ബിജെപി ന്യൂ ഡല്‍ഹി എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ ഓട്ടോ ഡ്രൈവറെന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആരോ അയാളുടെ ഇളയ സഹോദരന്‍ ഒരു ഓട്ടോ ഡ്രൈവറാണ്. ധന്യനാണ് നമ്മുടെ പ്രധാനമന്ത്രി എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്. നരേന്ദ്ര മോദിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ പോസ്റ്റിന്റെ യാഥാര്‍ത്ഥ്യമെന്താണെന്ന് അധികം ആലോചിക്കേണ്ട. ഇത് മോദിയുടെ രൂപ സാദൃശ്യമുള്ള ഒരു ഓട്ടോ ഡ്രൈവര്‍ മാത്രമാണ്. പ്രധാനമന്ത്രിയുടെ അപരന്‍, രൂപ സാദൃശ്യം കൊണ്ട് മാത്രം പ്രധാനമന്ത്രിയോട് ബന്ധിപ്പിക്കാന്‍ പറ്റുമെന്നല്ലാതെ മോദിയുമായി യാതൊരു ബന്ധവും ഈ ഓട്ടോക്കാരനില്ല.
ട്വിറ്ററിലും പ്രചരിക്കുന്ന ഈ ചിത്രം 2016 മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ഓടുന്നുണ്ട്. നേരത്തേയും മാധ്യമങ്ങള്‍ ഈ വ്യാജ വാര്‍ത്തയെ പൊളിച്ചിട്ടുണ്ട്. എന്നിട്ടും സംഘപരിവാര്‍ പേജുകളില്‍ ഇത് പ്രചരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ രൂപ സാദൃശ്യമുള്ള ഈ ഓട്ടോ ഡ്രൈവറുടെ പേര് ഷെയ്ഖ് അയ്യൂബ് എന്നാണ്. തെലങ്കാനയിലെ ആദിലബാദ് ജില്ലയിലാണ് ഓട്ടോ ഓടിച്ച് ജീവിതം പുലര്‍ത്തുന്നത്.
നരേന്ദ്ര മോദിക്ക് മൂന്ന് സഹോദരന്‍മാരാണ് ഉള്ളത്. മൂവരും ഓട്ടോ ഓടിക്കുന്നില്ല. സോംഭായ് മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി എന്നിവരാണ് പ്രധാനമന്ത്രിയുടെ സഹോദരന്‍മാര്‍. ഇളയ സഹോദരന്‍ പ്രഹ്ലാദ് മോദി ഒരു കടയുടമയാണ്. അമൃത് മോദി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരനാണ് മൂത്ത സഹോദരന്‍ സോംഭായ് മോദി.