തരകലഹങ്ങളും രൂക്ഷമായിരിക്കുന്ന ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഭൂരിഭാഗം അഭയാര്‍ത്ഥികളും. ബെലാറസ് പോളണ്ടുമായി വലിയൊരു ശതമാനം അതിര്‍ത്തി പങ്കിടുന്നതിനാലും, പോളണ്ടില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് എളുപ്പം കടക്കാന്‍ സാധിക്കും എന്നതിനാലുമാണ് അഭയാര്‍ത്ഥികള്‍ ബലാറസ് അതിര്‍ത്തികള്‍ തിരഞ്ഞെടുക്കുന്നത്.
നിലവില്‍ ആയിരക്കണക്കിന് അനധികൃത അഭയാര്‍ത്ഥികള്‍ അതിര്‍ത്തികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അവരെല്ലാം ചെറിയ ടെന്റുകളില്‍ അതിര്‍ത്തിയില്‍ത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. കഠിനമായ തണുപ്പും കാലാവസ്ഥയും മൂലം മരണങ്ങളും രേഖപ്പെടുത്തപ്പെടുന്നുണ്ട്. അനധികൃത പ്രവേശനം തടയാനായി വന്‍ സൈനികസന്നാഹത്തെയാണ് പോളണ്ട് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത്. തന്മൂലം പോളണ്ട് സൈന്യവുമായി അഭയാര്‍ത്ഥികള്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുകയും അതിര്‍ത്തികള്‍ അശാന്തമാകുകയും ചെയ്യാറുണ്ട്.