Explainer

ഹൈക്കോടതിയുടെ ഹിജാബ് നിരോധനവും വിജയിക്കുന്ന സംഘപരിവാര്‍ അജണ്ടയും

കവിത രേണുക

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. ഹിജാബ് ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്‌കൂള്‍ യൂണിഫോമില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത് റീസണബിള്‍ റസ്ട്രിക്ഷന്റെ ഭാഗമാണ് എന്നും ഹിജാബ് ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്നുമാണ് കേസില്‍ ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.

ഇത്രയും വലിയ വിവാദത്തിന് തിരികൊളുത്തിയ ഹിജാബ് വിവാദം എന്താണ്? എവിടെയാണ് ആരംഭിച്ചത്? എന്തുകൊണ്ടാണ് ഹിജാബ് അടക്കമുള്ള ഇസ്ലാം മത ചിഹ്നങ്ങള്‍ സമൂഹത്തില്‍ പൊതു നിരോധനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയാക്കപ്പെടുന്നത? പരിശോധിക്കാം.

കര്‍ണാടകയില്‍ ആളിപടര്‍ന്ന ഹിജാബ് വിവാദം ശക്തമാകുന്നത് ജനുവരിയോടെയാണ്. ഉഡുപ്പി ഗവ. വനിതാ പ്രീയൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവങ്ങളുടെ തുടക്കം. ജനുവരിയില്‍ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡയുടെ നിലപാടില്‍ തുടങ്ങിയ പ്രശ്‌നമാണ് കര്‍ണാടകയിലുടനീളം പടര്‍ന്നുപിടിച്ച ഹിജാബ് വിവാദത്തിന് വഴിയൊരുക്കിയത്.

കോളേജിലെ നിരോധന ഉത്തരവിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറ് വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ശക്തമാക്കി.

പിയു കോളേജിന് പിന്നാലെ കുന്ദപൂര്‍, ചിക്കമംഗലൂരു, മംഗളൂരു, ഷിമോഗ, മാണ്ഡ്യ എന്നിവിടങ്ങളിലെ വിവിധ കോളേജുകളില്‍ ഹിജാബ് നിരോധിക്കണം എന്ന ആവശ്യവുമായി പ്രചാരണം ശക്തമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഒരു സംസ്ഥാനത്ത് ഹിജാബ് നിരോധിക്കണം എന്ന ആവശ്യമുയരുമ്പോള്‍, അതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ കാര്യഗൗരവത്തോടെ തീരുമാനമെടുക്കേണ്ട സര്‍ക്കാര്‍ എരിതിയീല്‍ എണ്ണ പകരാനെന്ന വണ്ണം, ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കെന്ന് പറഞ്ഞ് ഉത്തരവ് കൊണ്ടുവരികയായിരുന്നു.

ഈ ഉത്തരവ് പിന്നീട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാര്‍ത്ഥിനികള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആശയക്കുഴപ്പത്തിലായി. പലര്‍ക്കും പരീക്ഷ എഴുതാനായില്ല.

വിവാദത്തിനിടെ ഹിജാബ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കാവി ഷാള്‍ പുതച്ച് വിഭാഗീയത കടുപ്പിക്കാനുള്ള പ്രതിഷേധങ്ങളും കര്‍ണാടകയില്‍ ശക്തമായി. പല ക്യാംപസുകളിലും സംഘാര്‍ഷാവസ്ഥവരെ എത്തിയിരുന്നു കാര്യങ്ങള്‍.

1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ട് പ്രകാരം പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് വികസന സമിതിയോ, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിന്റെ അപ്പീല്‍ കമ്മിറ്റിയോ നിര്‍ദേശിച്ചിരിക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യുണിഫോം തീരുമാനിക്കാത്ത അവസരത്തില്‍ സമത്വം, അഖണ്ഡത, പൊതു ക്രമസമാധാനം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ഒരു മതവിഭാഗത്തിന്റെ ഭാഗമായി ധരിക്കുന്ന ഹിജാബ് എങ്ങനെയാണ് പൊതു ക്രമസമാധാനത്തെ ബാധിക്കുന്നത്. നാനാത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയപ്പെടുന്ന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വിശാല ഭരണഘടനയുള്ള ഇന്ത്യയുടെ അഖണ്ഡത നശിപ്പിക്കുന്ന ഒന്നായും ഹിജാബ് മാറുന്നതെങ്ങനെയാണ്?

കര്‍ണാടക സര്‍ക്കാരിന്റെ ഈ ഉത്തരവിനെതിരെയാണ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചത്.

11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. ഫെബ്രുവരി 25ന് കേസ് വിധി പറയുന്നതിനായി മാറ്റുകയായിരുന്നു. കേസില്‍ വാദം കേട്ട ആദ്യ ദിവസം തന്നെ കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. അത് ഇങ്ങനെയാണ്.

സ്‌കൂളിലോ കോളേജിലോ നിര്‍ദേശിച്ചിരിക്കുന്ന യൂണിഫോമിലായിരിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍

ഹിജാബ്, കാവി ഷാളുകള്‍, മതപരമായ കൊടികള്‍ തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്.

റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവിറക്കണമന്നെ് ഹര്‍ജി പരിഗണിക്കുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും അതും കോടതി തള്ളുകയായിരുന്നു.

കര്‍ണാടകയില്‍ പുതുതായി പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദത്തെ കേവലം മതാചാരമാണോ അല്ലയോ എന്ന് പോയിന്റില്‍ നിന്ന് മാത്രമല്ല വായിക്കേണ്ടത്. കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ പരിസരം അവലോകനം ചെയ്ത് കൂടിയാകണം ഈ വിവാദങ്ങളെ മനസിലാക്കേണ്ടത്.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ കേന്ദ്രം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തു പോകുന്നവരുടെ കണക്കുണ്ടാക്കിയപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തടവറ പണിയാന്‍ ആദ്യം കച്ചകെട്ടിയിറങ്ങിയത് കര്‍ണാടകയായിരുന്നു.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനുള്ള കോപ്പു കൂട്ടലുകളും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കുന്നതും പള്ളികളുടെ കണക്കെടുപ്പുകളും അടക്കം നടത്തുന്ന ബിജെപി ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT