ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്നത് ഇന്ത്യയാണ്. പക്ഷേ ഇന്ത്യക്കാർ ഇന്ന് ഓക്സിജനും മരുന്നും, ചികിത്സയും വാക്സിനുമൊന്നും ലഭിക്കാതെ ചുറ്റുമുള്ള ആരിൽ നിന്നും കൊവിഡ് പിടിപെട്ടേക്കാമെന്ന ഭീതിയുടെ മുനയിൽ നിൽക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും അസാധാരണമായ വർദ്ധനയുണ്ടാകുകയാണ്.
ഈ മഹാമാരി കടന്നുകൂടാനുള്ള ഏക പ്രതിവിധി വാക്സിനാണ്. അതാകട്ടെ ലഭ്യമാകുന്നുമില്ല. മെയ് ഒന്നുമുതൽ പതിനെട്ട് വയസിനുമുകളിലുള്ളവർക്കും വാക്സിൻ ലഭിക്കുമെന്ന് കേന്ദ്രം പറഞ്ഞതിന് പിന്നാലെ ബുക്ക് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ജനം. പക്ഷേ ആദ്യഘട്ടത്തിൽ വാക്സിൻ എടുത്തവർ പോലും രണ്ടാം ഡോസ് കിട്ടില്ലേ എന്ന ആശങ്കയിലാണ് ഇപ്പോൾ.
എന്തുകൊണ്ട് വാക്സിൻ ലഭ്യമാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം തുടങ്ങുന്നത് ഇന്ത്യയുടെ വാക്സിൻ പോളിസിയിൽ നിന്നും, ആസൂത്രണത്തിലെ വീഴ്ചകളിൽ നിന്നുമാണ്.
ഒരു മഹാമാരിയുണ്ടാകുമ്പോൾ ഒരു രാജ്യത്തിന് ഒരിക്കലും സംഭവിച്ചുകൂടാത്ത വീഴ്ചയാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്. ഒരു പക്ഷേ രാജ്യത്തെ വർഷങ്ങൾ പിന്നിലേക്ക് നടത്താനുള്ള പ്രഹരമുള്ള വീഴ്ചയാണ് കേന്ദ്ര സർക്കാർ വാക്സിൻ പോളിസിയിൽ വരുത്തിയിരിക്കുന്നത്.
കൃത്യതയും വ്യക്തതയും ഇല്ലാത്ത വാക്സിൻ പോളിസി, വാക്സിൻ എന്നത് സാധാരണക്കാരന് വിദൂരമാക്കിയിരിക്കുന്നു. സാർവത്രിക വാക്സിനേഷൻ എന്ന ഇന്ത്യ എക്കാലവും കൈകൊണ്ട നയങ്ങളെ ദൂരെയെറിഞ്ഞിരിക്കുന്നു. കൊള്ളലാഭവും കച്ചവടവും മാത്രമായി മാറിയിരിക്കുന്നു ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിക്കാനുള്ള അവകാശം.
വാക്സിൻ കൊടുക്കേണ്ട ആളുകളുടെയും വാക്സിൻ ലഭ്യതയുടെയും അനുപാതത്തിലുള്ള അന്തരം ഈ പ്രതിസന്ധി ഇപ്പോഴൊന്നുമൊടുങ്ങില്ലെന്ന് വിളിച്ച് പറയുന്നു.
ഇന്ത്യയുടെ വാക്സിനേഷൻ പ്രോസസ് നാലാം ഘട്ടത്തിലെത്തി നിൽക്കുന്നുവെന്നാണ് പറയുന്നത്. അതായത് ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ള ഫ്രണ്ട് ലൈൻ വർക്കേഴ്സിന് ലഭിച്ച ആദ്യഘട്ടം അറുപത് വയസുള്ളവരിൽ നിന്ന് ആരംഭിച്ച രണ്ടാം ഘട്ടം, 45 വയസിനു മുകളിലുള്ളവർക്ക് ലഭിച്ച മൂന്നാം ഘട്ടം, പതിനെട്ട് വയസുമുതൽ 45 വയസുവരെയുള്ളവർക്ക് ലഭിച്ച നാലാം ഘട്ടം.
ഇത്തരത്തിൽ ഇന്ത്യ 16.4 കോടി കൊവിഡ് വാക്സിൻ ഡോസുകളാണ് മെയ് എഴുവരെയുള്ള കണക്കുകൾ പ്രകാരം ആകെ കൊടുത്തിരിക്കുന്നത്. 138 കോടിയോളം ജനങ്ങളുള്ള രാജ്യത്തെ കണക്കാണിത്.
30 കോടി ആളുകളെ ആഗസ്തോടുകൂടി വാക്സിനേറ്റ് ചെയ്യണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. പക്ഷേ ഇതൊരു റിയലിസ്റ്റിക്ക് കണക്കല്ല. ഇനി ആഗസ്തിൽ പൂർത്തിയാക്കണമെന്ന് പറയുന്ന 30 കോടി എന്ന സംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ കേവലം 20 ശതമാനം മാത്രമാണ്.
ഏപ്രിൽ മുപ്പത് വരെ ഇന്ത്യ വാക്സിനേറ്റ് ചെയ്തത് 12.7 കോടി ആളുകളെയാണ്. പക്ഷേ ചെയ്യേണ്ടിയിരുന്നത്, അല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ അർഹതയുണ്ടായിരുന്നവർ 28.6 കോടിയാണ്. അതായത് ഏപ്രിൽ 30 ആയപ്പോഴേക്കും അർഹരായവരുടെ കണക്കിൽ നിന്ന് 44 ശതമാനം മാത്രമാണ് വാക്സിനേറ്റ് ചെയ്യപ്പെട്ടത്.
ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 11 ശതമാനമാണ് ഇപ്പോഴും വാക്സിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് തന്നെ ഇനി മറ്റ് രാജ്യങ്ങളുടെ കണക്കുമായി കൂട്ടി വായിച്ചു നോക്കാം. അമേരിക്കയിൽ ഇത് 50.4 ശതമാനമാണ്. യു.കെയിൽ 43.3, ജർമ്മനിയിൽ 26.7.
ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഇന്ത്യ വാക്സിനേഷനിൽ ബഹുദൂരം പിന്നിലാണ് എന്നാണ്. ഇന്ത്യയിൽ ഓരോ ഘട്ടം കഴിയും തോറും വാക്സിനേഷന് അർഹരായവരുടെ എണ്ണംകൂടി വരികയും വാക്സിൻ ലഭ്യമല്ലാതെയാവുകയുമായിരുന്നു.
ഈ പ്രതിസന്ധിയെ സങ്കീർണമാക്കുന്ന നയങ്ങളാണ് കേന്ദ്രം സ്വീകരിച്ചതും.വാക്സിൻ ക്ഷാമം എന്ത് കൊണ്ട്ഇന്ത്യയിൽ നിലവിൽ വാക്സിൻ നിർമ്മിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, ഭാരത് ബയോടെക്കുമാണ്. ഇവർക്കാണ് ഇതിന്റെ ഇന്റലെക്ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സും എക്സ്ക്ലൂസീവ് ലൈസൻസും ഉള്ളത്. ഇവയ്ക്ക് 25.3 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് പ്രതിദിനം ഉണ്ടാക്കാൻ സാധിക്കുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒയും ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ മാനുഫാക്ച്ചറുമായ അദാർ പൂനെവാല പറയുന്നത് വാക്സിൻ വിതരണത്തിലെ പ്രയാസങ്ങൾ ഇനിയും മൂന്ന് മാസം കൂടി തുടരുമെന്നാണ്. ആ മൂന്ന് മാസം പക്ഷേ ഇന്ത്യയ്ക്ക് നിർണായകമാണ്. ഒരു പക്ഷേ അതിലും നീണ്ടു പോയേക്കാമെന്ന സൂചനകളും ഇപ്പോൾ ലഭിക്കുന്നു.
പ്രതിരോധം തന്നെയാണ് കൊവിഡിന് പ്രതിവിധി എന്ന് തിരിച്ചറിഞ്ഞ ലോകരാജ്യങ്ങളെല്ലാം വാക്സിൻ വാങ്ങാനും നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. പക്ഷേ ഇന്ത്യയാകട്ടെ വാക്സിൻ ബുക്കിങ്ങിൽ പോലും താത്പര്യം കാണിച്ചില്ല.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയ്ക്ക് ആവശ്യത്തിന് വാക്സിൻ നൽകുന്നില്ല എന്ന വിമർശനം ഉയർന്നപ്പോൾ അതിന്റെ സി.ഇ.ഒയായ അദാർ പൂനെവാല പറഞ്ഞത് തങ്ങൾക്ക് ഓർഡർ ലഭിച്ചില്ല എന്നാണ്.
ഇവിടെ ഇന്ത്യ വാക്സിന് ഓർഡർ കൊടുത്തില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. മറ്റു രാജ്യങ്ങളെല്ലാം വാക്സിന് അറ്റ് റിസ്ക് ഇൻവെസ്റ്റ്മെന്റ് നടത്തുമ്പോഴാണ് വാക്സിന് ഓർഡർ പോലും നൽകാതെ രാജ്യം നിഷ്ക്രിയമായി ഇരുന്നത്.
ഇതുകൂടാതെ റഷ്യയുടെ സ്പുട്നിക് വാക്സിൻ ടെസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്ത്യ നിരസിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 13ന് മാത്രമാണ് ഇന്ത്യ റഷ്യയുടെ സ്പുട്നിക് കൊവിഡ് വാക്സിൻ അപ്രൂവ് ചെയ്തിട്ടുള്ളൂ.അതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞത് പോലെ കൊവാക്സിനും, കൊവിഷീൽഡും മാത്രമാണ് ഇന്ത്യയുടെ കയ്യിൽ നിലവിലുള്ള വാക്സിൻ. മറ്റ് രാജ്യങ്ങളെ പോലെ കൂടുതൽ വാക്സിനുകൾ ഇന്ത്യ സ്റ്റോർ ചെയ്തിട്ടുമില്ല.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ആകട്ടെ മറ്റ് കമ്പനികൾക്ക് ഓർഡർ കൊടുത്ത് നിർമ്മിക്കുന്നുമില്ല. ഭാരത് ബയോടെക് മാത്രമാണ് ഇത് വൻതോതിൽ നിർമ്മിക്കുന്നത്. ഐ.സി.എം.ആറിന്റെയും, പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഉണ്ടാക്കിയ കൊവാക്സിൻ നിർമ്മിക്കാൻ എന്തുകൊണ്ട് മറ്റ് സ്ഥാപനങ്ങൾക്ക് അവകാശം നൽകി കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കുന്നില്ല എന്ന ചോദ്യവും ഈ ഘട്ടത്തിൽ സർക്കാരിന് നേരെ ഉയരുന്നുണ്ട്.
2020 ഒക്ടോബർ മാസം ഇന്ത്യയിൽ കൊവിഡിന്റെ ആദ്യ തരംഗം ശക്തികുറഞ്ഞ് വരുമ്പോഴും വാക്സിന് ഇന്ത്യ ഓർഡർ പോലും നൽകിയിട്ടില്ല. ഉത്പാദകർക്ക് പ്രൊഡക്ഷൻ കൂട്ടാൻ ഫണ്ടിങ്ങും കൊടുത്തിരുന്നില്ല. ഈ സമയങ്ങളിലെല്ലാം സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മറ്റു രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചിരുന്നു.
2021 ജനുവരിയിൽ മാത്രമാണ് ഇന്ത്യൻ റെഗുലേറ്റേഴ്സ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് അനുമതി നൽകുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ആദ്യത്തെ പതിനൊന്ന് മില്ല്യൺ കൊവിഷീൽഡ് വാക്സിനും, 5.5 മില്ല്യൺ കൊവാക്സിനും ലഭിക്കുന്നത്. ഇതാകട്ടെ ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത് ശതമാനത്തിനും പോലും പര്യാപ്തവുമല്ലായിരുന്നു.
ഫെബ്രുവരിയിൽ അടുത്ത പത്ത് മില്ല്യൺ കൊവിഷീൽഡ് ഡോസും ഇന്ത്യയ്ക്ക് ലഭിച്ചു. 4.5 മില്ല്യൺ ഡോസ് കൊവാക്സിനാണ് ലഭിച്ചത്. 60 മില്ല്യൺ കൊവിഷീൽഡ് വാക്സിൻ പ്രതിമാസം നൽകാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടും പറഞ്ഞിരുന്നു.
ഏപ്രിൽ മാസത്തിൽ പുനെവാല സർക്കാരിനോട് 403 മില്ല്യൺ ഡോളറിന്റെ ഗ്രാന്റിന് അവശ്യപ്പെട്ടിരുന്നു. പ്രതിമാസം 100 മില്ല്യൺ ഡോസ് വാക്സിൻ നിർമ്മിക്കാനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വാക്സിൻ പ്രൊഡക്ഷൻ കമ്പനി കൂട്ടിയിരിക്കുകയാണ് എന്നും അദ്ദേഹം ഇതിന് പിന്നാലെ പറഞ്ഞിരുന്നു. പക്ഷേ വാക്കുകൾക്ക് സ്ഥിരതയില്ലെന്ന സ്ഥിരം വിമർശനം നേരിടുന്ന പുനെവാല പിന്നീട് പറഞ്ഞത് ജനുവരി മാസത്തിൽ ക്യാമ്പസിൽ ഉണ്ടായ തീപിടുത്തം കാരണം കണക്കുകൂട്ടലുകൾ പാളിയെന്നും വാക്സിൻ പ്രൊഡക്ഷൻ ഉദ്ദേശിച്ച രീതിയിൽ കൂട്ടാൻ കഴിഞ്ഞില്ല എന്നുമാണ്.
പക്ഷേ ഇതേ പൂനെവാല 500 മില്ല്യൺ ഡോളറിന് അദ്ദേഹത്തിന്റ തന്നെ മറ്റൊരു സ്ഥാപനത്തിലൂടെ ഒരു ഫിനാന്യഷ്യൽ സർവ്വീസിന്റെ ഓഹരിയും വാങ്ങിയിട്ടുണ്ട്.നിലവിൽ ഇന്ത്യയിൽ നാലു ലക്ഷത്തിനോടടുത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്സിൻ ക്ഷാമം അതിന്റെ ഏറ്റവും രൂക്ഷമായി നിലയിലേക്കും പോയിരിക്കുന്നു. പക്ഷേ പൂനെവാല ഇപ്പോൾ ലണ്ടനിലാണ്.
വാക്സിൻ ക്ഷാമം രൂക്ഷമായ ഈ ഘട്ടത്തിൽ സർക്കാരിന് വേണമെങ്കിൽ എക്സ്പോർട്ട് നിർത്തിവെക്കുകയും മുഴുവൻ കപാസിറ്റിയും രാജ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന തീരുമാനം എടുക്കുകയും ചെയ്യാം.സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് NOVOVAX ഉൾപ്പെടെയുള്ള മറ്റ് വാക്സിനുകളുടെ നിർമ്മാണ പ്രവർത്തനം നിർത്തിവെച്ച് കൊവിഷീൽഡ് മാത്രം ഉത്പാദിപ്പിക്കണമെന്നും ആവശ്യപ്പെടാം. മറ്റ് കമ്പനികൾക്കും വാക്സിൻ നിർമ്മിക്കാൻ അനുമതി നൽകാം.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കണമെങ്കിൽ ചുരുങ്ങിയത് 200 മുതൽ 250 മില്ല്യൺ കൊവിഡ് വാക്സിനെങ്കിലും പ്രതിമാസം വേണമെന്ന തിരിച്ചറിവ് ഇതുവരെ കേന്ദ്ര സർക്കാരിന് ഉണ്ടായിട്ടില്ല. നിലവിൽ 70-80 മില്ല്യൺ മാത്രമാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമ്പത് ശതമാനം വാക്സിൻ കേന്ദ്ര സർക്കാരും അമ്പത് ശതമാനം വാക്സിൻ സംസ്ഥാന സർക്കാരും നൽകണമെന്ന തീരുമാനം പോലും രാജ്യത്തെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കും. സംസ്ഥാന സർക്കാരുകൾക്ക് വാക്സിൻ വിലകൂട്ടി വിൽക്കാൻ സമ്മതം മൂളിയ കേന്ദ്ര സർക്കാർ ഫ്രീ വാക്സിനുള്ള ജനങ്ങളുടെ അവകാശം കൂടിയാണ് ഇല്ലാതാക്കിയത്. ഇതിൽ തന്നെ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ കൂടുതൽ വിലയ്ക്ക് കൊടുക്കാമെന്ന നയം വാക്സിൻ വിപണിയിൽ അനാവശ്യമായ മത്സരവും ഉണ്ടാക്കുന്നു.
പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും കേന്ദ്ര സർക്കാർ വാക്സിൻ വിഷയത്തിൽ കാര്യക്ഷമമായ പരിഹാരം കാണാനുള്ള നടപടികൾ ശ്രദ്ധയോടെ ചെയ്യുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മുതലാളിത്ത രാജ്യങ്ങൾ പോലും ലോകത്ത് നിന്ന് കൊവിഡിനെ ഇല്ലാതാക്കണമെങ്കിൽ സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ ഇന്ത്യ സ്വന്തം ജനതയുടെ ജീവിത നിലവാരം പോലുമളക്കാതെ വാക്സിൻ കച്ചവടത്തിന് വെച്ചിരിക്കുകയാണ്.