Explainer

ആരോഗ്യസംവിധാനം തകിടം മറിച്ച ഓക്‌സിജന്‍ ക്ഷാമം; എന്താണ് മെഡിക്കല്‍ ഓക്‌സിജന്‍? അറിയേണ്ടതെല്ലാം

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യരംഗത്തിനുണ്ടാക്കിയിരിക്കുന്ന ആഘാതം ചെറുതല്ല. മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം സ്ഥിതി അതീവ ഗുരുതരമാക്കി. കൊവിഡ് ബാധിതരുടെ എണ്ണം ആശ്വസിക്കാവുന്ന വിധം കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് രണ്ടാം തരംഗത്തിന്റെ വരവ്. ആയിരങ്ങളിലേക്ക് ചുരുങ്ങിയ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരവും ലക്ഷവുമാകാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെയും നിരീക്ഷകരുടെയും പ്രവചനങ്ങള്‍ക്ക് അപ്പുറമായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

ആരോഗ്യസംവിധാനം തകിടം മറിഞ്ഞു, ആശുപത്രി കിടക്കകള്‍ നിറഞ്ഞു, അഡ്മിഷന് ബുക്ക് ചെയ്ത് കാത്തു നില്‍ക്കേണ്ട അവസ്ഥയായി, പ്രതിദിന മരണനിരക്കും കുത്തനെ ഉയര്‍ന്നു. പല സംസ്ഥാനങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയായി മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം മാറി. ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജനായി നെട്ടോട്ടമോടുന്നവരുടെ, ലഭിക്കാതെ വരുന്നതോടെ നിസഹായരായി നില്‍ക്കേണ്ടിവരുന്നവരുടെ കാഴ്ചകള്‍ രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ നിന്നുള്‍പ്പടെ പുറത്തുവന്നു. മഹാമാരിയുടെ രണ്ടാം വരവില്‍ മരണസംഖ്യ കുത്തനെ കൂടിയതിന്റെ പ്രധാന കാരണമായി മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം.

എന്തുകൊണ്ട് മെഡിക്കല്‍ ഓക്‌സിജന്‍?

അടിയന്തിരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഗുണനിലവാരത്തില്‍ പ്രത്യേകം തയ്യാറാക്കിയ നിലിണ്ടറുകളില്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഓക്‌സിജനാണ് മെഡിക്കല്‍ ഓക്‌സിജന്‍ എന്ന് അറിയപ്പെടുന്നത്. കൊവിഡ് രോഗം ഗുരുതരമാകുന്ന രോഗികളെ ശ്വാസതടസം സാരമായി ബാധിക്കാം. ഇതുമൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേണ്ട അളവില്‍ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കേണ്ടി വരുന്നു.

പ്രധാനമായും എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ അഥവാ എ.എസ്.യു എന്ന സംവിധാനമാണ് മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ വായുവില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിച്ച് ദ്രാവക രൂപത്തില്‍ ആക്കുകയാണ് ഇത്തരം പ്ലാന്റുകള്‍ ചെയ്യുന്നത്. 78% നൈട്രജന്‍, 21% ഓക്‌സിജന്‍, 1% മറ്റു വാതകങ്ങള്‍ എന്നിവയാണ് അന്തരീക്ഷ വായുവിലുള്ളത്. അന്തരീക്ഷവായു തണുപ്പിച്ച് ദ്രവീകരിച്ചതിന് ശേഷം ഈ ഘടകങ്ങളോരോന്നും വേര്‍തിരിച്ചു മാറ്റുകയും പിന്നീട് ദ്രവീകൃത ഓക്‌സിജനെ പ്രത്യേകമായി അരിച്ചു മാറ്റുകയും ചെയ്യുന്നു. ഫില്ലിങ് യൂണിറ്റുകളില്‍ ദ്രാവക രൂപത്തിലുള്ള ഓക്‌സിജനെ വാതകരൂപത്തിലാക്കി സിലിണ്ടറുകളില്‍ നിറച്ചാണ് ആശുപത്രികളില്‍ എത്തിക്കുന്നത്.

പ്രഷര്‍ സ്വിങ് അഡ്‌സോര്‍പ്ഷന്‍, പ്രഷര്‍ വാക്വം അഡ്‌സോര്‍പ്ഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മിക്കാം. ആശുപത്രികളില്‍ ഉള്‍പ്പടെ ചെറിയ അളവില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് പ്രഷര്‍ സ്വിങ് അഡ്‌സോര്‍പ്ഷന്‍. എ.എസ്.യുകള്‍ വഴി ലഭിക്കുന്ന ഓക്‌സിജനെ അപേക്ഷിച്ച് ശുദ്ധത കുറവായിരിക്കുമെങ്കിലും ആശുപത്രികളുടെ ഉപയോഗത്തിന് ഇത് മതിയാകും. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ ഉപയോഗിച്ച് വീടുകളിലും ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്‌സിജന്‍ കൂടുതല്‍ ശുദ്ധീകരണ പ്രക്രീയകള്‍ക്ക് വിധേയമാക്കി മെഡിക്കല്‍ ഓക്‌സിജന്റെ ഗുണനിലവാരത്തിലേക്ക് എത്തിക്കാനാകും.

കൊവിഡ് ഗുരുതരമായവരില്‍ ഓക്‌സിജന്റെ ഉപയോഗം

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 10 ശതമാനത്തില്‍ താഴെയാളുകള്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമായി വരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. രോഗത്തിന്റെ തീവ്രതയനുസരിച്ച് ആവശ്യമായ ഓക്‌സിജന്റെ അളവിലും വ്യത്യാസം വരും.

ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഏഴ് മുതല്‍ എട്ട് ലിറ്റര്‍ വരെ വായുവാണ് ഒരു മിനിറ്റില്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത്. ഒരു ദിവസം ഇത് ഏകദേശം 11,000 ലിറ്ററാണ്. കൊവിഡ് ഗുരുതരമായാല്‍ അത് രോഗികളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. സാധാരണ ഗതിയിലുള്ള ശ്വസനം സാധ്യമാകാതെ വരുന്നതിനാല്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ 93 മുതല്‍ 94 ശതമാനം വരെ അടങ്ങിയ ഓക്‌സിജനാണ് ആവശ്യമായി വരിക.

ഓരോ കൊവിഡ് രോഗിക്കും ആവശ്യമായ ഓക്‌സിജന്റെ അളവ് വ്യത്യസ്തമാണ്. രോഗം ഗുരുതരമായ ഒരു രോഗിക്ക് മിനിറ്റില്‍ ഏകദേശം 60 ലിറ്റര്‍ ഓക്‌സിജനാണ് വേണ്ടി വരുന്നത്. അതായത് ഒരു ദിവസം 86,000 ലിറ്റര്‍ ഓക്‌സിജന്‍. ഇങ്ങനെയുള്ള രോഗിക്ക് കൂടിയാല്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് സാധാരണ ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കാനാകുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്തുകൊണ്ട് ഓക്‌സിജന്‍ ക്ഷാമം?

രോഗം ഗുരുതരമാകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഓക്‌സിജന്റെ ആവശ്യവും വര്‍ധിച്ചു. ആവശ്യത്തിനനുസരിച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാതെ വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. കൊവിഡിന് മുമ്പ് രാജ്യത്തെ പ്രതിദിന മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം 1000 മെട്രിക് ടണ്ണിലും താഴെയായിരുന്നു. രാജ്യത്ത് ഉല്‍പാദിപ്പിച്ചിരുന്ന ഓക്‌സിജനില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത് വ്യാവസായിക ആവശ്യങ്ങള്‍ക്കായിരുന്നു.

രണ്ടാം തരംഗം പ്രതിസന്ധി വിതച്ച ഏപ്രില്‍ മാസത്തിന്റെ പകുതിയോടെ ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്റെ അളവ് 70 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്‌സിജന്റെ അളവ് വലിയരീതിയില്‍ കുറച്ചു, ഉല്‍പാദനം കൂട്ടി, എന്നിട്ടും ക്ഷാമത്തിന് പരിഹാരമായില്ല. ഇതിനിടെ ഉയര്‍ന്ന വിലയും തിരിച്ചടിയായി. ഏകോപനമില്ലാതെ വിതരണത്തിലുണ്ടായ വീഴ്ചയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമായതെന്നാണ് മറ്റൊരു വാദം.

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്നും നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടിയുണ്ടായില്ല. രണ്ട് തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ലമെന്ററി പാനലും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതെന്ന റിപ്പോര്‍ പുറത്തുവിട്ടത് ഒരു ദേശീയ മാധ്യമമാണ്. രാജ്യവ്യാപകമായി 162 ഓക്‌സിജന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം കരാറുകള്‍ ക്ഷണിച്ചു. എന്നാല്‍ കരാറുകള്‍ പൂര്‍ണമായി ലഭ്യമാക്കാന്‍ മാത്രം ഏകദേശം 8 മാസമെടുത്തു. ഇതില്‍ തുടങ്ങിയത് 33 യൂണിറ്റുകള്‍ മാത്രമാണ്.

വിതരണത്തിലുണ്ടായ വീഴ്ച

ഉയര്‍ന്ന ഓക്‌സിജന്റെ ഡിമാന്‍ഡിനനുസരിച്ച് വിതരണം നടത്താന്‍ ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ക്ക് സാധിക്കാതെ വന്നത് വലിയ തിരിച്ചടിയായി. മെനസ് 183 ഡിഗ്രി താപനിലയിലാണ് ലിക്വിഡ് ഓക്‌സിജന്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യേണ്ടത്. ഇവ വിതരണത്തിനായി കൊണ്ടുപോകേണ്ടത് ക്രയോജനിക് ടാങ്കറുകളിലാണ്. എന്നാല്‍ ഇത്തരം ടാങ്കറുകള്‍ ആവശ്യത്തിന് രാജ്യത്തില്ല എന്നതാണ് വസ്തുത. ഇത്തരം ടാങ്കറുകള്‍ക്ക് പെര്‍മിറ്റ് നല്‍കി വിതരണം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി നിരവധി വിദേശ രാജ്യങ്ങളെത്തി. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും സിലിണ്ടറുകളുമടക്കം രാജ്യത്തെത്തി.

കേരളവും ഒഡീഷയും പോലുള്ള സംസ്ഥാനങ്ങള്‍ മാത്രമാണ് കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ തയ്യാറായിരുന്നതെന്നാണ് മെയ് 8ന് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ തരത്തില്‍ ഈ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദനം നടന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും, വിതരണം വേഗത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നുമാണ് മോദി വ്യക്തമാക്കിയത്. ഫെബ്രുവരിയില്‍ 700-800 ടണ്‍ ആയിരുന്ന മെഡിക്കല്‍ ഓക്‌സിജന്റെ ഉല്‍പാദനം മെയ് ആദ്യവാരത്തോടെ 9000 ടണ്‍ ആയാണ് വര്‍ധിച്ചത്. 500ലധികം ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ ഡിആര്‍ഡിഒ സ്വകാര്യ,പൊതുമേഖല ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT