Explainer

ധ്രുവ് റാഠി എന്ന ഒറ്റയാൾ പട്ടാളം

മിഥുൻ പ്രകാശ്

2019ലെ ഇലക്ഷൻ കാലം,

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസി മണ്ഡലത്തിൽ രാജാന്തര മാധ്യമസ്ഥാപനമായ ബിബിസി അവർക്കായി ഗ്രൗണ്ട് റിപ്പോർട്ടിംഗ് സ്വഭാവത്തിൽ വീഡിയോ തയ്യാറാക്കാൻ നിയോഗിച്ചത് മുൻനിര ജേണലിസ്റ്റുകളെ ആരെയുമായിരുന്നില്ല. പകരം ഒരു 24 വയസുകാരൻ യൂട്യൂബർ. വാരണാസി മണ്ഡലത്തിന്റെ വികസനപ്രശ്‌നങ്ങളും അഞ്ച് വർഷം മോദി ആ മണ്ഡലത്തിൽ എന്ത് നടപ്പാക്കിയെന്നും തിരക്കി ജനങ്ങൾക്ക് മുന്നിലെത്തി. ടെലിവിഷൻ ജേണലിസത്തിന്റെ കൺവെൻഷണൽ ശൈലിയോ, ശരീരഭാഷയോ പിന്തുടരാത്ത ആളായിരുന്നു ആ സെൻസേഷണൽ യൂട്യൂബർ. അത് ധ്രുവ് റാഠിയായിരുന്നു.

ആരാണ് ധ്രുവ് റാഠി ?

എന്തുകൊണ്ടാണ് ധ്രുവ് റാഠി എന്ന പേര് വർത്തമാന കാല ഇന്ത്യയിൽ ചർച്ചയാകുന്നത് ?

ട്രാവൽ കോൺടെന്റുകൾ ചെയ്താണ് ധ്രുവ് റാഠി യൂട്യൂബ് കോൺടെന്റ് ക്രിയേഷനിലേക്ക് കടന്നു വന്നത്. പിന്നീട് എക്പ്ലൈനറിലേക്കും ഫാക്ട് ചെക്കിങ്ങിലേക്കും ധ്രുവ് വഴി മാറി. ബിജെപി ഗവണ്മെന്റ് അധികാരത്തിലേറിയ അതേ വർഷം 2014 ഒക്ടോബറിലാണ് ധ്രുവ് തന്റെ ആദ്യ പൊളിറ്റിക്കൽ വീഡിയോ അപ് ലോഡ് ചെയ്യുന്നതും BJP Exposed: Lies Behind The Bullshit എന്ന ടൈറ്റിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതും ഇപ്പോൾ അതിന് വിപരീതമായി ചെയുന്ന ഓരോ കാര്യങ്ങളും വിഷ്വൽസ് കലർത്തിയുള്ള മ്യൂസിക്കൽ വീഡിയോയിലൂടെ ധ്രുവ് പുറത്തു വിട്ടു.

ധ്രുവ് റാഠി

തന്റെ ആദ്യ പൊളിറ്റിക്കൽ വിഡിയോ ശ്രദ്ധിക്കപെട്ടതോടെ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് സംഘപരിവാർ, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാർത്തകളെ വിമർശിച്ചു കൊണ്ടുള്ള ധാരാളം വിഡിയോകളുമായി ധ്രുവ് എത്തി. രാജ്യം ചർച്ച ചെയ്ത സുപ്രധാന വാർത്തകൾ പലതും വിഡിയോക്ക് വിഷയങ്ങളായി. ഉറി ഭീകരാക്രമണം, സർജിക്കൽ സ്ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബിൽ, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്കിങ്... അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമർശിച്ചു. മോദിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളിൽ ആരായിരുന്നു മികച്ചത്?കറൻസി നിരോധനം കൊണ്ട് ആർക്കാണ് ലാഭമുണ്ടായത്? അങ്ങനെ പല കാര്യങ്ങളിലും സധൈര്യം അഭിപ്രായം പ്രകടിപ്പിച്ചു.

സങ്കീർണ്ണമായ ഏതൊരു വിഷയത്തെയും ലളിതമായ വാക്കുകളിൽ വീഡിയോയിലൂടെ വിശദീകരിക്കുന്നു എന്നുള്ളതാണ് ധ്രുവിന്റെ വീഡിയോയുടെ ഒരു പ്രത്യേകത. രാജ്യത്തെ ബഹുപൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഹിന്ദിയിലാണ് ധ്രുവ് സംസാരിക്കുന്നത് എന്നുള്ളതും ‌വീഡിയോ ഫോർമാറ്റിൽ സംവദിക്കുന്നു എന്നതും സാധാരണക്കാരിലേക്ക് തന്റെ വിഡിയോ എത്താൻ ധ്രുവ് റാഠിയെ സഹായിക്കുന്നു.

എന്നാൽ ധ്രുവിനു കിട്ടിയ സ്വീകാര്യത ബിജെപി സൈബറിടങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത് . അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകളും സൈബർ ആക്രമണങ്ങളും തുടങ്ങി. ഇതെല്ലാം ധ്രുവ് റാഠിയെ കൂടുതൽ കരുത്താനാക്കുകയും ധ്രുവിന്റെ വീഡിയോകളുടെ പോപ്പുലാരിറ്റി വർധിപ്പിക്കുകയും മാത്രമാണ് ചെയ്തത്.

കേരള സ്റ്റോറി സിനിമയെക്കെതിരെ ധ്രുവ് റാഠി പോസ്റ്റ് ചെയ്ത വിഡിയോ

ഇത് കൂടാതെ 32,000 പെൺകുട്ടികളെ ഐഎസിലേക്ക് കടത്തിയെന്ന കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി ഇറങ്ങിയ കേരള സ്റ്റോറി സിനിമയെക്കെതിരെ വസ്തുതകൾ നിരത്തി വീഡിയോയുമായി ധ്രുവ് എത്തിയതോടെ മലയാളികൾക്കിടയിൽ ധ്രുവ് കൂടുതൽ സുപരിചിതനായി. 19 മില്യൺ ആളുകൾ ആ വിഡിയോ കണ്ടു. കേരള സ്റ്റോറി ഏറ്റവും കൂടുതൽ പണം നേടിയ ഹിന്ദി ഹൃദയ ഭൂമിയിൽ, ഇതിനെ പ്രതിരോധിച്ചു ഹിന്ദി ഭാഷയിൽ ധ്രുവ് തയ്യാറാക്കിയ വീഡിയോ വ്യാപകമായി ചർച്ച ചെയ്യപ്പട്ടു.

2024 ഫെബ്രുവരി 22- ന് Is India becoming a DICTATORSHIP ? എന്ന ടൈറ്റിലിൽ ധ്രുവ് പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗം ട്രെൻഡിങ്ങിൽ കയറി. റഷ്യയുടെ വ്ലാദിമിർ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ് നരേന്ദ്രമോദിയെ ധ്രുവ് താരതമ്യം ചെയ്യുന്നത്. ദി ഡിക്റ്റർഷിപ്പ് എന്ന ഈ വീഡിയോ രണ്ട് കോടിയിലധികം പേർ കണ്ടു. #DhruvRathee എന്ന ഹാഷ് ടാഗ് തുടർച്ചയായ ദിവസങ്ങളിലെ എക്സ് ട്രെൻഡിങ് ലിസ്റ്റിൽ വന്നു .

ഇലക്‌ട്രൽ ബോണ്ട് വിഷയത്തിൽ ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ ഏതൊരു സാധാരണക്കാരനും വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചതായിരുന്നു. തന്റെ ലളിതമായ ശൈലിയിൽ എക്സാജറേഷനൊന്നുമില്ലാതെ അവതരിപ്പിച്ച വീഡിയോ 14 മില്ല്യൺ ആളുകളാണ് കണ്ടത്.

തെരഞ്ഞെടുപ്പിലെ അട്ടിമറിസാധ്യത, അസം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി നേതാവിന്റെ കാറിൽ നിന്ന് ഇ.വി.എം കണ്ടെടുത്ത സംഭവം, 19 ലക്ഷം വോട്ടിംഗ് മെഷീൻ കാണാതായ സംഭവം , അങ്ങനെ നിരവധി വിഷയങ്ങളിൽ വിഡിയോകളുമായി ധ്രുവ് വീണ്ടും വീണ്ടും കളം നിറഞ്ഞു.

ഏപ്രിൽ മാസം ആദ്യമിറങ്ങിയ Arvind Kejriwal Jailed! | DICTATORSHIP Confirmed? എന്ന ടൈറ്റിലിൽ ഉള്ള വിഡിയോയിൽ കെജ്‌രിവാളിന്റെ അറസ്റ്റിനെ കുറിച്ചും കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഇനിയുള്ള ദിവസങ്ങളിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും ചോദ്യം ചെയുന്ന വീഡിയോ കണ്ടന്റുമായി ധ്രുവ് നിലയുറപ്പിക്കും എന്നുള്ളത് ഉറപ്പാണ് .

ധ്രുവ് റാഠിയുടെ യൂട്യൂബ് അക്കൗണ്ട്

മാസം 10 വീഡിയോകൾ മാത്രം പോസ്റ്റ് ചെയ്യുന്ന 17 മില്ല്യൺ സബ്‌സ്‌ക്രൈബേഴ്‌സുള്ള ധ്രുവ് റാഠിയുടെ യൂട്യൂബ് അക്കൗണ്ട് കഴിഞ്ഞ എട്ടു വർഷംകൊണ്ട് എൻ.ഡി.ടി.വി, ഇന്ത്യാ ടുഡേ ഉൾപ്പടെയുള്ള ഇന്ത്യയിലെ മെയിൻ സ്ട്രീം മീഡിയകളുടെ യൂട്യൂബ് ചാനലിനേക്കാൾ ഫോളോവേഴ്‌സിനെ നേടിയെടുത്തു ഇതിൽ നിന്ന് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരന്റെ സ്വീകാര്യത തിരിച്ചറിയാം.

രാജ്യത്തെ മുൻനിര മാധ്യമങ്ങളിലേറെയും കോർപ്പറേറ്റ് നിയന്ത്രിതമാവുകയും മോദി ഭരണകൂടത്തോട് സമ്പൂർണ വിധേയത്വം ആവർത്തിക്കുകയും ചെയ്യുന്നിടത്താണ് മോദിയുടെ മൂന്നാമങ്കത്തിലും ക്രിയാത്മക പ്രതിപക്ഷമായും ഒറ്റയാൾ പട്ടാളമായും ധ്രുവ് റാഠി നിലയുറപ്പിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT