വികസന പ്രവൃത്തികള്‍ക്കായി മരങ്ങള്‍ വെട്ടിയകറ്റാതെ പിഴുതെടുത്ത് സംരക്ഷിച്ച് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായാണ് മരങ്ങള്‍ പിഴുതുമാറ്റി മറ്റിടങ്ങളില്‍ നട്ട് സംരക്ഷിക്കുന്നത്.പരിസ്ഥിതി ദിനത്തിലാണ് ഇതിന് തുടക്കമായത്.
ഒന്നും രണ്ടുമല്ല 1285 മരങ്ങളാണ് പിഴുതുമാറ്റുന്നത്. എയര്‍പോര്‍ട്ട് പരിസരത്ത് തന്നെയാണ് ഇവ നട്ടുപിടിപ്പിക്കുന്നത്. ഇതടക്കം ആകെ 7085 മരങ്ങള്‍ വിമാനത്താവള പരിസരത്ത് നടും. പരിസ്ഥിതി സൗഹൃദ വിമാനത്താവളമെന്ന ആശയം സാക്ഷാത്കരിക്കാനാണിത്. ബംഗളൂരു വുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് മരങ്ങള്‍ മാറ്റിനടുന്നത്.
വോള്‍വോയുടെ അത്യാധുനിക ട്രീ പ്ലാന്റര്‍ യന്ത്രം ഉപയോഗിച്ച് മരങ്ങള്‍ പിഴുതെടുക്കും. ഇതേ യന്ത്രം തന്നെ കുഴികളെടുത്ത് മരം വെച്ചുറപ്പിക്കും. ഹൈഡ്രോളിക് സംവിധാനത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഒരു ദിവസം 17 മരങ്ങള്‍ ഇത്തരത്തില്‍ മാറ്റി നടനാകും. 20 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വരെ ഈ യന്ത്രത്താല്‍ പൊരിച്ചെടുക്കാം.
ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ 18 മാസമാണ് കണക്കാക്കുന്നത്. അപ്പോഴേക്കും പുതുതായി നടുന്ന മരങ്ങള്‍ ചില്ലകള്‍ വിടര്‍ത്തും. പച്ചപ്പ് തലയുയര്‍ത്തും. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ പരിസ്ഥിതി സൗഹൃദ വിമാനത്താവളമായി കെംപഗൗഡ മാറും.