ആര്‍ട്ടിക്കിലെ ധ്രുവക്കരടികള്‍ കുഞ്ഞുങ്ങളെ ഭക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലും മൂലം ആവാസവ്യവസ്ഥ തകിടം മറിഞ്ഞതാണ് സ്വ വര്‍ഗത്തെ ഭക്ഷിക്കുന്നതിലേക്ക് ഹിമക്കരടികളെ നയിക്കുന്നതെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. പോളാര്‍ കരടികള്‍ സ്വജാതിയെ തിന്നുവയാണെന്ന് നേരത്തേ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കുമ്പോള്‍ ഇവ ഇത്തരം രീതി സ്വീകരിക്കാറില്ല. ആഗോള താപനം നാള്‍ക്കുനാള്‍ ഇതിന് ആക്കം കൂട്ടുന്നുവെന്ന് മോസ്‌കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രോബ്ലംസ് ഓഫ് ഇക്കോളജി ആന്‍ഡ് ഇവല്യൂഷനിലെ വിദഗ്ധന്‍ ഇല്യ മോര്‍ഡ്വിന്റ്‌സേവ് പറയുന്നു.
പോളാര്‍ കരടികള്‍ കുഞ്ഞുങ്ങളെ കഴിക്കുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ ഇപ്പോഴത് സാധാരണമായിരിക്കുന്നു. ഭക്ഷണലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. ആണ്‍ കരടികള്‍ പെണ്‍കരടികളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നത് സര്‍വ സാധാരണമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള മഞ്ഞുരുകല്‍ അവയുടെ ആവാസ വ്യവസ്ഥയെ ഉലച്ചു. കടലിലെ ഹിമപാളികളില്‍ നിന്ന് ഇവ ഇരതേടുമായിരുന്നു. എന്നാല്‍ മഞ്ഞുരുക്കം മൂലം അത് സാധ്യമാകാതെ വന്നു.
അതിനാല്‍ ഇവ കടല്‍തീരത്ത് നിലയുറപ്പിക്കാന്‍ നിര്‍ബന്ധിതമായി. കൂടാതെ മനുഷ്യ ഇടപെടലും ഇവയ്ക്ക് ദുരിതമാകുന്നു. മേഖലയിലെ പ്രകൃതിവാതക ശേഖരണം ഇവയുടെ നിലനില്‍പ്പ് ഭീഷണിയിലാക്കി. ഇക്കാരണങ്ങള്‍ ഇവയുടെ ഭക്ഷണലഭ്യതയില്‍ വന്‍തോതില്‍ കുറവുണ്ടാക്കി. ഹിമക്കരടികള്‍ പതിവിനേക്കാള്‍ വലിയ ചൂട് നേരിടുന്നുവെന്ന് റഷ്യന്‍ ശാസ്ത്രജ്ഞനായ വ്‌ളാഡിമിര്‍ സുകളോവ് വ്യക്തമാക്കുന്നു. ഇവ ഒപ്പമുള്ളവയെ ആക്രമിച്ച് കൊലപ്പെടുത്തി പിന്നീട് കഴിക്കാനായി വെയ്ക്കുന്ന രീതിയും കാണപ്പെടുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.