സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്'
മരണത്തിന്റെ തലേന്ന് രാത്രിയില്‍ ആശുപത്രിയില്‍ നിന്നുള്ള ഋഷികപൂറിന്റെ വീഡിയോ എന്ന കുറിപ്പോടെയായിരുന്നു വൈറല്‍ പോസ്റ്റ്. ആശുപത്രി കിടക്കയിലുള്ള ഋഷി കപൂറിന് സമീപത്തിരുന്ന് യുവാവ് പാടുകയും അത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. ഋഷി കപൂര്‍ അഭിനയിച്ച ദീവാന എന്ന ചിത്രത്തിലെ 'തേരേ ദര്‍ദ് സേ ദില്‍ ആബാദ് രഹാ' എന്ന ഗാനമാണ് യുവാവ് ആലപിക്കുന്നത്. പിന്നാലെ നടന്‍ ആ യുവാവിനെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നു.
വ്യാഴാഴ്ച ഋഷി കപൂറിന്റെ വിയോഗമുണ്ടായതിന് പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മരണത്തിന് തൊട്ടുതലേന്ന് രാത്രിയിലെ വീഡിയോ എന്ന കുറിപ്പോടെയാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ അക്കൗണ്ടുകളില്‍ പങ്കുവെച്ചത്.
പ്രചരണത്തിന്റെ വാസ്തവം
പ്രസ്തുത വീഡിയോ ഋഷി കപൂറിന്റെ മരണത്തിന്റെ തലേന്ന് ആശുപത്രിയില്‍ ചിത്രീകരിക്കപ്പെട്ടതല്ല. അതിന് ഏതാണ്ട് മൂന്ന് മാസം പഴക്കമുണ്ട്. ഫെബ്രുവരി ആദ്യവാരമാണ് വീഡിയോ ചിത്രീകരിച്ചത്. ഡല്‍ഹി സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴത്തേതാണ് ദൃശ്യം. 2020 ഫെബ്രുവരി 3 ന് ഈ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ധീരജ് കുമാര്‍ സാനു എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇദ്ദേഹം ഫെബ്രുവരി 4 ന് ഋഷി കപൂറിനൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇയാള്‍ തന്നെയാണ് വീഡിയോയില്‍ പാടുന്നതും. ഫെബ്രുവരി ഒന്നിനോ രണ്ടിനോ ആണ് ഇത് ചിത്രീകരിച്ചതെന്ന് ധീരജ് കുമാര്‍ ഇന്ത്യാ ടുഡെയോട് പറഞ്ഞു. ഉത്തരാഖണ്ഡ് സ്വദേശിയായ ധീരജ് മാക്‌സ് ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ്. ഫെബ്രുവരി ആദ്യവാരമാണ് ഋഷി കപൂറിനെ പ്രവേശിപ്പിച്ചിരുന്നതെന്ന് മാക്‌സ് ആശുപത്രിയും വ്യക്തമാക്കി. അണുബാധയെ തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടാതെ ധീരജ് വുളന്‍ സ്വെറ്ററാണ് ധരിച്ചിരിക്കുന്നത്. ഇപ്പോള്‍ മുംബൈയില്‍ താപനില 30 ഡിഗ്രി കടന്നിട്ടുണ്ട്. സ്വാഭാവികമായും തണുപ്പുള്ള സമയത്ത് ചിത്രീകരിക്കപ്പെട്ടതാണ് വീഡിയോ എന്ന് ഇത് സൂചിപ്പിക്കുന്നുമുണ്ട്. ദ ടൈംസ് ഓഫ് ഇന്ത്യ. അമര്‍ ഉജാല, ആജ് തക് എന്നീ മാധ്യമങ്ങളും മരണത്തിന്റെ തലേന്നുള്ള വീഡിയോയെന്ന് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ അവര്‍ തിരുത്തി.
അതേസമയം തങ്ങളുടെ ആശുപത്രിയില്‍ നിന്നുള്ള ഋഷി കപൂറിന്റെ ഒരു വീഡിയോ പ്രചരിക്കുന്നതില്‍ വിശദീകരണവുമായി മുംബൈ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.രോഗികളുടെ സ്വകാര്യത തങ്ങളെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വ്യക്തമാക്കുന്നു. ആശുപത്രിക്കുള്ളില്‍ നിന്ന് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവരിക്കുന്നുണ്ട്.