Fact Check

Fact Check: മുളക്കുടിലിലെ ‘ഒഡീഷ മോദി’, ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കാലത്ത് ബജ്‌റംഗ് ദള്‍ കോഡിനേറ്റര്‍  

THE CUE

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേളയില്‍ സംഘപരിവാര്‍ അനുഭാവികളും ബിജെപി അണികളും ആഘോഷിക്കുന്ന മന്ത്രികളിലൊരാള്‍ ഒഡീഷയില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിയാണ്. ലാളിത്യം കൈമുതലാക്കിയ നേതാവെന്നാണ് ബിജെപി അണികള്‍ ഇയാളെ വിശേഷിപ്പിക്കുന്നത്. ഒഡീഷ മോദി എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിക്കുന്നത്. ലളിത ജീവിതമാണ് നയിക്കുന്നതെന്ന് കാണിക്കത്തക്ക വിധത്തില്‍ മുളക്കുടിലിന്റെയും സൈക്കിള്‍ സവാരിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇയാളെ സംഘപരിവാര്‍ താരമാക്കുന്നത്. ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ കുപ്രസിദ്ധമായ പശ്ചാത്തലം മറച്ചുവെയ്ക്കപ്പെടുന്നു.

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ സമയത്ത് ബജ്‌റംഗ് ദളിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. 1999 ജനുവരി 22-ന് ഒമ്പത് വയസ്സായ ഫിലിപ്പ്,ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം ,ഒറീസ്സയിലെ ക്വഞ്ചാര്‍ ജില്ലയില്‍ പെടുന്ന മനോഹരപൂര്‍ ഗ്രാമത്തിലെ വാഗന്‍ വണ്ടിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇവരെ തീവച്ച് കൊലപ്പെടുത്തിയത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ ദാരാസിങ് കേസില്‍ ശിക്ഷിക്കപ്പെട്ടു. 2003 ല്‍ 12 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നെങ്കിലും മതിയായ തെളിവില്ലെന്ന് കാട്ടി മറ്റ് 11 പേരെ വെറുതെ വിടുകയായിരുന്നു.

ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്ന കേസിലെ ആസൂത്രകനായിരുന്നു പ്രതാപ് ചന്ദ്ര സാരംഗിയെന്നാണ് വിമര്‍ശകര്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ഇദ്ദേഹം അഭിമുഖളിലടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപമുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇദ്ദേഹത്തെ 2002 ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ ബജ്‌റംഗ്ദള്‍, അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. സംഘപരിവാര്‍ വാഴ്ത്തലുകള്‍ക്കിടയില്‍ മറച്ചുവെയ്ക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ ദുരൂഹ ഇടപെടലുകള്‍ കൂടിയാണ്.

ബാലസോര്‍ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ലോക്‌സഭയിലെത്തിയത്. 2014 ല്‍ ഇവിടെ തോറ്റെങ്കിലും ഇക്കുറി വിജയിച്ചു. ബിജെഡിയുടെ സിറ്റിംഗ് സീറ്റില്‍ പാര്‍ട്ടി നേതാവ് രബീന്ദ്ര കുമാര്‍ ജെനയെ ആണ് പരാജയപ്പെടുത്തിയത്. കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ ഡല്‍ഹിയില്‍ നിന്ന് വിളി വന്നപ്പോള്‍ സാരംഗിയുടെ ചിത്രം സംഘപരിവാര്‍ അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ വെറലാക്കിയിരുന്നു. കുടിലില്‍ ഇരുന്ന് ബാഗ് തയ്യാറാക്കുന്നതായിരുന്നു അത്. നിലഗിരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ബിജെപി ടിക്കറ്റില്‍ എംഎല്‍എയായി വിജയിച്ചിട്ടുണ്ട്.

പ്രഭാഷകന്‍, സംസ്‌കൃത പണ്ഡിതന്‍ ആര്‍എസ്എസ് പ്രചാരകന്‍ എന്നീ നിലകളിലാണ് ഇദ്ദേഹം പരിവാര്‍ വേദികളില്‍ സ്വീകാര്യനായത്. സാധാരണ സൈക്കിളിലാണ് എല്ലായിടത്തും എത്തുന്നതെങ്കില്‍ ഇക്കുറി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. അദ്ദേഹത്തിന്റെ പ്രചരണത്തിന് നരേന്ദ്രമോദിയും എത്തിയിരുന്നു. വിജയിച്ചപ്പോള്‍ ദേശീയ നേതൃത്വം മന്ത്രിസഭാംഗത്വവും നല്‍കി. ഫാകിര്‍ മോഹന്‍ കോളജില്‍ നിന്നുള്ള ബിരുദധാരിയാണ് പ്രതാപ് ചന്ദ്ര സാരംഗി. 64 കാരനായ സാരംഗി നിലവില്‍ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗവുമാണ്. ലാളിത്യത്തിന്റെ പ്രതിരൂപമെന്ന് വാഴ്ത്തി സാരംഗിയുടെ വര്‍ഗീയ ധ്രുവീകരണ ഇടപെടലുകളെ മറയ്ക്കുകയാണ് സംഘപരിവാര്‍.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT