അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണനിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പൊതുവിടങ്ങളില്‍ നിന്നും ഘട്ടം ഘട്ടമായി സ്ത്രീകളെ അപ്രത്യക്ഷമാക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ജിമ്മുകളിലും പാര്‍ക്കുകളിലും സ്ത്രീകളെ താലിബാൻ വിലക്കിയിരിക്കുകയാണെന്ന് അൽ ജസീറയും എ എഫ് പിയും റിപ്പോർട്ട് ചെയ്യുന്നു.
ജിമ്മുകളിലും പാര്‍ക്കുകളിലും പോകരുതെന്ന് സ്ത്രീകളോട് നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. നിര്‍ഭാഗ്യവശാല്‍ ആരുമത് ചെവികൊണ്ടില്ല. അതുകൊണ്ടാണിപ്പോള്‍ സ്ത്രീകള്‍ക്കായുള്ള ജിമ്മുകളും പാര്‍ക്കുകളും അടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് അഫ്ഗാനിലെ വൈസ് ആന്‍ഡ് വെര്‍ച്ച്യു മന്ത്രാലയത്തിന്റെ പ്രതിനിധി മൊഹമ്മദ് അകഫ് മൊഹാജര്‍.
'സ്ത്രീകളുടെ ജിമ്മുകളില്‍ അവരുടെ പരിശീലകര്‍ പുരുഷന്‍മാരാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കുന്ന ജിമ്മുകളുമുണ്ട്. അതുകൊണ്ടാണ് അവ അടച്ചത്. പാര്‍ക്കുകളിലും സ്ത്രീകള്‍ പുരുഷന്‍മാരുമായി ഇടകലര്‍ന്നാണ് ഇരിക്കുന്നത്. ഹിജാബ് ധരിക്കുന്നുമില്ല' മൊഹമ്മദ് അകഫ് മൊഹാജര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതുകുളിമുറികളിലും വിലക്ക്, പിന്നാലെ ജിമ്മിലും പാർക്കിലും നിരോധനം
സ്ത്രീകള്‍ക്ക് മാത്രമായുള്ള പൊതുകുളിയിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ദിവസങ്ങള്‍ക്കകമാണ് ജിമ്മിലേക്കും പാർക്കുകളിലേക്കും സ്ത്രീ പ്രവേശനം വിലക്കി താലിബാൻ ഭരണകൂടം രംഗത്ത് വന്നത്. എല്ലാ വീടുകളിലും കുളിമുറി ഉള്ളത് കൊണ്ട് സ്ത്രീകള്‍ക്കായുള്ള പൊതു കുളിയിടങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് താലിബാന്‍ സര്‍ക്കാര്‍ വിശദീകരണം.
എന്തുകൊണ്ടാണ് ലോകം ഇതൊന്നും കാണാത്തത്?
സംഭവത്തില്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധമുയരുകയാണ്. പാര്‍ക്കുകളിലും ജിമ്മുകളിലും സാധാരണക്കാരായ അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ഞങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ നിങ്ങള്‍ ഇല്ലാതാക്കി. ഞങ്ങളുടെ തൊഴിലെടുക്കാനുള്ള അവകാശവും ഇല്ലാതായി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ജിമ്മുകളില്‍ വ്യായാമം ചെയ്യാനും പറ്റാതായി. ഈ രാജ്യത്ത് എന്തെങ്കിലും ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കിനി ശേഷിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് ലോകം ഇതൊന്നും കാണാത്തത്?' വ്യായമത്തിനെത്തിയ സ്ത്രീകളെ തടഞ്ഞ ജിം അധികൃതരോട് സ്ത്രീകള്‍ കയര്‍ക്കുന്നതായി പ്രചരിക്കുന്ന ഒരു ദൃശ്യത്തില്‍ കേള്‍ക്കാം. തങ്ങള്‍ ഹിജാബ് ധരിച്ചാണ് വ്യായാമം ചെയ്യുന്നതെന്നും പരിശീലിപ്പിക്കുന്നത് സ്ത്രീ തന്നെയായിട്ടും എന്തിനാണ് വിലക്കുന്നതെന്നും പ്രതിഷേധക്കാർ ചോദിക്കുന്നത് വീഡിയോകളിൽ കാണാം.
'വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്, മൗനം കുറ്റകരമാണ്'
അഫ്ഗാനിലെ ഹെറാത്ത് നഗരത്തില്‍ സ്ത്രീകള്‍ പ്ലക്കാര്‍ഡുകളേന്തി പ്രധിഷേധിക്കുന്നതിന്റെ വീഡിയോ അഫ്ഗാന്‍ സാമൂഹ്യ പ്രവര്‍ത്തക ശബ്‌നം നാസിമി ട്വീറ്റ് ചെയ്തു. 'പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ തടഞ്ഞു. ജോലി ചെയ്യാനോ തനിച്ച് യാത്ര ചെയ്യാനോ അവര്‍ക്ക് കഴിയാതായി. ബുര്‍ഖ നിര്‍ബന്ധമാക്കി. ഇപ്പോള്‍ പാര്‍ക്കുകളില്‍ നിന്നും വ്യായാമ കേന്ദ്രങ്ങളില്‍ നിന്നും അവരെ വിലക്കിയിരിക്കുന്നു. പക്ഷേ 'വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്, മൗനം കുറ്റകരമാണ്' എന്ന് മുദ്രാവാക്യം വിളിക്കുന്ന ഈ പെണ്‍കുട്ടികളെ നിങ്ങള്‍ക്ക് ഒരുകാലത്തും നിശബ്ദരാക്കാന്‍ കഴിയില്ല.' ശബ്‌നം നാസിമി ട്വിറ്ററില്‍ കുറിച്ചു.
അഫ്ഗാനിലെ സ്ത്രീകള്‍ക്കായുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി ആലിസണ്‍ ഡാവിഡിയന്‍ നിരോധനത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. പൊതു ജീവിതത്തില്‍ നിന്ന് സ്ത്രീകളെ ഇല്ലാതാക്കുന്ന താലിബാന്റെ സംഘടിത ശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവമെന്നാണ് അവര്‍ പ്രതികരിച്ചത്.
വിഷയത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലും പ്രതികരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടേും കുട്ടികളുടേയും അവസ്ഥ അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്ന നടിക്കരുതെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ഒരു അഫ്ഗാന്‍ സ്ത്രീ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2021 ഓഗസ്റ്റില്‍ താലിബാന്റെ തിരിച്ചു വരവോട് കൂടി വലിയ അവകാശ നിഷേധങ്ങള്‍ക്കാണ് അഫ്ഗാനിലെ സ്ത്രീകള്‍ വിധേയരാകുന്നത്. സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെട്ട മിക്ക സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടമായി. ആണ്‍ ബന്ധുവിന്റെ സാന്നിദ്ധ്യത്തിലല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് താലിബാന്‍ ഉത്തരവ്. പുറത്തിറങ്ങണമെങ്കില്‍ ബുര്‍ഖ നിര്‍ബന്ധമാണ്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന മിക്ക സ്‌കൂളുകളും ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്.