Fact Check

മുസ്ലിം ഉടമസ്ഥതയിലുള്ള കമ്പനിയല്ല, ശര്‍ക്കരയെത്തിച്ചിരുന്നത് ശിവസേന നേതാവ്; ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ സംഘപരിവാറിന് തിരിച്ചടി

സംസ്ഥാനത്ത് നടക്കുന്ന ഹലാല്‍ ഭക്ഷണ വിവാദത്തിന് തുടര്‍ച്ചയായാണ് ശബരിമലയില്‍ ഹലാല്‍ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന പ്രചരണവുമായി സംഘപരിവാര്‍ രംഗത്ത് വന്നത്. ഇസ്ലാമിക ചിഹ്നവും ആചാരവുമുള്ള സാധനങ്ങള്‍ ശബരിമലയില്‍ അരവണ പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന സംഘപരിവാര്‍ പ്രചരണം ഹൈക്കോടതിയിലുമെത്തി. മുസ്ലിം ഉടമസ്ഥതയിലുളള കമ്പനിയില്‍ നിന്നാണ് ഹലാല്‍ മുദ്ര പതിച്ച് ശബരിമലയിലേക്ക് ശര്‍ക്കര എത്തുന്നതെന്നും ഇത് വിശ്വാസികളായ ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്നും സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി.

ശര്‍ക്കരയെ മുന്‍നിര്‍ത്തി ധ്രുവീകരണ നീക്കം നടത്തിയ സംഘപരിവാറിനെ വെട്ടിലാക്കുന്നതാണ് ശര്‍ക്കര നിര്‍മ്മാതാക്കളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍. മഹാരാഷ്ട്ര സ്വദേശിയ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം എന്ന ശിവസേനാ നേതാവ് ചെയര്‍മാനായ വര്‍ധന്‍ അഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് ആണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. തീവ്രവാദ ശക്തികള്‍ കേരളത്തിലെ ഹോട്ടലുകളില്‍ ഹലാല്‍ സംസ്‌കാരം കൊണ്ടുവന്ന് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ശബരിമലയില്‍ പോലും ഹലാല്‍ സാധനങ്ങള്‍ വിതരണം ചെയ്യുകയാണെന്ന കെ.സുരേന്ദ്രന്റെ വാദത്തെയും പൊളിക്കുന്നതാണ് കമ്പനി വെബ് സൈറ്റ് നല്‍കുന്ന വിവരങ്ങള്‍.

എന്നാല്‍ 2018ലാണ് വി.എ.പി.എല്‍ എന്ന കമ്പനിയുമായി കരാര്‍ ഉണ്ടായിരുന്നതെന്നും അവിടെ നിന്ന് വന്ന പാക്കറ്റിലാണ് ഹലാല്‍ എന്ന് അച്ചടിച്ചതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ദ ക്യുവിനോട് പ്രതികരിച്ചു. വി.എ.പി.എല്‍ എന്ന കമ്പനിയുമായി നേരത്തെ തന്നെ കരാര്‍ അവസാനിപ്പിച്ചതാണെന്നും അനന്തഗോപന്‍ കൂട്ടിച്ചേര്‍ത്തു.

എന്താണ് 'ഹലാല്‍ ശര്‍ക്കര' വിവാദം?

ശബരിമലയില്‍ അരവണയും അപ്പവും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതിനായി കൊണ്ടു വന്ന ശര്‍ക്കര പായ്ക്കറ്റുകളില്‍ ഹലാല്‍ എന്ന് മുദ്രകുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ശര്‍ക്കര ഉപയോഗശൂന്യമായതാണെന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ശബരിമലയില്‍ പോലും ഹലാല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ വിവാദം ബിജെപിയും ഏറ്റെടുത്തു. ശര്‍ക്കര നല്‍കിയത് മുസ്ലിം കമ്പനിയാണെന്ന പ്രചാരണവും നടക്കുന്നുണ്ട്.

ശര്‍ക്കര വിവാദം ഹൈക്കോടതിയിലേക്ക്

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ ആണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. മറ്റു മതസ്ഥരുടെ മുദ്രവെച്ച സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും കീഴ് വഴക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ലംഘിച്ചുവെന്നുമാണ് എന്നാണ് ഹര്‍ജിയില്‍ കണ്‍വീനര്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് സംഭവത്തില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ നിലപാട് തേടിയിട്ടുമുണ്ട്.

കയറ്റുമതി യോഗ്യതയുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര കുറഞ്ഞ വിലയ്ക്ക് ബോഡിന് ലഭിച്ചത് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിര്‍മിച്ചത് ഗുരുതരമായ കുറ്റമാണെന്നും 'ഹലാല്‍ ശര്‍ക്കര' ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തരമായി നിര്‍ത്തണമെന്നുമാണ് എസ് ജെ ആര്‍ കുമാര്‍ ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ പറയുന്നത്.

സര്‍ക്കാര്‍ വിശദീകരണം

വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയ്ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ പ്രസാദ നിര്‍മാണത്തിന് 2020-21 കാലയളവിലെ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്നും ഗുണനിലവാരം പരിശോധിച്ചതിന് ശേഷം മാത്രമേ സന്നിധാനത്തേക്ക് അയക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൊവിഡ് കാരണം 2019-20 കാലഘട്ടത്തിലെ 3 ലക്ഷം കിലോയിലധികം വരുന്ന ശര്‍ക്കര ഉപയോഗിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയായിരുന്നെന്നും അത് ലേലം ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്തുകൊണ്ട് ഹലാല്‍ മുദ്ര, കമ്പനിയുടെ പ്രതികരണം

വര്‍ധന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡ് (വി.എ.പി.എല്‍) എന്ന കമ്പനിയാണ് 2018ല്‍ ശബരിമലയില്‍ ശര്‍ക്കര എത്തിച്ചിരുന്നത്. ഈ ശര്‍ക്കര വിദേശത്ത് കൂടി അയക്കുന്നതിനാലാണ് ഹലാല്‍ എന്ന് സെര്‍ട്ടിഫൈ ചെയ്തതെന്നാണ് വി.എ.പി.എലിന്റെ റീജിണല്‍ റെപ്രസന്റേറ്റീവ് സാംസണ്‍ ടോം ദ ക്യുവിനോട് പറഞ്ഞത്.

'മുസ്ലിങ്ങള്‍ക്ക് ഹറാമായ പന്നിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ അവര്‍ക്ക് മതപരമായി ഉപയോഗിക്കാന്‍ പാടില്ലാത്തതോ ആയ വസ്തുക്കള്‍ ചേര്‍ത്തിട്ടില്ല വൃത്തിയുള്ള സ്ഥലത്ത് ശുദ്ധമായി ഉണ്ടാക്കുന്ന ശര്‍ക്കര ആയതിനാലാണ് ഹലാല്‍ എന്ന് മുദ്രകുത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഹലാല്‍ സെര്‍ട്ടിഫൈ ചെയ്ത ശര്‍ക്കര എന്നുമാത്രമാണ് അതിന് അര്‍ത്ഥമുള്ളത്. യാതൊരു കെമിക്കലുകളും ഉപയോഗിച്ചിട്ടില്ലെന്ന് മാത്രമല്ല, ഉപയോഗിക്കാന്‍ അനുവദനീയമാണ് ശര്‍ക്കര. സള്‍ഫര്‍ലെസ് പഞ്ചസാര ഉത്പന്നങ്ങളാണ് ഞങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വര്‍ഷമാണ് ശര്‍ക്കരയുടെ കാലാവധി,' സാംസണ്‍ പറഞ്ഞു.

ധൈര്യശീല്‍ ഡി. കദം

കമ്പനി ഉടമ മുസ്ലിമാണോ?

ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനാല്‍ തന്നെ

വി.എ.പി.എല്‍ എന്ന കമ്പനി മുസ്ലിങ്ങളുടേതാണെന്ന ആരോപണവും ബിജെപിയും സംഘപരിവാര്‍ ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്. വര്‍ധന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആയ ധൈര്യശീല്‍ ഡി. കദം തന്നെയാണ് കമ്പനിയുടെ സ്ഥാപകന്‍. ധൈര്യശീല്‍ ശിവസേന പ്രവര്‍ത്തകനാണ്.

വര്‍ധന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡ്

ഇദ്ദേഹം 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ സത്താര്‍ ജില്ലയിലെ കരാഡ് നോര്‍ത്ത് നിയമസഭയില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. എന്‍.സി.പിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനോജ് ഭീം റാവു ഘോര്‍പാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു

2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും ഇദ്ദേഹം മത്സരിച്ചിരുന്നെങ്കലും വിജയിച്ചില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ദ ക്യു' വിനോട്

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും അയ്യപ്പ ഭക്തന്മാരില്‍ ധാരണ പിശക് ഉണ്ടാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇത്തരം വിവാദങ്ങല്‍ക്ക് പിന്നിലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ദ പറഞ്ഞത്.

'തികച്ചും വാസ്തവ വിരുദ്ധമായ ആക്ഷേപമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. അവിടെ ശര്‍ക്കര വാങ്ങിക്കൊണ്ടിരിക്കുന്നത് ക്വട്ടേഷന്‍ ക്ഷണിച്ച് ആ ക്വട്ടേഷന്‍ അനുസരിച്ച് വില നിശ്ചയിച്ചാണ് ശര്‍ക്കര വാങ്ങിക്കൊണ്ടിരിക്കുന്നത്. കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ള കമ്പനികളില്‍ നിന്നാണ് ശര്‍ക്കര വാങ്ങുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് വാങ്ങിയ ഒരു കമ്പനിയുടെ ശര്‍ക്കരയുടെ പാക്കറ്റിന്റെ പുറത്ത് ഹലാല്‍ എന്ന് അടിച്ചിരുന്നു. അത് അന്വേഷിച്ചപ്പോള്‍ വിദേശത്തേക്ക് ശര്‍ക്കര കയറ്റി അയക്കുന്ന ഒരു കമ്പനിയാണ്. 2018 ല്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നത്. ശര്‍ക്കര ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ട് അത് ഞങ്ങള്‍ നേരത്തെ തന്നെ വേണ്ടെന്ന് വെച്ചതാണ്.

അവരുമായി കരാര്‍ അവസാനിപ്പിച്ച് ഇപ്പോള്‍ എസ്.പി ഷുഗേഴ്‌സ് എന്ന് പറയുന്ന കമ്പനിയില്‍ നിന്നാണ് ശര്‍ക്കര വാങ്ങിച്ചുകൊണ്ടിരിക്കുന്നത്. അവരുമായി ഒരു ബന്ധവും ദേവസ്വംബോര്‍ഡിന് ഇല്ല,' ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ദ ക്യുവിനോട് പറഞ്ഞു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും അയ്യപ്പ ഭക്തന്മാരില്‍ ധാരണ പിശക് ഉണ്ടാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. ഈ തീര്‍ത്ഥാടന കാലത്ത് ബോധപൂര്‍വ്വം ആശങ്കയുണ്ടാക്കി അവിടെ തീര്‍ത്ഥാടകര്‍ എത്താതിരിക്കാനുള്ള ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം പ്രചാര വേലകള്‍ നടത്തുന്നതെന്നും അനന്തഗോപന്‍ കൂട്ടിച്ചേര്‍ത്തു.

ഹലാല്‍ എന്ന വാക്കിന്റെ പേരില്‍ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സാംസണും വ്യക്തമാക്കി.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT