ഡിജിറ്റല്‍ വിഭജനം എന്ന വാദത്താല്‍ ഒരു വിദ്യാഭ്യാസവിപ്ലവത്തെ തള്ളിക്കളയാമോ? ഡിജിറ്റല്‍ വിഭജനത്തിന് രാഷ്ട്രീയ -ഭരണ പരിഹാരമല്ലേ വേണ്ടത് ? ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ ഉന്നയിക്കുന്ന യഥാര്‍ത്ഥ പ്രശ്നം എന്താണ് ? ഓണ്‍ലൈന്‍ അധ്യാപനത്തില്‍ വിമര്‍ശനാത്മകമായ ചിന്താശേഷി വളര്‍ത്താന്‍ കഴിയില്ലേ ? സാങ്കേതികവിദ്യയുടെ സാമൂഹികരൂപീകരണത്തിന്റെ പ്രാധാന്യം എന്താണ്?
കാലിക്കറ്റ് സര്‍വകലാശാലയിലെ 'മള്‍ട്ടി-മീഡിയ റിസര്‍ച്ച് സെന്റര്‍' ഡയറക്ടറും പ്രമുഖ മാധ്യമ നിരീക്ഷകനുമായ ദാമോദര്‍ പ്രസാദുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖം.ദില്ലി ദാലി (Dilli Dali) പോഡ്കാസ്റ്റിലെ 'മാറുന്ന നമ്മുടെ ക്ലാസ്സ് മുറികള്‍' എന്ന പരമ്പരയില്‍ നിന്ന്
എസ് ഗോപാലകൃഷ്ണന്‍: ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പങ്കെടുക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍, അതിനുള്ള സാമ്പത്തിക സാഹചര്യം വീട്ടില്‍ ഇല്ലാത്തതിനാല്‍, ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നമ്മുടെ ഈ സംഭാഷണം അതേകുറിച്ച് ദാമോദര്‍ പ്രസാദിന് എന്താണ് പറയാനുള്ളത്?
ദാമോദര്‍ പ്രസാദ്: ദേവികയുടെ മരണം വളരെ ദുഃഖകരമായ ഒരു കാര്യമാണ്. ആത്മഹത്യ തന്നെ നമ്മളില്‍ ഉണ്ടാക്കുന്ന മനസികവ്യഥ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു കുട്ടി സ്‌കൂള്‍ തുറക്കുന്ന സമയത്ത് തന്നെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത വല്ലാത്ത ദുഃഖം തരുന്ന കാര്യമാണ്. അത് പ്രത്യേകിച്ചും നമ്മള്‍ മനസിലാക്കുന്നത്, ഈ ഓണ്‍ലൈന്‍ ക്ലാസ്സ് തുടങ്ങിയ സമയത്ത് വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തത് കൊണ്ടും മറ്റ് ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തത് കൊണ്ടും കൂടിയാകുമ്പോള്‍... സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ഒരു നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള കുട്ടിയാണ് എന്നാണ് ഞാന്‍ വാര്‍ത്തകളില്‍ നിന്ന് മനസിലാക്കുന്നത്. അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഈ ആത്മഹത്യയെ എങ്ങനെയാണ് നമ്മള്‍ അഭിസംബോധന ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇതിനെ നമ്മള്‍ ഊതിപെരുപ്പിക്കുകയാണോ വേണ്ടത്? ഈ പ്രശ്നം ഗൗരവമായി കാണേണ്ട ഒരു വിഷയവും അതില്‍ ഉടനടി സര്‍ക്കാര്‍ ശ്രദ്ധ വേണ്ട വിഷയവുമാണ്.
കേന്ദ്ര സര്‍വകലാശാലകളിലെ ചില അധ്യാപകരൊക്കെ എനിക്കയച്ച ചില എഴുത്തുകള്‍ ഒക്കെ കണ്ടപ്പോള്‍ എനിക്ക് വല്ലാതെ തോന്നി. തങ്ങളുടെ സാങ്കേതികവിദ്യയിലുള്ള നിലപാട് ആവിഷ്‌കരിക്കാന്‍ വേണ്ടി ഒരു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ ഉപയോഗിക്കുക എന്നൊക്കെ പറയുന്ന ഒരു അവസ്ഥ ഉണ്ടല്ലോ, ഊതിപെരുപ്പിച്ചൊക്കെ പറയുന്നത്... ഞാന്‍ ഗോപാലകൃഷ്ണനോട് ചോദിക്കുന്ന ഒരു കാര്യം, താരതമ്യം ചെയ്യുന്നില്ല, പരീക്ഷ നേരിടാനുള്ള ബുദ്ധിമുട്ട് കാരണം, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍, ചില കുട്ടികള്‍ ആത്മഹത്യ ചെയ്തതിനെ കുറിച്ച് നമ്മള്‍ കാണുന്ന ചില പത്ര വാര്‍ത്തകള്‍ ഉണ്ട് , എന്ത് വേദന നിറഞ്ഞ കാര്യങ്ങളാണ്... 'മരണവിദ്യാലയം' എന്ന സുസ്മേഷ് ചന്ദ്രോത്തിന്റെ കഥ ഗോപാലകൃഷ്ണന്‍ വായിച്ചിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. അത് ഒരു ആത്മഹത്യയെ കുറിച്ചുള്ള കഥയാണ്. തീര്‍ച്ചയായും വിദ്യാര്‍ത്ഥികളും അധ്യാപകരും വായിക്കേണ്ട ഒരു കഥയാണ്. നമ്മുടെ മനസിനെ വല്ലാതെ ഉലയ്ക്കുന്ന ഒരു കഥയാണ് അത്. സ്‌കൂള്‍ സമ്പ്രദായത്തിന്റെ ഭാഗമായി പലപ്പോഴും ആത്മഹത്യകള്‍ നടക്കുന്നുണ്ട്. അത് ഒരു തരത്തിലും ശരിയല്ലാത്ത കാര്യമാണ്. അതിനു നമ്മുക്ക് വേണ്ടത് കൗണ്‍സിലിംഗും സാന്ത്വനവുമാണ്. പക്ഷേ എന്റെ വാദത്തിനു വേണ്ടി, അല്ലെങ്കില്‍ മറ്റൊരാളുടെ വാദത്തിനു വേണ്ടി, ഞാന്‍ ഇതിനെ ഒരു വാദമായി നിരത്തുന്നത് ഒട്ടും തന്നെ യോജിക്കാന്‍ കഴിയുന്ന കാര്യമല്ല.
