Gender

സെക്സും ജൻഡറും ഒന്നാണോ? ,ജെൻഡർ, ജൻഡർ ഐഡൻ്റിറ്റി, ട്രാൻസ്ജെൻഡർ

ആൺ പെൺ സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള മനുഷ്യരെ മനസ്സിലാക്കുവാനും, അവരെ അംഗീകരിക്കാനും സമൂഹം എന്നും വിമുഖത കാണിച്ചിട്ടുണ്ട്. മത സാമൂഹിക സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണകൾക്കൊപ്പം, ഈ വിഷയങ്ങളിൽ ശരിയായ അറിവില്ലാത്തതും വേർതിരിവുകൾക്ക് ഒരു കാരണമാണ്. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് LGBTIQ മനുഷ്യരുടെ ആരോഗ്യ സേവനങ്ങളിൽ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് പോലും ഈ വിഷയങ്ങളിലുള്ള അറിവ് പരിമിതമാണെന്ന് പലരുടെയും അഭിപ്രായം കേൾക്കുമ്പോൾ മനസിലാകും. മെഡിക്കൽ ട്രെയ്നിംഗ് സമയത്ത് ഈ വിഷയങ്ങളിൽ പരിശീലനം ലഭിക്കുന്നില്ല എന്നതും ഇതിന് കാരണമാണ്. ഒരാളുടെ ജൻഡർ ഐഡൻ്റിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നമ്മൾക്ക് മനസിലാക്കാൻ ശ്രമിക്കാം.

സെക്സും ജൻഡറും ഒന്നാണോ?

അല്ല. പലപ്പോഴും ആളുകൾ തെറ്റായി ഉപയോഗിക്കുന്ന വാക്കുകളാണ് ഇവ. ഇത് ഒരേ അർത്ഥത്തിൽ ഉപയോഗിക്കാവുന്ന വാക്കുകൾ അല്ല. വളരെ വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ് സെക്സും (biological sex) ജൻഡറും.

എന്താണ് സെക്സ് അഥവാ ബയോളജിക്കൽ സെക്സ് ?

ബയോളജിക്കൽ സെക്സ് എന്നത് ഒരു വ്യക്തിയുടെ ജൈവപരമായ അവസ്ഥയെ കാണിക്കുന്നു. ബയോളജിക്കൽ സെക്‌സ് ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുവെ നിർവചിക്കുന്നത്. ജനിക്കുന്ന സമയത്ത് ലൈംഗിക അവയവങ്ങൾ നോക്കിയാണ് പൊതുവിൽ ഒരാളുടെ ബയോളജിക്കൽ സെക്സ് നിർണ്ണയിക്കുക. പൊതുവിൽ മൂന്ന് തരത്തിലുള്ള ബയോളജിക്കൽ സെക്സ് ആണുള്ളത്.

Female: XX ക്രോമസോം, ഗർഭ പാത്രം, അണ്ഡാശയം, യോനി ഇവയാണ് പെണ്ണിൻ്റെ ജൈവപരമായ പ്രത്യേകതകൾ.

Male: XY ക്രോമസോം, ലിംഗം, വൃഷ്ണസഞ്ചി ഇവയാണ് ആണിൽ കാണുക.

Intersex: ബയോളജിക്കൽ സെക്‌സ് ബഹുഭൂരിപക്ഷം പേരിലും ആണ്, പെണ്ണ് എന്നിങ്ങനെ വേർതിരിക്കാൻ പറ്റുന്ന വിധത്തിലാണെങ്കിലും ഒരു ന്യൂനപക്ഷം മനുഷ്യരിൽ ആണ്-പെണ്ണ് എന്നിങ്ങനെയുള്ള ടിപ്പിക്കൽ ഘടന മേൽപ്പറഞ്ഞ മൂന്നു മേഖലകളിൽ ഒന്നിൽ വരാതെയോ, മൂന്നു ലെവലിൽ ഉള്ള പ്രത്യേകതകൾ തമ്മിൽ ഇഴച്ചേർന്നു വരുകയോ ചെയ്യാം. ഇത്തരം മനുഷ്യരെ ഇന്റർസെക്‌സ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.

എന്താണ് ജൻഡർ?

ആണോ, പെണ്ണോ, ഇൻ്റർസെക്സ് ആയോ ജനിക്കുന്ന ഒരു വ്യക്തി, സമൂഹത്തിൽ എന്ത് സ്ഥാനം വഹിക്കണം, എങ്ങനെ പെരുമാറണം, എന്തൊക്കെ ജോലികൾ ചെയ്യണം, എങ്ങനെ പ്രത്യക്ഷപെടണം എന്നിങ്ങനെ ഓരോ സമൂഹവും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഈ സാമൂഹിക നിർമ്മിതിയാണ് ജൻഡർ. അതുകൊണ്ട് തന്നെ ഓരോ സംസ്കാരത്തിലും ജൻഡർ എന്ന കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാകാം.

ഉദാഹരണം: ബയോളജിക്കൽ സെക്സ് 'ആണായ' ഒരു വ്യക്തി, മുടി വളർത്താൻ പാടില്ല, ഷർട്ടും പാൻ്റും ധരിക്കണം, കായികമായ ജോലികൾ ചെയ്യണം, കുടുംബം നയിക്കണം, കരയാൻ പാടില്ല എന്നിങ്ങനെ സമൂഹം നിർമ്മിക്കുന്ന ഒരു അവസ്ഥയാണ് ജൻഡർ.

എന്താണ് അസൈൻഡ് ജൻഡർ?

പൊതുവിൽ സമൂഹത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അയാളുടെ ജൈവ പരമായ പ്രത്യേകത വെച്ച് ആണോ, പെണ്ണോ ആയി തരം തിരിക്കുകയും, എന്നിട്ട് ഓരോരുത്തരും എങ്ങനെ മുന്നോട്ടു ജീവിക്കണം എന്ന് നിർണയിക്കുകയും, അതുപോലെ അവരെ പരിശീലിപ്പിക്കുകയും ചെയ്യും. ഇതിനെയാണ് അസൈൻഡ് ജൻഡർ എന്ന് പറയുന്നത്.

ഉദാഹരണമായി പെണ്ണായി ജനിച്ച ഒരു വ്യക്തിയെ അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക, ചിട്ടകൾ പഠിപ്പിക്കുക, സംസാരിക്കാൻ പഠിപ്പിക്കുക, ഇങ്ങനെയൊക്കെ ചെയ്തു ഒരു സ്ത്രീയായി വളർത്താനാണ് സമൂഹം ശ്രമിക്കുക. സ്ത്രീ (women), പുരുഷൻ (man) ഇവയാണ് സമൂഹം നൽകുന്ന രണ്ടു ജൻഡർ. ഇതല്ലാതെ മറ്റു ജൻഡറുകളും ഉണ്ട്.

എന്താണ് ജൻഡർ ഐഡൻ്റിറ്റി?

താൻ സ്ത്രീയാണ്, പുരുഷനാണ്, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ജൻഡർ ആണെന്ന് ഒരു വ്യക്തിക്ക് സ്വയം അയാളുടെ മനസ്സിൽ അനുഭവപ്പെടുന്ന അവസ്ഥയാണ് ജൻഡർ ഐഡൻ്റിറ്റി. ഈ ഐഡൻ്റിറ്റി സമൂഹം ജനിച്ച സമയത്ത് കല്പിച്ചു തന്ന ജൻഡറുമായി ചേർന്ന് പോകാം (cis gender), അല്ലെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമാകാം (transgender).

എന്താണ് ജൻഡർ എക്സ്പ്രഷൻ?

തൻ്റെ ജൻഡർ ഐഡൻ്റിറ്റി, പെരുമാറ്റം, വസ്ത്രങ്ങൾ, സംസാരം, ശാരീരിക പ്രത്യേകതകൾ ഇവ വഴി ഒരാൾ എങ്ങനെ പുറത്ത് അറിയിക്കുന്നു എന്നതാണ് ജൻഡർ എക്സ്പ്രഷൻ. Feminine, Masculine ഇവയൊക്കെ വിവിധ ജൻഡർ എക്സ്പ്രഷനുകളാണ്.

ആരാണ് ഒരു ട്രാൻസ്ജെൻഡർ?

തൻ്റെ ജൻഡർ ഐഡൻ്റിറ്റി, സമൂഹം ജനിച്ചപ്പോൾ കൽപ്പിച്ചു തന്ന ജെൻഡറിനോട് ചേർന്ന് പോകുന്നതല്ല എന്ന് തിരിച്ചറിയുകയും, തൻ്റെ ജൻഡർ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളെ പൊതുവിൽ വിളിക്കുന്ന പേരാണ് ട്രാൻസ്ജെൻഡർ എന്നത്. ഇതിൽ വ്യത്യസ്ത ജൻഡർ ഐഡൻ്റിറ്റി ഉള്ളവരുണ്ട്.

Transmen (Female to Male - FTM):

സ്ത്രീയാണ് എന്ന് അസൈൻ ചെയ്യപ്പെട്ട, ഏന്നാൽ പുരുഷനായി ഐഡൻ്റിഫൈ ചെയ്യുകയും അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ.

Transwoman (Male to Female - MTF): ജനിച്ചപ്പോൾ പുരുഷനാണ് എന്ന് സമൂഹം അസൈൻ ചെയ്ത, എന്നാൽ സ്ത്രീയാണ് എന്ന് സ്വയം ഐഡൻ്റിഫൈ ചെയ്യുകയും അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ.

Genderqueer: തൻ്റെ ജൻഡർ ഐഡൻ്റിറ്റി സ്ത്രീയും പുരുഷനും എന്നുള്ള ബൈനറിയുടെ ഉള്ളിൽ നിൽക്കുന്നതല്ല എന്ന് തിരിച്ചറിയുന്നവർ.

എങ്ങനെയാണ് ഒരാളുടെ ജൻഡർ ഐഡൻ്റിറ്റി രൂപപ്പെടുന്നത്?

ജൻഡർ ഐഡൻ്റിറ്റി എന്നത് ഒരാളുടെ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു തിരിച്ചറിവാണ്. എങ്ങനെയാണ് ജൻഡർ ഐഡൻ്റിറ്റി രൂപീകരിക്കപ്പെടുന്നത് എന്നതിന് കൃത്യമായ ഒരുത്തരം നിലവിൽ ശാസ്ത്ര ലോകത്തില്ല.

ഒരാളുടെ ജനിതക പ്രത്യേകതകൾ (ഏതെങ്കിലും ഒരു ജീൻ അല്ല, മറിച്ച് പല ജീനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്), ഗർഭകാലത്ത് അയാളുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന ലൈംഗിക ഹോർമോണുകൾ, ഇവയുടെ സ്വാധീനത്തിൽ അയാളുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ (differential brain development) പ്രതിഫലനമാണ് ഒരാളുടെ ജൻഡർ ഐഡൻ്റിറ്റി.

തലച്ചോറിലെ ഹൈപൊതലാമസ് എന്ന ഭാഗത്താണ് ഈ വ്യത്യസ്ത വളർച്ച പ്രധാനമായും ഉണ്ടാകുന്നത്. അതനുസരിച്ചാണ് ഓരോ വ്യക്തിയും സ്ത്രീയോ, പുരുഷനോ, ട്രാൻസ്ജെൻഡറോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ജൻഡർ ആയോ സ്വയം തിരിച്ചറിയുന്നത്. ഇതിനെ ചെറുപ്പകാലത്ത് ഉണ്ടാകുന്ന ആളുടെ ജീവിതാനുഭവങ്ങളും സ്വാധീനിക്കാം എന്നാണ് പഠനങ്ങൾ പറയുക.

സ്ത്രീയും പുരുഷനും മാത്രമാണ് തലച്ചോറിൻ്റെ ശരിയായ വളർച്ചകൊണ്ട് ഉണ്ടാകുന്നത്, ബാക്കി ജൻഡറുകൾ ഇതിൽ നിന്ന് വ്യത്യസ്തമായി വളരുന്നത് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചിലർ പറയാറുണ്ട്. എന്നാല് അത് അങ്ങനെയല്ല. എല്ലാ ജൻഡർ ഐഡൻ്റിറ്റിയും ഒരേ രീതിയാണ് ഉണ്ടാകുന്നത്.

ട്രാൻസ്ജെൻഡർ എന്നത് മാനസിക രോഗമാണോ?

അല്ല. ഒരു കാലത്ത് സമൂഹം കല്പിച്ചു നൽകുന്ന സ്ത്രീ പുരുഷ ഐഡൻ്റിറ്റിക്ക് അപ്പുറമുള്ള എല്ലാ ജൻഡർ ഐഡൻ്റിറ്റിയും മാനസിക രോഗമാണ് എന്ന് കരുതിയിരുന്നു. എന്നാൽ ഇവർ അനുഭവിക്കുന്ന പല മാനസിക ബുദ്ധിമുട്ടുകൾക്കും കാരണം, തൻ്റെ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാൻ സാധിക്കാത്തതും, സമൂഹം ഇവരോട് കാണിക്കുന്ന വേർതിരിവുകളും ആണെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ജൻഡർ ഐഡൻ്റിറ്റി ഡിസോർഡർ പുറത്തായി.

DSM 5 Gender dysphoria എന്ന ഒരു ഭാഗം നിലനിർത്തിയിട്ടുണ്ട്. തൻ്റെ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരുന്നതുകൊണ്ട് ചില ട്രാൻസ്ജൻഡർ വ്യക്തികൾ അനുഭവിക്കുന്ന സംഘർഷങ്ങളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുക. താൻ ആഗ്രഹിക്കുന്ന ഐഡൻ്റിറ്റി അനുസരിച്ചുള്ള ശാരീരിക മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ട്രാൻസ്ജൻഡർ വ്യക്തികളിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഈ ഒരു അവസ്ഥ ഉണ്ടാകൂ.

പല രാജ്യങ്ങളിലും ലിംഗമാറ്റ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ ഇവ നൽകാനും, അതിനു ഇർസുറൻസ് ലഭിക്കാനും ഇത്തരം ഒരു ഡയഗ്നോസിസ് ആവശ്യമുണ്ട്. പക്ഷേ ഏറ്റവും പുതിയ ICD 11-ൽ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ജൻഡർ ഡിസ്ഫോറിയ പൂർണ്ണമായി ഒഴിവാക്കി.

ജെൻഡർ ഐഡൻ്റിറ്റി/ സെക്ഷ്വൽ ഓറിയൻ്റേഷൻ ഇവ ഒന്നാണോ? ട്രാൻസ്ജൻഡർ വ്യക്തികൾ എല്ലാം ഹോമോസെക്ഷ്വൽ ഓരുയൻ്റേഷൻ ഉള്ളവരാണോ?

പലരും തെറ്റായി ഈ വിവരങ്ങൾ ഉപയോഗിക്കാറുണ്ട്.

സെക്ഷ്വൽ ഓറിയൻ്റേഷൻ എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന, നീണ്ടു നിൽക്കുന്ന വൈകാരികവും, ശാരീരികവും, റൊമാൻ്റിക്കുമായ താല്പര്യമാണ്. ആരോടാണ് നമ്മുടെ ഈ താൽപര്യം, അവരുടെ ജൻഡർ അനുസരിച്ചാണ് വിവിധ സെക്ഷ്വൽ ഓറിയൻ്റേഷൻ നിർവചിക്കുന്നത്. ഇത്തരത്തിൽ ഹോമോസെക്ഷ്വൽ, ഹെട്രോ സെക്ഷ്വൽ, ബൈ സെക്ഷ്വൽ, പാൻ സെക്ഷ്വൽ തുടങ്ങി വിവിധ സെക്ഷ്വൽ ഓറിയൻ്റേഷനുകളുണ്ട്.

ട്രാൻസ്ജൻഡർ വ്യക്തികൾക്കും മറ്റ് ഏത് വ്യക്തികളെ പോലെ ഇത്തരത്തിലുള്ള സെക്ഷ്വൽ ഓറിയൻ്റേഷൻ ഉണ്ടാകാം.

എന്നെയും നിങ്ങളെയും പോലെ തന്നെയാണ് ട്രാൻസ്ജൻഡർ വ്യക്തികളും. പക്ഷേ തങ്ങളുടെ ഐഡൻ്റിറ്റി അനുസരിച്ച് ജീവിക്കാനായി നൂറ്റാണ്ടുകളായി ഇവർ അനുഭവിക്കുന്ന വേർതിരിവുകളും കഷ്ടതകളും നമ്മൾക്ക് ഊഹിക്കാവുന്നതിന് അപ്പുറമാണ്. അവരുടെ ഒപ്പം ആയിരിക്കുക, നമ്മൾ അനുഭവിക്കുന്ന അതെ സാമൂഹിക സ്ഥിതിയിൽ അവരെയും എത്തിക്കുക എന്നത് ഓരോ മനുഷയൻ്റേയും കടമയാണ്. അതിനു ആദ്യം വേണ്ടത് അവരെ അറിയുക എന്നതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറാൻ സ്കൂൾ കാലഘട്ടം മുതൽ ജൻഡർ സെൻസിറ്റീവ് ആയിട്ടുള്ള വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കേണ്ടത് ആവശ്യമാണ്. സമഗ്ര ലൈംഗിക വിദ്യാഭ്യാസം പോലെയുള്ള പദ്ധതികൾ അതിനു കൂടുതൽ സഹായിക്കും. അത്തരത്തിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT