സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായയും താടിയും തകര്‍ന്ന് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇതിന്‍മേല്‍ ദേശീയ തലത്തിലടക്കം ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നുവരികയുമാണ്. ട്വിറ്ററില്‍ #riphumanity , #KeralaElephantMurder തുടങ്ങിയ ഹാഷ് ടാഗുകളും ട്രെന്‍ഡിംഗായി. അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ കൊടുംക്രൂരത ചര്‍ച്ചയായി. എന്നാല്‍ ആന കൊല്ലപ്പെട്ട സംഭവം കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിനും, വ്യാജ വാര്‍ത്തകള്‍ക്കുമുള്ള അവസരമാക്കിയിരിക്കുകയാണ് ചില ഹിന്ദുത്വ ഗ്രൂപ്പുകള്‍. ബിജെപി നേതാവ് മനേകാ ഗാന്ധി ഉള്‍പ്പെടെ വ്യാജപ്രചരണങ്ങള്‍ ഏറ്റെടുത്തു. ക്രിമിനല്‍ ചെയ്തികളുടെ കേന്ദ്രമായ മലപ്പുറത്ത് ആന ആക്രമിക്കപ്പെട്ടു എന്നായിരുന്നു മനേകയുടെ ട്വീറ്റ്. മുസ്ലിം ഭൂരിപക്ഷ ജില്ലയില്‍ ആനയെ കൊലപ്പെടുത്തിയെന്നും പ്രചരണമുണ്ടായി. വ്യാജ പ്രചരണങ്ങളും വസ്തുതകളും പരിശോധിക്കാം.
ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്നാണ് ഒരു പ്രചരണം. എന്‍.ഡി.ടി.വി ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ മലപ്പുറം ജില്ലയിലാണ് സംഭവമെന്നാണ് പരാമര്‍ശിച്ചിരുന്നത്. സംഘപരിവാര്‍ അനൂകൂല ട്വീറ്റുകളിലും മലപ്പുറത്തിനെ അധിക്ഷേപിക്കുന്നു. ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ ട്വീറ്റ് ഇന്ത്യാ ടിവി റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയില്‍ ഏറ്റവും അക്രമം നടക്കുന്ന ജില്ലയാണ് മലപ്പുറം എന്ന രീതിയിലുമാണ്.
എന്നാല്‍ വസ്തുത മറിച്ചാണ്. പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് സംഭവം. 20 വയസ്സുള്ള പിടിയാന മണ്ണാര്‍ക്കാട് ഭാഗത്ത് തിരുവിഴാംകുന്ന് ഭാഗത്ത് എത്തുമ്പോള്‍ വായ തകര്‍ന്ന നിലയിലായിരുന്നു. അപകടമുണ്ടായി ഒരാഴ്ച ആന കാടിനുള്ളില്‍ കഴിച്ചുകൂട്ടിയിരിക്കാമെന്നാണ് കരുതുന്നത്. കടുത്ത വേദനകാരണം ഭക്ഷണവും വെള്ളവുമൊന്നും കഴിക്കാനാകാതെ വന്നപ്പോള്‍ കാടിന് പുറത്തുവന്നതായിരിക്കുമെന്നും വനംമന്ത്രി ദ ക്യുവിനോട് പറഞ്ഞിരുന്നു. ഈച്ചയും മറ്റ് കീടങ്ങളും പൊതിഞ്ഞ് വേദന കൂട്ടിയതിനാലാകണം അത് പുഴയില്‍ ഇറങ്ങിനിന്നതെന്നാണ് അധികൃതര്‍ അനുമാനിക്കുന്നത്. ഡോക്ടര്‍മാരെ എത്തിച്ച് നിരീക്ഷിക്കുകയും കുങ്കിയാനകളെ ഉപയോഗിച്ച് അതിനെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയുമാണ്.
ആനയെ കൊലപ്പെടുത്താനായി പൈനാപ്പിളില്‍ പടക്കം അല്ലെങ്കില്‍ സ്‌ഫോടകവസ്തു വെച്ച് കഴിക്കാന്‍ നല്‍കി എന്നതാണ് മറ്റൊരു പ്രചരണം.
അടിസ്ഥാന രഹിതമാണ് ഈ പ്രചരണം. പൈനാപ്പിളിലോ എന്തെങ്കിലും തീറ്റയിലോ സ്‌ഫോടകവസ്തു വെച്ച് ആനയ്ക്ക് ഭക്ഷണമായി നല്‍കിയതല്ല. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കാട്ടുപന്നികളെ തുരത്താന്‍ ചിലര്‍ പൈനാപ്പിള്‍ കെണി വെയ്ക്കാറുണ്ട്. ആനയത് കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് വായ തകര്‍ന്നതാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കാട്ടുപന്നിയെന്നല്ല വന്യജീവികള്‍ക്കെതിരെ ഇത്തരം കെണികള്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. തീറ്റയ്ക്ക് അകത്ത് പടക്കം വെച്ച് കെണിയൊരുക്കിയതാണോ അതല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ സംഭവിച്ചതാണോ എന്നെല്ലാം അന്വേഷിച്ചുവരികയാണെന്നാണ് മന്ത്രി കെ രാജു ദ ക്യുവിനോട് വ്യക്തമാക്കിയത്. ആനയെ കൊല്ലാന്‍ ബോധപൂര്‍വം പൈനാപ്പിളില്‍ പടക്കം വച്ചതാണോ എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ലെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാറും അറിയിച്ചിട്ടുണ്ട്.
ഹിന്ദുവിന്റെ പുണ്യമൃഗമായ ആനയെ മുസ്ലിം ഭൂരിപക്ഷ മേഖലയിലുള്ളവര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു വിദ്വേഷ പ്രചരണം
മലപ്പുറത്താണ് ഈ സംഭവം എന്ന പ്രചരണത്തിന്റെ തുടര്‍ച്ചയാണ് ഈ വാദവും. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രചരണമെന്ന് വ്യക്തമാണ്. ഒപ്പം ഇസ്ലാമോഫോബിയയുമാണ് ഇത്തരം വ്യാജപ്രചരണങ്ങളുടെ കാതല്‍. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും കേരളത്തിനെതിരെ ദേശീയ തലത്തില്‍ പ്രചരണമുണ്ടായിരുന്നു. രാഹുല്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്നായിരുന്നു ആദ്യ പ്രചരണം. രാഹുല്‍ ഗാന്ധിയുടെ പ്രചരണ റാലിയില്‍ പാക് പതാക ഉപയോഗിച്ചുവെന്നായിരുന്നു മറ്റൊന്ന്. മുസ്ലീം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് വ്യാജ പ്രചരണം.