അമേരിക്കയിലെ ടെക്‌സാസില്‍ കാണാതായ 57കാരനെ നായ്ക്കള്‍ ആഹാരമാക്കിയെന്ന് പൊലീസ്. വീനസ് സ്വദേശിയായ ഫ്രെഡ്ഡി മാക്ക് ആണ് സ്വന്തം നായ്ക്കള്‍ക്ക് ഭക്ഷണമായത്. ഗ്രാമപ്രദേശത്തെ വീട്ടില്‍ 18 പട്ടികളോടൊപ്പം ജീവിക്കുകയായിരുന്ന ഫ്രെഡ്ഡിയെ നായ്ക്കള്‍ കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവം ആദ്യം വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ജോണ്‍സണ്‍ കൗണ്ടി പൊലീസ് ഉദ്യോഗസ്ഥന്‍ ആഡം കിങ് വാഷിങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു.
ഞങ്ങള്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. കാരണം ഒന്നും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. മൃഗങ്ങള്‍ മനുഷ്യരുടെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നത് സാധാരണമാണ്. പക്ഷെ ശരീരം അപ്പാടെ, വസ്ത്രങ്ങളുമെല്ലാം ഉള്‍പ്പെടെ?പൊലീസ്
മരിച്ച യജമാനമാരെ വളര്‍ത്തുമൃഗങ്ങള്‍ ആഹാരമാക്കുന്ന അനേകം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി 2017ല്‍ നാഷണല്‍ ജോഗ്രഫിക് മാഗസിന്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
57കാരന് ഗുരുതര രോഗമുണ്ടായിരുന്നെന്നും മരണകാരണം അതാണോയെന്ന് അറിയില്ലെന്നും ആഡം കിങ് കൂട്ടിച്ചേര്‍ത്തു. മാക്കില്‍ നിന്ന് വിവരം ലഭിച്ചിട്ട് ആഴ്ച്ചകളായെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗം പരാതി നല്‍കിയതിനേത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മാക്കിനെ അന്വേഷിച്ച് വീട്ടില്‍ ചെന്ന ബന്ധുക്കളെ അക്രമാസക്തരായ നായ്ക്കള്‍ ഓടിച്ചുവിട്ടിരുന്നു. പുരയിടത്തില്‍ പ്രവേശിക്കാന്‍ പറ്റാതായതോടെ ഡ്രോണുകള്‍ ഉപയോഗിച്ചും നായ്ക്കളുടെ ശ്രദ്ധ തിരിച്ചും പൊലീസ് തെരച്ചില്‍ നടത്തി. അക്രമകാരികളായ 13 പട്ടികളെ പൊലീസ് വെടിവെച്ചു കൊന്നു. മെയ് 15ന് നടത്തിയ പരിശോധനയില്‍ പുരയിടത്തില്‍ ചിതറിക്കിടന്ന നിലയില്‍ കിട്ടിയ എല്ലിന്‍ കഷണങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. നായ്ക്കളുടെ കാഷ്ടത്തില്‍ എല്ലിന്‍ കഷ്ണങ്ങളും മുടിയും മാക്ക് ധരിക്കാറുള്ള വസ്ത്രത്തിന്റെ കഷ്ണങ്ങളും കണ്ടെത്തി. അസ്ഥിയുടേയും മാക്കിന്റെ ബന്ധുക്കളുടേയും ഡിഎന്‍എ ഒത്തുനോക്കിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണമായത്.
നായ്ക്കളോട് അങ്ങേയറ്റം സ്‌നേഹവും കരുതലുമുണ്ടായിരുന്ന ആളാണ് മാക് എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 2017ല്‍ നായ്ക്കളെ ചികിത്സിക്കാന്‍ ആളെ വിട്ട് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാക് പൊലീസിനെ വിളിച്ചിരുന്നു. ഫ്രെഡ്ഡി മാക്കിന്റെ 18 നായ്ക്കളില്‍ മൂന്നെണ്ണം മാത്രമാണ് ജീവനോടെ അവശേഷിക്കുന്നത്. രണ്ടെണ്ണത്തിനെ നായ്ക്കൂട്ടം തന്നെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.