Explainer

മഹാസഖ്യം അധികാരത്തില്‍; 2024ലേക്ക് ബീഹാര്‍ വഴികാട്ടുമോ?

2017ല്‍ വേര്‍പിരിഞ്ഞതിന് ശേഷം നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും വീണ്ടും കൈകോര്‍ത്തിരിക്കുന്നു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം തകര്‍ത്തെറിഞ്ഞ് പുതിയ മന്ത്രിമാരും മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് നിതീഷ് കുമാര്‍ ബി.ജെ.പി സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നത്. ഇന്ന് മുഖ്യമന്ത്രിയായി നിതീഷും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു.ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നു.

ജനാധിപത്യത്തിന്റെ വഞ്ചനാ ദിനമെന്ന് പറഞ്ഞാണ് പുറത്ത് ബി.ജെ.പി പ്രതിഷേധം. നിതീഷിനെ വിശ്വസിക്കാമോ എന്ന ചോദ്യം ആവര്‍ത്തിച്ചുയരുമ്പോഴും ഈ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കുന്നതാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തേജസ്വി യാദവെന്ന ചെറുപ്പക്കാരനിലും.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം തേജസ്വിക്കും മഹാസഖ്യത്തിനും തന്നെയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നേട്ടമുണ്ടാക്കാനായി അയാള്‍ക്ക്. പരാജയപ്പെട്ടത് നിതീഷാണ്. മൂന്നാം സ്ഥാനത്തേക്ക് നിതീഷിന്റെ ജെ.ഡി.യു നിലംപതിച്ചു. കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണൊലിക്കുന്നു, പിടിച്ച് നില്‍ക്കാന്‍ ഇടമില്ലാതാകുന്നു എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ് നിതീഷ് ബി.ജെ.പി വിടുന്നതും.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നിതീഷും ബി.ജെ.പിയും തമ്മില്‍ അസ്വാരാസ്യങ്ങളുണ്ടായിരുന്നു. മോദിയുടെ ഫ്‌ളക്‌സുകള്‍ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും ജെ.ഡി.യു പിളര്‍ത്താന്‍ ബി.ജെ.പി എല്‍.ജെ.പിയെ ഉപയോഗിക്കുന്നുവെന്ന ആശങ്ക നിതീഷിനുണ്ടായിരുന്നു.

പാര്‍ട്ടിയുടെ തന്നെ നേതാവ് ആര്‍.സി.പി സിംഗിനെ ഉപയോഗിച്ച് തന്നെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും പൊതുവേ സംശയാലുവായ നിതീഷിന് തോന്നി. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയ്ക്ക് സംഭവിച്ചത് തനിക്കും ആവര്‍ത്തിക്കുമെന്ന ദീര്‍ഘവീക്ഷണമായിരിക്കാം ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം വൈകുന്നതിന് മുമ്പ് നിതീഷ് ബി.ജെ.പി പാളയത്തില്‍ നിന്ന് തിരിച്ചിറങ്ങണമെന്ന തീരുമാനത്തിലെത്തുന്നതും.

വളരെ അനായാസം വശം മാറാനും ഇറങ്ങി വരാനും നിതീഷിന് സാധിക്കുമെന്ന് മുന്നേ തെളിഞ്ഞതാണ്. പക്ഷേ ആ ചതിക്ക് പൊറുക്കാനുള്ള ആര്‍.ജെ.ഡി. നേതാവ് തേജസ്വിയുടെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയ സമവാക്യങ്ങള്‍ തീര്‍ക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്തിരുന്നാലും ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് അവസരോചിതമായ തീരുമാനമെടുത്ത് രാഷ്ട്രീയത്തില്‍ തന്റെ പ്രാവീണ്യവും പ്രതിപക്ഷ നിരയിലെ ഉശിരുള്ള നേതാവാണ് താനെന്നും തെളിയിച്ചിരിക്കുകയാണ്.

രാഷ്ട്രീയത്തിലേക്കുള്ള നിതീഷിന്റെ വളര്‍ച്ചയില്‍ അദ്ദേഹം കടപ്പെട്ടിരിക്കുന്നതില്‍ ഒരാള്‍ തീര്‍ച്ചയായും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവായിരിക്കും. 1994ല്‍ ലാലു പ്രസാദ് യാദവിനെ ഉപേക്ഷിച്ച് നിതീഷ് കുമാര്‍ പുറത്ത് വന്നു. 1996ല്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, ഒരിക്കല്‍ വര്‍ഗീയമെന്ന് വിളിച്ച ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നു. അടല്‍ ബിഹാരി വാജ്‌പോയ് മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് ബീഹാര്‍ മുഖ്യമന്ത്രിയായി.

ഗുജറാത്ത് കലാപത്തിന്റ സമയത്ത് പോലും നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല. പക്ഷേ പതിനൊന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് പെട്ടെന്നൊരു വെളിവുണ്ടായി മോദി രാജ്യത്തിന് ആപത്തെന്ന്. അങ്ങനെ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് നിതീഷ് വീണ്ടും പഴയ ആര്‍.ജെ.ഡിക്കൊപ്പം ചേര്‍ന്ന് നിന്നു. പക്ഷേ 2017ല്‍ വീണ്ടും രാജ്യത്തിന് അപകടമെന്ന് പറഞ്ഞ അതേ മോദിയുടെ ബി.ജെ.പിയില്‍ തിരികെ പോയി.

പക്ഷേ ഇക്കുറി നിതീഷ് കുമാര്‍ അപകടം ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് വേണം കരുതാന്‍. കാരണം ഒന്നല്ല നിരവധി കാരണങ്ങളുണ്ട് നിതീഷിന് മുന്നില്‍.

നിതീഷിന്റെ തന്നെ അടുത്ത അനുയായി ആയ ആര്‍.സി.പി സിംഗിനെ ഉപയോഗിച്ച് മഹാരാഷ്ട്രയിലേത് പോലെ ബി.ജെ.പി ഏക്‌നാഥ് ഷിന്‍ഡെ കാര്‍ഡ് ഉപയോഗിച്ച് ഫൗള്‍ പ്ലേ ചെയ്യുന്നുവെന്ന സംശയം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ജെ.ഡി.യുവിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന ഉറച്ച ബോധ്യം

ഇത്തരത്തില്‍ പുറത്തറിഞ്ഞതും അറിയാത്തതുമായ അനവധി കാര്യകാരണങ്ങള്‍ നിതീഷ് കുമാര്‍ മനസില്‍ കണ്ടിരിക്കാം.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 2024ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ല എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഇത് വിശ്വസിക്കാനാകുമോ? ആ പറച്ചിലില്‍ നിതീഷിന് ആത്മാര്‍ത്ഥയുണ്ടോ. ഇതിനുമുമ്പുള്ള ഘട്ടങ്ങളിലെല്ലാം നിതീഷാണ് തങ്ങളുടെ സഖ്യകക്ഷികളെ വഞ്ചിച്ചത്. അവര്‍ നിതീഷിനെ വഞ്ചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജെ.ഡി.യു ഉള്‍പ്പെട്ടുള്ള മതേതര പ്രതിപക്ഷ കൂട്ടുകെട്ടിന്റെ ഭാവിയും ദേശീയ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിന്റെ ഭാവിയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അപേക്ഷിച്ചിരിക്കും.

പക്ഷേ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് പോലെ 1996ലും പിന്നീട് 2004ലും ഹര്‍കിഷന്‍ സിംഗ് സുര്‍ജീത് ചെയ്തതുപോലെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്താന്‍ കഴിവും അനുഭവപരിചയവും കൗശലവും സീനിയോറിറ്റിയും നിതീഷ് കുമാറിനുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. ആ വാദങ്ങളെ പൂര്‍ണമായും അംഗീകരിച്ചില്ലെങ്കില്‍ പോലും നിലവില്‍ പ്രതിപക്ഷത്തിന് നിതീഷിന്റെ വരവ് ഒരു മുതല്‍ക്കൂട്ടായി തന്നെ കണക്കാക്കാവുന്നതാണ്. അദ്ദേഹം അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍.

കാരണം

1.ബീഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു- കോണ്‍ഗ്രസ് സഖ്യം 40 ഓളം എം.പിമാരെ പാര്‍ലമെന്റില്‍ അയക്കാന്‍ മാത്രം കഴിയുന്ന വലിയ സഖ്യമാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ജെ.ഡി.യു സഖ്യം 39 എം.പിമാരെയാണ് പാര്‍ലമെന്റില്‍ അയച്ചത്. 16 സീറ്റുകള്‍ ജെ.ഡി.യുവിനും 17 സീറ്റുകള്‍ ബി.ജെ.പിക്കും ലഭിച്ചിരുന്നു.

2.ബീഹാറില്‍ ശക്തരായ സഖ്യമില്ലാതെ ബി.ജെ.പി ഒറ്റപ്പെടുന്ന സ്ഥിതിയിലേക്ക് എത്തും.

3.സര്‍വോപരി നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടടപ്പെടുന്നു എന്നത് പ്രതിപക്ഷത്തിന് ഒരു ഉണര്‍വാണ്.

പക്ഷേ അപ്പോഴും അനുഭവങ്ങള്‍ വീണ്ടും ചിന്തിപ്പിക്കുന്നുണ്ട്. 2013ല്‍ ബി.ജെ.പി കൂട്ട് വിടുമ്പോഴുള്ളതിനേക്കാള്‍ ദുര്‍ബലനാണ് ഇപ്പോഴത്തെ നിതീഷ് കുമാറെന്ന് ബി.ജെ.പി കരുതുന്നുണ്ടാകാം. എം.എല്‍.എ മാരെ കൂട്ടിലടച്ചുള്ള ബി.ജെ.പിയുടെ റിസോര്‍ട്ട് രാഷ്ട്രീയം നിരവധി തവണയാണ് രാജ്യത്തെയും ജനാധിപത്യത്തെയും വഞ്ചിച്ചത്.

എന്നിരുന്നാലും ഇന്ന് ബീഹാറില്‍ നടന്ന സത്യപ്രതിജ്ഞ പ്രതീക്ഷ തന്നെയാണ്. പ്രത്യേകിച്ച് ബീഹാറിലെ ചലനങ്ങല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നിരിക്കെ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാടെടുത്തില്ലെങ്കിലും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി കേന്ദ്രത്തെ എതിര്‍ത്ത് നില്‍ക്കുന്നുണ്ട്. തെലങ്കാനയില്‍ കെ.സി.ആറും പ്രതിപക്ഷ ബദലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുയരുന്ന രാഷ്ട്രീയവും ബി.ജെ.പിക്ക് പൂജ്യം സീറ്റ് നല്‍കിയ കേരളവും പ്രതീക്ഷയാണ്.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT