കഴിഞ്ഞ ദിവസങ്ങളിൽ ആഗോള മാധ്യമങ്ങൾ ചർച്ച ചെയ്തത് ഒരു 34കാരനെ കുറിച്ചാണ്.
ഗബ്രിയേൽ അറ്റല്‍.
ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.ഫ്രാൻസിലെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രി. ഐസ്‌ലാൻഡിലെ ജൊഹന്ന സിഗുറോർഡോട്ടിർ ശേഷം ലോകത്തു പ്രധാനമന്ത്രി പദത്തിൽ എത്തുന്ന രണ്ടാമത്തെ സ്വവർഗാനുരാഗി.
എന്തായിരിക്കും ഇമ്മാനുവൽ മാക്രോൺ 34 കാരനായ ചെറുപ്പക്കാരനെ നിയമിക്കുന്നതിലൂടെ ലക്‌ഷ്യം വെക്കുന്നത് ?
ഗബ്രിയേൽ അറ്റല്‍ ഫ്രാൻസിലെ വലതു പക്ഷ രാഷ്ട്രീയം പിന്തുണക്കുന്നവർക്കു സ്വീകാര്യനായ മുഖങ്ങളിൽ ഒന്നാണ്. തന്റെ പ്രസംഗങ്ങളിലും സംവാദങ്ങളിലും എതിരാളിയെ വാക്കുകൾ കൊണ്ട് തകർത്തു കളയുന്നത് അയാളെ കൂടുതൽ പ്രശസ്തനാക്കി . ആരാധകർക്കിടയിൽ 'വേഡ് സ്നൈപ്പർ’ എന്നൊരു വിളിപ്പേരും ഗബ്രിയേൽ അറ്റലിന് ഉണ്ട്.
മരീൻപെൻ നയിക്കുന്ന തീവ്രദേശീയവാദി പാർട്ടിയുടെ നേതാവ് ജോർദൊ ബാർദിലും ഗബ്രിയേൽ അറ്റലും തമ്മിലുള്ള സംവാദങ്ങൾ കാത്തിരുന്ന് കാണുന്ന വലതുപക്ഷ അണികൾ ഏറെയുണ്ട് ഫ്രാൻസിൽ. ഈ അടുത്തിടെ ഗബ്രിയേൽ അറ്റൽ ഫ്രാൻസിലെ ഏറ്റവും ജനപ്രിയ നേതാവായി അഭിപ്രായ സർവേകളിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
അറ്റാലിന്റെ ഈ ജനപ്രീതി കൃത്യമായി ഉപയോഗിക്കുക എന്നതാണ് ഇമ്മാനുവൽ മാക്രോൺ മുന്നിൽ കാണുന്നത് .ഒളിമ്പിക്‌സ്,പാർലമെൻറ് തെരഞ്ഞെടുപ്പുകൾ തുടങ്ങിയ സുപ്രധാന സംഭവങ്ങൾ നടക്കാനിരിക്കെ വിവാദങ്ങൾ ശമിപ്പിച്ചു സർക്കാരിന്റെ മുഖം മിനുക്കി എടുക്കുക എന്നുള്ളത് മറ്റൊരു ഉദ്ദേശം .
എങ്ങനെയാണ് ഗബ്രിയേൽ അറ്റൽ ഈ സ്ഥാനത്തേക്ക് എത്തുന്നത് ?
ഫ്രാൻസിൽ കുടിയേറ്റങ്ങൾ വർധിച്ചു വന്നപ്പോൾ,പുതിയ കുടിയേറ്റ നിയമം കൊണ്ടുവന്നു സർക്കാർ. ഒരു വിഭാഗം കുടിയേറ്റക്കാരെ തിരിച്ചയക്കണം എന്നുള്ളത് .ഫ്രാൻസിൽ വൻ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായി. പ്രതിഷേധം കനത്തതോടെ പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവെച്ചു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറ്റലിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത് .
ഗബ്രിയേൽ അറ്റാലിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുബോൾ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ 2006 - ൽ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു.
ഇമ്മാനുവൽ മാക്രോനിൽ ആകൃഷ്ടനായി 2016 ൽ "ലാ റിപബ്ലിക്ക് എൻ മാർച്ചെ പാർട്ടിയിലേക്ക് പിന്നീട് ചുവടുമാറി.28-ാം വയസ്സിൽ ഫ്രഞ്ച് ദേശീയ അസംബ്ലിയിലെ പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ജീൻ കാസ്റ്റക്‌സിന്റെ കീഴിൽ സർക്കാർ വക്താവായി. 2023-ലാണ് വിദ്യാഭ്യാസമന്ത്രിയായി ഗബ്രിയേൽ അറ്റല്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
എന്നാൽ ചില വിവാദപരമായ തീരുമാനങ്ങളും ഗബ്രിയേൽ അറ്റല്‍ വിദ്യാഭ്യാസമന്ത്രി ആയ കാലത്തു എടുത്തു.
ഫ്രാൻസിലെ സ്‌കൂളുകളിൽ പർദ ധരിക്കുന്നത് നിരോധിച്ചു അറ്റാല്‍ ഉത്തരവിറക്കി.മുസ്ലീങ്ങൾ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ സ്കൂളുകളിലെ മതേതരത്വത്തെ ചോദ്യം ചെയുന്നതാണെന്നും അത് കുട്ടികൾക്കിടയിൽ വേർ തിരിവുണ്ടാക്കും എന്നും ഗബ്രിയേൽ അറ്റൽ അന്ന് പറഞ്ഞു വെച്ചു . ഇത് പ്രതിപക്ഷ പ്രതിഷേധത്തിനും ഇടവെച്ചു എന്നാൽ ഉത്തരവിൽ നിന്ന് പിന്നോട്ട് പോകാനോ പിൻവലിക്കാനോ ഗബ്രിയേൽ അറ്റാല്‍ തയ്യാറായില്ല .
അറ്റല്‍ രാജ്യത്തിനെറ്റ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതോടെ ജനങ്ങളുടെ നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാനാകുമെന്നും ഫ്രാൻസിൽ സർക്കാരിന്റെ പ്രതിച്ഛായ തിരികെ കൊണ്ടുവരാനാവുമെന്നും ഇമ്മാനുവൽ മാക്രോൺ പാർട്ടി കണക്കു കൂട്ടുനിന്നു.