കുറച്ച് ദിവസങ്ങളായി ഇന്ത്യയിലെ ക്രിപ്റ്റോകറൻസി ഉടമകൾ ആശങ്കയിലാണ്. ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നു, നിയന്ത്രിക്കാൻ പോകുന്നു, എന്നിങ്ങനെ പല തരത്തിലുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറൻസികളെയും നിയന്ത്രിക്കുന്നതിനായി ഒരു ബിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചതുമുതലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങുന്നത്. ആശങ്കകൾ വർധിച്ചപ്പോൾ പലരും നിക്ഷേപങ്ങൾ വിൽക്കാൻ ശ്രമിച്ചതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ ക്രിപ്റ്റോ മാർക്കറ്റിൽ വലിയൊരു ഇടിവ് സംഭവിച്ചിരുന്നു. ഇതുമൂലം പല ഇന്ത്യൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുടെയും സെർവർ തകരാറിലുമായിരുന്നു.
എന്താണ് ഇപ്പോൾ വന്നിരിക്കുന്ന ബിൽ? ബില്ലിൽ പറയുന്നപോലെ ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾ നിരോധിക്കുമോ? ഏതൊക്കെയാണ് പ്രൈവറ്റ് കറൻസികൾ?
ഇപ്പോൾ ക്രിപ്‌റ്റോകറൻസിയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾ മനസ്സിലാക്കാൻ, എങ്ങനെ ഇവിടെയെത്തിയെന്ന് ഒന്ന് പരിശോധിക്കാം.
2008 ൽ ‘ബിറ്റ്‌കോയിൻ: എ പിയർ ടു പിയർ ഇലക്ട്രോണിക് ക്യാഷ് സിസ്റ്റം’ എന്ന തലക്കെട്ടിലുള്ള ഒരു പ്രബന്ധം സതോഷി നകമോട്ടോ എന്ന പേരിൽ ഇൻറർനെറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. അങ്ങനെയാണ് ആദ്യത്തെ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻറെ തുടക്കം. 2010 ലാണ് ആദ്യത്തെ ക്രിപ്റ്റോ സെയിൽ നടക്കുന്നത്. ഒരു ഉപഭോഗ്താവ് 10000 ബിറ്റ്‌കോയിൻ ഉപയോഗിച്ച് 2 പിസ്സ വാങ്ങുന്നു. ഇതോടെ ആദ്യമായി ക്രിപ്‌റ്റോകറൻസിയിലേക്ക് പണത്തിന്റെ മൂല്യം അറ്റാച്ചുചെയ്യപെട്ടു. 2011 ഓടെ Litecoin, Namecoin, Swiftcoin എന്നിവയുൾപ്പെടെ മറ്റ് ക്രിപ്‌റ്റോകറൻസികൾ ഉയർന്നുവരാൻ തുടങ്ങി.
ഇതേസമയത്ത് ഡാർക്ക് വെബിൽ നിയമവിരുദ്ധമായ ഇടപാടുകൾക്ക് പണം നൽകുന്നതിന് ബിറ്റ്‌കോയിൻ ഉപയോഗിക്കുന്നുണ്ടെന്ന ഒരു വിവാദവും ഉയർന്നുവന്നിരുന്നു. 2012 നും 2017 നും ഇടയിൽ ക്രിപ്റ്റോകറൻസികളുടെ ഉപയോഗം ഗണ്യമായി വർധിച്ചു. 2012 ന്റെ തുടക്കത്തിൽ 5 ഡോളർ മാത്രം വിലയുണ്ടായിരുന്ന ബിറ്റ്‌കോയിന് 2017 ന്റെ അവസാനത്തോടെ 1000 ഡോളറിനു അടുത്തതായി വില. ഈ സമയത്ത് തന്നെയാണ് ഇന്ത്യയിൽ Zebpay, Coinsecure, Koinex, Pocket Bits പോലുള്ള ക്രിപ്റ്റോകറൻസി എക്‌സ്‌ചെയിഞ്ചുകൾ ഉയർന്നുവന്നത്.
കൂടാതെ ഈ കാലയളവിൽ 2013 ലും 2017 ലും ക്രിപ്റ്റോകറൻസിയെക്കുറിച്ച് ഇറങ്ങിയ RBI യുടെ രണ്ട് പത്രക്കുറിപ്പുകൾ വളരെ അധികം ചർച്ചയായിരുന്നു. വെർച്വൽ കറൻസികളെ സെൻട്രൽ ബാങ്ക് പിന്തുണക്കുന്നില്ലെന്നും അവയുടെ മൂല്യം ഒരു ആസ്തിയുടെ അടിസ്ഥാനത്തിലല്ലാത്തതിനാൽ അതൊരു ഊഹക്കച്ചവടമാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനുപുറമെ 2017 ൽ ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്നും, അതിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് പൊതുതാത്പര്യ ഹർജികളും സുപ്രീം കോടതിയിലെത്തി.
ഇതിന്റെ അടിസ്ഥനത്തിൽ 2017 നവംബറിൽ രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയുടെ വികസനവും നിയന്ത്രണവും പരിശോധിക്കാനായി അന്നത്തെ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ നേതൃത്വത്തിൽ ഒരു 8 അംഗ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു.
എന്നാൽ 2018 ഏപ്രിൽ 6 ന് വളരെ അപ്രതീക്ഷിതമായ ഒരു സർക്കുലർ ആർബിഐ പുറപ്പെടുവിച്ചു. സർക്കുലർ അനുസരിച്ച് വാണിജ്യ, സഹകരണ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻബിഎഫ്‌സികൾ, പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾ എന്നിവയെ വെർച്വൽ കറൻസികൾ കൈകാര്യം ചെയ്യുന്നത്തിൽനിന്നും അവ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും സേവനങ്ങൾ നൽകുന്നത്തിൽനിന്നും RBI തടഞ്ഞു.
ഇതോടെ ഒറ്റരാത്രികൊണ്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക്, ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയാതെയായി. ട്രേഡിങ്ങ് വോളിയം 99% കുറയുകയും 2018 ഓഗസ്റ്റിൽ ഏകദേശം 95% ജോലികൾ ഇല്ലാതാവുകയും ചെയ്തു. ഈ തീരുമാനം തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി, WazirX ഉൾപ്പെടെ നിരവധി ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ 2018 മെയ് 15 ന് സുപ്രീം കോടതിയിൽ ഒരു റിട്ട് ഹർജി ഫയൽ ചെയ്തു.
പിന്നീട് 2019 ജൂലൈയിൽ ഗാർഗ് കമ്മിറ്റി പഠനങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തിറക്കി. പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ വെർച്വൽ കറൻസികൾ നിരോധിക്കണമെന്നും ഇത്തരത്തിൽ ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികളും പിഴയും ചുമത്തണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യത്തിനായി ഒരു ഔദ്യോഗിക ഡിജിറ്റൽ കറൻസിയെ പറ്റി സർക്കാർ ചിന്തിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ‘Banning of Cryptocurrency & Regulation of Official Digital Currency Bill, 2019’ എന്നൊരു കരട് ബില്ലും കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.
2020 മാർച്ച് 4 നു സുപ്രീം കോടതി കേസിൽ വിധി പുറപ്പെടുവിച്ചു. രാജ്യത്ത് ക്രിപ്‌റ്റോകറൻസികൾ അനിയന്ത്രിതമാണെങ്കിലും നിയമവിരുദ്ധമല്ലെന്നും അതിനാൽ RBI ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും അന്ന് കോടതി പറഞ്ഞു. ഇതോടെ പ്രതിസന്ധിയിലായിരുന്ന ക്രിപ്റ്റോ മാർക്കറ്റ് വീണ്ടും ഉണർന്നു.
എന്നാൽ പിന്നീട് 2021 -ൽ 'ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021' എന്ന പേരിൽ ഒരു ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആര്‍.ബി.ഐ ഇഷ്യു ചെയ്യുന്ന ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുക എന്നതാണ് ഈ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനും അതിന്റെ ഉപയോഗവും നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയിലുടനീളമുള്ള എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെയും നിരോധിക്കുകയും ചെയ്യും എന്നും ബില്ലിലുണ്ട്.
എന്നാൽ ചില കാരണങ്ങളാൽ ബിൽ പാര്ലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നില്ല. ബില്ലിന്റെ കരടുരൂപം തയ്യാറായെങ്കിലും വിഷയത്തിൽ വീണ്ടും ചർച്ചകൾ ആവശ്യമുണ്ടെന്നും പ്രാധാന്യമർഹിക്കുന്ന മറ്റ് ബില്ലുകൾ ഉണ്ടെന്നുമൊക്കെയാണ് ഇതിന്റെ കാരണമായി പറഞ്ഞത്. ഈ ബില്ലാണ് ഇപ്പോൾ പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.
സാധാരണയായി പബ്ലിക്ക് എന്നു പറയുന്നത് സര്‍ക്കാര്‍ മേഖലകളിലുള്ളവയെയും പ്രൈവറ്റ് എന്നു പറയുന്നത് സ്വകാര്യമേഖലകളിലുള്ളവയെയും സൂചിപ്പിക്കാനാണ്. എന്നാൽ ക്രിപ്റ്റോകറൻസികളുടെ കാര്യത്തിൽ അത് ആരുടെ ഉടമസ്ഥതയിലാണ്? സ്വകാര്യ ക്രിപ്റ്റോകറൻസിയെന്ന് ബില്ലിൽ എടുത്തുപറയുമ്പോൾ എന്താണ് സ്വകാര്യ ക്രിപ്റ്റോകറൻസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നോ ഏതൊക്കെ കോയിനുകളാണ് സ്വകാര്യ ക്രിപ്റ്റോ കറൻസി എന്നതിന് കീഴിൽ പരിഗണിക്കുന്നതെന്നോ ബില്ലിന്റെ കരടുരൂപത്തിൽ വ്യക്തതയില്ല.
ഭൂരിഭാഗം ക്രിപ്റ്റോ കറന്‍സികളും ബ്ലോക് ചെയിന്‍ ടെക്നോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഒരു പരിധിവരെ അത് അനോണിമസ്സാണ്. എന്നാല്‍ പൂര്‍ണ്ണമായും അങ്ങനെയാണെന്ന് പറയാനുമാവില്ല. ക്രിപ്റ്റോകറൻസി വിദഗ്ധരുടെ അഭിപ്രായത്തിൽ പബ്ലിക് ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കുകൾ വഴി പ്രവർത്തിക്കുന്നവയെ പബ്ലിക് കോയിൻസ് എന്ന് പറയാനാവും. അതായത് അവയുടെ ഇടപാടുകൾ കണ്ടെത്താനാകുമെങ്കിലും അത് ഉപഭോഗ്താക്കൾക്ക് കുറച്ച് അജ്ഞാതത്വം നൽകുന്നു. ബിറ്റ്‌കോയിൻ, എത്തീറിയം, ലൈറ്റ്കോയിൻ, XRP എന്നിവയൊക്കെയാണ് ഈ കൂട്ടത്തിലുള്ളത്. എന്നാൽ ഉപഭോഗ്താക്കൾക്ക് പൂർണ്ണമായും സ്വകാര്യത നൽകുന്നതും ഇടപാട് വിശദാംശങ്ങൾ മറച്ചുവെക്കുന്നതുമായ മറ്റ് നിരവധി ക്രിപ്‌റ്റോകറൻസികളുണ്ട്. ഇവയെയാണ് സ്വകാര്യ ക്രിപ്റ്റോറൻസികൾ എന്ന് വിളിക്കാവുന്നത്. മോനേറോ, Zcash , ഡാഷ്, ഹൊറൈസൻ, വേർജ്, ബീം, പോലുള്ളവയാണ് ഈ കൂട്ടത്തിൽ പെടുന്നവ.
എന്നാൽ ഇത് തന്നെയാണോ സർക്കാർ ഉദ്ദേശിക്കുന്നത് എന്നതിലാണ് വ്യകതയില്ലാത്തത്. ഗാർഗ് കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, സർക്കാരിന്റേതല്ലാത്തതെല്ലാം ഒരു സ്വകാര്യ ക്രിപ്‌റ്റോകറൻസിയാണ്. സർക്കാർ എന്തെങ്കിലും ആരംഭിക്കുകയാണെങ്കിൽ, അത് പൊതുവായതാണ്, എന്നാൽ സർക്കാർ നിയന്ത്രണത്തിന് പുറത്തുള്ള മറ്റുള്ളവ സ്വകാര്യമാണ്. ഇതാണ് സംശയങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കുന്നത്. ഇതിൽ കൃത്യമായൊരു മറുപടി ഇതുവരെയും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുമില്ല.
ധനമന്ത്രി നിർമ്മല സീതാരാമനും വിഷയത്തിൽ കൂടുതലൊന്നും പറഞ്ഞിട്ടില്ല. "ക്രിപ്റ്റോ ലോകത്ത് നടക്കേണ്ട എല്ലാത്തരം പരീക്ഷണങ്ങൾക്കും ഒരു ജാലകം ലഭ്യമാണെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് " അവർ പ്രതികരിച്ചത്. "2019-ൽ താൻ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ബിൽ എന്താണ് നിർദ്ദേശിച്ചതെന്ന് വളരെ വ്യക്തമാണ്. എന്നാൽ സർക്കാർ ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് ക്രിപ്‌റ്റോകറൻസികൾ പോലെ നിഗൂഢമാണെന്ന്" ഗാർഗ് കമ്മിറ്റി അധ്യക്ഷനായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗും പറഞ്ഞിരുന്നു.
ഇതിനാൽ തന്നെ ക്രിപ്റ്റോയ്ക്ക് ഇന്ത്യയിൽ ഒരു ബ്ലാങ്കെറ്റ് ബാൻ ഉണ്ടാവുമോ എന്നാണ് ഉപഭോഗ്താക്കൾ ഭയക്കുന്നത്. ഈ ആശങ്ക കൊണ്ടാണ് പലരും നിക്ഷേപങ്ങൾ വിൽക്കാൻ ശ്രമിച്ചതും അതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ ക്രിപ്റ്റോ മാർക്കറ്റിൽ വലിയൊരു ഇടിവ് സംഭവിച്ചതും. ക്രിപ്റ്റോ പൂർണ്ണമായും നിരോധിക്കപെടുകയാണെങ്കിൽ അത് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ക്രിപ്റ്റോകറൺസി പൂർണ്ണമായും നിരോധിച്ചുകൊണ്ട് അതിന്റെ സാങ്കേതിക വിദ്യ നിലർനിർത്തുന്നതെങ്ങനെ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. 2018 ലെ ആർബിഐയുടെ നിരോധനത്തിന് ശേഷം സംഭവിച്ചതിന് സമാനമായി, ഒരു ബ്ലാങ്കറ്റ് ബാൻ നടന്നാൽ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നിക്ഷേപകരും ഇന്ത്യയിൽ നിന്ന് ക്രിപ്റ്റോ നിരോധിതമല്ലാത്ത മറ്റു രാജ്യങ്ങളിലേക്ക് പോകുമോയെന്നും ഭയമുണ്ട്. അതുപോലെ നിരോധനം ഏർപ്പെടുത്തിയാൽ നിക്ഷേപകർക്ക് അവരുടെ കൈവശമുള്ള കോയിനുകൾ വിൽക്കാൻ സമയം അനുവദിക്കുമോയെന്നും ആശങ്കകളുണ്ട്.
എന്നാൽ ഒരു കാര്യം ഉറപ്പാണ്, ക്രിപ്‌റ്റോകറൻസികൾ പൂർണ്ണമായും നിരോധിക്കുന്നത് ടിക് ടോക്കും പബ്ജിയുമൊക്കെ നിരോധിച്ചതുപോലെ അത്ര എളുപ്പത്തിൽ സാധിക്കില്ല.