Explainer

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആ 9 ക്ലീന്‍ചിറ്റുകള്‍, മോദി പറഞ്ഞതും കമ്മീഷന്‍ അംഗീകരിച്ചതും

THE CUE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ പെരുമാറ്റ ചട്ടലംഘനങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍ ക്ലീന്‍ചിറ്റ് നല്‍കി പ്രധാനമന്ത്രിയെ ന്യായീകരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കെതിരായി പെരുമാറ്റചട്ട ലംഘനത്തിന് പരാതികള്‍ കുമിഞ്ഞുകൂടുമ്പോള്‍ തീര്‍പ്പാക്കിയ ഒന്‍പതിലും ക്ലീന്‍ചിറ്റ് നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയും സംഘവും. മൂന്നംഗ പാനലില്‍ ഒരാള്‍ തുടര്‍ച്ചയായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അത് പരസ്യപ്പെടുത്താന്‍ പോലും തയ്യാറല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പ്രധാനമന്ത്രി മോദിക്കെതിരായും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരായി നാല്പതില്‍ അധികം പരാതികളാണ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുള്ളത്. ഇവയൊന്നും കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. മോദിക്കെതിരായ ഒന്‍പത് പരാതികളില്‍ നാലെണ്ണത്തിലെങ്കിലും കമ്മീഷനംഗം അശോക് ലവാസ വിയോജിച്ചു. പെരുമാറ്റചട്ടം നടപ്പാക്കുന്നതില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറ തള്ളിക്കളഞ്ഞു.

സുനില്‍ അരോറ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയും കമ്മീഷനംഗം സുശീല്‍ ചന്ദ്രയും മോദിക്ക് കത്തയക്കാനോ താക്കീത് നല്‍കാനോ തയ്യാറാവാതെ ക്ലീന്‍ചിറ്റ് നല്‍കുന്നത് തുടര്‍ന്നു. തന്റെ വിയോജിപ്പോടു കൂടി തീര്‍പ്പാക്കിയ പരാതികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ദീകരിക്കണമെന്ന ലവാസയുടെ ആവശ്യം പോലും മറ്റ് രണ്ടുപേരും തള്ളി. അമിത് ഷായ്‌ക്കെതിരേയും ലവാസ വിയോജന നിലപാടാണ് സ്വീകരിച്ചത്.

അശോക് ലവാസ

മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി കമ്മീഷന്‍ തീര്‍പ്പാക്കിയ പരാതികള്‍ ഇവയാണ്.

1.ഏപ്രില്‍ 23ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ടെടുപ്പ് ദിവസം പ്രധാനമന്ത്രി മോദി റോഡ് ഷോ നടത്തി.

വോട്ടെടുപ്പിന്റെ തലേദിവസം നിശബ്ദപ്രചരണത്തിന് മാത്രം അനുമതിയുള്ള നാട്ടിലാണ് വോട്ടെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഇതില്‍ പെരുമാറ്റചട്ടലംഘനമൊന്നും തോന്നിയില്ല.

2.ഏപ്രില്‍ 9ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പ്രസംഗം. ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ വീര സൈനികര്‍ക്കായി കന്നിവോട്ടര്‍മാര്‍ വോട്ട് സമര്‍പ്പിക്കണമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

സൈന്യത്തേയും നേട്ടത്തേയും ഭരണസംവിധാനങ്ങളേയും ഉപയോഗപ്പെടുത്തി വോട്ട് ചോദിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്നിരിക്കെ മോദി പറഞ്ഞപ്പോള്‍ ഇതൊന്നും കുഴപ്പമില്ലെന്ന മട്ടിലായി കാര്യങ്ങള്‍. സൈന്യത്തെ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

3.ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശം: രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് മോദി പ്രസംഗിച്ചത്.

മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തിരരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ ചട്ടലംഘനമില്ലെന്ന് പറഞ്ഞു.

4.മോദിയുടെ രാജസ്ഥാനിലെ പ്രസംഗം: രാജ്യത്തെ ആണവായുധങ്ങള്‍ ദീപാവലിക്കുള്ളതല്ല എന്നായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താനെതിരെ വോട്ട് ലക്ഷ്യമിട്ട പരാമര്‍ശത്തിനെതിരേയും പരാതി ഉയര്‍ന്നു.

സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന കമ്മീഷന്റെ തന്നെ കര്‍ശന നിര്‍ദേശം നില്‍ക്കെയുള്ള പരാമര്‍ശത്തിലും മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി സുനില്‍ അരോറ.

5.മഹാരാഷ്ട്രയിലെ ലത്തൂരിലെ പരാമര്‍ശം: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് യുവാക്കള്‍ വോട്ടുനല്‍കണമെന്നായിരുന്നു ഇവിടെ മോദി പറഞ്ഞത്.

പ്രധാനമന്ത്രി മോദിയായതിനാല്‍ ഇതിലും ക്ലീന്‍ചിറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റെഡിയാക്കി വെച്ചിരുന്നു.

6.മഹാരാഷ്ട്രയിലെ വര്‍ധയില്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് നടത്തിയ വര്‍ഗീയ പരാമര്‍ശം. ഹിന്ദുക്കളെ ഭയന്ന് രാഹുല്‍ ഗാന്ധി ന്യൂന പക്ഷ മേഖലയിലേക്ക് ഒളിച്ചോടി എന്നായിരുന്നു പരാമര്‍ശം.

മോദിയുടെ പരാമര്‍ശത്തില്‍ വര്‍ഗീയത കണ്ടെത്താനായില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

7. മഹാരാഷ്ട്രയിലെ നന്ദെഡിലെ കോണ്‍ഗ്രസ് വിരുദ്ധ പ്രസംഗം: കോണ്‍ഗ്രസ് മുങ്ങുന്ന ടൈറ്റാനിക് കപ്പലാണെന്നും അതിലുള്ളവര്‍ മറ്റിടങ്ങളിലേക്ക് ചാടി രക്ഷപ്പെടുകയാണ്. കോണ്‍ഗ്രസ് മൈക്രോസ്‌കോപ് പയോഗിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മേഖലയില്‍ ഒരു സീറ്റ് കണ്ടെത്താന്‍ ശ്രമിക്കുകയാണിപ്പോള്‍.

ഈ പരാമര്‍ശത്തിലെ വര്‍ഗീയതയും തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടില്ല. ക്ലീന്‍ചിറ്റ് റെഡി

8.ഉത്തര്‍പ്രദേശിലെ വാരണാസിയിലെ പ്രസംഗം: തന്റെ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ ചില ആക്രമങ്ങള്‍ കശ്മീരില്‍ മാത്രമാണുണ്ടായത്. പുല്‍വാമയില്‍ അവര്‍ നമ്മുടെ 40 ജവാന്‍മാരെ കൊന്നു, തിരിച്ച് 42 ഭീകരരേ നമ്മളും വധിച്ചു. ഇതാണ് നമ്മുടെ രീതി.

ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന് അപാകത തോന്നിയില്ല

9.ഗുജറാത്തിലെ പതാനില്‍ ഏപ്രില്‍ 21ന് നടത്തിയ പ്രസംഗം: പാകിസ്താനെ മുട്ടില്‍ നിര്‍ത്തിയാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാെന സുരക്ഷിതമായി നാട്ടിലെത്തിച്ചതെന്നായിരുന്നു മോദിയുടെ പൊങ്ങച്ചം. മോദി 12 മിസൈലുമായി തയ്യാറിയി നില്‍ക്കുമ്പോള്‍ സംഗതി പേടിക്കണമെന്നും അല്ലെങ്കില്‍ അത് കൊലയുടെ രാത്രിയാകുമെന്ന തിരിച്ചറിവിലാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയച്ചതെന്നായിരുന്നു മോദിയുടെ പ്രസംഗം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ വീരവാദത്തിലും സൈനിക നേട്ടത്തെ തന്റെ നേട്ടമായി അവതരിപ്പിച്ചതിലും നടപടിക്ക് തുനിഞ്ഞില്ല. ഇതിലും മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ മൂന്ന് ദിവസം പ്രചാരണ പരിപാടികളില്‍ നിന്ന് കമ്മീഷന്‍ വിലക്കിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കമ്മീഷന്റെ ചെറിയ ശിക്ഷ കിട്ടി. എന്നാല്‍ മോദിയിലേക്കെത്തുമ്പോള്‍ ചെറുവിരല്‍ പോലും അനക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാവക്കൂത്ത് നടത്തുകയാണ്.

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

SCROLL FOR NEXT