Explainer

സച്ചിൻ മുതൽ ജാക്കി ഷറോഫ് വരെ; ഉന്നതരെ കുടുക്കിയ പാന്‍ഡോറ പേപ്പേഴ്സ്

പാന്‍ഡോറ പേപ്പറുകള്‍ എന്ന പേരില്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് എന്ന കൂട്ടായ്മ പുറത്തുവിട്ട പട്ടികയില്‍ സ്വത്ത് പൂഴ്ത്തിവെപ്പ്, ടാക്സ് വെട്ടിപ്പ് തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 12 മില്യണ്‍ രേഖകളാണ് പുറത്തുവിട്ടത്. 17 രാജ്യങ്ങളില്‍ നിന്നുമായി 600ലധികം മാധ്യമപ്രവര്‍ത്തകരുടെ, 14 സോഴ്സുകളില്‍നിന്നുള്ള, മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് മേല്‍പറഞ്ഞ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

ലോകമെമ്പാടുമുള്ള വിവിധ വ്യക്തികള്‍ നടത്തുന്ന സാമ്പത്തികക്രമക്കേടുകളെ പുറത്തുകൊണ്ടുവന്ന രേഖകളാണ് പാന്‍ഡോറ പേപ്പേഴ്‌സ്. ആദ്യമായല്ല ഇത്തരം രേഖകള്‍ പുറത്തുവരുന്നത്. മുമ്പ് പാനമ പേപ്പേഴ്സ്, പാരഡൈസ് പേപ്പേഴ്സ് എന്ന പേരുകളിലും ഇത്തരം വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷെ വിവരങ്ങളുടെ വലുപ്പം നോക്കുമ്പോള്‍ പാന്‍ഡോറ ഇതുവരെ വന്നതില്‍വെച്ച് ഏറ്റവും ആധികാരികമായ, വലിയ രേഖയാണ്.

വിവിധ വ്യക്തികള്‍ തങ്ങളുടെ ഓഫ്‌ഷോര്‍ കമ്പനികളിലൂടെയും ഓഫ്‌ഷോര്‍ ട്രസ്റ്റുകളിലൂടെയും ഇപ്പോഴും കണക്കില്‍പ്പെടാത്ത പല സ്വത്തുക്കളും കൈവശം വെക്കുന്നുണ്ടെന്നും, അത്തരത്തില്‍ ഒരു വലിയ ടാക്സ് വെട്ടിപ്പ് തന്നെ നടക്കുന്നുണ്ടെന്നുമാണ് പാന്‍ഡോറ പേപ്പേഴ്സിന്റെ കണ്ടെത്തല്‍. 35 ലോകനേതാക്കള്‍, 300ല്‍പരം പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെയാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ആളുകളുടെ കണക്ക്.

പാന്‍ഡോറ പേപ്പറുകളിലെ കണ്ടെത്തലുകളെക്കുറിച്ച് പറയുന്നതിന് മുന്‍പേ രേഖകളില്‍ പേരുള്ളവര്‍ തട്ടിപ്പിന് മറയായി ഉപയോഗിച്ച ഓഫ്‌ഷോര്‍ കമ്പനികളെക്കുറിച്ച് പറയേണ്ടതുണ്ട്.

നമ്മുടെ സ്വത്തുക്കള്‍ നമ്മുടെ പേരിലല്ലാതെ നമുക്ക് എളുപ്പം കൈവശം വെക്കാനുള്ള ഒരു മറയായി ആണ് ഓഫ്‌ഷോര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ടാക്സ് നിയമങ്ങള്‍ സുതാര്യമായ, കമ്പനിയുടെ ഉടമസ്ഥവിവരങ്ങള്‍ അത്ര പെട്ടെന്ന് പുറത്തുവിടാന്‍ സാധിക്കത്തക്ക രാജ്യങ്ങളില്‍ ഒരാള്‍ ഒരു കമ്പനി തുടങ്ങുകയും, അതിലൂടെ തന്റെ സാമ്പത്തികയിടപാടുകള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് ഓഫ്‌ഷോര്‍. ഈ കമ്പനിയില്‍ സ്റ്റാഫുകളോ ഓഫീസര്‍മാരോ ഉണ്ടാവണമെന്നുപോലുമില്ല. അതായത്, ഒരുതരം ബിനാമി രീതിയാണ് അനുവര്‍ത്തിക്കുന്നത്.

ഇവിടെ കമ്പനിയുടെ ഉടമസ്ഥന്‍ ഇന്നയാളാണെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാകും. കാരണം, ആ രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ അതിനുതകുന്നതരത്തിലാകില്ല. ഇത്തരത്തില്‍ ഒരുപാട് പേര്‍ ഇങ്ങനെ ഓഫ്‌ഷോര്‍ കമ്പനികളും ട്രസ്റ്റുകളും തുടങ്ങുകയും സമാനമായി സ്വത്ത്, നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ വിവരങ്ങളാണ് പണ്ടോറ പേപ്പേഴ്‌സ് പുറത്തുവിട്ടത്. പാനമ, സൈപ്രസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റുകള്‍ എന്നീ സ്ഥലങ്ങളാണ് ഇത്തരക്കാര്‍ക്ക് സ്വര്‍ഗം.

കണ്ടെത്തലുകള്‍

പാന്‍ഡോറ പേപ്പറുകളില്‍ പേരുവന്ന എല്ലാവരെയുംതന്നെ സംശയമുനകളില്‍ നിര്‍ത്തേണ്ടതില്ല. കാരണം, ഓഫ്‌ഷോര്‍ നിക്ഷേപങ്ങള്‍ ഇപ്പോഴും ലീഗലാണ്. പക്ഷെ ഇവയിലൂടെ പല ക്രമക്കേടുകളും നടക്കുമ്പോളാണ് പ്രശ്നം. ഇന്ത്യയിലെ ബാങ്കുകളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ കടമുള്ളവര്‍ വരെ തങ്ങളുടെ നിലവിലെ ആസ്തികള്‍ ഓഫ്‌ഷോര്‍ ഇവെസ്റ്മെന്റുകളായി മാറ്റിയതായി തെളിഞ്ഞിട്ടുണ്ട്. യൂ.കെ കോടതിയില്‍ പാപ്പരത്തം എഴുതിനല്‍കിയ അനില്‍ അംബാനി തന്റെ സ്വത്തുവകകള്‍ 18 ഓഫ്‌ഷോര്‍ കമ്പനികളിലേക്ക്ക് മാറ്റിയതായി ഈ രേഖകളില്‍ വിവരങ്ങളുണ്ട്.

ഇതുപോലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ഭാര്യ അഞ്ജലിയുടെയും പേരും രേഖകളിലുണ്ട്. 2016 ൽ പാനമ പേപ്പേഴ്‌സിൽ പേര് വന്നയുടനെ സച്ചിന് വൻതോതിൽ ഷെയറുകളുള്ള ഒരു ഓഫ്‌ഷോർ കമ്പനി ഉടനെത്തന്നെ അടച്ചുപൂട്ടിയിരുന്നു. ഇത് പരാമർശിച്ചുകൊണ്ടാണ് പാന്‍ഡോറ പേപ്പറുകളിലും സച്ചിന്റെ പേര് ഉൾപെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ബോളിവുഡ് സൂപ്പർതാരം ജാക്കി ഷിറോഫും പട്ടികയിലുണ്ട്. തന്റെ ഭാര്യാമാതാവ് ന്യൂസിലാൻഡിൽ സ്ഥാപിച്ച കമ്പനിയിൽ അദ്ദേഹവും മകനായ ടൈഗർ ഷിറോഫുമെല്ലാം സ്ഥിരം ബെനഫിഷ്യറികളായിരുന്നുവെന്ന് ഈ റിപ്പോർട്ടിൽ വിവരങ്ങളുണ്ട്.നീരവ് മോദി, ഗൗതം അദാനി എന്നിവരുടെ ഏതൊരും പുറത്തുവന്ന രേഖകളിലുണ്ട്.

ഇതുകൂടാതെ നിരവധി രാഷ്ട്രീയവ്യക്തിത്വങ്ങളും ലിസ്റ്റില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഈ രേഖകളില്‍ പേരുവിവരങ്ങള്‍ വരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഈ ഓഫ്‌ഷോര്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ അധികാരമുള്ള നിരവധി പേര്‍ക്ക് അവയില്‍നിന്ന് പ്രയോജനമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് സഹായിച്ച സോഴ്സുകളുടെ വിവരങ്ങളില്‍ മുന്‍ റവന്യൂ സര്‍വീസ് ഓഫീസര്‍, മുന്‍ ടാക്സ് കമ്മീഷണര്‍, മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍, മുന്‍ മുന്‍ നിയമ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ സ്ഥാപിച്ച ഓഫ്‌ഷോര്‍ സ്ഥാപനങ്ങള്‍ ഉള്ളതായി കാണിക്കുന്നുണ്ട്.

ഇന്ത്യക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള നേതാക്കള്‍ വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ജോര്‍ദ്ദാന്‍ രാജാവ് വളരെ രഹസ്യമായി റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സമാഹരിച്ച കാര്യവും, ഉക്രൈന്‍, കെനിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സാമ്പത്തികക്രമക്കേടുകളും പട്ടികയിലുണ്ട്. എന്തിന്, മുന്‍ ഇംഗ്ലണ്ട് പ്രധാനമന്ത്രി ടോണി ബ്ലയറും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായികളുമെല്ലാം പട്ടികയിലുണ്ട്.

ടാക്സ് ഹെവനുകള്‍ തേടിപ്പോകുന്നവരാണ് പട്ടികയിലെ എല്ലാവരും. തങ്ങളുടെ പ്രോപ്പര്‍ട്ടികളുടെ രഹസ്യാത്മകത സൂക്ഷിക്കാന്‍, വളരെ കുറവ് നികുതികളുള്ള രാജ്യങ്ങളില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തി, വലിയ ലാഭം നേടാന്‍ ആഗ്രഹിക്കുന്നവരും കാലാകാലങ്ങളായി ചെയ്തുപോരുന്ന ഒരു ചടങ്ങാണിത്. പക്ഷെ ഇവയ്ക്ക് ഗുരുതരമായ പ്രത്യാഖാതങ്ങളുണ്ട്. നികുതിവെട്ടിപ്പുകള്‍ ആഗോള അസമത്വം വര്‍ദ്ധിപ്പിക്കാനുതകും. അത്തരത്തില്‍ വലിയൊരു സാമ്പത്തിക അസമത്വത്തിലേക് ലോകം കൂപ്പുകുത്തും. അതുകൊണ്ടാണ് ഇത്തരം പേപ്പറുകള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT