ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയുണ്ടായതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ് ഇന്ന്. 2018 സെപ്തംബര്‍ ആറിനായിരുന്നു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണ്ടിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, റൊഹിങ്ടണ്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് മാറ്റിയെഴുതിയത്.
വിക്ടോറിയന്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച സെക്ഷന്‍ 377, 157 വര്‍ഷത്തോളെ രാജ്യത്ത് നിലനിന്നിരുന്നു. ഇത് നീക്കം ചെയ്യുന്നതിനുള്ളനിയമപോരാട്ടത്തില്‍ മുന്നില്‍ നിന്നിരുന്ന അഭിഭാഷകരെയും ആക്ടിവിസ്റ്റുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള പ്രത്യേക ദേശീയഗാന വീഡിയോ പുറത്തിറക്കി. രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളിലെ 250 സ്‌ക്രീനുകളില്‍ വീഡിയോ ഇന്ന് പ്രദര്‍ശിപ്പിക്കും.
‘സ്റ്റാന്‍ഡ് വിത്ത് പ്രൈഡ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എല്‍ജിബിറ്റിക്യു കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന, സെക്ഷന്‍ 377ന് എതിരെ പോരാടിയ രാജ്യത്തെ വിവിധ സംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കുമുള്ള ആദരം കൂടിയാണ് വീഡിയോ. ഇത്രയും നാള്‍ നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം ചരിത്രവിധിയിലൂടെ നേടിയെടുത്തപ്പോള്‍ അതിന് സാക്ഷിയാകാന്‍ കഴിയാതെ മരണപ്പെട്ടവരെയും വീഡിയോയില്‍ ഓര്‍ക്കുന്നുണ്ട്.
സുപ്രീം കോടതി വിധി വന്നതിന് ശേഷമുള്ള ആദ്യ സ്വാതന്ത്രദിനമാണിത്. ഭരണഘടന അനുശാസിച്ചിരുന്ന തുല്യത ഞങ്ങള്‍ക്ക് നല്‍കുന്നത് വിലക്കിയിരുന്ന ഒരു നിയമത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തന്നെയാണ് ദേശീയ ഗാനത്തിന്റെ വീഡിയോയിലൂടെയും പറയുന്നത്.ആരിഫ് ജാഫര്‍, മാനേജിങ്ങ് ഡയറക്ടര്‍ നാസ് ഫൗണ്ടേഷന്‍
2001ല്‍ സ്വവര്‍ഗലൈംഗികത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജാഫറിനെ സെക്ഷന്‍ 377 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അതിനെ തുടര്‍ന്നായിരുന്നു വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം ആരംഭിച്ചത്. ഐപിജി മീഡിയ ബ്രാന്‍ഡ് ഇന്‍ഡ്യയും ഹംസഫര്‍ ട്രസ്റ്റ്രുമാണ് വീഡിയോയ്ക്ക് പിന്നില്‍.