Environment

'ജനങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത്'; പ്രളയ, കൊവിഡ് ദുരന്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്ന് എസ്.പി രവി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ സര്‍ക്കാര്‍ നടപടി ജനങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്. പി രവി ദ ക്യുവിനോട്. പരിസ്ഥിതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും ഗൗരവകരമായ ഇടപെടലുകള്‍ അനിവാര്യമായ സമയത്ത് വിരുദ്ധ നിലപാടെടുക്കുന്നത് ജനങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണ്. രണ്ട് വലിയ പ്രളയ ദുരന്തമാണ് രണ്ട് വര്‍ഷങ്ങളില്‍ കേരളം നേരിട്ടത്. നിലവില്‍ ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിയിലുമാണ്. കൊറോണ വൈറസ് വ്യാപനം പോലും പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലമാണെന്ന വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു കാരണവശാലും സ്വീകരിക്കാന്‍ പാടില്ലാത്ത തീരുമാനമുണ്ടായിരിക്കുന്നത്. ഈ രണ്ട് അനുഭവങ്ങളില്‍ നിന്നും സര്‍ക്കാര്‍ പാഠമുള്‍ക്കൊണ്ടില്ലെന്നാണ് കാണാനാകുന്നത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയിലാണ് പദ്ധതിക്ക് ശ്രമിക്കുന്നത്‌. സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എസ്.പി രവി പറഞ്ഞു. സമന്വയത്തിലൂടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് വൈദ്യുതി മന്ത്രി എംഎം മണി പറയുന്നത്. സമന്വയം സമാധ്യമാകില്ലെന്ന് അദ്ദേഹത്തിന് വ്യക്തമാകേണ്ടതാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന് അകത്തുതന്നെ സമന്വയമില്ല. സര്‍ക്കാരിന്റെ ഭാഗമായ സിപിഐ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നു. മറ്റൊരു കക്ഷിയായ ജനതാദളും പദ്ധതിക്ക് എതിരാണ്. സിപിഎമ്മിന് അകത്തുപോലും വിയോജിപ്പുള്ള നിരവധി പേരുണ്ട്. വിഎസ് അച്യുതാനന്ദന്‍. തോമസ് ഐസക് എന്നിവര്‍ അത് നേരത്തേ പരസ്യമാക്കിയതാണ്. യുഡിഎഫ് ശക്തമായി എതിര്‍ക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. കെഎസ്ഇബിയും സിപിഎമ്മിലെ ഒരു വിഭാഗവുമാണ് ഇത് വേണമെന്ന് പറയുന്നത്. പിന്നെങ്ങനെയാണ് സമന്വയം സംഭവിക്കുകയെന്നും രവി ചോദിക്കുന്നു.

കേരളത്തിന് ആവശ്യമുള്ള പദ്ധതിയാണെന്നാണ് മന്ത്രി പറയുന്ന മറ്റൊരു കാര്യം.

രണ്ടായിരം കോടിയോളം രൂപ ചെലവിടേണ്ടുന്ന പദ്ധതിയാണ്. അത്രയും കോടിയുടെ പലിശ അടയ്ക്കാനുള്ള തുക പോലും ഈ പദ്ധതിയിലൂടെ കിട്ടാന്‍ പോകുന്നില്ല. ആത്യന്തികമായി ഉപഭോക്താക്കളുടെ തലയിലാണ് അതിന്റെ ഭാരം വന്നുവീഴുക. ഇപ്പോഴത്തെ കണക്കില്‍ ഒരു യൂണിറ്റിന് 18 മുതല്‍ 20 രൂപയെങ്കിലും വരുന്ന സ്ഥിതിയുണ്ടാകും. ഇത് നടപ്പാക്കുന്നത് കൊണ്ടുമാത്രം ഒരു വര്‍ഷം വൈദ്യുതി ബോര്‍ഡിന് 100-150 കോടി രൂപയുടെ നഷ്ടവുമുണ്ടാകും.

സോളാര്‍ എനര്‍ജിക്ക് ബാറ്ററി ബാക്കപ്പ് അടക്കം 2025 ആകുമ്പോള്‍ 3.32 പൈസ ഒക്കെയേ വരുള്ളൂവെന്നാണ് കണക്കാക്കുന്നത്. തുടരുന്തോറും അത് പിന്നെയും കുറയും. കുറഞ്ഞ അളവ് വൈദ്യുതി മാത്രമേ ഇവിടെ ഉത്പാദിപ്പിക്കാനാകൂവെന്നതാണ് മറ്റൊരു കാര്യം. അതും നല്ല മഴയുള്ള സമയത്തുമാത്രം. നല്ല മഴയുള്ള സമയത്ത് വൈദ്യുതിയുടെ ഡിമാന്‍ഡ് എറ്റവും കുറവുള്ള സമയമാണെന്ന് ഓര്‍ക്കണം. ഫലത്തില്‍ ഇത് അനാവശ്യപദ്ധതി എന്നത് മാത്രമല്ല. സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യതയേല്‍പ്പിക്കുന്നതുമാണ്. സര്‍ക്കാര്‍, അനുമതിക്കായി ശ്രമിക്കുന്നുവെന്നത് പരിസ്ഥിതി വിരുദ്ധതയുടെ തെളിവാണ്. കേരളം അടിയന്തരമായ ജൈവവൈവിധ്യ പുനസ്ഥാപനം നടത്തേണ്ട സമയമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാനത്ത് രണ്ട് വലിയ മഴക്കാല ദുരന്തങ്ങളുണ്ടായത്. നമ്മുടെ മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. അതിന് പരിഹാരം കാണണമെങ്കില്‍ ഏറ്റവും പ്രധാനം ഏറ്റ പരിക്കുകളില്‍ നിന്ന് പശ്ചിമ ഘട്ടത്തെ പുനസ്ഥാപിക്കലാണ്. അതിന് പോകേണ്ട സമയത്ത് ഇപ്പോഴുള്ള പരിസ്ഥിതിയെ നശിപ്പിക്കുകയെന്നത് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും രവി വ്യക്തമാക്കുന്നു.

ഒരു ഭാഗത്ത് പരിസ്ഥിതി സ്‌നേഹം പറയുകയും മറുവശത്ത് വിരുദ്ധമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. കുറച്ചുകാലമായി ഒരുവിഭാഗം നടത്തിവരുന്ന സമ്മര്‍ദ്ദമാണ് ഇത്തരം നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍. അവര്‍ എല്ലാകാലത്തും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി പദ്ധതിക്കായി ശ്രമിച്ചുപോന്നിരുന്നു. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡും വകുപ്പും അതിന്റെ മന്ത്രിയും മറ്റ് ചിലരും ചേര്‍ന്ന് പദ്ധതിക്കായി ശ്രമം നടത്തുകയാണ്. ഇതിന്റെ പേരില്‍ ഇനി ഒരു രൂപ പോലും ചെലവാക്കുകയാണെങ്കില്‍ അവരവരുടെ ഉത്തരവാദിത്വത്തിലായിരിക്കണം. നാളെ അതിന്റെ പേരില്‍ വരുന്ന നഷ്ടം അവരില്‍ നിന്ന് ഈടാക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും എസ് പി രവി ദ ക്യുവിനോട് പറഞ്ഞു. അതേസമയം ഈ നീക്കത്തില്‍ പുഴസംരക്ഷണ സമിതിക്ക് തെല്ലും ഭയമില്ലെന്നും രവി വിശദീകരിക്കുന്നു.

ഒരു കാരണവശാലും പദ്ധതി സാധ്യമാകില്ലെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തില്‍ നിന്നും ടെക്‌നോ, ഇക്കണോമിക് ക്ലിയറന്‍സുകള്‍ ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം സാമ്പത്തികമായി വയബിള്‍ അല്ലാത്ത പദ്ധതിയാണിതെന്ന് നേരത്തേ വ്യക്തമായതാണ്. ഇനി കൊടുത്താല്‍ തന്നെ അത് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതേയുള്ളൂ. ഫലത്തില്‍ കോടതിയിലും ജനങ്ങളുടെ എതിര്‍പ്പിന് മുന്നിലും അത് നിലനില്‍ക്കില്ല.

ഇപ്പോള്‍ സര്‍ക്കാരിന് ആഭ്യന്തരമായ പേപ്പര്‍ വര്‍ക്കുകളൊക്കെയേ സാധ്യമാകൂ. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യക്ഷ സമര പരിപാടികളെക്കുറിച്ച് പുഴ സംരക്ഷണ സമിതി ചിന്തിക്കുന്നില്ല. പക്ഷേ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. അതിന്റെ അപകടം വീണ്ടും സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും രവി ദ ക്യുവിനോട് പറഞ്ഞു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT