വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് കൈക്കുഞ്ഞിനെയുമേന്തി മുദ്രാവാക്യം വിളിച്ച് ശ്രദ്ധയാകര്‍ഷിച്ച ആതിര വാഹനാപകടത്തില്‍ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ഇതിനെതിരെ ഭര്‍ത്താവ് ജിജി മോഹന്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. ആതിര ജീവിച്ചിരിപ്പുണ്ടെന്നും മരണപ്പെട്ടത് നീലിമയെന്ന യുവതിയാണെന്നും ജിജി മോഹന്‍ വ്യക്തമാക്കി. നവമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യര്‍ത്ഥിച്ച് നീലിമയുടെയും ആതിരയുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കോട്ടയം തലയോലപ്പറമ്പില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് നീലിമയെന്ന 26 കാരി മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ചക്കുകുഴി കരോട്ട് ബിനീഷിന്റെ ഭാര്യയായിരുന്നു നീലിമ. ബിനീഷിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഈ യുവതിയുടെ ചിത്രത്തിനൊപ്പം ആതിര വനിതാ മതിലിനോട് അനുബന്ധിച്ച് മുദ്രാവാക്യം മുഴക്കുന്ന ഫോട്ടോയും ചേര്‍ത്തുവെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രചരണമുണ്ടായത്. ആതിരയുടെ അന്നത്തെ ചിത്രത്തെ തെറ്റായാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ തലയോലപ്പറമ്പിലൂടെ കൈക്കുഞ്ഞിനെയും ഒക്കത്തെടുത്ത് ഉശിരോടെ അടിവെച്ച് നീങ്ങിയവള്‍ എന്നാണ് പരാമര്‍ശിക്കുന്നത്.
ഒരു ലോറിയുടെ രാക്ഷസപ്പാച്ചിലില്‍ അവള്‍ പൊലിഞ്ഞുപോയെന്നും വിവരിക്കുന്നു. എന്നാല്‍ ചിത്രം ആതിരയുടേത് തന്നെയാണെന്നും എന്നാല്‍ മരിച്ചത് നീലിമയെന്ന യുവതിയാണെന്നും ചിത്രങ്ങള്‍ സഹിതം ജിജി മോഹന്‍ വ്യക്തമാക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ് ആതിര. എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കുമ്പോള്‍ ഒക്കത്തുണ്ടായിരുന്നത് മകള്‍ ദുലിയ മല്‍ഹാറും.