പൗരത്വ ഭേദഗതിബില്‍ 2019
1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെയാണ് മോഡി സര്‍ക്കാര്‍ സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ 2019ലൂടെ ഭേദഗതി വരുത്തുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുമെത്തി രേഖപ്പെടുത്തപ്പെടാതെ ഇന്ത്യയില്‍ കഴിഞ്ഞ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യന്‍ മതസ്ഥരായ അനധികൃത കുടിയേറ്റക്കാരേക്കുറിച്ചുള്ള നിര്‍വ്വചനം ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടും. ഈ ആറ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ആറ് വര്‍ഷത്തിനുള്ളില്‍ ഫാസ്റ്റ് ട്രാക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും
കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ 11 കൊല്ലം ഇന്ത്യയില്‍ താമസിച്ചതിന് രേഖയുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.
ആര്‍ക്കാണ് യോഗ്യത?
'മതത്തിന്റെ അടിസ്ഥാനത്തിലുള്ള പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍ക്ക്' ബില്‍ യോഗ്യത കല്‍പിക്കുന്നു. അനധികൃത കുടിയേറ്റപ്രവര്‍ത്തനങ്ങളില്‍ നിന്നും ഈ വിഭാഗത്തില്‍ പെട്ടവരെ സംരക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ബംഗ്ലദേശില്‍ നിന്നുള്ള ഹിന്ദു മതവിഭാക്കാരായിരിക്കും ഇത്തരത്തില്‍ ഇന്ത്യന്‍ പൗരത്വം നേടാന്‍ പോകുന്നവരില്‍ ഏറെയുമെന്നാണ് വിലയിരുത്തല്‍. പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ 2014 ഡിസംബര്‍ 31നുള്ളില്‍ ഇന്ത്യയില്‍ എത്തിയിരിക്കണം. പൗരത്വനിയമ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടാകും. 7 ഡി വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഒസിഐ കാര്‍ഡ് റദ്ദു ചെയ്യുന്നതിന് മുമ്പ് കാര്‍ഡുടമയ്ക്ക് പറയാനുള്ളത് കേള്‍ക്കും.
കേന്ദ്ര സര്‍ക്കാര്‍ വാദത്തിലെ പൊരുത്തക്കേടുകള്‍
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ വന്നവരാണ് ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലേയും അഭയാര്‍ത്ഥികള്‍ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എല്ലാ മതന്യൂനപക്ഷങ്ങളേയും ബില്‍ സംരക്ഷിക്കുന്നില്ല. ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബില്‍ യോഗ്യത കല്‍പിക്കുന്നില്ല. മറ്റ് രാജ്യങ്ങളില്‍ വിവേചനത്തിന് ഇരയാകുന്നവരേക്കുറിച്ച് കേന്ദ്രത്തിന് മറുപടിയില്ല. മുസ്ലീങ്ങളില്‍ തന്നെ അഹമ്മദീയ വിഭാഗത്തില്‍ പെട്ടവരും ഷിയാ വിഭാഗക്കാരും പാകിസ്താനില്‍ വിവേചനം നേരിടുന്നുണ്ട്. മ്യാന്‍മറില്‍ നിന്ന് വലിയൊരു വിഭാഗം റൊഹിങ്ക്യ മുസ്ലീങ്ങള്‍ പലായനം ചെയ്യേണ്ടി വന്നത് വംശഹത്യയേത്തുടര്‍ന്നാണ്. ഇന്ത്യയുമായി നീണ്ട അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മാര്‍. മ്യാന്‍മറിനെ ഒഴിവാക്കിയാണ് പാക് അധീന കശ്മീരില്‍ കുറച്ചുമാത്രം അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനെ പരിഗണിക്കുന്നത്. ചൈനയില്‍ ഉയിഗൂര്‍ മുസ്ലീങ്ങള്‍ ക്രൂരമായ അടിച്ചമര്‍ത്തലിനും വംശഹത്യയ്ക്കും ഇരയാകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് വംശഹത്യ അരങ്ങേറിയ ശ്രീലങ്കയില്‍ ഹിന്ദു-ക്രിസ്ത്യന്‍ മതസ്ഥരായ തമിഴ് വംശജരും വിവേചനം നേരിടുന്നു. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. മുസ്ലീം അഭയാര്‍ത്ഥികള്‍ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ അഭയം പ്രാപിച്ചുകൊള്ളട്ടേ എന്നാണ് കേന്ദ്ര നിലപാട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ബില്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
വിഭജനവും പൗരത്വബില്ലും
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തിന് കോണ്‍ഗ്രസ് സമ്മതിച്ചതുകൊണ്ടാണ് ബില്‍ ആവശ്യമായി വന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വാദിച്ചു. പാകിസ്താന്‍ മതാടിസ്ഥാനത്തില്‍ ഉടലെടുത്തെങ്കിലും ഇന്ത്യയുടെ രൂപീകരണം അങ്ങനെയല്ലെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വെവ്വേറെ രാജ്യം വേണമെന്ന ആവശ്യം ഏറ്റവുമാദ്യം ഉന്നയിച്ചത് ഹിന്ദു വലതുപക്ഷനേതാക്കളാണ്. പിന്നീടാണ് മുസ്ലീം ലീഗ് തങ്ങള്‍ക്ക് രാജ്യം വേണമെന്ന് ആവശ്യപ്പെട്ടത്. (1937ല്‍ അഹമ്മദാബാദിലെ ഹിന്ദുമഹാസമ്മേളനത്തില്‍ വെച്ച് വി ഡി സവര്‍ക്കറാണ് ദ്വിരാഷ്ട്രവാദം ആദ്യമായി ഉന്നയിക്കുന്നത്. പിന്നീട് 1940ലെ ലാഹോര്‍ സമ്മേളനത്തില്‍ മുഹമ്മദലി ജിന്ന ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചു). എല്ലാ പൗരനും ജാതിമതഭേദമന്യേ പൂര്‍ണ്ണ അംഗത്വമുള്ള മതേതരരാജ്യത്തിനാണ് ഇന്ത്യയുടെ സ്ഥാപക നേതാക്കള്‍ അടിത്തറയിട്ടത്. വിഭജനത്തിന് മുമ്പ് ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന അഫ്ഗാനിസ്ഥാനെ പൗരത്വബില്ലില്‍ ഉള്‍പ്പെടുത്തിയതും ആഭ്യന്തര മന്ത്രിയുടെ വാദത്തിലെ പൊരുത്തക്കേടാണ്.
ഒഴിച്ചുനിര്‍ത്തലുകളുണ്ടോ?
ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ദേശീയ പൗരത്വ ബില്‍ പ്രയോഗിക്കില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രഭൂരിപക്ഷ സ്വയംഭരണ മേഖലകളെയാണ് പൗരത്വബില്ലില്‍ നിന്നും ഒഴിവാക്കുന്നത്. ഐഎല്‍പി വ്യവസ്ഥ (പ്രത്യേക അനുമതിയോടെ മാത്രം സന്ദര്‍ശനം) നിലനില്‍ക്കുന്ന അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കില്ല. മണിപ്പൂരില്‍ ഐഎല്‍പി കൊണ്ടുവരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ പൗരത്വരജിസ്റ്ററും പൗരത്വബില്ലും തമ്മില്‍
അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് എന്ന് പേരിലാണ് അസമില്‍ 2015-2019 കാലയളവില്‍ എന്‍ആര്‍സി പ്രയോഗിക്കുന്നത്. 1971 മാര്‍ച്ച് 24ന് മുമ്പ് താനോ തന്റെ പൂര്‍വ്വികരോ അസമില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ഓരോ വ്യക്തിയും നിര്‍ബന്ധിതരായി. അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ പൗരത്വം നഷ്ടപ്പെട്ടവരില്‍ വലിയൊരു വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു. പുറത്താക്കപ്പെട്ട ഹിന്ദുമതസ്ഥര്‍ക്ക് പൗരത്വ ഭേദഗതിയിലൂടെ സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് അമിത് ഷാ.
വിമര്‍ശനങ്ങള്‍, പ്രതിഷേധ കാരണങ്ങള്‍
മുസ്ലീങ്ങളെയൊഴികെ മറ്റെല്ലാ മതവിഭാഗങ്ങളിലേയും അഭയാര്‍ത്ഥികളെ ഉള്‍പെടുത്തുന്നതിലൂടെ രാജ്യത്തെ മുസ്ലീങ്ങളുടെ സ്വത്വത്തേയും അസ്തിത്വത്തേയും ബില്‍ ചോദ്യം ചെയ്യുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ വിമര്‍ശനം. ഇതര മതവിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിലൂടെ മുസ്ലീങ്ങള്‍ ഇന്ത്യയിലെ രണ്ടാം തരം പൗരന്‍മാരാണെന്ന് നിയമപരമായി സ്ഥാപിക്കാനുള്ള ശ്രമം, ഭരണഘടനയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്ക് ഏല്‍ക്കുന്ന ഏറ്റവും വലിയ മുറിവുകളില്‍ ഒന്നാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാവര്‍ക്കും തുല്യതയ്ക്കായുള്ള മൗലിക അവകാശമുണ്ടെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 14-ാം അനുഛേദത്തെ, ബില്‍ മുസ്ലീം അപരവല്‍ക്കരണത്തിലൂടെ ലംഘിക്കുന്നുവെന്ന് നിരീക്ഷണമുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ ഈ ആശയം തിരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്ര സങ്കല്‍പത്തിലേക്കുള്ള അടുത്ത ചുവടുവെയ്പാണ് പൗരത്വഭേദഗതി ബില്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് മാത്രം ഹിന്ദു അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലൂടെ ഭൂരിപക്ഷ വികാരം കൂടുതല്‍ ആളിക്കത്തിക്കാമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ നേട്ടമുണ്ടാക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ടാകാം. പശുവിന്റെ പേര് പറഞ്ഞും ജയ് ശ്രീറാം ജപത്തിന്റെ പേരിലും രാജ്യത്ത് മുസ്ലീം വംശഹത്യ അരങ്ങേറുകയാണെന്ന് ആഗോളതലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് കേന്ദ്രം ആ ജനവിഭാഗത്തെ മാത്രം അവഗണിച്ച് നിയമനിര്‍മ്മാണം നടത്തുന്നത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലും ബില്‍ തുല്യതയ്ക്ക് വേണ്ടിയുള്ള അവകാശത്തിന് എതിരല്ലെന്നും വിവേചനം ലക്ഷ്യമിടുന്നില്ലെന്നും ആവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം