അഴിമതിയെ കാലം മായ്ച്ചു കളയില്ല, അതൊരു നനഞ്ഞ പടക്കവുമല്ല. ടൈറ്റാനിയം അഴിമതി കേസില്‍ ആരോപണവിധേയനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണം സിബിഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ചത് അതൊരു നനഞ്ഞ പടക്കമാണെന്നാണ്. രാഷ്ട്രീയ നേതൃത്വം ആരോപണം നേരിടുന്ന കേസുകള്‍ മാത്രം നനഞ്ഞ പടക്കമാകുന്നത് എന്തുകൊണ്ടാണ്. തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ മലിനീകരണ നിയന്ത്രണ പദ്ധതിയില്‍ 127 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്.
120 കോടി രൂപ വാര്‍ഷിക വരുമാനമുള്ള കമ്പനിക്ക് 414 കോടി രൂപയുടെ മാലിന്യ സംസ്‌കരണ സംവിധാനം എന്തിനായാരുന്നുവെന്ന ലളിതയുക്തി പരിഗണിച്ചാല്‍ തന്നെ അഴിമതി വ്യക്തമാണ്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരാണ് കുറ്റാരോപിതര്‍. വിദേശ കമ്പനിക്ക് കരാര്‍ നല്‍കാന്‍ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ കെ രാമചന്ദ്രനില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് അന്നത്തെ കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്കെതിരായ ആരോപണം. കരാര്‍ ഒപ്പിടുമ്പോള്‍ വ്യവസായ മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. പദ്ധതിക്ക് വേണ്ടി സുപ്രീംകോടതിയുടെ പരിസ്ഥിതി മേല്‍നോട്ട സമിതിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി. ഇവരെക്കെതിരെയാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കരാര്‍ നല്‍കിയതില്‍ 80 കോടിയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയ വിജിലന്‍സ് മുന്‍ചെയര്‍മാന്‍ ടി ബാലകൃഷ്ണനും എം ഡിയും ഉള്‍പ്പെടെ ആറ് ഉന്നത ഉദ്യോഗസ്ഥരെയും കരാറുകാരെയും മാത്രം പ്രതികളാക്കി. രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ട് കോടതി. വിദേശ കമ്പനി ഉള്‍പ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് സര്‍ക്കാറിന് ശുപാര്‍ശ ചെയ്തിരുന്നു. അഴിമതി തെളിയിക്കുന്ന രേഖകള്‍ ഡിജിപിയായിരുന്ന ജേക്കബ് തോമസ് 2016 ല്‍ കണ്ടെടുത്തിരുന്നു.
കഴിഞ്ഞ പതിമൂന്ന് കൊല്ലം ആരോപണമായും അന്വേഷണവഴികളിലും കുടുങ്ങിക്കിടന്നു ടൈറ്റാനിയം അഴിമതി കേസ്. 2005ലാണ് ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നത്. 2001ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെഡോയ്ക്ക് നല്‍കിയ 108 കോടിയുടെ കരാര്‍ റദ്ദാക്കി ഫിന്‍ലാന്‍ഡ് കമ്പനിയായ കമട്ടോര്‍ ഇക്കോപ്ലാനിങ്ങിന് നല്‍കി. കണ്‍സള്‍ട്ടന്റായിരുന്ന മെക്കോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കരാര്‍ നല്‍കിയത് ലോകായുക്ത സ്‌റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി നീക്കി. 2005 മെയ് 19 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മലിനീകരണ നിയന്ത്രണ ചുമതലയുണ്ടായിരുന്ന മന്ത്രി കെ കെ രാമചന്ദ്രന്‍ അഴിമതി ആരോപണം ഉന്നയിച്ചു. സുജനപാല്‍ വകുപ്പ് ഏറ്റെടുത്തു.മന്ത്രി സ്ഥാനം പോയ രാമചന്ദ്രന്‍ പിന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്തായി.
256 കോടിയുടെ പദ്ധതിയുടെ കരാര്‍ തുക 414 കോടിയാകുമെന്നായി. കിറ്റ്‌കോയും ചെന്നൈ ഐഐടി പുഷ്പവനം കമ്മീഷനും പദ്ധതി വന്‍സാമ്പത്തിക ബാധ്യതയാകുമെന്ന് ഇടതുസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. പദ്ധതി റദ്ദാക്കി. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ടാം ഘട്ടത്തിനുള്ള ഉപകരണങ്ങളും ഇറക്കുമതി ചെയ്തു. വാങ്ങിയ 62 കോടിയുടെ ഉപകരണങ്ങള്‍ കിടന്ന് നശിക്കുന്നു. ടൈറ്റാനിയത്തിന് കരാര്‍ വന്‍സാമ്പത്തിക ബാധ്യതയുമുണ്ടാക്കി. ചെന്നൈ ഐഐടി നിര്‍ദേശിച്ച 86 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.
2006ല്‍ അന്വേഷണം തുടങ്ങിയ കേസ് 2019 ല്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സര്‍ക്കാര്‍ കൂടി പങ്കാളിയാകുന്ന പദ്ധതികളിലും കരാറുകളിലും ഉദ്യോഗസ്ഥര്‍ മാത്രം കുറ്റക്കാരാകുന്നതെങ്ങനെയെന്ന ചോദ്യം ഉയരണം. പാലാരിവട്ടത്ത് ഇപ്പോള്‍ കാണുന്നതും അത് തന്നെയാണ്.