സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
'പ്രതിക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ ടിക് ടോക്. ഇതാണ് കേരള പൊലീസ്'. ടിക് ടോക് വീഡിയോകള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതാണിത്. കേരള പൊലീസിനെ അധിക്ഷേപിച്ചുകൊണ്ടാണ് നിരവധി പേജുകളിലും ഗ്രൂപ്പുകളിലും വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. നെടുങ്കണ്ടത്ത് രാജ്കുമാര്‍ എന്നയാള്‍ കസ്റ്റഡി മരണത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇത്തരത്തിലും നിരുത്തരവാദപരമായി പൊലീസ് പെരുമാറുന്നുണ്ടെന്ന് ആരോപിച്ച് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു. പ്രതിക്കൊപ്പം പൊലീസുകാര്‍ ഡാന്‍സ് ചെയ്യുന്ന തരത്തിലായിരുന്നു ഒരു വീഡിയോ. പ്രതിയെ പൊലീസ് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ചിത്രീകരിച്ച നിലയിലായിരുന്നു മറ്റൊന്ന്. പൊലീസിനെ പരിഹസിക്കുന്ന പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചു.
പ്രചരണത്തിന്റെ സത്യാവസ്ഥ
ഒരു സിനിമാ ലൊക്കേഷനില്‍ ചില അഭിനേതാക്കള്‍ ചേര്‍ന്ന് ഷൂട്ട് ചെയ്ത ടിക് ടോക്കാണ് യഥാര്‍ത്ഥ സംഭവമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. സാജന്‍ നായര്‍ എന്നയാളുടെ ടിക് ടോക് അക്കൗണ്ടിലും ഫെയ്‌സ്ബുക്ക് പ്രൊഫൈലിലും വീഡിയോ കാണാം.
സിനിമകളില്‍ ചെറുവേഷങ്ങളില്‍ എത്തിയിട്ടുള്ള സാജനും സഹ അഭിനേതാക്കളും ചേര്‍ന്നാണ് ടിക് ടോക് ചിത്രീകരിച്ചത്. സിനിമയിലെ പൊലീസ് വേഷത്തില്‍ തന്നെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇത് ലൊക്കേഷനില്‍ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമാക്കിയാണ് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചില തല്‍പ്പര കക്ഷികള്‍ പൊലീസിനെതിരായ കുറിപ്പ് തയ്യാറാക്കി ഈ വീഡിയോ യഥാര്‍ത്ഥമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട ചിലര്‍ പൊലീസിനെ അടിക്കാനുള്ള വടിയായി ഈ പോസ്റ്റിനെ ഉപയോഗിക്കുകയുമായിരുന്നു. അതേസമയം വ്യാജമാണെന്ന് തെളിഞ്ഞതോടെ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യപ്പെടുന്നുണ്ട്.