Gender

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ തീരരുത് ഇടപെടലുകള്‍

യൂണിഫോം പരിഷ്‌കരണം അനുകൂലമായ ഒരു ചര്‍ച്ചാ പരിസരത്തില്‍ സ്‌കൂള്‍ പി.ടി.എയ്ക്ക് തീരുമാനമെടുക്കാവുന്ന വിഷയമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ഉറപ്പാക്കുകയെന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. അലീന എസ് എഴുതുന്നു

വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. പാവാടയും സാരിയും പോലെയുള്ള വസ്ത്രങ്ങള്‍ സൃഷ്ടിക്കുന്ന അസൗകര്യത്തിനുമപ്പുറത്തേക്ക് നമ്മുടെ പെണ്‍കുട്ടികളെ ഉയര്‍ത്തിയെടുക്കുവാന്‍ യൂണിഫോമുകളിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി അനിവാര്യമാണ്.

ഓടാനും ചാടാനുമെന്നുവേണ്ട, വസ്ത്രത്തിന്റെ പരിമിതികളെ കുറിച്ച് ആശങ്കപ്പെടാതെ സ്വതന്ത്രമായി ചലിക്കുവാനാകുന്ന ഡ്രസ് കോഡ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. വേഷത്തിന്റെ പ്രത്യേകതകള്‍ മൂലം ശാരീരികമായും ക്രമേണ മാനസികമായും കുനിഞ്ഞുപോകുന്ന അവസ്ഥകളില്‍ നിന്നും നിവര്‍ന്നു നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന സൗകര്യപ്രദമായ ഡ്രസ് കോഡ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കേണ്ടതായുണ്ട്.

എന്നാല്‍ കേവലം യൂണിഫോം പരിഷ്‌കരണത്തില്‍ ഒതുക്കാവുന്നതല്ല ജെന്‍ഡര്‍ സെന്‍സിറ്റീവ് വിദ്യാഭ്യാസം. ജെന്‍ഡര്‍ റോളുകള്‍ക്കപ്പുറത്തേക്ക് മനുഷ്യന്റെ സാമൂഹ്യമായ നിലനില്‍പ്പിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസം നല്‍കുവാന്‍ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്. നമ്മുടെ സമൂഹം പിന്തുടരുന്ന പുരുഷമേധാവിത്വ ചിന്തകള്‍ക്കും സാംസ്‌കാരിക ബിംബങ്ങള്‍ക്കുമതീതമായി, സ്ത്രീയെയും പുരുഷനെയും വ്യക്തിയായി മനസ്സിലാക്കാനും അംഗീകരിക്കുവാനുമാകുന്ന വിദ്യാഭ്യാസം നല്‍കുകയെന്നത് പരമപ്രധാനമാണ്.

ചരിത്ര നിര്‍മ്മിതിയില്‍ തനതായ സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ നമ്മുടെ പാഠപുസ്തകങ്ങളില്‍ എവിടെയും പരിചയപ്പെടുത്തില്ല. ശാസ്ത്ര രംഗത്ത് രണ്ട് നോബല്‍ സമ്മാനം നേടിയ മാഡം ക്യൂറിയുടെ ജീവിതസമരം എത്ര വിദ്യാര്‍ത്ഥികള്‍ക്കറിയാം? കാഴ്ചയും കേള്‍വിയുമൊന്നുമില്ലാതിരുന്നിട്ടും ലോകമെമ്പാടും യുദ്ധ വിരുദ്ധ പ്രഭാഷണങ്ങള്‍ നടത്തുവാനായി ഓടി നടന്ന ഹെലന്‍ കെല്ലറിന്റെ അനിതരസാധാരണമായ ജീവിതകഥ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും അന്യമല്ലേ? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വനിതാ രത്‌നങ്ങളായ ഝാന്‍സി റാണിയെയും ക്യാപ്റ്റന്‍ ലക്ഷ്മിയെയും പ്രിതിലത വഡേദ്ദാറിനെയും ദുര്‍ഗ്ഗാ ഭാബിയെയും അക്കമ്മ ചെറിയാനെയും (അങ്ങനെയുള്ള പലരെയും ) ചരിത്ര പുസ്തകങ്ങള്‍ എങ്കിലും പരിചയപ്പെടുത്തുന്നുണ്ടോ? സാഹിത്യ സൃഷ്ടിയ്ക്കായി ലളിതാംബിക അന്തര്‍ജ്ജനം അനുഭവിച്ച വേദനയും ബുദ്ധിമുട്ടുകളും ഏതെങ്കിലും ക്ലസുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ? സ്ത്രീകളുടെ വിദ്യാഭ്യാസം സാധ്യമാക്കുവാനായി ദുരിതപൂര്‍ണമായ ജീവിതം വരിച്ച സാവിത്രി ഫൂലെയെ അധ്യാപകദിനത്തിലെങ്കിലും സ്മരിക്കുന്നുണ്ടോ?

വെച്ചുവിളമ്പിത്തരുന്ന സ്‌നേഹമയിയും ക്ഷമാശീലയുമായ അമ്മയുടെയും ഭാര്യയുടെയും ചിത്രങ്ങള്‍ക്കുമപ്പുറത്തേക്ക്, മേധാശക്തിയും ആത്മബലവും കൊണ്ട് ചരിത്രത്തെ മുന്നോട്ടു നയിച്ച സ്ത്രീത്വത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട പരിശീലനത്തിലും അനുശീലനത്തിലുമൂടെ സൃഷ്ടിക്കപ്പെട്ട ജെന്‍ഡര്‍ റോളുകള്‍ നിരാകരിക്കുവാനും തുല്യവും സ്വതന്ത്രവുമായ മനോഭാവത്തിലേക്ക് വിദ്യാര്‍ത്ഥികളെ വളര്‍ത്തിക്കൊണ്ടു വരുവാനും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ അവധാനതയോടെയുളള ഇടപെടലുകള്‍ ആവശ്യമാണ്.

വിദ്യാലയത്തിന്റെ പടിവാതിലുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി തുറക്കപ്പെട്ടത് നീണ്ട കാലത്തെ പോരാട്ടത്തിനൊടുവിലാണ്. ഫ്യൂഡല്‍ തത്വസംഹിതകള്‍ സ്ത്രീകള്‍ക്ക് മനുഷ്യോചിതമായ ജീവിതം അനുവദിച്ചിരുന്നില്ല. അക്കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത് പാപമായി കണ്ടിരുന്നു. 'വിദ്യാദേവി തന്നെ സ്ത്രീയായിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പഠിക്കരുതെന്ന് പറയുന്നതിന്റെ യുക്തിയെന്തെ'ന്ന് ആശാപൂര്‍ണ്ണാ ദേവിയുടെ പ്രഥമ പ്രതിശ്രുതിയില്‍ സത്യവതി ചോദിക്കുന്നത് മധ്യകാല അന്ധകാരത്തോടുളള പ്രതിഷേധ സൂചകമായാണ്.

സതി, ബാല വിവാഹം, വിധവാ വിവാഹ നിഷേധം പോലെയുള്ള അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു സ്ത്രീ വിദ്യാഭ്യാസത്തിന്റെ ചരിത്രവും. നവോത്ഥാനത്തിന്റെ വെളളിവെളിച്ചത്തിലാണ് സ്ത്രീകള്‍ക്ക് വിദ്യാലയ പ്രവേശനം സാധ്യമായത്. പഞ്ചമിയെന്ന ദളിത് ബാലികയുടെ കൈ പിടിച്ചുകൊണ്ട് അയ്യന്‍കാളി നടത്തിയ പൊതുവിദ്യാഭ്യാസ സംസ്ഥാപന സമരം വിളംബരം ചെയ്യുന്ന അര്‍ത്ഥതലങ്ങളിലൊന്ന് ലിംഗനീതിയുടേത് കൂടിയാണ്. എന്നാല്‍ ഉപരിപ്ലവമായ ചില പരിഷ്‌കാരങ്ങള്‍ക്കപ്പുറത്ത്, വിദ്യാഭ്യാസ നയങ്ങള്‍ ലിംഗനീതിയുടെ രാഷ്ട്രീയം പേറുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ദുരന്തമുഖത്തെത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിലാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ കുറച്ചുളള ചര്‍ച്ചകള്‍ ഉയരുന്നത്. ജനാധിപത്യ വിദ്യാഭ്യാസത്തെ നിരാകരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ നടപ്പാക്കല്‍ സ്ത്രീകളുടെയും ഇതര പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തെ (ജീവിതത്തെയും) പ്രതികൂലമായി ബാധിക്കും. ലിംഗ-സമുദായ-ദേശ പരിഗണനകള്‍ക്കതീതമായി മനുഷ്യന് പ്രാധാന്യം നല്‍കിയ നവോത്ഥാന മൂല്യങ്ങള്‍ നിരാകരിക്കുന്ന വിദ്യാപരിസരത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ലിംഗനീതിയും അസാധ്യമാണ്.

അതുകൊണ്ട് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസത്തെ കുറച്ചുളള ചര്‍ച്ചകള്‍ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രതിരോധിക്കുന്നിടത്തോളം എത്തിച്ചേരേണ്ടതുണ്ട്.

നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ്മ കമ്മീഷന്‍ വിദ്യാഭ്യാസരംഗത്തെ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ചിന്തയും ബോധവുമുളള വ്യക്തിയായി സ്ത്രീയെയും പുരുഷനെയും കാണുവാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുവാന്‍ അനിവാര്യമാണെന്ന് വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ വിഷയം തുടര്‍ന്ന് ഒരു തലത്തിലും പരിഗണിക്കപ്പെട്ടില്ല.

അതിനാല്‍ പുരുഷമേധാവിത്വ സംജ്ഞകള്‍ക്കതീതമായി ഒരു തലമുറയെ വാര്‍ത്തെടുക്കുവാനുളള ശ്രമമാണ് ലക്ഷ്യമെങ്കില്‍ യൂണിഫോം പരിഷ്‌കരണത്തിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ പോകേണ്ടതുണ്ട്. യൂണിഫോം പരിഷ്‌കരണം അനുകൂലമായ ഒരു ചര്‍ച്ചാ പരിസരത്തില്‍ സ്‌കൂള്‍ പി.ടി.എയ്ക്ക് തീരുമാനമെടുക്കാവുന്ന വിഷയമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ഉറപ്പാക്കുകയെന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT