സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
'കലാപമുണ്ടായ എല്ലായിടത്തും കാണപ്പെട്ട പെണ്‍കുട്ടി ഇതാണ്'. സഫ ഫെബിന്‍ എന്ന മലയാളി വിദ്യാര്‍ത്ഥി രാഹുല്‍ ഗാന്ധി എംപിയോടൊപ്പം വേദിയില്‍ നില്‍ക്കുന്ന ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഹിന്ദി കുറിപ്പാണിത്. രാഹുലിനൊപ്പമുള്ള പെണ്‍കുട്ടിയാണ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി പൊലീസിന്റെ അതിക്രമങ്ങളെ വിരല്‍ചൂണ്ടി ചോദ്യം ചെയ്ത് പ്രക്ഷോഭത്തിന്റെ മുഖമായതെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. സംഘപരിവാര്‍ അനൂകൂല സമൂഹ മാധ്യമ ഗ്രൂപ്പുകളിലും പേജുകളിലും അക്കൗണ്ടുകളിലുമാണ് പോസ്റ്റ് വൈറലായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ പ്രചരണം അരങ്ങേറുന്നത്.
പ്രചരണത്തിന്റെ വാസ്തവം
ഹിന്ദി പോസ്റ്റുകളായി വ്യാജ പ്രചരണമാണ് അരങ്ങേറുന്നത്. വൈറലായ ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ളത് അദ്ദേഹത്തിന്റെ പ്രസംഗം മലയാളീകരിച്ച് ശ്രദ്ധയാകര്‍ഷിച്ച സഫ ഫെബിന്‍ ആണ്. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. സഫയുടെ പരിഭാഷയുടെ വീഡിയോ സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതുമാണ്. അത്തരത്തില്‍ സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നും സഫ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥി ആയിഷ റെന്നയാണ്, സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സുഹൃത്തിനെ മര്‍ദ്ദിച്ച പൊലീസിനെ മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ആയിഷ വിരല്‍ചൂണ്ടി ചോദ്യം ചെയ്യുകയും മടങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ത്തിയ ആയിഷ സമരത്തിന്റെ മുഖമായി മാറുകയും ചെയ്തു. വാസ്തവമിതായിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ നടത്തിയ സഫയാണ് പൊലീസിനെ ചോദ്യം ചെയ്തതെന്ന വ്യാജ പ്രചരണം രാഷ്ട്രീയ എതിരാളികള്‍ പടച്ചുവിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയവര്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന് വരുത്തുകയായിരുന്നു പ്രചരണത്തിന്റെ ലക്ഷ്യം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം