ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും നാളുകളായി സമരത്തിലാണ്. കരിമണല്‍ ഖനനത്തിലൂടെ തീരം ഇല്ലാതാവുകയാണെന്നും പ്രദേശത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഇവരുടെ പരാതി. മണല്‍ കുമിഞ്ഞതോടെ വള്ളവും ബോട്ടും കരയിലേക്ക് അടുപ്പിക്കാനാവുന്നില്ല. കടലാക്രമണത്തില്‍ വീടുകള്‍ നശിക്കുന്നു. തുറമുഖത്തെ മണല്‍ നീക്കം ചെയ്യാനെത്തിയവര്‍ ഇപ്പോള്‍ കരിമണല്‍ കടത്തുന്നു. പരാതികള്‍ ഓരോന്നായി ഉയരുമ്പോഴും നടപടികളുണ്ടാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഹാര്‍ബര്‍ നിര്‍മ്മിച്ച രണ്ട് വര്‍ഷം വള്ളവും ബോട്ടും തീരത്ത് കയറിയിരുന്നു. എന്നാല്‍ പിന്നീട് മണലും ചളിയും നിറഞ്ഞു. പൊഴിമുഖം മണല്‍ വീണ് ആറ് വര്‍ഷം അടഞ്ഞു കിടന്നു. പുലിമുട്ടിന്റെ നീളക്കുറവും ദിശ മാറിയതുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് പരിഹാരം കാണാനാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സിനെ മണല്‍ നീക്കം ചെയ്യാന്‍ അനുവദിച്ചത്. നാലുവര്‍ഷം മുമ്പാണ് ഐ ആര്‍ ഇ തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ ഖനനം നടത്തി തുടങ്ങിയത്. തുറമുഖത്തിന്റെ ആഴം കൂട്ടുന്ന പ്രവര്‍ത്തി പിന്നെ മണല്‍ കൊള്ളയായെന്ന് സമരസമിതി ആരോപിക്കുന്നു.
ബോട്ടും വള്ളവും കയറ്റാന്‍ വേണ്ടി ചളിയും മണലും നീക്കാനാണ് ഐ ആര്‍ ഇ ഇവിടെ വന്നത്. അല്ലാതെ മണലെടുക്കാനല്ല. ഇപ്പോള്‍ ഐ ആര്‍ ഇയുടെ മണലൂറ്റ് കേന്ദ്രമായി മാറി. വള്ളവും ബോട്ടും കയറുന്നില്ല. ചെറിയൊരു മോട്ടറും വച്ച് അവര്‍ക്കാവശ്യമായ മണലെടുക്കുന്നുണ്ട്. മണല്‍ കൊള്ളയാണ് ഇവിടെ നടക്കുന്നത്. ഒരു ലോറിക്ക് പതിനഞ്ച് ടണ്‍ മണലെടുക്കാനാണ് പാസ് അനുവദിക്കുന്നത്. എന്നാല്‍ അമ്പതും അറുപതും ടണ്‍ മണലാണ് ഒരുപ്രാവശ്യം എടുത്ത് കൊണ്ടു പോകുന്നത്. ഈ ലോറിയിടിച്ച് മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. ഓമനക്കുട്ടന്‍, സമരസമിതി നേതാവ്
ഹാര്‍ബറിന്റെ നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാന്‍ പുനൈ ഐ ഐ ടിയോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 70.77കോടി രൂപയുടെ പ്രൊജക്ട് യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമര്‍പ്പിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ട സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മാറി. കിഫ്ബിയുടെയും നബാര്‍ഡിന്റെയും സഹായത്തോടെ ചെയ്യാമെന്നാണ് ഇടതു സര്‍ക്കാര്‍ നിലപാടെടുത്തത്. കിഫ്ബിയില്‍ 60 കോടിയും നബാര്‍ഡില്‍ നിന്ന് 80 കോടിയും അനുവദിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രദേശവാസികളുടെ സമരത്തിന്റെ ഫലമായി മണല്‍ കടത്ത് തടഞ്ഞു. ഐ ആര്‍ ഇ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. പോലീസ് സംരക്ഷണത്തോടെ മണല്‍ കൊണ്ടു പോകാന്‍ കോടതി അനുവദിച്ചു. നീക്കം ചെയ്തിട്ട മണല്‍ കൊണ്ടു പോകാനാണ് കോടതി അനുമതി നല്‍കിയത്. നാട്ടുകാരുടെ പ്രതിഷേധത്തില്‍ വീണ്ടും നിര്‍ത്തിവെച്ചു.
ഐ ആര്‍ ഇ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മ്മിച്ചതും മെഷീനുകള്‍ സ്ഥാപിച്ചതുമെന്നാണ് പഞ്ചായത്തിന്റെ വാദം. ഇതിനുള്ള രേഖകളൊന്നും പഞ്ചായത്തിലില്ലെന്നാണ് ഭരണസമിതി പറയുന്നത്. കരിമണലെടുക്കുന്നതിന്റെ വിസ്തൃതി കൂട്ടുന്നതിനായി തീരത്തുള്ള കാറ്റാടി മരങ്ങള്‍ മുറിച്ച് നീക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി.
മണല്‍ നീക്കം ചെയ്യുന്നത് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ഉപകാരവുമില്ല. നീണ്ടകരയിലും ആയിരംതെങ്ങിലുമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ഐ ആര്‍ ഇ ഇവിടെ ഒരു സ്ഥിരം കേന്ദ്രമൊക്കെ സ്ഥാപിച്ചിട്ടുണ്ട്.പഞ്ചായത്ത് ഇവര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. എത്ര ലോഡ് മണല്‍ ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ടെന്ന് ആര്‍ക്കും അറിയില്ല. നിരവധി തവണ നാട്ടുകാര്‍ വണ്ടികള്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മണ്ണ് കൊണ്ടു പോകാനുള്ള അനുമതി ശീട്ട് കാണിച്ച് അവര്‍ രക്ഷപ്പെടുകയാണ്. എത്ര ടണ്‍ മണല്‍ കൊണ്ടു പോകാമെന്നോ ഒരു ദിവസം എത്രയെടുക്കാമെന്നോ അതിലില്ല. 25 ലോഡ് മണല്‍ വരെ ദിവസവും ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്. സുജ തങ്കപ്പന്‍, പുറക്കാട് പഞ്ചായത്ത് മെമ്പര്‍
ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഹാര്‍ബര്‍ സന്ദര്‍ശിക്കുകയും പുതിയ പുലിമൂട്ട് നിര്‍മ്മിക്കുന്നതാണ് പോംവഴിയെന്നും വ്യക്തമാക്കി. പതിമൂന്നര കോടി ചിലവിട്ട് തെക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് 250 മീറ്റര്‍ പുലിമൂട്ട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ നിലപാടെടുത്തത്. അതിന്റെ ടെണ്ടറായിട്ടുണ്ടെങ്കിലും വിയോജിപ്പ് തുടരുകയാണ്. കടലാക്രമണത്തെത്തുടര്‍ന്ന് 192 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ് കഴിയുന്നത്. വീടുകള്‍ക്ക് കേടുപാട് പറ്റുന്നുണ്ട്. വടക്കേ പുലിമൂട്ടില്‍ നിന്ന് 480മീറ്റര്‍ ദൂരത്തില്‍ പുതിയ പുലിമുട്ട് നിര്‍മ്മിക്കണമെന്ന് പൂനൈ ഐ ഐ ടി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് നിര്‍മ്മിച്ച് മണലടിയുന്നത് തടയണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. പുന്നപ്ര വരെ ഒന്നര കിലോ മീറ്റര്‍ കടല്‍ തീരമുണ്ടായിരുന്നു. ഹാര്‍ബര്‍ വരുന്നതിന് മുമ്പ് കടലാക്രമണമുണ്ടാകുമ്പോള്‍ ഒരു തീരത്ത് നിന്ന് എടുക്കുന്ന മണല്‍ മറ്റൊരു തീരത്ത് അടിയും. ഐ ആര്‍ ഇ ട്രെഞ്ചിംഗ് തുടങ്ങിയപ്പോളാണ് ഹാര്‍ബറിനുള്ളില്‍ തന്നെ മണലടിയാന്‍ തുടങ്ങിയതെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. നീര്‍ക്കുന്ന് ഭാഗത്തുള്ള 16 വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. വടക്ക് വശത്തെ പുലിമൂട്ട് നിര്‍മ്മിക്കണം, പുറക്കാട് വരെയുള്ള പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണം. ഇതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഒപ്പം മറ്റൊന്ന് കൂടി അവര്‍ ഓര്‍മ്മിപ്പിക്കുന്നു.. തീരം നഷ്ടപ്പെടുകയാണ്. ഇപ്പോള്‍ തീരദേശവും ഹൈവേയും തമ്മില്‍ പത്ത് മീറ്ററിന്റെ വ്യത്യാസം പോലുമില്ല.