Gender

നീനു: ജാതിവെറിക്കും ദുരഭിമാനത്തിനും തോല്‍പ്പിക്കാനാവാത്ത നിശ്ചയദാര്‍ഢ്യം

THE CUE

‘എന്റെ പപ്പയും ചേട്ടനും കാരണം മകനെ നഷ്ടപ്പെട്ടവരാണ് കെവിന്റെ അച്ഛനും അമ്മയും. അവരെ നോക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഞാനവര്‍ക്കൊപ്പം നില്‍ക്കും. അവരെ സംരക്ഷിക്കും’

കെവിന്‍ വധക്കേസിലെ വിചാരണ വേളയില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നീനു തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. മൃതദേഹത്തിന് മുന്നില്‍ തന്നെ ചേര്‍ത്ത് പിടിച്ചു നിന്ന് കെവിന്റെ അച്ഛനോട് ഇനി എന്തു ചെയ്യുമെന്ന് ചോദിച്ച് അലമുറയിട്ട പെണ്‍കുട്ടിയെയായിരുന്നില്ല പിന്നീട് കണ്ടത്. കെവിന് നീതി ലഭിക്കുന്നതിനായി തുടക്കം മുതല്‍ നീനു കുടുംബത്തോടൊപ്പം പോരാടി നിന്നു.

നിയമരേഖകള്‍ പ്രകാരമുള്ള കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലപാത കേസില്‍ പ്രതികള്‍ ശിക്ഷയേറ്റു വാങ്ങിയപ്പോള്‍ അതിലെ നിര്‍ണായകമായ മൊഴിയും നീനുവിന്റെതായിരുന്നു. പ്രതിക്കൂട്ടില്‍ പിതാവും സഹോദരനുമായിട്ടും പതറാതെ നീനു മൊഴി നല്‍കി. ഇരുകുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരമല്ല ജാതി തന്നെയായിരുന്നു പ്രശ്‌നമെന്നും പിതാവും സഹോദരനുമാണ് കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു നീനുവിന്റെ മൊഴി. വധഭീഷണിയുണ്ടെന്ന് കെവിന്‍ പറഞ്ഞിരുന്നതായി നീനു കോടതിയെ അറിയിച്ചിരുന്നു. കെവിന്‍ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ആളായതാണ് വീട്ടുകാരുടെ എതിര്‍പ്പിന് പിന്നില്‍. കെവിന്റെ സാമ്പത്തിക ചുറ്റുപാടുകള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന പ്രതിഭാഗത്തിന്റെ കോടതിയിലെ ആരോപണത്തെയും നീനു നേരിട്ടു.

മൂന്ന് വര്‍ഷം നീനുവും കെവിനും പ്രണയിച്ചു. നീനുവിന്റെ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിവാഹം കഴിച്ചു. വിവാഹം രജിസ്ട്രര്‍ ചെയ്തതിന് പിറ്റേ ദിവസം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് നീനു തന്നെ വെളിപ്പെടുത്തി. താഴ്ന്ന ജാതിക്കാരനായ കെവിന്റെ കൂടെ സുഖിച്ച് ജീവിക്കാമെന്ന് കരുതേണ്ടെന്നും സ്‌റ്റേഷനില്‍ വെച്ച് ചാക്കോ ഭീഷണിപ്പെടുത്തിയിരുന്നു. എസ് ഐ ഷിബു കെവിനെ കഴുത്തിന് പിടിച്ചു തള്ളി. പിതാവിനൊപ്പം പോകാന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്തതിനെത്തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങിയെന്നും നീനു വിചാരണ കോടതിയെ അറിയിച്ചിരുന്നു.

2018 മെയ് 28നാണ് കെവിന്‍ കൊല്ലപ്പെടുന്നത്. വിവാഹത്തിന്റെ മൂന്നാം ദിവസമാണ് കെവിനെ തട്ടിക്കൊട്ടുപോയത്. സഹോദരന്‍ തട്ടിക്കൊണ്ടു പോയതാണെന്നും സഹായിക്കണമെന്നുമുള്ള നീനുവിന്റെയും കെവിന്റെ കുടുംബത്തിന്റെയും അഭ്യര്‍ത്ഥന പോലീസും അവഗണിച്ചു.കെവിനെ തട്ടിക്കൊണ്ടു പോയ രാത്രിയില്‍ നീനുവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി അച്ഛന്‍ ജോസഫിനൊപ്പം വിടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയില്‍ കെവിന്റെ മൃതദേഹം ലഭിച്ചു. കെവിന് തിരിച്ചെത്തുമെന്ന പ്രതീക്ഷ അവസാനിച്ചെങ്കിലും നീതിക്ക് വേണ്ടി പോരാടാന്‍ അച്ഛന്‍ ജോസഫിനൊപ്പം നീനു നിന്നു. നീനു മനോരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന വാദവുമായി അമ്മ രഹ്ന തന്നെ രംഗത്തെത്തിയെങ്കിലും നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അതിനോടുള്ള പ്രതികരണം.

കേസ് നടക്കുന്നതിനിടെ പഠനം തുടര്‍ന്നു. കേസില്‍ വീഴ്ച സംഭവിക്കുമെന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചു. ഗാന്ധി നഗര്‍ എസ് ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതും നീനുവിന്റെ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമല്ലെന്നും പ്രതികള്‍ക്കൊപ്പമാണെന്നും നീനു തുറന്നടിച്ചു. കുറ്റക്കാരെന്ന് വിധിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ കൈകൂപ്പി നിന്ന അച്ഛന്‍ ചാക്കോയക്ക് മുന്നില്‍ കുലുങ്ങാതെ നിന്നു. ശിക്ഷ വിധിയോട് തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടുവെന്ന ഒറ്റവരി പ്രതികരണമായിരുന്നു നീനുവിന്റേത്.

ദ ക്യൂഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.

വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT