Gender

ഇനിയും ഉടുക്കും; മുണ്ടുടുക്കുന്നത് എന്റെ സ്വാതന്ത്ര്യം: ലിസ ടീച്ചര്‍

കോവിഡ് അടച്ചു പൂട്ടലിന് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു അധ്യാപിക ലിസ എത്തിയത് മുണ്ടും ഷര്‍ട്ടും ധരിച്ചായിരുന്നു. കുര്‍ത്തയും പാന്‍സും ധരിക്കുമ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. എന്നാല്‍ ഷര്‍ട്ടും പാന്റും ധരിക്കാമെന്ന് ലിസ ടീച്ചര്‍. വസ്ത്രം വ്യക്തിയുടെ ചോയ്‌സാണെന്ന് ലിസ ടീച്ചര്‍ ഉറപ്പിച്ച് പറയുന്നു.

ബാലുശ്ശേരി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതില്‍ കയ്യടിക്കൊപ്പം പ്രതിഷേധവും ഉയരുന്നു. കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടുമെങ്കില്‍ ടീച്ചര്‍മാര്‍ മുണ്ടുടുത്തൂടെയെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. മുണ്ടുടുത്ത് സ്‌കൂളിലെത്തിയ അധ്യാപിക എന്നനിലയില്‍ ഈ വെല്ലുവിളിയെ എങ്ങനെ കാണുന്നു?

സ്‌കൂളില്‍ പുരുഷന്‍മാര്‍ മുണ്ടുടുക്കുന്നത് കൊണ്ട് ആ വസ്ത്രം ധരിച്ച് എത്തുകയായിരുന്നില്ല ഞാന്‍. ജീന്‍സും ഷര്‍ട്ടും ടോപ്പും കുര്‍ത്തയും എല്ലാം ധരിക്കാറുണ്ട്. എന്റെ വസ്ത്രം എന്റെ ചോയ്‌സാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. മുണ്ട് ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രമാണെന്നല്ല ഞാന്‍ അതിലൂടെ പറയാന്‍ ശ്രമിച്ചത്. പാന്റും ഷാര്‍ട്ടും ജീന്‍സും ടോപ്പുമെല്ലാമാണ് കുറച്ച് കാലമായി സ്‌കൂളില്‍ പോകുമ്പോള്‍ ധരിക്കുന്നത്. ഈ അടുത്ത കാലത്ത് അതിനെതിരെ വിമര്‍ശനമുണ്ടായി. നവംബര്‍ ഒന്നിന് എല്ലാവരും കേരളീയ വസ്ത്രം എന്ന നിലയില്‍ മുണ്ടുടുത്ത് വരുന്നുണ്ടല്ലോ. എന്റെ വസ്ത്രം എന്റെ ചോയ്‌സാണെന്ന് ആളുകളെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ വേണ്ടി ജീന്‍സ് മാറ്റിവെച്ച് മുണ്ടുടുത്തു. അതൊരു പ്രതിഷേധമായിരുന്നു. എന്റെ സൗകര്യം അനുസരിച്ച് ധരിക്കുന്ന വസ്ത്രത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കേണ്ടതില്ല. മുണ്ടോ സാരിയോ ജീന്‍സോ ധരിക്കുന്നത് എന്റെ തീരുമാനമാണെന്ന് പറയാനാണ് ശ്രമിച്ചത്.

മുണ്ടും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലെത്തിയപ്പോള്‍ ഏത് രീതിയിലുള്ള പ്രതികരണമായിരുന്നു ചുറ്റുപാടും നിന്നും ഉണ്ടായത്.

സമ്മിശ്ര പ്രതികരണമായിരുന്നു. പിന്തുണച്ചവരും വിമര്‍ശിച്ചവരുമുണ്ട്. മുണ്ടുടുത്ത് സ്‌കൂളില്‍ വരാന്‍ പാടുണ്ടോയെന്നതായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചത്. അധ്യാപകന്‍ ഉടുക്കുമ്പോള്‍ മാന്യ വസ്ത്രവും സ്ത്രീ ഉടുക്കുമ്പോള്‍ തെറ്റായി മാറുന്നു. സ്ത്രീ-പുരുഷന്‍ എന്ന നിലയില്‍ തന്നെയാണ് വസ്ത്രത്തെ വ്യാഖ്യാനിക്കുന്നത്. മുന്‍പ് കാലത്ത് സ്ത്രീകളും ധരിച്ചിരുന്ന വസ്ത്രമാണ് മുണ്ട്. മേല്‍മുണ്ട് സമരം വരെ നടന്ന നാടാണ് നമ്മുടേത്. പിന്നീട് സ്ത്രീകള്‍ മുണ്ടുടുക്കാതെയായി. എന്നാല്‍ മുണ്ടുടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുണ്ട്. തൊഴിലിടത്തില്‍ എന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ച് വന്നപ്പോള്‍ വിമര്‍ശിച്ചവരുണ്ട്. അതേപോലെ അഭിനന്ദിച്ച് കത്തെഴുതുകയും പുസ്തകങ്ങള്‍ അയച്ചു തരുകയും ചെയ്ത ആളുകളുണ്ട്.

വിദ്യാര്‍ത്ഥികളുടെ പ്രതികരണം എങ്ങനെയായിരുന്നു

വിദ്യാര്‍ത്ഥികളെല്ലാം പിന്തുണച്ചു. ഒരാള്‍ പോലും വിമര്‍ശിച്ചിട്ടില്ല. വളരെ നന്നായെന്ന് പറഞ്ഞ് മെസേജയച്ചു. സോഷ്യല്‍ മീഡിയില്‍ ഫോട്ടോകളിട്ടും പോസ്റ്റുകളെഴുതിയും പിന്തുണച്ചു.

സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചിരുന്നോ

മിക്ക സഹപ്രവര്‍ത്തകരും പിന്തുണച്ചു. പിന്തുണയ്ക്കാത്തവരും ഉണ്ട്. കണ്ടില്ലെന്ന് നടിച്ചവരുണ്ട്. എന്നാല്‍ നേരിട്ട് വന്ന് നന്നായെന്ന് പറഞ്ഞവരുമുണ്ട്. പബ്ലിക്കിന്റെ മുന്നില്‍ അറിയപ്പെടാന്‍ വേണ്ടി ചെയ്തതാണെന്ന് പറഞ്ഞവരുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. സ്വാഭാവികമാണത്. സമൂഹത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങളുണ്ടാകും. അതിനെ ആ രീതിയില്‍ കാണുന്നു. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് എന്നെ ഈ വിമര്‍ശനങ്ങളൊന്നും ബാധിച്ചിട്ടില്ല.

നവംബര്‍ ഒന്നിന് മാത്രമാണോ മുണ്ടുടുത്തത്. പിന്നീട് അങ്ങനെ സ്‌കൂളില്‍ പോയിരുന്നോ?

പിന്നീട് ഉടുത്തിട്ടില്ല. ഇനിയും ഉടുക്കും. തോന്നുമ്പോള്‍ ഉടുക്കും. മുണ്ട് മാറ്റിവെച്ചിട്ടില്ല. അടുത്ത് തന്നെ ഉടുക്കും. മുണ്ടുടുത്തപ്പോഴാണ് അത് രസമുണ്ടെന്ന് മനസിലായത്. അത് ധരിച്ചപ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സ്വന്തം വാഹനത്തിലാണ് സ്‌കൂളില്‍ പോകുന്നത്. അതുകൊണ്ട് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മുണ്ട് ചലനത്തെ നിയന്ത്രിക്കുന്ന വസ്ത്രം തന്നെയാണ്. സാരി ഉടുക്കുന്നത് പോലെ ഒരു വൃത്തത്തിനുള്ളിലാക്കും. പുരുഷന്‍മാര്‍ മടക്കി കുത്തി കാലുകളെ സ്വതന്ത്രമാക്കും. മുണ്ട് ഉപേക്ഷിക്കപ്പെടുകയും പാന്റിന് സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.

കുട്ടികളുടെ മേല്‍ പാന്റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കുകയാണെന്ന വിമര്‍ശനമുണ്ട്. അതിനെ എങ്ങനെ കാണുന്നു അത്

ഒരിക്കലും വസ്തുതാപരമല്ല. സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ച. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കില്‍ അവരത് പറയും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ദുരാരോപണം മാത്രമാണത്. ഒരിക്കലും അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രമല്ല പാന്റും ഷര്‍ട്ടും. സ്‌കൂള്‍ തുറന്നിട്ട് ഇത്ര ദിവസം വരെ യൂണിഫോം നിര്‍ബന്ധമായിരുന്നില്ല. കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമായിരുന്നു. ഭൂരിഭാഗം കുട്ടികളും പാന്റും ഷര്‍ട്ടും ജീന്‍സും ടോപ്പും ഉള്‍പ്പെടെയുള്ള മോഡേണ്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതില്‍ നിന്ന് പുതിയ കാലത്തെ കുട്ടികളുടെ ചോയ്‌സ് എന്താണെന്ന് മനസിലാകും. പഴയ കാലത്തെ കുട്ടികളില്‍ നിന്ന് പുതിയ കാലത്തെ കുട്ടികള്‍ എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാകും. ഞാന്‍ സ്‌കൂളില്‍ മുണ്ടുടുത്തും പാന്റിട്ടും എത്തുമ്പോള്‍ ആ രീതിയിലൊന്നും കുട്ടികളെന്നെ നോക്കാറില്ല. സഹപ്രവര്‍ത്തകരും പഴയ മൂല്യങ്ങള്‍ പിന്‍തുടരുന്നവരും അങ്ങനെയല്ല. സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച കേരളീയ സമൂഹത്തില്‍ എന്ത് ഇംപാക്ടായിരിക്കും ഉണ്ടാക്കുക വളയംചിറങ്ങര സ്‌കൂളില്‍ 2018 ല്‍ തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമാണ്. ബാലുശ്ശേരി സ്‌കൂളിലും പ്രഖ്യാപിച്ചു. സ്‌കൂള്‍ എന്ന് പറയുമ്പോള്‍ പി.ടി.എ ഉള്‍പ്പെടെയുള്ള പ്രാദേശിയമായ കൂട്ടായ്മകളുടെ ആശയമായിരിക്കും. വിദ്യാലയത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ വസ്ത്രം ചലിക്കാന്‍ പറ്റാത്ത രീതിയിലുള്ളതായിരുന്നു. കോട്ടോ ഷാളും ധരിക്കണമായിരുന്നു. ഇതില്‍ നിന്നും വിഭിന്നമായിട്ട് ചലിക്കാന്‍ സ്വാതന്ത്ര്യമുള്ള വസ്ത്രം പെണ്‍കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ മതവും മറ്റും അതില്‍ കലര്‍ത്തുന്നത് കേരളത്തിന്റെ പുരോഗതിക്ക് തുരങ്കം വെയ്ക്കാനുള്ള ശ്രമമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT