Environment

മാലിന്യത്തില്‍ നിന്നും വൈദ്യുതി; പറച്ചിലും പ്രായോഗികതയും

എ പി ഭവിത

മാലിന്യ സംസ്‌കരണം കാലങ്ങളായി കേരളത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതി കൊച്ചിയില്‍ സ്ഥാപിക്കുന്നു. ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്ന് 9.76 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം 47 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഇതിനായി ഒരു ദിവസം 300 ടണ്‍ ഖരമാലിന്യം കൊച്ചി കോര്‍പ്പറേഷന്‍ ജി ജെ എക്കോപവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നല്‍കണം. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനായി കെ എസ് ഇ ബി കരാറും ഒപ്പിട്ടു കഴിഞ്ഞു.

തിരുവനന്തപുരം ഉള്‍പ്പെടെ 7 ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒറ്റനോട്ടത്തില്‍, സംസ്ഥാനത്തെ മാലിന്യ പ്രശ്‌നത്തിനുള്ള ഒറ്റമൂലിയെന്ന് തോന്നാമെങ്കിലും ഗുരുതര ആരോപണങ്ങളാണ് പദ്ധതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി കരാര്‍ ഒപ്പിട്ട കമ്പനിയുടെ ഈ മേഖലയിലെ പ്രവര്‍ത്തന പരിചയത്തില്‍ തുടങ്ങുന്നു സംശയങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പിന്‍വാങ്ങുന്ന പദ്ധതി ധൃതിയില്‍ നടപ്പാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടത് ഈ ചോദ്യങ്ങള്‍ക്കാണ്.

1. ജില്ലാ കലക്ടര്‍ക്കും കമ്പനി പ്രതിനിധികള്‍ക്കും മുന്നിലുയര്‍ത്തിയ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വില കല്‍പ്പിക്കാതെ തിടുക്കത്തില്‍ കരാര്‍ ഒപ്പിട്ടതെന്തിന്?. ജൂണ്‍ പത്തിനായിരുന്നു പാരിസ്ഥിതിക അനുമതിക്ക് വേണ്ടിയുള്ള കമ്പനിയുടെ പബ്ലിക് ഹിയറിംങ്. പതിനെട്ടിന് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഒപ്പിടുന്നു. പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ജില്ലാ കലക്ടര്‍ക്കും കമ്പനി പ്രതിനിധികള്‍ക്കും നിരവധി സംശയങ്ങളും ആശങ്കകളും ഉന്നയിച്ചു.

2. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണോ?. ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്കും തിരുവനന്തപുരത്ത് ഇടത് മുന്നണി ഭരിക്കുന്ന കോര്‍പ്പറേഷനും പരീക്ഷിച്ച മോഡല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലേ?

3. പദ്ധതി നടപ്പാക്കുന്ന ജി ജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഈ മേഖലയില്‍ മുന്‍പരിചയമില്ല. എന്തുകൊണ്ട് ഇങ്ങനെയൊരു കമ്പനിയുമായി നിര്‍ണായക പദ്ധതിയുടെ കരാര്‍ ഒപ്പിട്ടു?

4. കടബാധ്യതയുള്ള, പൂട്ടിപ്പോകാവുന്ന കമ്പനിയാണ് ജി ജെ എക്കോ പവര്‍ എന്ന് ആരോപണമുയരുന്നു. കരാറിലേര്‍പ്പെടും മുമ്പ് കമ്പനിയുടെ സാമ്പത്തിക ബാധ്യതകള്‍ അന്വേഷിച്ചിരുന്നോ?

5. മലിനീകരണം കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പിന്‍വാങ്ങുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിന് പിന്നില്‍ എന്താണ്

6. മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിസ്ഥിതിക്ക് ദോഷവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് പാര്‍ലമെന്റി സമിതി കണ്ടെത്തിയത് സംസ്ഥാന സര്‍ക്കാര്‍ അറിയാത്തതാണോ?, സമാന രീതിയില്‍ പ്രവര്‍ത്തിച്ച് മലിനീകരണമുണ്ടാക്കിയ ദില്ലിയിലെ പ്ലാന്റിന് 25 ലക്ഷം രൂപ ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ?

7. ഇന്ത്യയില്‍ ഇത്തരം 15 പ്ലാന്റുകളില്‍ ഏഴെണ്ണം അടച്ചു പൂട്ടി. ഖരമാലിന്യം കൈകാര്യം ചെയ്യാതെ വന്നതും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉയര്‍ന്ന വിലയുമായിരുന്നു അടച്ചു പൂട്ടാനുള്ള കാരണം. പദ്ധതി നടപ്പാക്കുന്നതിന് അടിസ്ഥാന കാര്യങ്ങള്‍ പരിശോധിച്ചിരുന്നോ?

8. 300 ടണ്‍ മാലിന്യം പ്രതിദിനം നല്‍കണമെന്ന നിബന്ധന എങ്ങനെയാണ് മാലിന്യത്തിന്റെ അളവ് കുറച്ച് കൊണ്ടു വരാന്‍ കഴിയുക

9. 6.17 പൈസക്കാണ് കെ എസ് ഇ ബി വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇപ്പോള്‍ വൈദ്യുതി വാങ്ങുന്ന വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്നതെന്തിന്

10. ഈ ഒറ്റമൂലി ചികിത്സയിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ പ്രശ്‌നം പരിഹരിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT