Environment

എന്‍ഡോസള്‍ഫാന്‍: ഭരണകൂടത്തിന്റെ കടമകളാണ് ഇവിടെ കൊല ചെയ്യപ്പെടുന്നത്‌

എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിപോലും അട്ടിമറിക്കുന്ന ഭരണ കൂട/ഔദ്യോഗിക നിലപാടിനെക്കുറിച്ച് ഏറെക്കാലമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കായി നിലയുറപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പ്രഫ. എം.എ റഹ് മാന്‍ എഴുതിയത്

എന്‍ഡോസള്‍ഫാന്‍ ആകാശത്തളിയുടെ ആഘാതത്താല്‍ സെറിബ്രെല്‍ പള്‍സി ബാധിച്ച തല വലുപ്പമുള്ള കുഞ്ഞുങ്ങള്‍ പിറന്ന കാസര്‍കോട്ട് അമ്മമാര്‍ ഗര്‍ഭം ധരിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു!

അന്ന് കാസര്‍കോട് അതിര്‍ത്തി അടക്കുന്ന പ്രശ്‌നമില്ലായിരുന്നതിനാല്‍ ഓരോ ഗര്‍ഭധാരണത്തിലും ഈ അമ്മമാര്‍ മംഗലാപുരത്തേക്ക് ബസ്സ് കയറി. സ്‌പെഷ്യലിസ്റ്റ് ആശുപത്രികളുടെ പറുദീസയായി പണം കൊയ്യുന്ന മംഗലാപുരം എപ്പോഴും അവരെ മാടി വിളിച്ചു! തന്റെ ഗര്‍ഭത്തിലെ കുഞ്ഞിന്റെ തല വലുതാണോ എന്നറിയാനാണ് ഉത്കണ്ഠയോടെ അന്ന് ഓരോ അമ്മമാരും മംഗലാപുരത്തേക്ക് പോയത്.

കാസര്‍കോട് അന്നും ഇന്നും ഈ രോഗികള്‍ക്കാവശ്യമായ ഒരു വിദഗ്ദ്ധ ആശുപത്രിയില്ല എന്ന സത്യം ഓര്‍മിക്കുക. തല വലുപ്പമുള്ള കുഞ്ഞുങ്ങള്‍ പൊക്കിള്‍കൊടികളില്‍ നിന്നും വേര്‍പെടുന്ന ദൃശ്യങ്ങളുടെ പേക്കിനാവുകള്‍ കണ്ട് കഴിഞ്ഞ ആ രണ്ടു ദശകം മറ്റൊരഭയസ്ഥാനവും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയില്ല.

എന്‍ഡോസള്‍ഫാനാണ് കുറ്റവാളിയെന്ന് കണ്ടെത്തി അതു നിരോധിച്ച പിന്നീടുള്ള പതിനൊന്നു വര്‍ഷത്തിനിടയിലും ഭരണഘടനാപരമായി അവകാശപ്പെട്ട ആ ആശുപത്രി കാസര്‍കോട്ടു വന്നില്ല.

രണ്ടായിരത്തി പതിനൊന്നില്‍ എന്‍ഡോസള്‍ഫാന് രാഷ്ട്രാന്തരീയ നിരോധനം വന്നതോടെ (ഇന്ത്യ ഈ കീടനാശിനി നിരോധിച്ചില്ലെങ്കിലും) ലോകം മുഴുവന്‍ നിരോധിച്ച സന്തോഷ വാര്‍ത്ത ഈ അമ്മമാര്‍ക്ക് വലിയ ആശ്വാസം നല്‍കി. അപ്പോഴാണ് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും കാസര്‍കോട്ടെ ഇരകളായ പത്ത് അമ്മമാരുടെ സത്യവാങ്മൂലം ബോധിപ്പിച്ചു കൊണ്ട് എന്‍ഡോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍വിസാജ് എന്ന സംഘടനയും പരിസ്ഥിതി പ്രവര്‍ത്തകയായ വന്ദനശിവയും ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ റിട്ടിലൂടെ ഇത് ഇന്ത്യയില്‍ നിരോധിച്ചതും നഷ്ടപരിഹാര പ്രോജക്ട് സുപ്രീം കോടതി സര്‍ക്കാറിനോട് ഇരകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നതും.

2011ല്‍ ആ നിരോധന ഉത്തരവില്‍ (വിധി നമ്പര്‍ 213/2011) തന്നെ ഈ അമ്മമാര്‍ക്ക് ജീവിതം വീണ്ടെടുക്കാനുള്ള അതിശക്തമായ ഒരു വിധി സുപ്രീം കോടതി നല്‍കിയിരുന്നു.

1998ല്‍ ലീലാകുമാരിയമ്മ എന്ന കൃഷി ഉദ്യോഗസ്ഥ കൊടുത്ത കേസില്‍ താല്‍ക്കാലിക നിരോധനം വന്നിരുന്നു എങ്കിലും സ്‌റ്റേറ്റിനോ പ്രാദേശിക കോടതിക്കോ 3 മാസത്തില്‍ കൂടുതല്‍ നിരോധിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല.അതിന്റെ കാരണം ഇന്ത്യന്‍ കീടനാശിനി നിയമം കേന്ദ്രത്തിന്റെ വകുപ്പില്‍ പെട്ടതുകൊണ്ടാണ്. അതിനാല്‍ വിഷകീടനാശിനിയുടെ ശാശ്വത നിരോധനം ഞങ്ങളുടെ സെറിബ്രല്‍ പള്‍സി ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാരുടെ ഒരു സ്വപ്‌നമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ അത് ചെയ്യാത്തിടത്തോളം സുപ്രീം കോടതി വിധിയിലൂടെ മാത്രമേ അത് സാധ്യമാകുമായിരുന്നുള്ളൂ. അതാണ് 2011 ലെ ഈ കോടതി വിധിയിലൂടെ സാധ്യമായത്. ആ വിധിയിലാണ് ഇവിടുത്തെ അമ്മമാര്‍ക്കും രോഗികള്‍ക്കും കേരളത്തിലെ മറ്റെല്ലാ ജില്ലകളിലേയും പോലെ അവരുടെ ആരോഗ്യം നിലനിര്‍ത്താനുള്ള ഭരണഘടനാപരവും, ചരിത്രപരവുമായ ഉത്തരവ് വരുന്നത്.

എന്നാല്‍ ഉത്തരവ് വെറും ഉത്തരവ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ദുരന്തം!.

നിരോധനത്തോടെ കോടതി ആവശ്യപ്പെട്ട നഷ്ടപരിഹാരം ഒരു ദശകം കഴിഞ്ഞിട്ടും ഈ ഇരകള്‍ക്ക് പൂര്‍ണ്ണമായും കൊടുത്ത് തീര്‍ത്തില്ല സര്‍ക്കാര്‍.കീടനാശിനി നിര്‍മിച്ച കേന്ദ്ര സര്‍ക്കാറോ, അതു വിലക്കുവാങ്ങി ആകാശതളി നടത്തിയ കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനോ പത്തു വര്‍ഷമായിട്ടും കോടതി നിര്‍ദേശിച്ച രീതിയില്‍ ഇരകള്‍ക്ക് നഷ്ട പരിഹാരം വിതരണം ചെയ്തില്ല എന്നത് ഗുരുതരമായ കോര്‍ട്ടലക്ഷ്യവും ഇരകളോട് കാണിക്കുന്ന അക്ഷന്തവ്യമായ അനീതിയുമാണ്.

തങ്ങള്‍ക്ക് ആകെയുള്ള ഒരു ജീവിതത്തില്‍ സര്‍ക്കാറിന്റെ കീടനാശിനിതളി മൂലമുണ്ടായ നഷ്ടത്തിന് പരിഹാരമായി നിയമപരമായി കിട്ടേണ്ട ഇടക്കാലാശ്വാസം എന്ന അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ ഖജനാവില്‍ കിടന്നു സ്വയം അന്ധാളിച്ചുകൊണ്ടിരിക്കുന്നു. സുപ്രീം കോടതി നിര്‍ദേശിച്ച ആരോഗ്യശാസ്ത്ര പ്രോട്ടോകോള്‍ അനുസരിച്ച് ഒരു മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ഇരകളെ തെരഞ്ഞെടുക്കേണ്ടത്. അങ്ങനെ തെരഞ്ഞെടുക്കുന്ന രോഗികള്‍ക്കാണ് 5 ലക്ഷം രൂപ താല്‍ക്കാലിക ആശ്വാസധനം നല്‍കേണ്ടത്. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നഷ്ടപരിഹാര ട്രിബ്യൂണലുണ്ടാക്കി ശാശ്വത നഷ്ടപരിഹാരം വേറെയും നല്‍കണം. ഇതാണ് ഭരണഘടനാവ്യവസ്ഥ.

1992ലെ റിയോ ഭൗമ ഉച്ചകോടിയില്‍ ഇന്ത്യ ഒപ്പുവെച്ചതിനാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ കരാര്‍ 1996ല്‍ ഭരണഘടനാനിയമമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആരാണോ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും വിഷവസ്തുക്കള്‍ കൊണ്ട് പാരിസ്ഥിതിക നഷ്ടം ഉണ്ടാക്കുന്നത് അവര്‍ നഷ്ടപരിഹാരം നല്‍കണം എന്ന ഭരണഘടനാ വ്യവസ്ഥയ്ക്ക് ജീഹഹൗലേൃ ുമ്യ െഎന്ന നിയമപരിരക്ഷയാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഇത് ബാധകമാകുന്ന ഒരു വ്യവഹാരമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം. അതാണ് സുപ്രീം കോടതിയും പറഞ്ഞത്.

കോവിഡ് കാലം ഈ ഇരകളുടെ അരക്ഷിത കാലമായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. പാലിയേറ്റീവ് കെയര്‍ ആശുപത്രി പോകട്ടെ, രോഗഗ്രസ്തരായ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പകരമായി എന്തെങ്കിലും താല്‍ക്കാലികസംവിധാനമെങ്കിലും മുന്‍ കലക്ടര്‍ ഒരുക്കണമായിരുന്നു.

കോടതിവിധികള്‍ നോക്കുകുത്തിയൊ?

സുപ്രീം കോടതി നിര്‍ദേശിച്ച പോലെ മെഡിക്കല്‍ ക്യാമ്പ് നടത്തി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് രോഗികളെ തെരഞ്ഞെടുക്കുന്നത്. ഇതിന്റെയൊക്കെ തലവന്‍ ജില്ലാ കലക്ടറാണ്. ജില്ലാ കലക്ടര്‍ അറിയാതെ അവിടെ ഒരു കാര്യവും നടക്കില്ല. അങ്ങനെ തയ്യാറാക്കപ്പെടുന്ന രോഗികള്‍ക്കാണ് 5 ലക്ഷം രൂപ കൊടുക്കേണ്ടത്. ആ ലിസ്റ്റില്‍ ഇന്നും 6728 രോഗികളുണ്ട്. ഇതില്‍ 25 ശതമാനം പേര്‍ക്കേ (അതായത് 1821 പേര്‍ക്ക് മാത്രം) 5 ലക്ഷം രൂപ ലഭ്യമായിട്ടുള്ളൂ (അതും ഒരു ദശകത്തിനിടയില്‍ കിട്ടിയതാണ്.) എന്ന് നിങ്ങളറിയുമ്പോള്‍ 2011 ന് ശേഷം കേരളത്തില്‍ ഇതുപോലെ കോടതി നിര്‍ദേശിച്ച മറ്റു പല പ്രശ്‌നങ്ങളിലും നിര്‍ദേശിക്കപ്പെട്ട ആശ്വാസധനം നല്‍കിയിട്ടുണ്ട് എന്ന സത്യവും ഈ രോഗികളുടെ മുഖത്ത് നോക്കി പല്ലിളിക്കുന്നുണ്ട്.

ശാസ്ത്രജ്ഞനായ നമ്പി നാരായണന് പോലും ഈയടുത്ത കാലത്തുണ്ടായ വിധിയില്‍ നഷ്ടപരിഹാരം കിട്ടി. മരട് ഫ്‌ളാറ്റ്കാര്‍ക്കും നഷ്ടപരിഹാരം കിട്ടിക്കഴിഞ്ഞു. ഇതെല്ലാം അടുത്തകാലത്തെ സംഗതികളാണ്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം 1995 മുതല്‍ തുടങ്ങിയതാണ്. കോടതി വിധി വന്ന് കൊല്ലം പതിനൊന്നായി. കോടതി വിധികള്‍ കോടതി വിധികള്‍ മാത്രമായി അവശേഷിക്കുന്നു..! സുപ്രീം കോടതി വിധി ഭരണഘടനാപരമായ ഒരു നിയമമാണ് എന്ന കാര്യം പോലും ഭരണകൂടം മറന്നു.

Law is not Justice എന്നൊരു വചനമുണ്ടല്ലോ. സുപ്രീം കോടതി വിധി ഒരു നിയമമാണെങ്കില്‍ ആ നിയമം നടപ്പിലാവണം. നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുമ്പോള്‍ മാത്രമേ ഇരക്ക് നീതി ലഭിക്കുന്നുള്ളൂ എന്നത് ഭരണകൂടം അറിയണം. അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി കിട്ടണമെങ്കില്‍ ഈ കോടതി വിധികള്‍ സര്‍ക്കാരുകള്‍ (കേന്ദ്രവും കേരളവും) നടപ്പിലാക്കുകയാണ് വേണ്ടത്. സുപ്രീം കോടതി നിര്‍ദേശിച്ച മറ്റൊരു കാര്യം ഇത്ര ചെറിയ സ്ഥലത്ത് (13 പഞ്ചായത്തുകള്‍) ഇത്രയധികം (ഇപ്പോള്‍ ലിസ്റ്റില്‍ പെട്ട 6728 രോഗികള്‍) ഉള്ളതുകൊണ്ട് അവര്‍ക്കു മാത്രമായി ഒരു പാലിയേറ്റീവ് കെയര്‍ ആശുപത്രി (സാന്ത്വന ചികിത്സാആശുപത്രി) കേരള സര്‍ക്കാര്‍ സ്ഥലം നല്‍കി കേന്ദ്രസര്‍ക്കാര്‍ നിര്‍മിക്കണമെന്നും വിധിയിലെ മറ്റൊരു പ്രധാന കാര്യമാണ്. ഇതിന്റെ പ്രാധാന്യം കൂടി നാം മനസ്സിലാക്കണം.

മറ്റു ജില്ലകളിലെപ്പോലെ മര്യാദക്കുള്ള ഒരു ആശുപത്രി പോലും ഇല്ലാത്ത ജില്ലയാണ് കാസര്‍കോട്. വളരെ വൈകി ഒരു മെഡിക്കല്‍ കോളജ് കിട്ടിയെങ്കിലും അതിപ്പോഴും അംഗഭംഗം വന്ന രോഗിയെപ്പോലെയാണ്. അതും അശരണരായ രോഗികള്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്തത്ര ദൂരത്ത്. ടാറ്റ പ്രഖ്യാപിച്ച് സര്‍ക്കാര്‍ സ്ഥലത്ത് ശരവേഗത്തില്‍ കെട്ടിയ മറ്റൊരാശുപത്രിയുണ്ടായെങ്കിലും അതിപ്പോള്‍ കോവിഡ് രോഗികള്‍ക്കു മാത്രമുള്ളതാണ്.

ജില്ലയില്‍ ഒരാശുപത്രി ഇല്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ കേരളത്തിനകത്തും പുറത്തും 17 ആശുപത്രികള്‍ എംപാനല്‍ ചെയ്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മാത്രമായി പാലിയേറ്റീവ് ആശുപത്രി എന്ന നീതിപീഠ വിധിക്ക് പകരമായി ഇത് കലക്ടര്‍ ചെയ്യുമ്പോള്‍ ഈ രോഗികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല എന്ന കാര്യം ഓര്‍മ്മിച്ചുവോ? പ്രത്യേകിച്ച് സാമൂഹ്യ അകലം പാലിക്കുന്ന കോവിഡ് കാലത്ത് ടാറ്റ ആശുപത്രി അതൊരാശുപത്രിയാകണമെങ്കില്‍ അതിനകത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍ക്കാര്‍ ഉണ്ടാക്കണം.

ഈ കോവിഡ് കാലത്ത് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് അഡീഷണലായി ഒരാരോഗ്യ സംവിധാനം പോലുമുണ്ടായിട്ടില്ല; ആശുപത്രികള്‍ രണ്ട് ഉണ്ടായെങ്കിലും. ഒന്നാകട്ടെ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ചതും. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി കോടതി പറഞ്ഞ പാലിയേറ്റീവ് കെയര്‍ ആശുപത്രി ഉണ്ടായില്ല.

കോവിഡ് കാലം ഈ ഇരകളുടെ അരക്ഷിത കാലമായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. പാലിയേറ്റീവ് കെയര്‍ ആശുപത്രി പോകട്ടെ, രോഗഗ്രസ്തരായ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പകരമായി എന്തെങ്കിലും താല്‍ക്കാലികസംവിധാനമെങ്കിലും മുന്‍ കലക്ടര്‍ ഒരുക്കണമായിരുന്നു.

പതിമൂന്ന് പഞ്ചായത്തില്‍പ്പെട്ട നിസ്സഹായരായ ആ ഇരകള്‍ മംഗലാപുരം അതിര്‍ത്തി അടച്ചതിനാല്‍ അങ്ങോട്ടും എത്താനാവാതെ സാമൂഹ്യമായ അകലം പാലിക്കേണ്ടതിനാല്‍ തിരുവനന്തപുരത്തും (ശ്രീചിത്ര) പോകാനാവാതെ വലഞ്ഞ കാര്യം കഴിഞ്ഞ രണ്ടു വര്‍ഷമായി ലോകത്തിന്റെ നഗ്‌നമായ കണ്ണുകള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

മുന്‍ കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പക്ഷത്ത്

എന്‍ഡോസള്‍ഫാന്‍ റെമെഡിയര്‍ സെല്ലിന്റെ തലവനായി ഇരുന്നുകൊണ്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഒരു രോഗവുമുണ്ടാക്കുന്നില്ല എന്ന നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രസ്താവന ഇറക്കി രണ്ട് വര്‍ഷം മുമ്പേ വിവാദ നായകനായി മാറി മുന്‍ കലക്ടര്‍. സുപ്രീം കോടതി വിധിയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് പകരം അതിനെതിരെ പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ഒരു കൃഷി ശാസ്ത്രജ്ഞനാണ്. ആരോഗ്യ ശാസ്ത്രജ്ഞനല്ല. അതുകൊണ്ട് കാസര്‍കോട്ടെ കൃഷി ശാസ്ത്രജ്ഞര്‍ക്കൊപ്പം നിന്ന് സുപ്രീം കോടതി വിധിയെ മറികടന്ന് എന്‍ഡോസള്‍ഫാനു വേണ്ടി വാദിച്ചു.

സുപ്രീം കോടതി വിധിയിലെ വ്യവസ്ഥകളെ അദ്ദേഹം മാനിച്ചില്ല. നിലവിലുള്ള ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയതായി ആരോപിച്ച് അവര്‍ക്ക് ലഭ്യമാകേണ്ട നഷ്ടപരിഹാര തുകയെ അട്ടിമറിക്കുന്ന ചെയ്തികളാണ് നാം പിന്നെ കാണുന്നത്.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ എങ്ങനെയാണ് അനര്‍ഹര്‍ കയറിക്കൂടുക. അത് ആരുടെ കുറ്റമാണ്. മാത്രമല്ല മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ലിസ്റ്റില്‍ ഒരു ഡബിള്‍ എന്‍ട്രി വരുന്നത് നമുക്ക് മനസ്സിലാക്കാം. തീര്‍ച്ചയായും അത് തിരുത്തേണ്ടത് തന്നെയാണ്.

സുപ്രീം കോടതി പ്രോട്ടോക്കോളനുസരിച്ചല്ലാത്ത ഒരു രോഗി തെറ്റായി ലിസ്റ്റില്‍ കയറിക്കൂടിയാല്‍ അത് ലിസ്റ്റിന്റെ വിശ്വാസ്യത തകര്‍ക്കും. ആ ലിസ്റ്റിന് നിയമപരിരക്ഷ കിട്ടുകയുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ കമ്പനിക്കാര്‍ക്ക് നഷ്ട പരിഹാര പ്രൊജക്ട് തന്നെ തകര്‍ക്കാന്‍ അതു കാരണമാകും. അപ്പോള്‍ സര്‍ക്കാര്‍ അറിയാതെ എങ്ങനെയാണ് തെറ്റായ ഒരു രോഗി ലിസ്റ്റില്‍ കയറിക്കൂടുക? അത് ഈ മുന്‍ കലക്ടര്‍ക്കറിയാത്തതല്ല. അപ്പോള്‍ ഈ കലക്ടര്‍ ആരുടെ പക്ഷത്താണ് ജനങ്ങളുടെയോ കീടനാശിനി കമ്പനിയുടെയോ?

എന്നാല്‍ വന്ധ്യതയുമായി വരുന്ന ഒരു രോഗി വന്ധ്യത മാറി കുട്ടികളുണ്ടാകുമ്പോള്‍ ആ രോഗിക്ക് കോടതി വ്യവസ്ഥയനുസരിച്ച് ലഭ്യമാകേണ്ട നഷ്ടപരിഹാരം നിഷേധിക്കുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രോഗകാരണത്തെ തന്നെ നിഷേധിക്കുന്നതിന് തുല്യമല്ലേ?

ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിക്കുകയില്ല എന്നു പറഞ്ഞ പോലെയാണ് കാസര്‍കോട്ടെ കാര്യങ്ങള്‍. 27.10.2020ല്‍ അദ്ദേഹത്തിന്റെ വകുപ്പിറക്കിയ ഒരു ഉത്തരവുണ്ട്. അതിലെ ആദ്യ വാചകങ്ങള്‍ ഇവിടെ ചേര്‍ത്താല്‍ തന്നെ നിങ്ങള്‍ക്കിതിലെ അപകടങ്ങള്‍ മനസ്സിലാകും; എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ അനര്‍ഹരായി രോഗികളെന്ന വ്യാജേന ലിസ്റ്റില്‍പെട്ടിട്ടുണ്ടെന്ന പരാതി കാരണം ലിസ്റ്റിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു.

ജനാധിപത്യ സംവിധാനമനുസരിച്ച് ഇതൊരു നീത്യധിഷ്ഠിതമായ കാര്യമാണെന്നും അനിവാര്യതയുമാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ദുരിതബാധിതരുടെ പട്ടികയില്‍ പല കാരണങ്ങള്‍ കൊണ്ട് അനര്‍ഹര്‍ വരാം. അതിനുത്തരവാദി ഇരകളല്ല, ഭരണകൂടമാണ്. നീതിക്കു വേണ്ടി ഈ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ അര്‍ഹര്‍ക്ക് നഷ്ടം വരാതെ നോക്കാന്‍ സര്‍ക്കാറിനു കഴിയും.

പക്ഷേ അതിന്റെ പ്രായോഗികതയില്‍ കൂടി സര്‍ക്കാര്‍ സുപ്രീം കോടതി വിധിയോട് നീതി പുലര്‍ത്തുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കണം. അതിനാദ്യം വേണ്ടത് ആരോഗ്യ ശാസ്ത്രത്തിലുള്ള വിശ്വാസമാണ്. ഡോ. സജിത് ബാബു പ്രസിദ്ധീകരിച്ച, ദുരിതബാധിതരുടെ അനര്‍ഹരെ ഒഴിവാക്കിയ പട്ടിക വായിച്ചപ്പോള്‍ അതിനകത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തോന്നിയതുകൊണ്ടു കൂടിയാണ് ഈ കുറിപ്പ്.

പ്ളാന്റേഷൻ കോർപ്പറേഷന്റെ കശുവണ്ടി എസ്റ്ററ്റിൽ ജീർണിച്ച് മരിച്ചു കൊണ്ടിരിക്കുന്ന ഒരു വൻമരം -- സ്ക ച്ച്.എം.എ.റഹ്മാൻ

എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ഓര്‍ഡറിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കുറിക്കുമ്പോള്‍ കാര്യം മനസ്സിലാകുമെന്ന് തോന്നുന്നു:

ഫ.നം.ഇഡി.1/15399/2019

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം കാര്യാലയം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പുനഃപരിശോധിക്കാന്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി അനര്‍ഹരായവരെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതുമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത് ദേശീയ ആരോഗ്യ ദൗത്യം കാഞ്ഞങ്ങാട് കാര്യാലയം മുഖേന ആയതി

നാല്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.

ഈ കാര്യാലയം മുഖേന നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വന്ധ്യത എന്ന രോഗകാരണത്താല്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുകയും നിലവില്‍ കുട്ടികളുണ്ടെന്ന് കണ്ടെത്തിയതുമായ 28 പേര്‍ അനര്‍ഹരാണെന്ന് കണ്ടത്തിയിട്ടുണ്ട്. ഇതാണ് പ്രസക്ത ഭാഗം. എന്‍ഡോസള്‍ഫാന്‍ കീടനാശിനി 1978 മുതല്‍ 2000 വരെ കാസര്‍കോട്ട് 22 വര്‍ഷം ആകാശ തളി നടത്തിയതിന്റെ ഫലമാണ് വന്ധ്യത എന്ന രോഗം ഉണ്ടാവുന്നത് എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും കീടനാശിനിയിലെ വിഷാംശം പകര്‍ന്നതുകൊണ്ടാണ് പ്രത്യുല്‍പാദനപരമായ വ്യതിയാനം ഉണ്ടായത്.

വന്ധ്യത അനുഭവിച്ചവര്‍ക്ക് എന്തുകൊണ്ട് നഷ്ടപരിഹാരമില്ല

ഇത് 2003ല്‍ എല്‍ ഐഒഎച്ച് മനുഷ്യാവകാശക്കമ്മീഷനുവേണ്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയതാണ്. ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍പ്പെട്ട മാരകകീടനാശിനിയാണിത്. മനുഷ്യരില്‍ വന്ധ്യതയും അബോര്‍ഷനും ഉണ്ടാകാന്‍ ഇതു കാരണമാകുമെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രത്യുല്‍പാദനകാലത്താണ് എന്‍ഡോസള്‍ഫാന്‍ തളി നടക്കുന്നതെങ്കില്‍ അവര്‍ക്ക് വന്ധ്യത സംഭവിക്കും എന്നത് ആരോഗ്യ ശാസ്ത്രം തന്നെ തെളിയിച്ച് പറയുന്ന സത്യമാണ്.

സ്ത്രീകളില്‍ ഇത് അവരുടെ മെനസ്ട്രല്‍ സൈക്കിളിനെ (ആര്‍ത്തവചക്രം) ബാധിച്ചിരുന്നു എന്ന് അച്യുതന്‍ കമ്മിറ്റി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അച്യുതന്‍ കമ്മിറ്റി തന്നെ മറ്റൊരു പരാതിയും പറഞ്ഞിരുന്നു. തെളിവെടുപ്പിന് തെളിവ് തരേണ്ട ജില്ലാ കലക്ടര്‍ പോലും കമ്മിറ്റി സിറ്റിംഗിന് വന്നില്ല എന്നാണ് ഗുരുതര പരാതി. അതാരും പരിഗണിച്ചില്ല.

1978 മുതല്‍ തളിക്കുന്ന ഈ കീടനാശിനിയുടെ ആഘാതം 2000 വരെ വര്‍ഷത്തില്‍ മൂന്നു തവണയാണ് നടന്നത്. നീണ്ടുനില്ക്കുകയാണെങ്കില്‍ കീടനാശിനി ആഘാതം ഗര്‍ഭസ്ഥ വ്യക്തികളില്‍ നേരിട്ട് തന്നെ ബാധിക്കാവുന്നതുമാണ് എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആ അര്‍ത്ഥത്തില്‍ തളിക്കുന്ന കാലത്തെ ആ പ്രദേശത്തുള്ള സ്ത്രീകളിലെ വന്ധ്യതാ നിരക്കു കൂടി നോക്കിയാണ് വന്ധ്യത മാറിയതൊക്കെ നോക്കേണ്ടത്.

2010ലാണ് ക്യാമ്പ് നടക്കുന്നത്. 2000ത്തിലാണ് കോടതി ഇടപെട്ട് ആകാശത്തളി നിര്‍ത്തലാക്കുന്നത്. പത്തുവര്‍ഷം കൊണ്ട് ശരീരത്തിലുള്ള കീടനാശിനി അംശങ്ങള്‍ (ഞലശെറൗല) മാറിപ്പോയിരിക്കാം. 27.10.2020 ല്‍ ഈ ഉത്തരവിറക്കുമ്പോള്‍ ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞാണ് പുതിയ പരിശോധന നടക്കുന്നത് എന്ന് മനസ്സിലാകുന്നു. ഈ സമയത്തിനിടയില്‍ അവരുടെ ശരീരത്തില്‍ ഇടപെടുന്ന ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തിലെ മാരക കീടനാശിനി പൂര്‍ണ്ണമായും ശരീരത്തില്‍ നിന്നിറങ്ങി ഗര്‍ഭധാരണം സാധ്യമാക്കാം എന്ന പൊതു നിഗമനമാണുണ്ടാകുന്നത്. ഇത്തരത്തില്‍ ഗര്‍ഭം ധരിച്ച് കുട്ടികളെ പ്രസവിച്ച 28 പേരെയാണ് ആ ലിസ്റ്റില്‍ നിന്ന് കലക്ടര്‍ നിഷ്‌കരുണം നീക്കം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ മൂലം ശിരസ്സ് വളര്‍ന്ന കുഞ്ഞുങ്ങളെ പെറ്റ് ദുരിതമനുഭവിച്ചവര്‍ക്ക്, എന്‍ഡോസള്‍ഫാന്‍ തളി നിന്നപ്പോള്‍ ആറ്റ് നോറ്റു കിട്ടിയതാണീ മക്കളെ.

അതിന്റെ പേരിലാണ് ഇപ്പോ ഇവര്‍ കുറ്റക്കാരാകുന്നത്. തളി മൂലം വര്‍ഷങ്ങളോളം തപിച്ച അമ്മമാര്‍ക്ക് കിട്ടിയ മക്കളുടെ പേരിലാണ് കലക്ടര്‍ ഇപ്പോള്‍ അവരെ തെറ്റായ രീതിയില്‍ നഷ്ടപരിഹാര ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നത്. ഗര്‍ഭധാരണം നടക്കാതെ പോകുന്നതിനാണല്ലോ കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുന്നത്. അപ്പോള്‍ രാസകീടനാശിനി തളി നിര്‍ത്തിയപ്പോള്‍ മനുഷ്യരില്‍ (അമ്മമാരില്‍) ഗര്‍ഭധാരണം നടന്നത് നഷ്ടപരിഹാരം തരാതിരിക്കാനുള്ള കാരണമായി പറയാമോ? വ്യക്തിപരമായി നോക്കിയാല്‍ 1978 മുതല്‍ 2000 വരെ ഈ അമ്മമാര്‍ ഗര്‍ഭധാരണം നടക്കാതെ വന്ധ്യതയുടെ പേരില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ക്കൊക്കെയല്ലേ അവര്‍ക്ക് നഷ്ടപരിഹാരം കിട്ടേണ്ടത്.

അതാണ് കോടതി വിധി. ആ വിധിയെയാണ് കൃഷി ശാസ്ത്രജ്ഞനായ കലക്ടര്‍ മാറ്റി മറിച്ച് തളി നിന്നപ്പോഴുണ്ടായ ഇവരുടെ പ്രസവം ഒരു കുറ്റമായി വിധിക്കുന്നത്. ആരോഗ്യ ശാസ്ത്ര സത്യങ്ങളെ മനസ്സിലാക്കുന്നവരെന്ന നിലയില്‍ ഗര്‍ഭധാരണം നടക്കാതെ പോകുന്നതിന് കാരണമായ വന്ധ്യത ഉണ്ടായത് എന്‍ഡോസള്‍ഫാന്‍ തളി മൂലമാണ് എന്നത് തെളിവുകളുള്ള സത്യമാണ്. ഇത് തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഈ അമ്മമാര്‍ക്ക് തളി നിര്‍ത്തിയപ്പോള്‍ പ്രസവിക്കാനുള്ള അര്‍ഹതയുണ്ട് എന്നതല്ലേ നീതി.

ആ അര്‍ഹതയെ ചോദ്യം ചെയ്യാന്‍ ഒരു കലക്ടര്‍ക്കും അധികാരമില്ല. എന്‍ഡോസള്‍ഫാന്‍ തളി മൂലം പ്രസവം നടക്കാതെ പോയ കാലത്തിനാണ്, ആ നഷ്ടങ്ങള്‍ക്കാണ് അവര്‍ക്ക് നഷ്ടപരിഹാരം കിട്ടേണ്ടത്. കേരളസര്‍ക്കാര്‍ നല്കുന്ന പെന്‍ഷനും, കോടതി പറഞ്ഞ ആശ്വാസധനവും കുട്ടികളില്ലാത്ത കാലം കണക്കാക്കി, അവര്‍ക്കവകാശപ്പെട്ടതാണ്. ഇതിനാണ് കോടതി വിധി. ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട 28 പേരുടേയും ജനിക്കാതെ പോയ മക്കള്‍ക്കുവേണ്ടിയാണ് കോടതി നഷ്ടപരിഹാരം നിര്‍ദേശിച്ചത്.

അതിനെ വിലക്കുന്ന ഭരണകൂട അതിക്രമങ്ങളാണ് നാം തിരിച്ചറിയേണ്ടത്. ആ 28 പേരുടെ പേരു വിവരങ്ങള്‍ കലക്ടര്‍ പരസ്യപ്പെടുത്തിയപോലെ ഈ ലേഖനത്തില്‍ ഞാന്‍ പരസ്യപ്പെടുത്തുകയില്ല. കുട്ടികളുണ്ടായതിന്റെ പേരില്‍ ലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റിയ അമ്മമാര്‍ എന്ന ഭരണകൂട വ്യാഖ്യാനത്തിനെതിരെയുള്ള എന്റെ പ്രതിഷേധവും ആ അമ്മമാരോടുള്ള ആദരവും

ഞാനിവിടെ പ്രകടിപ്പിക്കട്ടെ. ഒരിക്കല്‍ തല വളര്‍ന്ന കുഞ്ഞുങ്ങളെ പെറാന്‍ വിധിക്കപ്പെട്ട അവര്‍ക്ക് വിഷനിഷ്‌കാസനം നടന്നപ്പോള്‍ പ്രസവിച്ചത് തന്നെ കുറ്റമായി ആരോപിക്കപ്പെട്ടു!!!. അവര്‍ക്ക് മക്കളുണ്ടായിപ്പോയതുപോലും തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കലക്ടര്‍ പുറത്തിറക്കിയ ആ ലിസ്റ്റിലൂടെ അവരുടെ മാതൃത്വത്തെയാണ് കലക്ടര്‍ അപമാനിച്ചിരിക്കുന്നത്.

അതിനെതിരെയാണ് സര്‍ക്കാരും നമ്മളും പ്രതികരിക്കേണ്ടത്. 2010 ന് ശേഷമുള്ള വന്ധ്യതാ നിരക്കുമായി താരതമ്യം ചെയ്യേണ്ട ഒരു വലിയ ആരോഗ്യശാസ്ത്രപ്രശ്‌നത്തെ ഒരു കൃഷി ശാസ്ത്രജ്ഞന്‍ നിസ്സാരവല്‍ക്കരിക്കുന്നതാണിവിടെ കാണുന്നത്. കാസര്‍ക്കോട്ടെ രോഗങ്ങള്‍ക്കടിസ്ഥാനമായ കാരണങ്ങള്‍ കണ്ടെത്തിയ എന്‍ഐഒഎച്ച് റിപ്പോര്‍ട്ടുപോലും കണ്ടിട്ടില്ലാത്ത ഈ മുന്‍ കലക്ടറെ ആണ് ഞങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ തലവനായി കിട്ടിയത് എന്നത് എത്ര നിര്‍ഭാഗ്യകരം!

2011ലെ നിരോധനത്തിന് അടിസ്ഥാനമായ കാരണങ്ങള്‍ ഐ. സി. എം. ആറിന്റെ സഹകരണത്തോടെ പഠനം നടത്തി കണ്ടെത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത കാലത്ത് (ഏതാണ്ട് 10 വര്‍ഷം) (2000 മുതല്‍ 2010 വരെ) കണ്ടെത്തിയത് കാസര്‍ക്കോട് ജീവന്‍ തിരിച്ചു വരുന്നതായിട്ടാണ്. എന്നുവെച്ചാല്‍ വിഷം തളിച്ച 22 വര്‍ഷം ജീവന്‍ നഷ്ടമാകുന്നതും വിഷം തളിക്കാത്ത 10 വര്‍ഷം (2000 മുതല്‍) ജീവന്‍ തിരിച്ചുവരുന്നതും ഈ പ്രശ്‌നത്തിലെ ശാസ്ത്രീയമായ സാക്ഷ്യമാണ്.

മുന്‍ കലക്ടര്‍ക്ക് എല്ലാം നിസ്സാരം

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ സുപ്രീം കോടതി കാരണം കണ്ടെത്തിയതും കമ്മ്യൂണിറ്റി വിഭാഗത്തിന്റെ ഈ കണ്ടെത്തലുകളാണ്. നമ്മുടെ മുന്‍ ജില്ലാ കലക്ടര്‍ക്ക് ഇതൊക്കെ നിസ്സാരകാര്യങ്ങള്‍ മാത്രമാണ്.

2011ലെ നിരോധനത്തിന് മുമ്പ് തന്നെ എന്‍ഡോസള്‍ഫാന്റെ മാരകപ്രത്യാഘാതങ്ങളെപ്പറ്റി യൂറോപ്പിലെ ഇഎച്ച്പി (എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്‌പെക്ടീവ്) എന്ന

പിയര്‍മാസികയില്‍ അതിന്റെ എഡിറ്ററായ ജിംബുര്‍ഖാദ് കാസര്‍ക്കോട്ടെ ഇരകളെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഒരു കീടനാശിനി മനുഷ്യന്റെ പ്രത്യുല്‍പ്പാദനവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന വിപര്യയങ്ങളെപ്പറ്റിയുള്ള ആദ്യത്തെ ഹ്യൂമന്‍ സ്റ്റഡിയാണ് കാസര്‍ക്കോട്ട് 22 വര്‍ഷം തുടര്‍ച്ചയായി ആകാശത്തളിയിലൂടെ നടത്തിയത് എന്നതാണാ ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍.

ഇത് ലോകത്തെ ഞെട്ടിച്ച ചരിത്രപരമായ ഒരു രേഖയാണ്. അങ്ങനെയാണ് 2011 ല്‍ സ്‌റ്റോക്ക് ഹോമില്‍ വെച്ച് ലോകരാജ്യങ്ങള്‍ ഈ വിഷരാക്ഷസന് നിരോധനമുണ്ടാക്കിയത്. 28 പേരെ നഷ്ടപരിഹാര ലിസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്ന രേഖയില്‍ ഒപ്പിടുമ്പോള്‍ മുന്‍ കലക്ടര്‍ ഇത് ഓര്‍ത്തിരിക്കുമോ? പക്ഷേ എവിടേയോ ഒരു പ്രതീക്ഷയുടെ നാളം തെളിയുന്നുണ്ട്.

പുതുതായി വന്ന കലക്ടര്‍ ഒരു സ്ത്രീയാണെന്ന അറിവ് ഈ അമ്മമാര്‍ക്ക് പ്രത്യാശ നല്കുന്നു. അവര്‍ പ്രതീക്ഷയോടെയാണ് ഈ വനിതാ കലക്ടറെ കാത്തിരിക്കുന്നത്, അമ്മയാകാന്‍ സാധ്യതയുള്ളതോ, അമ്മയായതോ ആയ ഒരു സ്ത്രീക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണീ പ്രശ്‌നം എന്നാണ് ഇവിടുത്തെ ഓരോ അമ്മയും പ്രതീക്ഷിക്കുന്നത്.

കീടനാശിനി ലോബിയുടെ രാസപരീക്ഷണശാലയില്‍ അഭിരമിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരുടെ അന്ധത പുതിയ കലക്ടര്‍ക്കുണ്ടാവില്ല എന്നവര്‍ വിശ്വസിക്കുന്നു. സുപ്രീം കോടതി നിര്‍ദേശിച്ച ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കാത്ത 511 കുട്ടികളായ രോഗികളെ തിരുവനന്തപുരത്തെ ഒത്തുതീര്‍പ്പുകരാര്‍ അനുസരിച്ച് അന്ന് ആ ഉത്തരവില്‍ പൂര്‍ണപരിശോധന കഴിഞ്ഞിട്ടില്ലാത്ത ആ രോഗികളെ ഉള്‍പ്പെടുത്താന്‍ ഇനിയൊരു പരിശോധന കൂടാതെ എന്നൊരു വിശേഷണവും ചേര്‍ത്താണ് കലക്ടര്‍ ലിസ്റ്റ് പരസ്യപ്പെടുത്തിയത്. കലക്ടറാണ് ഇപ്പോള്‍ ഇതേ വന്ധ്യതയുള്ളവര്‍ പ്രസവിച്ചതിനാല്‍ അമ്മമാരെ ലിസ്റ്റില്‍ നിന്ന് വെട്ടി നിരത്തുന്നതും. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളാണ് ഈ മുന്‍ കലക്ടര്‍. അപ്പോള്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഗര്‍ഭം ധരിക്കാത്ത അമ്മമാര്‍ ഗര്‍ഭം ധരിച്ചതാണ് അദ്ദേഹത്തിന് പ്രശ്‌നമായത്. ഒരു സ്ത്രീയായ പുതിയ കലക്ടര്‍ ഇത് തിരിച്ചറിയുമെന്ന് നമുക്ക് ആശ്വസിക്കാം. കാസര്‍ക്കോട്ടെ അമ്മമാര്‍ക്ക് മുന്‍ കലക്ടറുടെ വക വന്ന നഷ്ടപരിഹാരം അല്ലെങ്കില്‍ ജീവന്‍ എന്ന ഓഫര്‍ തിരുത്താന്‍ പുതിയ കലക്ടര്‍ക്ക് സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

തലവളര്‍ന്ന കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാരില്‍ നിന്ന് രണ്ട് ദശകം കഴിയുമ്പോള്‍ വിഷം നീങ്ങി ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാര്‍ക്കും ഒരേ ദുരന്തം നേരിടേണ്ടി വരുന്ന ഈ പുതിയ അവസ്ഥയെ മറികടക്കാന്‍ ഇനി ഏത് ഭരണഘടനാ വിധിയാണ് വരിക എന്ന ആശങ്കയിലാണ് ഇന്ന് ഈ അമ്മമാര്‍. സുപ്രീംകോടതി ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഉണ്ടാക്കുന്ന വിധികളെ തിരുവനന്തപുരത്ത് കൊണ്ടുപോയി ഒത്തു തീര്‍പ്പാക്കി അത് ലംഘിക്കുന്നത് എന്തൊരു ക്രൂരതയാണ്. അത് എത്രമാത്രം ഇര വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് നാം തിരിച്ചറിയണം.

കോടതിയലക്ഷ്യക്കേസ്

ദേശീയ മനുഷ്യാവകാശക്കമ്മീഷനുമായി സര്‍ക്കാര്‍ കരാറുണ്ടാക്കി 87:87 (സര്‍ക്കാര്‍ 87 കോടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 87 കോടി) വ്യവസ്ഥയില്‍ പ്ലാന്റേഷന്‍ ആകെ നല്‍കിയത് 56 കോടി മാത്രം. ബാക്കി പണം നല്‍കുന്നതില്‍ നിന്ന് അവരെ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഇടതുപക്ഷ ഗവണ്‍മെന്റും ഒഴിവാക്കിക്കൊടുത്തു.

കോടതി, പ്രതിയാണെന്ന് കല്‍പ്പിച്ച പ്ലാന്റേഷന്‍ നിയമപരമായി തരേണ്ട പണം കിട്ടിയിരുന്നെങ്കില്‍ തന്നെ ഇരകള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തില്‍ ഒരു ഭാഗം ആകുമായിരുന്നു. വര്‍ഷം തോറും പ്ലാന്റേഷന്റെ ലാഭ വിഹിതത്തില്‍ നിന്നും അത് ഈ ഇരകള്‍ക്ക് നല്‍കാമായിരുന്നു. ആ സാധ്യത അവരെ ഒഴിവാക്കുന്നതിലൂടെ നഷ്ടമായി എന്നതാണ് സത്യം. ഇതൊന്നും നടപ്പില്ലെങ്കില്‍ പിന്നെ എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടി നോമിനികള്‍ ഡയറക്ടര്‍മാരായ പ്ലാന്റേറേഷന്‍ കോര്‍പ്പറേഷന്‍.

മുന്‍ കലക്ടര്‍ പറയുന്നത് ഇനി 217 കോടി രൂപയുണ്ടെങ്കില്‍ ഇരകള്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരവും നല്‍കാമെന്നാണ്. സുപ്രീകോടതിയും, മനുഷ്യാവകാശക്കമ്മീഷനും നിശ്ചയിച്ച വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് കാര്യങ്ങള്‍ നടന്നത്.

സുപ്രീംകോടതി പറയുന്ന വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിന്നെ എവിടെയാണ് ഭരണഘടനയനുസരിച്ച് ഈ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുക. ഇപ്പോഴത്തെ എന്‍ഡോസള്‍ഫാന്‍ ഷെനറിയോ നേരിടുന്ന വെല്ലുവിളി ഇതാണ്.

കാസര്‍ക്കോട്ട് കഴിഞ്ഞ ഒരു വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇരകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പത്തിലധികം സംഘടനകള്‍ ചേര്‍ന്ന് ഒരു ഏകോപനസമിതിയുണ്ടാക്കി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു.

രണ്ടുതവണ വന്ന വിധികളില്‍ ആവര്‍ത്തിച്ചുപറഞ്ഞ ഇടക്കാലാശ്വാസവും, പാലിയേറ്റീവ് കെയര്‍ ആശുപത്രിയും പൂര്‍ണ്ണമായി നടപ്പിലാക്കാത്തതിനാല്‍ കോടതിയലക്ഷ്യമായിട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരായ ലീലാകുമാരിയമ്മ, ഡോ: വൈ. എസ് . മോഹന്‍കുമാര്‍, ശ്രീപെഡ്രെ, ഡോ. ശ്രീപതി, പ്രൊഫ. എം. എ. റഹ്‌മാന്‍ എന്നിവര്‍ രക്ഷാധികാരികളായ ഇഋഞഢ രീഹഹലരശേ്‌ല.െ സെര്‍വ് കളക്ടീവ്‌സിന്റെ പ്രസിഡണ്ട് ചലച്ചിത്ര നടനും സംവിധായകനുമായ പ്രകാശ്ബാരെയും, സെക്രട്ടറി കെ. കെ. അശോകനും, ട്രഷറര്‍ ഹസ്സന്‍ മാങ്ങാടുമാണ്.

സെര്‍വ്വ് കളക്ടീവ്‌സിലെ സംഘടനകള്‍ ഈ പറയുന്നവയാണ് 1. എന്‍വിസാജ്, 2. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി 3. പുഞ്ചിരി ക്ലബ്ബ് ബോവിക്കാനം, 4. എസ്പാക്ക്, 5. ഏകതാ പരിഷത്ത്, 6. ലോഹ്യാ വിചാരവേദി, 7. നവയാനം പയ്യന്നൂര്‍, 8. പാഠഭേദം, 9. അധിനിവേശ പ്രതിരോധ സമിതി. 10. വ്യവസായ തൊഴിലാളി സൗഹൃദ സംഘം അമ്പലമേട്, 11. ഫെയര്‍ ട്രേഡ് അലയന്‍സ്, 12. ജോയിന്റ് ഫോറം ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ട്രിബ്യൂണല്‍ റൈറ്റ്‌സ്.

വടക്കിന്റെ ദുര്‍വിധിയോ?

2017ല്‍ നാല് ഇരകളായ അമ്മമാര്‍ സുപ്രീംകോടതി നിര്‍ദേശിച്ച രീതിയില്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന് കാണിച്ച് സുപ്രീംകോടതി കയറിയിരുന്നു.

ആ വിധിയില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പെട്ട എല്ലാവര്‍ക്കും ഒരുപോലെ 5 ലക്ഷം രൂപ നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ ചെയ്തത് കേസ് ഫയല്‍ ചെയ്ത നാലു അമ്മമാര്‍ക്ക് മാത്രം 5 ലക്ഷം നല്‍കി. ബാക്കി ഇരകളെ ഒഴിവാക്കി. രോഗികളെ കാറ്റഗറിയായി തിരിച്ച് നഷ്ട പരിഹാരം നല്‍കരുതെന്നും ലിസ്റ്റിലെ എല്ലാ രോഗികളും ഒരേ നഷ്ട പരിഹാരത്തിനര്‍ഹരാണെന്നും, കോടതി വിധിച്ചു, അതും നടന്നില്ല.

ഇത്രയധികം രോഗികളുള്ള കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ വകയോ സ്വകാര്യസംരംഭമായോ ഒരു മികച്ച ആശുപത്രിയില്ല. ഈ കാരണം കൊണ്ട് എന്‍ഡോ സള്‍ഫാന്‍ രോഗികള്‍ക്കായി ഒരു പാലിയേറ്റീവ് ആശുപത്രി കേന്ദ്രസര്‍ക്കാര്‍ നിര്‍മിക്കണം (കേരള സര്‍ക്കാറിന്റെ സ്ഥലത്ത്) എന്ന കോടതിയുടെ

നിര്‍ദേശവും നടപ്പിലായില്ല. 2014ല്‍ തന്നെ കേരളത്തിന് ഒരു എയിംസ് (അകകങട) ആശുപത്രി കേന്ദ്രത്തിന്റെ വക ഭരണഘടനാവകാശമായി നില്‍പ്പുണ്ട്.

അതും നടപ്പിലായില്ല. കാസര്‍കോടിന്റെ കൂടിയ രോഗാതുരതയും സുപ്രീംകോടതി വിധികളും പരിഗണിച്ച് എയിംസ് ഇവിടെ കിട്ടാന്‍ വേണ്ടി അതര്‍ഹമായിട്ടും, ഒരു

പുതിയ പ്രൊപ്പോസല്‍ പോലും കൊടുക്കാന്‍ കേരളസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. ഏതു ഭരണഘടനാ വ്യവസ്ഥ കൊണ്ടാണ് വടക്കിന്റെ ഈ ദുര്‍വിധിയെ നേരിടേണ്ടത്.

എന്‍ഡോസള്‍ഫാന്‍ ആഗോളമായി നിരോധിച്ച കാലത്ത് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ അഡ്വ. കെ. ഇ. ഗംഗാധരന്‍ കേരളസര്‍ക്കാരിന് നല്‍കിയ ഒരു നിര്‍ദേശമുണ്ട്:

സര്‍ക്കാരിന്റെ കയ്യില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ പണമില്ലെങ്കില്‍, പ്ലാന്റേഷന്റെ കയ്യിലുള്ള ജനങ്ങളുടെ ഭൂമിയായ അയ്യായിരം ഹെക്ടറില്‍ നിന്ന് പണത്തിനു പകരം അര്‍ഹരായ ഒരോ ഇരകള്‍ക്കും ഭൂമി പതിച്ചുകൊടുക്കുക. ഗംഗാധരന്‍ സാര്‍ മരിച്ചുപോയി. നിര്‍ദേശം നടപ്പിലായതുമില്ല. പ്ലാന്റേഷന്‍ ഭൂമി ഇവിടെത്തന്നെയുണ്ട്. എന്നിട്ടും കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഇനി 217 കോടി വേണം നഷ്ടപരിഹാരം നല്‍കാന്‍ എന്നാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്, കൊടുക്കാന്‍ പണമില്ലെന്നാണ്. ഈ ഷെനറിയോ മറികടക്കാനാണ് കാസര്‍കോട്ടുകാര്‍ ഇപ്പോള്‍ കോടതി കയറുന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇനിയും ജനിക്കാം. മണ്ണിലും വെള്ളത്തിലും പഴവര്‍ഗങ്ങളിലും, പാലിലും ഒളിഞ്ഞിരിക്കുന്ന വിഷകീടനാശിനിയുടെ അംശങ്ങള്‍ (ഞലശെറൗല) ഇനിയും മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം. കീടനാശിനിയുടെ തളി നിര്‍ത്തിയിട്ടുണ്ടെങ്കിലും നിലവില്‍ അടിഞ്ഞ് കിടക്കുന്നതില്‍ ബാക്കി നില്‍ക്കുന്ന വിഷാംശം അപകടമുണ്ടാക്കിയേക്കാം.

വരുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം പുതിയ രോഗ ജനനത്തിന്റെ തോത് കുറഞ്ഞതിനെ ന്യായീകരിക്കുന്നു. സര്‍ക്കാറിന്റെ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് വകുപ്പിന്റെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടാണ് എന്‍ഡോസള്‍ഫാന്റെ ആഘാതത്തിന്റെ തോത് സുപ്രീംകോടതിയെപ്പോലും ബോധ്യപ്പെടുത്തിയത്. കീടനാശിനിമുക്ത കാസര്‍കോടിനെ നിര്‍മിക്കാന്‍ ആരോഗ്യ ശാത്രജ്ഞരും, ജനങ്ങളും ഒത്തൊരുമിക്കുന്ന ഒരു പുതിയ കാസര്‍കോടാണ് നമുക്ക് വേണ്ടത്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ കേവലം ഒരു കാര്‍ഷിക പ്രശ്‌നമായിട്ടല്ലാതെ ഇവിടുത്തെ മനുഷ്യരെ കാര്‍ന്നു തിന്നുന്ന അതിതീവ്രമായ ഒരു ആരോഗ്യ പ്രശ്‌നമായി കാണുന്ന ശാസ്ത്രീയ സമീപനമാണ് ഇവിടെ അനിവാര്യം. പാലിയേറ്റീവ് കെയര്‍ ആശുപത്രി എന്ന ഉന്നത നീതിപീഠവിധി അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൃഷി ശാസ്ത്രജ്ഞരും ആരോഗ്യ ശാസ്ത്രജ്ഞരും തമ്മിലുള്ള തര്‍ക്കങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പഠനം നടത്തി തെളിയിക്കപ്പെട്ട ഒരു ആരോഗ്യ വ്യവഹാരത്തിന് ഹാനി തട്ടാന്‍ പാടില്ലെന്ന് നമ്മുടെ നാടിനെ ഭരിക്കുന്ന ഭരണകൂടമാണ് ജനപക്ഷത്തു നിന്ന് കൊണ്ട് ഒരു തീരുമാനമെടുക്കേണ്ടത്. അതിലേക്കായി ചില കാര്യങ്ങള്‍ ഇവിടെ ഊന്നിപ്പറയട്ടെ: ദേശീയ മനുഷ്യാവകാശക്കമ്മീഷനാണ് രണ്ടര ദശകം മുമ്പ് കാസര്‍കോട്ടെ മനുഷ്യരുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി സ്വമേധയാ ഇവിടെ പഠനം നടത്താന്‍ ഐ.സി.എം. ആറിനോട് ആവശ്യപ്പെട്ടത്. അവരാണ് എന്‍ ഐ ഒ എച്ച് നെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത്) ചുമതലപ്പെടുത്തിയത്. ഇത് ഇന്ത്യയിലെ പരമോന്നത ആരോഗ്യ സ്ഥാപനമാണ്.

രക്തം, മുലപ്പാല്‍, മണ്ണ്, വെള്ളം എന്നിവ പരിശോധിച്ചാണ് അതിന്റെ തലവനായ ഡോ. ഹബീബുള്ള സയ്ദ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വാണി നഗറിലെ കോടപ്പിരി തോടരികിലെ കുളത്തിലും സ്‌കൂളിനടുത്ത കിണറ്റിലും വീടുകള്‍ക്കരികിലെ കിണറുകളിലും ഈ പഠനം കൂടിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ അംശങ്ങള്‍ കണ്ടെത്തി. വാണിനഗറിലെ സ്‌കൂളിലെ കുട്ടികളുടെ രക്തത്തില്‍ അനുവദനീയമായ തോതിലും എത്രയോ ഇരട്ടി എന്‍ഡോസള്‍ഫാന്‍ അംശമുണ്ടായിരുന്നു.

അവിടുത്തെ മനുഷ്യരില്‍ കാണുന്ന ജനിതക വൈകല്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സ്ഥലത്തേക്കാള്‍ മൂന്നിരട്ടി കൂടുതലായിരുന്നു. കുട്ടികളില്‍ കാണുന്ന പഠന വൈകല്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സ്ഥലത്തെക്കാള്‍ അഞ്ചിരട്ടി കൂടുതലായിരുന്നു. ആര്‍ത്തവ സംബന്ധമായ അസ്വാഭാവികതകള്‍ ആറിരട്ടിയും, പ്രത്യുല്‍പാദന വ്യവസ്ഥയ്ക്ക് തകരാറുള്ളവര്‍ അഞ്ചിരട്ടിയും കാണപ്പെട്ടു. ഇങ്ങനെ സ്‌റ്റേറ്റ് ആവറേജിനേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ എന്തെങ്കിലും കാരണങ്ങളില്ലാതെ അത്തരം ന്യൂനതകളുണ്ടാവില്ല എന്നതാണ് ശാസ്ത്ര സത്യം.

ആ കാരണം എന്താണ് എന്ന് എന്‍ ഐ ഒഎച്ച് പഠനം കണ്ടെത്തി. അത് എന്‍ഡോസള്‍ഫാന്‍ ആകാശ തളിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ എന്ന വിഷ കീടനാശിനി മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന എന്‍ഡോക്രൈന്‍ ഡിസ്‌റപ്ഷനാണ് ഇവിടെ നടന്നത്.

എന്‍ഡോസള്‍ഫാനിലുള്ള ഈസ്‌ട്രോജനിക് ഇഫക്ടാണ് ഇതിന് കാരണമെന്ന് സെയിദിന്റെ എപ്പിഡെമിയോളജി പഠനം ക

ണ്ടെത്തി. ലോകത്തിലെ ഏറ്റവും ആധികാരികമായ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇരകള്‍ക്ക് നഷ്ടപരിഹാരവും, ചികിത്സയ്ക്കായി പാലയേറ്റീവ് ആശുപത്രികളും നല്‍കണമെന്ന് വിധിച്ചിരിക്കുന്നത്. ഇത്തരമൊരു വിധിയാണ് സര്‍ക്കാര്‍ കൂടി കൃഷിശാസ്ത്രജ്ഞന്മാര്‍ക്കൊപ്പം നിന്ന് നടപ്പിലാക്കാതെ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്.

ഭരണകൂടത്തിന്റെ കടമകളാണ് ഇവിടെ കൊല ചെയ്യപ്പെടുന്നത്. നഷ്ടപരിഹാരം അല്ലെങ്കില്‍ ജീവന്‍ എന്ന മുന്‍ കലക്ടറുടെ ഈ പന്തയം അംഗവൈകല്യവും മാനസിക വെല്ലുവിളിയുമുള്ള ഈ പാവം ഇരകളോട് വേണമായിരുന്നോ സര്‍? നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവനോടുള്ള ഈ യുദ്ധം ആരോഗ്യ ശസ്ത്രജ്ഞന്മാരോട് കൂടിയുള്ളതല്ലേ. ലോകത്തിനു മുഴുവന്‍ സ്വീകാര്യമായ ആരോഗ്യശാസ്ത്ര സത്യങ്ങള്‍ നമ്മുടെ സര്‍ക്കാറിന്റെ ഉപ്പും ചോറും തിന്നുന്ന ചില കൃഷി ശാസ്ത്രജ്ഞന്‍മാര്‍ക്ക് മാത്രം അസ്വീകാര്യമായി തോന്നുന്നതെന്തു കൊണ്ടാണ് സര്‍?

മറ്റൊരു അക്ഷന്തവ്യമായ ജനാധിപത്യവിരുദ്ധതയും കേരള സര്‍ക്കാര്‍ ഈ ആവതില്ലാത്ത ഇരകളോട് ചെയ്തിരിക്കുകയാണ്. അവര്‍ക്ക് മാസാമാസം അനുവദിച്ച പെന്‍ഷന്‍ നിര്‍ദയം നല്‍കാതെയാണ് ഈ മഹാമാരിക്കാലത്ത് ഈ മനുഷ്യരെ ശിക്ഷിച്ചത്.

ഇന്ത്യന്‍ ഭരണഘടനയില്‍ പരമോന്നത നീതിപീഠവും പരമോന്നത ആരോഗ്യസ്ഥാപനവും പറഞ്ഞ കാര്യങ്ങള്‍ അശാസ്ത്രീയമെന്നു പറഞ്ഞ് സംസ്ഥാന സാമൂഹ്യനീതിവകുപ്പിനെ സാമൂഹ്യ അനീതി വകുപ്പാക്കുമ്പോള്‍ ഈ രോഗങ്ങളത്രയും ഇതുമൂലമല്ല എന്നാണവര്‍ വാദിച്ച് അര്‍മാദിക്കുന്നത്. ആ വാദംകൊണ്ടുവരുന്ന മുന്‍ കലക്ടറും കൃഷിശാസ്ത്രജ്ഞരും മറ്റെന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നുകൂടി പറയണം. ഇതു പറയാന്‍ അവര്‍ക്ക് ബാധ്യതയില്ലേ എന്നാണ് സാധാരണ മനുഷ്യര്‍ ചോദിക്കുന്നത്. കേരള ജനത നികുതിയായി നല്‍കുന്ന ശമ്പളം ശാപ്പിട്ട് കഴിയുന്ന ഇവര്‍ തങ്ങളുടെ ഉത്തരവാദിത്വം മറന്നുപോകുന്നതിനെ എന്ത് പേരിട്ടു വിളിക്കും?!

കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിച്ച 'ലേറ്റസ്റ്റ്' ഓണപ്പതിപ്പിനോട് കടപ്പാട്‌

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

SCROLL FOR NEXT