സ്‌കൂളുകളിലെ ഉച്ചകഞ്ഞിയുമായി ബന്ധപ്പെട്ട സമാനമായ വാദങ്ങള്‍ ചിലര്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. അവര്‍ വിദ്യാഭ്യാസത്തെ മനസിലാക്കുന്നത് തന്നെ ഒരു വരേണ്യ രീതിയിലാണ്. അതായത് ഏതൊക്കെയോ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ ഉച്ച കഞ്ഞി കുടിക്കാന്‍ വേണ്ടി സ്‌ക്കൂളിലേക്ക് വരുന്നു എന്ന തരത്തിലാണ് അവര്‍ വിദ്യഭ്യാസ സമ്പ്രദായത്തെ കാണുന്നത്. എന്തൊരു വീക്ഷണമാണത്? എങ്ങനെയാണ് അധ്യാപകര്‍ക്ക് അങ്ങനെ ഒരു കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കാന്‍ സാധിക്കുന്നത്? വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരികയും സ്‌കൂളില്‍ പഠിക്കുകയും അതിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായി വന്ന ഒരു കാര്യമാണത്. സ്‌കൂള്‍ പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഒരു സ്ഥലമാണ്. അല്ലാതെ കുറെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ അവിടെ വരുന്നു എന്നൊക്കെയുള്ള കാഴ്ച്ചപ്പാട് ഉണ്ടല്ലോ... ഈ പറഞ്ഞ ആള്‍ക്കാരുടെ ഒക്കെ മക്കളൊക്കെ തന്നെ ഒരുപക്ഷേ നമ്മള്‍ വിചാരിക്കുന്ന നിലവാരത്തില്‍ ആയിരിക്കില്ല നില്‍ക്കുന്നത്. അപ്പോള്‍ ഇത്തരം ഒരു കാഴ്ച്ചപ്പാട്... ഒരു വര്‍ഗ്ഗ ഐക്യദാര്‍ഢ്യവും ഇവിടെ നിലനില്‍ക്കുന്നില്ല, വളരെ പ്രായോഗികമായി നോക്കിയാല്‍ പോലും അത്തരത്തില്‍ ഒരു വര്‍ഗ്ഗ-ഐക്യദാര്‍ഢ്യം ഇവിടെ നിലനില്‍ക്കുന്നില്ല. അങ്ങേയറ്റം വരേണ്യ സ്ഥാനത്ത് നിന്നാണ് എല്ലാം നോക്കികാണുന്നത്. പക്ഷേ തങ്ങള്‍ക്കൊരു വിഷയത്തെ കുറിച്ച് തങ്ങളുടേതായ ഭദ്രതയില്ലായ്മ ഉണ്ടെങ്കില്‍, ആ നിലപാടുകളെ ആവിഷ്‌ക്കരിക്കാന്‍ ഒരു വിഷയത്തെ ഊതിപെരുപ്പിക്കുകയും, അതിനെ കൂടുതല്‍ പ്രശ്നങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടല്ലോ അതാണ് ഏറ്റവും ദുഃഖകരം. ഇപ്പോള്‍ നമ്മുക്ക് വേണ്ടത് സാന്ത്വനത്തിന്റെയും കൗണ്‍സിലിംഗിന്റെയും അന്തരീക്ഷമാണ്. സാങ്കേതികവിദ്യയുടെ ലഭ്യത മാത്രമല്ല, അത് ഉപയോഗിക്കാന്‍ പറ്റാത്തതിന്റെ പ്രശ്നം; ഇതൊക്കെ അഭിസംബോധന ചെയ്യാന്‍ ബാധ്യതപ്പെട്ടതാണ് ഒരു സമൂഹം. പരീക്ഷയുടെ സമയത്ത്, പരീക്ഷ എങ്ങനെ നേരിടണം എന്ന് കൗണ്‍സിലിംഗ് ഒക്കെ കൊടുക്കാറില്ല? പരീക്ഷ നമ്മള്‍ വേണ്ട എന്നാണോ വെക്കാറുള്ളത്? നമ്മള്‍ അത്തരത്തില്‍ ഒരു കാഴ്ച്ചപാടിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിന് പകരം, ഇതിനെ ഉപയോഗപെടുത്തികൊണ്ട് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചില വാദങ്ങള്‍ നിരത്താന്‍ ഈ സംഭവത്തെ ഉപയോഗിക്കുന്നത് എത്രമാത്രം ഖേദകരമാണ്? എത്രമാത്രം മനുഷ്യ വിരുദ്ധമാണ്, എത്രമാത്രം ചരിത്ര വിരുദ്ധമാണ് അത്? അതാണ് എനിക്കതിനെ കുറിച്ച് സങ്കടം. മറിച്ച്, ഈ വിഷയം നമ്മുടെ മുന്നില്‍ ഉണ്ട്, ഡിജിറ്റല്‍ അന്തരം ഒരു പ്രധാനപ്പെട്ട വിഷയമാണെന്ന് നമ്മള്‍ക്കു അറിയാം. അത് പരിഹരിക്കാനും അഭിസംബോധന ചെയ്യാനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്താനും അല്ലെങ്കില്‍ അതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയോ ചെയ്യുന്നതിന് പകരം, ഇത് ഉപയോഗപ്പെടുത്തി തന്റെ വാദങ്ങളെ ന്യായീകരിക്കുന്ന ഒരു സമീപനം ഉണ്ടല്ലോ അത് ഒട്ടും തന്നെ ആരോഗ്യകരമല്ല. അത് എന്റെ അഭിപ്രായത്തില്‍ പ്രതിഷേധാര്‍ഹം കൂടിയാണ്.
ഇത് പറയുമ്പോള്‍ തന്നെ രാവിലത്തെ ആ വാര്‍ത്ത നമ്മളില്‍ സൃഷ്ട്ടിച്ച ആഘാതം ചില്ലറയല്ല. അത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വിഷയത്തെ കുറിച്ച് മാത്രമല്ല. ഒരു കുട്ടി, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത, അത് എന്ത് കാരണം കൊണ്ടുമാകട്ടെ, ആ വാര്‍ത്ത നമ്മളില്‍ ഉണ്ടാക്കുന്ന ഒരു മാനസികമായ തകര്‍ച്ചയുണ്ടല്ലോ, അത് വല്ലാത്തൊരു അവസ്ഥയാണ്. പക്ഷേ ആ വാര്‍ത്ത കാണുമ്പോള്‍ തന്നെ ആ വാര്‍ത്തയോട് നമ്മള്‍ പ്രതികരിക്കുന്ന ഒരു രീതിയുണ്ട്, അതിനുപകരം, തങ്ങളുടെ വാദങ്ങള്‍ മുന്നോട്ട് വെക്കാനുള്ള അവസരമായി കാണുന്ന ഒരു മനുഷ്യവിരുദ്ധത ഉണ്ടല്ലോ, അതാണ് എന്നെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. അത്തരം ഒരു മനുഷ്യവിരുദ്ധതയുള്ള ചില അധ്യാപകര്‍ എങ്ങനെയാണ് അധ്യാപകര്‍ ആയി ഇരിക്കുന്നു എന്ന് പോലും ഞാന്‍ സംശയിച്ചു പോവുകയാണ്.
എസ് ഗോപാലകൃഷ്ണന്‍: മുന്‍പ് നമ്മളുടെ ഈ സംവാദ പരമ്പരയില്‍ പ്രൊഫസര്‍ സുമംഗല ദാമോദരന്‍ സംസാരിച്ചിരുന്നു. ഈ പുതിയ മാറ്റത്തിന്റെ സാഹചര്യത്തെ കുറിച്ച് സാമൂഹികമായ ഒരു കാഴ്ച്ചപ്പാടില്‍ നിന്ന് കൊണ്ട്, വളരെ പ്രസക്തമായ ചില വിമര്‍ശനങ്ങള്‍ അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ടായിരുന്നു. ഈ വിമര്‍ശനങ്ങളെ കുറിച്ചുള്ള ദാമോദര്‍ പ്രസാദിന്റെ അഭിപ്രായം എന്താണ്?
ദാമോദര്‍ പ്രസാദ്: നമ്മുക്ക് ഇപ്പോഴും ഇന്റര്‍നെറ്റിലൂടെ ക്ലാസ്സ് നടത്തിയിട്ടുള്ള പരിചയം താരതമ്യേനെ വളരെ കുറവാണ്. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു കാര്യമല്ല, ലോകത്തിന്റെ മുഴുവന്‍ കാര്യം എടുത്ത് നോക്കിയാല്‍ തന്നെ നമ്മള്‍ക്കു മനസിലാക്കാന്‍ പറ്റും. അങ്ങനെ സമ്പൂര്‍ണമായും സാങ്കേതിക (Virtual) തലത്തിലേക്ക് മാറിയിട്ടുള്ള സര്‍വകലാശാലകളൊന്നും ലോകത്ത് ഇപ്പോഴും നിലവിലില്ല. അങ്ങനെ ഒരു സ്‌കൂള്‍ സംവിധാനവും ഇല്ല. ഉദാഹരണത്തിന് നമ്മുടെ സ്‌കൂള്‍ സംവിധാനം എടുക്കുക, രാവിലെ ഒന്‍പതരയ്ക്ക് ക്ലാസ്സ് തുടങ്ങി വിവിധ പീരിയഡുകളിലൂടെ പോയി വൈകിട്ട് മൂന്നരയ്ക്ക് തീരുന്ന ഒരു ടൈം ടേബിള്‍ രീതിയാണ് നമ്മള്‍ക്കുള്ളത്. ഇതെങ്ങനെയാണ് ഓണ്‍ലൈനിലേക്ക് അനുകരിക്കുക, ഇതേ രീതി തന്നെയായിരിക്കുമോ ഓണ്‍ലൈനിലും ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളാണ് നമ്മള്‍ ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത്. അതായത് നിലവില്‍ കോവിഡിന്റെ സമയത്ത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നിര്‍ബന്ധിതമായ അവധി ആയിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ പുനരാവിഷ്‌ക്കരിക്കുക എന്ന കാര്യമാണ് പ്രധാനമായിട്ടും ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്.
ഓണ്‍ലൈനിലൂടെയുള്ള ക്ലാസ്സ് ആയിരിക്കുമോ, എങ്ങനെയാണ് കുട്ടികള്‍ അതിനെ സ്വീകരിക്കുക, എങ്ങനെയാണ് വിനിമയം നടത്തുക, ഏതൊക്കെ തരത്തിലാണ് അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാവുക... ഇതിലൊന്നും നമ്മള്‍ക്കു ആ രീതിയില്ല അനുഭവങ്ങള്‍ ഇല്ല. നമ്മള്‍ ചെയ്തു പഠിക്കുന്നേ ഉള്ളു. അതിന്റെ പ്രാഥമിക കാര്യമായി ഞാന്‍ പറയുന്നത്, സാങ്കേതികവിദ്യ രൂപപ്പെടുന്നത് എങ്ങനെ ആണ്? സാങ്കേതികവിദ്യയുടെ സാമൂഹികരൂപീകരണം (social shaping of technology) എന്ന ആശയമാണ് സാങ്കേതികവിദ്യയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ളത്. സാങ്കേതികവിദ്യയെ നമ്മള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. നിരവധിയായിട്ടുള്ള മനുഷ്യപ്രയോഗങ്ങളിലൂടെയാണ് ഓരോ സാങ്കേതികവിദ്യയും അതിന്റെ പുതിയ സ്വഭാവം ആര്‍ജ്ജിക്കുന്നത്. അങ്ങനെയാണ് അത് മാറുകയും, അതിനു പുതിയ തടസങ്ങള്‍ (disruptions) ഉണ്ടാകുകയും, പുതിയ സ്ഥലങ്ങളിലേക്കൊക്കെ അത് വിന്യസിക്കുകയും ചെയ്യുന്നത്. ചിലപ്പോള്‍ ഒരേ സാങ്കേതികവിദ്യ കുറേകാലം നിലനില്‍ക്കാം. ഇതിനൊക്കെയാണ് നമ്മള്‍ സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം എന്ന് പറയുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അത്തരം അനുഭവങ്ങള്‍ ഇല്ല. ഇത്തരത്തില്‍ ഒരു അനുഭവം ഇല്ലാത്തതിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടാണ് നമ്മള്‍ ഇതിനെക്കുറിച്ചുള്ള വളരെ ഭാവിസംബന്ധിയായ കാര്യങ്ങളും എതിര്‍ത്തും അനുകൂലിച്ചും പറയുന്നത്.
അങ്ങനെ എതിര്‍ത്തും അനുകൂലിച്ചും പറയുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, ഓണ്‍ലൈനിനെയാണ് എതിര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ പ്രായോഗികമായ മുന്‍ അനുഭവങ്ങള്‍ വച്ചുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ടാകും. കാരണം നിലവില്‍ നമ്മള്‍ അനുഭവിക്കുന്ന വ്യവസ്ഥയുടെ ചില മൂല്യങ്ങളും ഗുണങ്ങളുമുണ്ട്. അതിന് നമ്മള്‍ മുന്‍ഗണന കൊടുത്താല്‍ തന്നെ ഈ ഓണ്‍ലൈന്‍ ക്ലാസ്സ് എത്രമാത്രം അപ്രസക്തമാണെന് പറയാന്‍ എളുപ്പമായിരിക്കും. അതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കാന്‍ കുറച്ച് കണക്കുകളും നമ്മള്‍ക്ക് കിട്ടും. കാരണം ഓണ്‍ലൈന്‍ സമീപ കാലത്ത് ഉള്ളതും, എന്നാല്‍ മറ്റേതിന് ദീര്‍ഘകാലത്തെ അനുഭവവും ചരിത്രവും ഒക്കെയുണ്ട്. ഞാന്‍ ഓണ്‍ലൈനിനെ അനുകൂലിച്ചാണ് സംസാരിക്കാന്‍ പോകുന്നത് എങ്കില്‍ ഇതിന്റെ ഭാവി സാധ്യതകളെ വെച്ചുകൊണ്ട് കുറെ കണക്കുകള്‍ മുന്നോട്ട് വെക്കാന്‍ എനിക്ക് കഴിയും; പഴയതെല്ലാം മോശമാണ്, പുതിയതാണ് ഏറ്റവും സാധ്യമായിട്ടുള്ള കാര്യം, നമ്മള്‍ പ്രാചീന ജീവിതത്തിലേക്കാണ് പോകുന്നത് തുടങ്ങിയിട്ടുള്ള പല സാങ്കേതികവൈദഗ്ധ്യ (technocratic) വാദങ്ങളും ഉപയോഗിച്ച് കൊണ്ട് എനിക്ക് ഈ വാദങ്ങളെ നിരസിക്കാനും സാധിക്കും. ഈ രണ്ട് നിലപാടും സ്വീകരിക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ മധ്യത്തിലൂടെ ഒരു ഒത്തുതീര്‍പ്പ് മാര്‍ഗത്തിലേക്ക് പോകുന്നതും എനിക്ക് അത്ര സ്വീകാര്യമായി തോന്നുന്നില്ല. മറിച്ച് ഞാന്‍ കാണുന്നത്, ഇതിന്റെ ഒരു അധ്യാപന-പഠന പ്രക്രിയയെ (teaching-learning process) കുറിച്ചാണ്. ദീര്‍ഘകാലമായി പല രൂപത്തില്‍ രൂപപ്പെടുകയും മാറുകയും ചെയ്ത, ഒരു പ്രത്യേക രീതിയില്‍ ആവിഷ്‌കൃതമായി നമ്മള്‍ക്കു മുന്നിലുള്ള ഒരു അധ്യാപന-പഠന പ്രക്രിയയുടെ രൂപമുണ്ട്. അതിന് ഒരു പ്രത്യേക സ്വഭാവമുണ്ട്; അതിന്റെ ഉത്ഭവം വ്യവസായ മുതലാളിത്തത്തിന്റെ കാലഘട്ടത്തിലാണ്, ഇന്ത്യയില്‍ ആണെങ്കില്‍ കൊളോണിയല്‍ കാലത്തിന്റെ ഭാഗമായി വന്നതാണ് അതിന്റെ ഘടനകളൊക്കെ തന്നെയും. അതിനു വ്യവസായികമായ സ്വഭാവമുണ്ട്. ഇങ്ങനെയാണ് സര്‍വകലാശാലകളും ക്ലാസ്സുകളും ഒക്കെ രൂപപ്പെട്ടിട്ടുള്ളത്. ഇത് അതേപടി എല്ലാകാലത്തും നിലനില്‍ക്കും എന്ന് യാതൊരു ഉറപ്പും ഇല്ല. അങ്ങനെ നിലനില്‍ക്കേണ്ട ആവശ്യവുമില്ല.
ഈ പഠന പ്രക്രിയയെ പുതിയ കാലത്തെ നവസാങ്കേതിക വിദ്യകളിലേക്ക് എങ്ങനെയാണ് എല്ലാവേരയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് (inclusive) ഉള്‍ച്ചേര്‍ക്കാന്‍ പറ്റുക. പഠന പ്രക്രിയ എങ്ങനെയാണ് ജനാധിപത്യ വത്കരിക്കപ്പെടേണ്ടത്, എങ്ങനെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രക്രിയയിലേക്ക് വരാന്‍ പറ്റുക, എങ്ങനെയാണ് ഇത് കൂടുതല്‍ സുഗമമാക്കാന്‍ പറ്റുക എന്നീ ആലോചനകളില്‍ നിന്നായിരിക്കണം ഈ പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള നമ്മളുടെ ചിന്തകള്‍ ഉണ്ടാകേണ്ടത്. അതല്ലാതെ നമ്മളുടെ മുന്നില്‍ ഒരു പ്രതിസന്ധിയുണ്ട്, നമ്മുടെ കൈയില്‍ ഒരു സാങ്കേതികവിദ്യ ഉണ്ട്, ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഈ സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനേക്കാള്‍ ഉപരിയായിട്ടു നമ്മള്‍ കാണേണ്ടത് നമ്മുടെ അധ്യാപക-പഠന പ്രക്രിയയെ കൂടുതല്‍ ഉള്‍ച്ചേര്‍ന്ന വിധത്തില്‍ ആക്കാന്‍ വേണ്ടി, കൂടുതല്‍ സുഗമാക്കാന്‍ വേണ്ടിയാണ് ഈ അവസരത്തെ കാണേണ്ടത്. വിദ്യാഭ്യാസ സമ്പ്രദായത്തെ ജനാതിപത്യവത്ക്കരിക്കുന്നു എന്ന് പറയുന്നത് എങ്ങനെയാണ്? രണ്ട് തരത്തിലെ ജനാധിപത്യവല്‍ക്കരണമാണ്; ഒന്ന്, ഇതുവരെ ഈ വിദ്യഭ്യാസ സമ്പ്രദായം നിഷേധിക്കപ്പെട്ട വലിയയൊരു ജനവിഭാഗം കുട്ടികള്‍, പല കാരണങ്ങള്‍ കൊണ്ടായിരിക്കാം, സാമ്പത്തിക കാരണം ആയിരിക്കാം, സാമൂഹിക കാരണങ്ങള്‍ ആയിരിക്കാം, മറ്റു പ്രശ്നങ്ങള്‍ അഭിമുകീകരിക്കുന്നത് കൊണ്ടാകാം ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുറത്തേക്കു പോയിട്ടുള്ള കുട്ടികളെ എങ്ങനെയാണ് ഇതിലേക്ക് കൊണ്ടുവരുക? രണ്ട്, പഠനപ്രക്രിയയെ അധികാരവ്യവസ്ഥിതികളില്‍ നിന്ന് കൂടുതല്‍ സുഗമമാക്കാന്‍ കഴിയുമോ എന്നതാണ്. കുട്ടികള്‍ക്കിടയില്‍ പല തരത്തിലുള്ള വിഭജനങ്ങള്‍ ക്ലാസ്സുകളില്‍ ഉണ്ട്. ഇപ്പോള്‍, ഗണിതശാസ്ത്രം എന്ന വിഷയം എടുക്കുകയാണെങ്കില്‍ എല്ലാവരും ഒരുപോലെ ശോഭിക്കണം എന്നില്ലല്ലോ, ചിലപ്പോള്‍ ഇംഗ്ലീഷില്‍ എല്ലാവരും ഒരുപോലെ ശോഭിക്കണം എന്നില്ല. അവിടെ ഗണിതശാസ്ത്രത്തില്‍ ശോഭിക്കാത്ത വിദ്യാര്‍ത്ഥി നമ്മുടെ പഴയ സങ്കല്‍പ്പങ്ങള്‍ അനുസരിച്ച് ബുദ്ധികുറഞ്ഞ വിദ്യാര്‍ത്ഥിയായിട്ടാണ് കണക്കാക്കപ്പെടുക. പക്ഷേ തീര്‍ച്ചയായിട്ടും ആ വിദ്യാര്‍ത്ഥി മറ്റൊരു തലത്തില്‍ കഴിവുള്ള ആളായിരിക്കും. വേണ്ട രീതിയില്‍ പറഞ്ഞു കൊടുത്താല്‍ ഒരുപക്ഷേ ഗണിതശാസ്ത്രം തന്നെ ആ കുട്ടിക്ക് നല്ല രീതിയില്‍ മനസിലാകുമായിരിക്കാം. അവിടെ എങ്ങനെയാണ് പഠനപ്രക്രിയയെ ജനാധിപത്യവത്കരിക്കാന്‍ വേണ്ടി നവസാങ്കേതികവിദ്യയെ ഉപയോഗിക്കുക? ഈ ഒരു സമീപനത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഈ സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗിക്കാനാകും എന്നും ഇതിനെ ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള പരിവര്‍ത്തനം എങ്ങനെ സാധ്യമാകും എന്നും അന്വേഷിക്കുന്നത്.
മൂന്നാമതായി ഒരു കാര്യം പറയാനുള്ളത് നമ്മുടെ അധ്യാപക സമൂഹം, അതായത് ലബ്ധപ്രതിഷ്ഠരായിട്ടുള്ള പല അധ്യാപകരും, നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടനവധി അധ്യാപകര്‍, ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അവരൊക്കെ തന്നെയും വളരെ വിമര്‍ശനാത്മകമായിട്ടുള്ള രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇങ്ങനെ ഒരു ഉള്‍ച്ചേരലിനെ കുറിച്ച് അവര്‍ക്ക് ഒരുപാട് ആശങ്കകള്‍ ഉണ്ട്. തീര്‍ച്ചയായും ആ ആശങ്കകള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടത് തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ ദീര്‍ഘകാലമായി അധ്യാപകരായി, നല്ല അക്കാഡമിക്കുകളായി ഒക്കെ ശോഭിച്ചിട്ടുള്ളവരാണ്. ഈ സാങ്കേതികവിദ്യകളെ കുറിച്ച് നല്ല ധാരണ ഉള്ളവരാണ് അവരില്‍ പലരും. അതുകൊണ്ട് തന്നെ അവര്‍ പറയുന്ന വാദങ്ങള്‍ നമ്മള്‍ അംഗീകരിക്കുകയും, അത് നമ്മള്‍ ഉള്‍ക്കൊള്ളുകയും, അങ്ങനെയുള്ള ഇടപെടലുകള്‍ വഴി സാങ്കേതികവിദ്യയെ ഉള്‍പ്പെടുത്തിയുള്ള പഠനരീതിയുടെ സാധ്യതകള്‍ അന്വേഷിക്കുകയും, അത് ആവിഷ്‌കരിക്കാനും നമ്മുക്ക് കഴിയും. അവര്‍ ഉന്നയിച്ച വാദങ്ങള്‍ നമ്മള്‍ക്ക് ഒന്നൊന്നായി പരിശോധിക്കാം. ഒന്ന്, സാങ്കേതിക അന്തരം (അല്ലെങ്കില്‍ ഡിജിറ്റല്‍ വിഭജനം) ആണ്. രണ്ട്, ഈ മാധ്യമത്തില്‍ വിമര്‍ശനാത്മക ചിന്താശേഷി (critical thinking) കുറയുന്നു എന്നതാണ്. മൂന്ന്, ക്ലാസ്സ്റൂം എന്ന സാമൂഹിക ഇടമാണ് (social space), 'വിര്‍ച്യുല്‍ ഇടത്തില്‍' (virtual space) അത് സാധ്യമല്ല. നാലാമത്തെ വാദം, ഇത് സ്വകാര്യതയെ ബാധിക്കുകയും, 'സര്‍വെയ്ലന്‍സ്' (surveillance) കൂടുകയും ചെയുന്നു എന്നതാണ്. പ്രധാനമായും ഈ നാല് വാദങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ വാദങ്ങള്‍ ഉണ്ടാകയിരിക്കാം. എല്ലാ വാദങ്ങളും പ്രസക്തമാണ്, എന്നാലും, ഇതില്‍ നമ്മുടെ മുന്നില്‍ ഏറ്റവും മൂര്‍ത്തമായ നില്‍ക്കുന്ന ഒരു പ്രശ്നം 'സാങ്കേതിക അന്തരം' (digital divide) എന്ന വിഷയമാണ്. ഇത് ദീര്‍ഘകാലമായി തുടരുന്ന പ്രശ്നമാണ്, അപര്യഹരമായി തുടരുന്ന പ്രശ്നമാണ്. ഇതിനെ എങ്ങനെ സമീപിക്കാം എന്നതാണ് നമ്മള്‍ ആദ്യം ആലോചിക്കേണ്ട കാര്യം.
എസ്. ഗോപാലകൃഷ്ണന്‍: ഓണ്‍ലൈന്‍ പഠനം ഭാവിയുടെ മാധ്യമം മാത്രം അല്ല എന്നും ഇന്നിന്റെ തന്നെ മാധ്യമമായി മാറിയിരിക്കുന്നുവെന്നും, ഈ നവ-വിദ്യാഭ്യാസ മാധ്യമത്തെ കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാതിരിക്കുക എന്നത് മാത്രമാണ് നമ്മുടെ ജാഗ്രത കൊണ്ട് നാം നേടിയെടുക്കേണ്ടത് എന്ന അഭിപ്രായം ദാമോദര്‍ പ്രസാദിനുണ്ട്. പക്ഷേ എന്റെ ചോദ്യം, എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലും, എന്റെ സമൂഹമാധ്യമങ്ങളിലെ എല്ലാ ഇടപെടലുകളും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്നുണ്ട് എന്ന വ്യക്തമായ ബോധ്യം എനിക്ക് ഉണ്ട്. എത്രമാത്രം സാധ്യമാണ് നമ്മുടെ ക്ലാസ്സ് മുറികളെ കോര്‍പറേറ്റുകളില്‍ നിന്ന് വിമുക്തമാക്കുവാന്‍?
ദാമോദര്‍ പ്രസാദ്: സര്‍വ്വമേഖലകളിലും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കടന്നു വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളുടെ മുതലാളിമാര്‍ എല്ലാം കോര്‍പറേറ്റുകളാണ്, അതുപോലെ സാങ്കേതികവിദ്യ കൈവശമുള്ള പല വന്‍കിട കോര്‍പറേറ്റുകളും ഇന്ന് വിദ്യാഭ്യാസ മേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ആ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ആദ്യം അഭിസംബോധന ചെയ്യേണ്ടത്, ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, പല അധ്യാപകരും അക്കാഡമിക്കുകളും ഒക്കെ ഉന്നയിച്ച 'ഡിജിറ്റല്‍ അന്തരം' എന്ന വിഷയമാണ്. എന്താണ് ഡിജിറ്റല്‍ അന്തരത്തിന്റെ പ്രശ്നം? എങ്ങനെയാണ് അത് വരുന്നത്? രണ്ട് തരത്തിലാണ് ഡിജിറ്റല്‍ അന്തരത്തിന്റെ പ്രശ്നം പ്രധാനമായും നമ്മള്‍ കാണുന്നത്. ഒന്ന്, കുട്ടികള്‍ക്ക് ലഭിക്കേണ്ട ഹാര്‍ഡ്വെയറുകള്‍ (hardware), ഗാഡ്ജറ്റുകള്‍ (gadget) അടക്കുമുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്നം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്ന ഘട്ടത്തില്‍ അത് കാണാനും കേള്‍ക്കാനും ഉള്ള ലാപ്ടോപ് സൗകര്യമോ, മൊബൈലോ, സ്മാര്‍ട്ട് ഫോണോ ലഭ്യമാകണം എന്നില്ല. ഇതൊക്കെ നല്ല മുതല്‍മുടക്ക് ആവശ്യമുള്ള സാധനങ്ങളാണ്. രണ്ടാമത്തെ കാര്യം, 'കണക്റ്റിവിറ്റി' (Connectivity) അഥവാ ബന്ധപ്പെടുന്നതിലെ പ്രശ്നമാണ്. ഒരുപാട് പേരെ ബാധിക്കുന്ന വിഷയമാണ്. ഇപ്പോഴും ശരിയായ ഇന്റര്‍നെറ്റ് സൗകര്യം പലയിടത്തും ഇല്ല, എല്ലാ മേഖലകളിലും 'ബാന്‍ഡ്വിഡ്ത്തിന്റെ' (bandwidth) പ്രശ്നമുണ്ട്. ഈ രണ്ട് പ്രശ്നങ്ങളും നിലനില്‍ക്കെ, 'നെറ്റ്വര്‍ക്ക് ബേസ്ഡ് പ്ലാറ്റ്ഫോം' -നെ (Network based Platform) ആസ്പദമാക്കിയുള്ള വിനിമയത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. റേഡിയോ, ടെലിവിഷന്‍ മുതലായ ചെലവ് കുറഞ്ഞ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കാര്യം അല്ല നമ്മള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. നമ്മള്‍ പ്രധാനമായും നെറ്റ്വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ചാണ് പറയുന്നത്. ആ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ അന്തരം എന്ന പ്രശ്നം ഉന്നയിക്കുന്നത്. ഡിജിറ്റല്‍ അന്തരം ഗൗരവകരമായ പ്രശ്നമാണ്. വൈകാരികപരമായ ഒരു തലവും ഉണ്ട് അതിനകത്ത്. വലിയൊരു വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഒരു ഘട്ടത്തിലേക്കായിരിക്കും അത് പോവുക. ഡിജിറ്റല്‍ അന്തരത്തിന്റെ പ്രശ്നം ഉയര്‍ത്തികൊണ്ട് വരുമ്പോള്‍ തന്നെ, ഇതിനെ ഒരു പ്രതിബന്ധമായി, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ ഒരു തടസമാകുന്നു എന്ന വാദം ഉന്നയിച്ച് നിലനിര്‍ത്തേണ്ടതാണോ, അതോ ഈ വിഷയം ഭരണകൂട തലത്തില്‍ പരിഹരിക്കപ്പെടേണ്ട വിഷയമായിട്ടാണോ കാണേണ്ടത് എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം.
അപ്പോള്‍ പരിഹരിക്കാനുള്ള വഴികള്‍ എങ്ങനെയാണ് സ്വീകരിക്കേണ്ടത്? തീര്‍ച്ചയായും സര്‍ക്കാരിന്റെയും, സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഏജന്‍സികളുടെയും, ഇതര ഏജന്‍സികളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രധാനപ്പെട്ട ദൗത്യങ്ങളില്‍ ഒന്നായിട്ട് ഇത് മാറേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, 2017 -ലെ ബഡ്ജറ്റിലാണ് എന്ന് തോന്നുന്നു, ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഒരു സര്‍ക്കാരാണ് ഇവിടുത്തെ സംസ്ഥാന സര്‍ക്കാര്‍. ബഹുമാനപെട്ട ധനകാര്യ മന്ത്രി 2017 -ലെ ബഡ്ജറ്റില്‍ അത് ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ തുടര്‍നടപടി എന്ന നിലയ്ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാരും, വിദ്യാഭ്യാസ ഏജന്‍സികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഉറപ്പു വരുത്തേണ്ടത്. വൈദ്യതിയുടെ ലഭ്യത അടക്കം ഒട്ടനവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതായുണ്ട്. എങ്ങനെയാണ് കുറഞ്ഞ വിലയ്ക്ക് ഇതിനാവശ്യം ആയുള്ള ഉപകരണങ്ങള്‍ എത്തിക്കാന്‍ കഴിയുക? സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല, സ്വകാര്യ സ്‌കൂളുകളെയും ഇതില്‍ ഉള്‍പ്പെടുത്തണം. കാരണം സ്വകാര്യ സ്‌കൂളുകളിലും സമൂഹത്തിന്റെ പല തട്ടത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അതില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ കൈയില്‍ ഐ-ഫോണ്‍ അടക്കമുള്ള ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഒരു വിഭാഗം കുട്ടികളുടെ കയ്യില്‍ ഒരു ഗാഡ്ജറ്റുകളും ഉണ്ടാകണം എന്നില്ല. ആ സാഹചര്യങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കള്‍ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്തിട്ടുണ്ട്. അവര്‍ എങ്ങനെയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്?
അതാത് സ്‌കൂളുകളുടെ ഉത്തരവാദിത്തമായി ഇതിനെ നിര്‍ബന്ധമായും മാറ്റേണ്ടതുണ്ട്. അതുപോലെ ഉന്നത വിദ്യാഭ്യാസ തലത്തിലും ഇത് എങ്ങനെയാണ് ലഭ്യമാക്കുക? നിര്‍ബന്ധമായും അത് അതാത് കോളേജുകളുടെ ഉത്തരവാദിത്തമായി മാറണം. അതിനുള്ള പണം എങ്ങനെ കണ്ടെത്തും? അതിനായി പി.ടി.എ. ഫണ്ടുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍, മറ്റു സന്നദ്ധ സംഘടനകളുടെ ഫണ്ടുകള്‍ സ്വരൂപിക്കേണ്ട ഉത്തരവാദിത്തം പ്രധാന അധ്യാപകര്‍ക്കുണ്ട്, സംഘടനാപരമായിട്ടുള്ള ഉത്തരവാദിത്തം ഉണ്ട്, സംസ്ഥാന സര്‍ക്കാരിനുള്ള കടമകളും ഉണ്ട്. എല്ലാ വിദ്യാര്‍ഥികളിലേക്കും ഈ ഗാഡ്ജെറ്റുകള്‍ എത്തിക്കുക എന്നുള്ളതിനെ ഒരു ഉട്ടോപ്യന്‍ ആശയമായി ഒന്നും കാണേണ്ടതില്ല. നമ്മുടെ പൊതു ആരോഗ്യ സംവിധാനം (Public Health System) എങ്ങനെയാണ് വികസിച്ചു വന്നത്? കേരളത്തിലെ സര്‍വജനങ്ങള്‍ക്കും ഏത് പ്രതിസന്ധി ഘട്ടത്തിലും ആശ്രയിക്കാന്‍ കഴിയുന്ന ഒരു സംവിധാനമായി ഇവിടുത്തെ പൊതു ആരോഗ്യ സംവിധാനം എത്തിച്ചേര്‍ന്നിരിക്കുന്നത് ഇതുപോലെയുള്ള വലിയ ഇടപെടലുകളില്‍ കൂടെയാണ്. സ്വകാര്യ ആശുപത്രികള്‍ അപ്പുറത്തുണ്ട്. എന്നിട്ടും പൊതുജനാരോഗ്യ മേഖല ഇത്രയും മികച്ചു നില്‍ക്കുന്നത് സര്‍ക്കാര്‍ ഇടപെടലുകള്‍ കൊണ്ടാണ്.
അത്തരത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുടെ കാര്യം നിര്‍ബന്ധമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്തമായി കൊണ്ടുവരേണ്ടത് സംസഥാന ഭരണകൂടം തന്നെയാണ്. സംസ്ഥാന സര്‍ക്കാര്‍, ഞാന്‍ മനസിലാക്കുന്നിടത്തോളം അത് ചെയ്യാന്‍ തയ്യാറുമാണ്. കേരള സര്‍ക്കാര്‍ പ്രത്യേകിച്ച് ഇതേറ്റെടുക്കും എന്ന് പറഞ്ഞുകൊണ്ട് പല പ്രാവശ്യവും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊടുത്തിട്ടുമുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നമ്മള്‍ ഉന്നയിക്കേണ്ടത്. ആ നിഷേധിക്കപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് ഇത് എത്തിക്കാനുള്ള സംഘടനാപരമായ, സ്ഥാപനപരമായ ഉത്തരവാദിത്തത്തിലേക്കാണ് അധ്യാപകസമൂഹം ഈ വിഷയം ഉന്നയിക്കേണ്ടത്. മറിച്ച് നമ്മള്‍ കാണുന്നൊരു കാര്യം, വൈകാരികമായി ഈ വിഷയത്തെ ഉന്നയിച്ചു കൊണ്ട് ഡിജിറ്റല്‍ അന്തരത്തിനെ ഒരു പ്രതിബന്ധം പോലെ ഉയര്‍ത്തികൊണ്ട് വന്ന് വിജ്ഞാനപരമായ ഒരു മാറ്റത്തിനെ എന്തിന് നമ്മള്‍ തടസ്സപ്പെടുത്തുന്നു? അതാണ് നമ്മള്‍ ആലോചിക്കേണ്ടത്. ഈ വൈകാരിക പ്രശ്നവും, അതുപോലെ തന്നെ നമ്മള്‍ കാണുന്ന ഒരു കാര്യം തിരിച്ചും ഇതുപോലത്തെ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ്.
നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത് സാങ്കേതികവിദ്യ എന്നത് വളരെ വിദൂരത്ത് നില്‍ക്കുന്ന ഒന്നല്ല. സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാവേരയും ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കേണ്ട കാര്യം നമ്മള്‍ ആലോചിക്കേണ്ടതാണ്. അങ്ങനെ ആണെങ്കില്‍ ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പോലും നിഷേധിക്കപെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അധ്യാപക സമൂഹത്തിന്റെയും ആ സ്ഥാപനത്തിന്റെയും ഉത്തരവാദിത്തമായി മാറുമ്പോള്‍ ഈ സാമൂഹിക പ്രശ്നം പരിഹരിക്കപ്പെടും. അപ്പോള്‍ വരുന്ന ഒരു ചോദ്യം ഇത് ഉടനെ പരിഹരിക്കപെടുമോ എന്നാണ്. തീര്‍ച്ചയായും ആദ്യ ഘട്ടത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ, അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി തന്നെ അതിനു പരിഹാരം കാണേണ്ട ബാധ്യത സംസഥാന സര്‍ക്കാരിനുണ്ട്. തുടര്‍ന്ന് പഠനത്തിലും, പഠനത്തിന്റെ പരീക്ഷകളിലും ഒക്കെ ഈ പ്രശ്നങ്ങള്‍ ഒരു തടസ്സമായി വന്നാല്‍ സ്വാഭാവികമായും സര്‍ക്കാരിന് അത് ഉപേക്ഷിക്കേണ്ടി വരും. വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമായ സമൂഹമാണ് കേരളം. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഈ പ്രശ്നം ഉന്നയിക്കാവുന്നതല്ലെ? അധ്യാപകരുടെ എതിര്‍പ്പാണ് പ്രധാനമായും നമ്മള്‍ കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലഭ്യത അല്ലെങ്കില്‍ വിദ്യാഭ്യാസം നേടാന്‍ കഴിയുക, അതിനുള്ള അവസരമുണ്ടാവുക എന്നുള്ളത് വിദ്യാര്‍ത്ഥി സംഘടനകളുടെ പരിഗണയില്‍ വരേണ്ട കാര്യമാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ കാതലായി ഉന്നയിക്കുകയും അത് വഴി ഉറപ്പു വരുത്തേണ്ടതുമായ പ്രശ്നമാണ്. ഡിജിറ്റല്‍ അന്തരം എന്നത് ഒരു യാഥാര്‍ഥ്യമാണെന്നിരിക്കെ ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും ഉത്തമമായ കാര്യം. ഈ അവലംബം നിര്‍ബന്ധമായി ചെയ്യേണ്ട കാര്യമായി മാറ്റുക. ഇത് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. കെ- ഫോണ്‍ പോലെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഒരു ഘട്ടത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് തന്നെ സാങ്കേതികവിദ്യയും, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്. പല ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.
എങ്ങനെയാണ് സ്വാകാര്യ മേഖലയെ ഇതിലേക്ക് കൊണ്ട് വരേണ്ടത്? സ്വകാര്യ മേഖല നിര്‍ബന്ധമായും സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ നിയമപരമായി തന്നെ ഉറപ്പു വരുത്തണം. ഇങ്ങനെ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് ഈ സാങ്കേതികവിദ്യയെ കൊണ്ട് വരുമ്പോള്‍ ഇത് പൊതുസമൂഹത്തിന്റെ ഭാഗമായി മാറും. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ പ്രശ്നം എന്നുദ്ദേശിക്കുന്നതെന്താണ്? കേരളത്തില്‍ മധ്യവര്‍ഗ്ഗത്തില്‍ പെട്ട അല്ലെങ്കില്‍ ഉപരിവര്‍ഗ്ഗത്തില്‍ പെട്ട അച്ഛനമ്മമാര്‍ മക്കളെ ഒരുപാട് പൈസ കൊടുത്ത പ്രവേശന പരീക്ഷകള്‍ക്കായുള്ള കോച്ചിങ് സെന്ററുകളില്‍ ചേര്‍ക്കുന്നത് പോലെ, നിരവധിയായിട്ടുള്ള ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. പത്രങ്ങളില്‍ അതിന്റെ പരസ്യങ്ങള്‍ ഒക്കെ കാണാം. ഒരുപക്ഷേ ഈ എതിര്‍ക്കുന്നവര്‍ പോലും ഈ ആപ്പ് കുട്ടികള്‍ക്ക് വാങ്ങി കൊടുത്തിട്ടുണ്ടോ എന്ന് നമ്മള്‍ക്ക് അറിയില്ല. എന്നാല്‍ വലിയൊരു വിഭാഗം കുട്ടികള്‍ക്ക് അത് നിഷേധിക്കപ്പെടുകയാണ്. തീര്‍ച്ചയായും മത്സരാധിഷ്ഠിതമായ വ്യവസ്ഥയില്‍ ഈ ആപ്പുകള്‍ ഉപയോഗിച്ച് കൂടുതല്‍ അറിവുകള്‍ നേടിയ കുട്ടികള്‍ ഒരു ചുവട് മുന്നോട്ട് പോകുന്ന സാഹചര്യം നമ്മള്‍ ഇവിടെ കാണുന്നുണ്ട്. അതേസമയം ഇത് നിഷേധിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഒരുപാട് പേരുണ്ട്. അപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നു എന്ന നിലയില്‍ സാങ്കേതിക സ്‌ത്രോതസ്സുകള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കുണ്ട്, അദ്ധ്യാപകര്‍ക്കുണ്ട്, നിരവധി വിദ്യാഭ്യാസ ഏജന്‍സികള്‍ക്കുണ്ട്. അത്തരം ഒരു 'വിവര സ്‌ത്രോതസുകളുടെ' ശേഖരം എന്നതാണ് നമ്മള്‍ കൂടുതല്‍ അഭികാമ്യമായി കാണേണ്ട കാര്യം.
കോര്‍പ്പറേറ്റ് മേഖലയിലുള്ള വിദ്യഭ്യാസ സമ്പ്രദായം തന്നെ ഫീസ് അടിസ്ഥാനത്തില്‍ വലിയ പണം കൊടുത്ത വാങ്ങേണ്ട ഉള്ളടക്കമാണ് (content). ഇപ്പോള്‍ ഒരു ആപ് നിങ്ങള്‍ക്ക് വാങ്ങിക്കണം എന്നുണ്ട് എങ്കില്‍ നിങ്ങള്‍ വലിയതോതില്‍ പണം മുടക്കേണ്ടി വരും. ഇതേ വിദ്യാഭ്യാസ ഉള്ളടക്കം (Open Education Resources) എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന സാഹചര്യം ഉണ്ടെങ്കിലോ? കേരളത്തിനെ സംബന്ധിച്ച് ഗുണകരമായ കാര്യം ഈ മേഖലയില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് മികച്ച ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. അതിന്റെ ചില ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുമുണ്ട്. അന്ന് അത് വൈകിയിരുന്നുവെങ്കിലോ? ഏതൊക്കെ കാര്യത്തില്‍ നമ്മള്‍ പിന്നില്‍ ആകുമായിരുന്നു എന്ന കാര്യം പരിശോധിക്കേണ്ട ബാധ്യത നമ്മക്കുണ്ട്. കോര്‍പ്പറേറ്റ് എന്ന് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് സാങ്കേതിക വിനിമയത്തിന്റെയും, ഉള്ളടക്കത്തിന്റെയും പേരിലുള്ള അപ്രമാധിത്യമാണ്. ഇതിനു പകരം, എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒരു പൊതു സംവിധാനം എല്ലാവര്‍ക്കും ഗുണം ചെയ്യും. ഇത് പറയുമ്പോഴും, ഈ മാറ്റങ്ങള്‍ ഒന്നും നിലവിലുള്ള സാഹചര്യത്തെ മാറ്റിമറിച്ചിടുകയൊന്നും അല്ല ചെയ്യുന്നത്. കുട്ടികള്‍ക്ക് ഈ നവ-സാങ്കേതിക മാധ്യമങ്ങളിലൂടെ അവരുടെ പഠനപ്രക്രിയ സമ്പുഷ്ടമാക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഞാന്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം എന്ന് അടിവരയിട്ട് പറയാനുള്ള കാരണം.
എസ്. ഗോപാലകൃഷ്ണന്‍: എന്റെ അടുത്ത ചോദ്യം 'ഓപ്പണ്‍ വിദ്യാഭ്യാസ സ്‌ത്രോതസ്സുകളെ കുറിച്ചാണ്.എത്രമാത്രം ഓപ്പണ്‍ ആണ് നമ്മുടെ 'ഓപ്പണ്‍ എഡ്യൂക്കേഷന്‍ റിസോഴ്സ്സ്' (OER)?
ദാമോദര്‍ പ്രസാദ്: ഓപ്പണ്‍ എഡ്യൂക്കേഷന്‍ റിസോഴ്സ്സ് പ്രധാനപ്പെട്ട ഒരു വിഷയമാണ്. അത് ഡിജിറ്റല്‍ അന്തരവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. എന്താണ് ഓ.ഇ.ര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? ഓ.ഇ.ര്‍. കൊണ്ട് ഉദ്ദേശിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള ഉള്ളടക്കം സൗജന്യമായി ലഭ്യമാകുക എന്നതാണ്. ലഭ്യമാവുക എന്ന് പറയുമ്പോള്‍ വെറുതെ കാണണോ കേള്‍ക്കണോ വേണ്ടി മാത്രം ലഭ്യമാവുക എന്നല്ല. അവര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാനും അവരുടെ ഇഷ്ടാനുസൃതം ഉപയോഗിക്കാനും ലഭ്യമാകണം. ഒപ്പം തന്നെ അദ്ധ്യാപകര്‍ക്കും വിദഗ്ദ്ധര്‍ക്കും ഉള്ളടക്കങ്ങള്‍ നിര്‍മ്മിച്ച് ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് വിന്യസിക്കാനും അത് കുട്ടികള്‍ക്ക് ഉപയോഗിക്കാനും അവസരം ഉണ്ടായിരിക്കണം. സൗജന്യമായി എല്ലാവര്‍ക്കും ലഭ്യമാക്കുന്നു എന്നത് മാത്രമല്ല, പൊതുജനങ്ങളിലെക്ക് കൂടി വരുമ്പോള്‍ പ്രത്യേകം തിരഞ്ഞെടുത്ത ഉള്ളടക്കങ്ങള്‍ (Filtered Content ) അതിലേക്ക് കൊണ്ട് വരാന്‍ ശ്രദ്ധിക്കണം. മികച്ച ഒരു ഉള്ളടക്കം ആണ് കൊണ്ടുവരാന്‍ ഉദേശിക്കുന്നത് എങ്കില്‍ അത് പല ഘട്ടമായി അവലോകനം ചെയ്യപ്പെടണം. ഏതു ഉള്ളടക്കവും ലഭ്യമാകുന്നു എന്ന് പറയുമ്പോള്‍, തെറ്റായ വീക്ഷണഗതികള്‍, അല്ലെങ്കില്‍ ശാസ്ത്രീവിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇടവരരുത്. അതുകൊണ്ട് തന്നെ ഓരോ മേഖലയിലും ഉള്ള വിദഗ്ധര്‍ പരിശോധിക്കുകയും അവലോകനം നടത്തുകയും (peer reviewed) ചെയ്തതിന് ശേഷം മാത്രമേ ഈ ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പാടുള്ളൂ.
ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്കും, സ്‌കൂളുകള്‍ക്കും, വിദ്യാഭ്യസ ഏജന്‍സികള്‍ക്കും, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സാധിക്കില്ലേ? ഇത് തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരം ആയിരിക്കും. പരീക്ഷയ്ക്ക് തലേദിവസം പോലും ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് ക്ലാസ് കേള്‍ക്കണം എന്ന് തോന്നിയാല്‍ അതിനെ കുറിച്ചുള്ള ഉള്ളടക്കം ഓണ്‍ലൈന്‍ ആയി ലഭ്യമാണ് എങ്കില്‍ എത്ര ഗുണകരം ആയിരിക്കും അത്. പക്ഷേ ദുഃഖകരമായ ഒരു കാര്യം, ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ വിദ്യഭ്യാസം എന്നാല്‍ നിലവിലുള്ള ടൈംടേബിളിനെ അതെ പോലെ പുനരാവിഷ്‌കരിക്കുക എന്നുള്ളതാണ്. സ്‌കൂളുകളിലെ രീതി അതേപോലെ അനുകരിക്കുന്നത് അല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഈ കോവിഡ് -ന്റെ സാഹചര്യത്തില്‍ ഒരുപക്ഷേ അങ്ങനെ ഒരു രീതി സ്വീകരിച്ചതായിരിക്കാം. പക്ഷേ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നുകൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത് അതല്ല. ഓണ്‍ലൈന്‍ എന്ന് പറയുമ്പോള്‍, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള ക്ലാസുകള്‍ ലഭ്യമാക്കുക, വിദഗ്ധര്‍ തയ്യാറാക്കിയ അതുമായി ബന്ധപ്പെട്ട നോട്ടുകളോ മറ്റു പഠനത്തിനാവശ്യമായ ഉള്ളടക്കങ്ങളോ ലഭ്യമാക്കുക എന്നതൊക്കെയാണ്. പ്രയാസകരമായ പല വിഷയങ്ങളിലും മികച്ച ക്ലാസുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അതൊക്കെ എടുത്ത് പഠിക്കാനും അറിവ് നേടാനും കഴിയുമല്ലോ. എന്തുകൊണ്ടാണ് നമ്മള്‍ അതൊക്കെ കാണാതെ പോകുന്നത്?
ഇതെല്ലം ചെയ്യാന്‍ തയ്യാറായിട്ടുള്ള പ്രതിജ്ഞാബദ്ധരായ ഒരു അധ്യാപക സമൂഹം ഇപ്പോഴുണ്ട്. എന്റെ പരിചയത്തില്‍ കേരളം സമൂഹത്തില്‍ അത്തരം ധാരാളം അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്‌ക്കൂള്‍ എന്നോ, സ്വകാര്യ സ്‌ക്കൂള്‍ എന്നോ ഭേദമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഉള്ളടക്കങ്ങള്‍ ലഭ്യമാകണം. ഡിജിറ്റല്‍ അന്തരം പോലെ തന്നെ, വിദ്യാഭ്യാസ അന്തരവും (educational divide) സാമൂഹികാന്തരവും (social divide) നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ വരുന്ന എത്ര അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് ഇന്ന് സ്‌ക്കൂള്‍ വിദ്യാഭ്യാസം ലഭ്യമാണ്? വാസ്തവത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരാന്‍ കഴിയും. എന്നാല്‍ മറ്റു തരത്തിലുള്ള സാമൂഹിക വിവേചനം കാരണം അവര്‍ക്ക് അതിനു പറ്റുന്നില്ല. ഇത് പരിഹരിക്കുന്നതില്‍ ഉള്ള ഇടപെടലുകള്‍ പോലെ തന്നെയാണ് ഡിജിറ്റല്‍ അന്തരവും. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പ്രയോജനം ചെയ്യും. മറ്റു പല കാരണങ്ങള്‍ കൊണ്ട് കോളേജ് വിദ്യാഭ്യസം സാധ്യമാകാത്ത കുട്ടികള്‍ക്ക് വിദൂര വിദ്യഭ്യാസം എന്നത് പോലെ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യസവും ഒരുപാട് പ്രയോജനം ചെയ്യുന്ന കാര്യമാണ്. കോളേജ് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ പോയവര്‍, ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍, ഇങ്ങനെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുറന്നിടുന്ന സാധ്യതകള്‍ വളരെ വലുതാണ്. മറ്റു പല അന്തരങ്ങളെയും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നില്ലേ? അത്തരം ഒരു പ്രത്യാശയോടെ അതിനെ സമീപിക്കുന്നതല്ലേ അതിന്റെ ശരിയായ ഒരു രീതി. ഡിജിറ്റല്‍ അന്തരം യാഥാര്‍ഥ്യമാണ് എന്നിരിക്കെ മറ്റു പല അന്തരങ്ങളെയും അഭിസംബോധന ചെയ്യാന്‍ നവസാങ്കേതിക വിദ്യകളില്‍ ഊന്നിയുള്ള വിദ്യാഭ്യാസ രീതിക്ക് സാധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇത് മറ്റൊരു വിഷയവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. ശശി ദേശ്പാണ്ഡെ, ഡോ. ശ്യാം മേനോന്‍,ഡോ. മീന ടി.പിള്ള, ഡോ. ശ്രീകുമാര്‍ തുടങ്ങിയ പ്രഗത്ഭരായ അധ്യാപകര്‍ പലരും ഉന്നയിക്കുന്ന ഒരു വാദം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിമര്‍ശനാത്മക ചിന്തശേഷിയെ (critical thinking) ഇല്ലാതാക്കുന്നു എന്നാണ്. അത് നമ്മള്‍ പരിശോധിക്കേണ്ടതാണ്. കാരണം ഉന്നത വിദ്യാഭ്യാസത്തിന്റെ സവിഷേശമായ ഒരു കാര്യമാണ് വിമര്‍ശനാത്മക ചിന്തയും, അത് വഴി എതിരഭിപ്രായം പ്രകടിപ്പിക്കുന്നതും (scholarly dissent) എല്ലാം. ഡിക്കന്‍സിന്റെ കൃതികള്‍ ഒക്കെ വായിക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് നമ്മള്‍ മനസിലാക്കുന്നത്. പിന്നീട് നിരവധിയായുള്ള സമരങ്ങളിലൂടെ, ഇടപെടലുകളിലൂടെ ഒക്കെയാണ് അതിന്റെ സ്വഭാവം മാറിയിട്ടുള്ളത്. പക്ഷേ എന്നാലും ആ അവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുന്നില്ല? നിലവിലുള്ള ക്ലാസ്സുകള്‍ അതേപടി ഓണ്‍ലൈന്‍ ആയി ആവിഷ്‌ക്കരിക്കുമ്പോള്‍ പല പരിമിതികളും ഉണ്ടാകാം. പക്ഷേ ഞാന്‍ മുന്‍പ് പറഞ്ഞ ഓണ്‍ലൈന്‍ വിദ്യഭ്യാസ ഇടത്തില്‍ വിയോജിക്കാനും, എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും, വിമര്‍ശിക്കാനുമൊക്കെയുള്ള എത്രയോ അവസരങ്ങള്‍ ഉണ്ട്. സമൂഹ മാധ്യമങ്ങളില്‍ തന്നെ എത്രയോ വൈവിധ്യങ്ങളായിട്ടുള്ള ചിന്തകളാണ് ഉണ്ടായിട്ടുള്ളത്. ഈ നൂറ്റാണ്ടിലെ പല പ്രക്ഷോഭങ്ങളും സമരങ്ങളും ശരിക്കും പൊട്ടിപുറപ്പെട്ടിട്ടുള്ളത് എവിടെ നിന്നാണ്? എത്ര വിമത ചിന്തകളും, പ്രതീക്ഷ അര്‍പ്പിക്കാവുന്ന പുതിയ ആശയങ്ങളും ഒക്കെ വന്നത് എവിടെ നിന്നാണ്? പുതിയ ഐക്യദാര്‍ഢ്യങ്ങള്‍ രൂപ്പപ്പെട്ടത് എവിടെ നിന്നാണ്? തൊണ്ണൂറുകള്‍ക്ക് മുന്‍പ് ഒരിക്കലും അനുഭവവേദ്യമല്ലായിരുന്ന വ്യത്യസ്ത തരത്തിലെ എത്രയോ ഐക്യദാര്‍ഢ്യങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ, ട്രാന്‍സ് ജന്‍ഡര്‍ മനുഷ്യരുടെ, സ്ത്രീകളുടെ ഒക്കെ എത്രയോ കൂട്ടായ്മകളാണ് ലോകതലത്തില്‍ തന്നെ സാധ്യമായിട്ടുള്ളത്. അങ്ങനെ ഒരു 'വിര്‍ച്യുല്‍ പൊതു ഇടം' (virtual public space) നിലനില്‍ക്കെ, അതിന്റെ ഭാഗമായിട്ടാണ് നമ്മള്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കാണേണ്ടത്. ചര്‍ച്ചകളുടെയും, അഭിപ്രായ പ്രകടനങ്ങളുടെയും എല്ലാം സാധ്യത വളരെ വലുതാണ്. ലൈബ്രറികളേക്കാള്‍ വലിയ ഓണ്‍ലൈന്‍ പുസ്തക ശേഖരങ്ങള്‍ ഇപ്പോഴുണ്ടല്ലോ. രണ്ടാമത്തെ ഒരു കാര്യം, നമ്മള്‍ ഇതൊക്കെയും പറയുന്നത് വര്‍ത്തമാനത്തിന്റെ ഒരു പ്രത്യേക സന്ധിയില്‍ നിന്ന് കൊണ്ടാണ്. ഇത് ആയിരിക്കണം നാളത്തെ സാങ്കേതികവിദ്യയുടെ സ്വഭാവം എന്നൊന്നും പ്രവചിക്കാന്‍ ഞാന്‍ ആളല്ല. വിമതഭിപ്രായങ്ങള്‍ ഉണ്ടാകണം എങ്കില്‍, വിമര്‍ശനാത്മക ചിന്തകള്‍ ഉണ്ടാകണം എങ്കില്‍ അതില്‍ മനുഷ്യരുടെ ഇടപെടലുകള്‍ ഉണ്ടാകണം. 'ഹ്യൂമന്‍ ഏജന്‍സി' ആണ് അതിനെയെല്ലാം രൂപപ്പെടുത്തുന്നത്. സാങ്കേതികവിദ്യ ആയിരിക്കും എല്ലാം തീരുമാനിക്കാന്‍ പോകുന്നത് എന്നതൊക്കെ നിഷേധവാദങ്ങളാണ്.
മറ്റൊരു കാര്യം, ഞാന്‍ മുന്‍പ് പലപ്പോഴും ചൂണ്ടികാണിച്ചിട്ടുള്ളതാണ്, ഡേവിഡ് ഹാര്‍വിയെ പോലെയുള്ള പ്രധാനപ്പെട്ട ഒരു അക്കാഡമിക് 'മൂലധനത്തെ' കുറിച്ചും, 'ഗ്രുന്‍ഡ്രിസ്' -നെയും കുറിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകളിലൂടെ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തില്‍ നിന്നുള്ള എതിരഭിപ്രായ പ്രകടനമാണ് നടത്തുന്നത്. അതെല്ലാം സമൂഹ മാധ്യമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലഭ്യമായിട്ടുള്ളത്. ഇതെല്ലം വിമതചിന്തകള്‍ക്കുള്ള പുതിയ ഇടങ്ങള്‍ ഒരുക്കുകയല്ലേ ചെയ്യുന്നത്? മറിച്ച്, അത് ഇല്ലാതാവുകയാണോ ചെയ്യുന്നത്? ക്ലാസ്സ് മുറികളുടെ പരിമിതികള്‍ക്കുളില്‍ മാത്രം നടക്കുന്നതാണോ വിമതചിന്തകളും വിമര്‍ശനങ്ങളും ഒക്കെ? അങ്ങനെയാണെങ്കില്‍ നമ്മള്‍ ഇത്രേം മുന്നോട്ട് പോകുമായിരുന്നില്ല. വിമതഭിപ്രായം സാധ്യമാകുന്നത് എല്ലാ സ്ഥലത്തുമാണ്. അതുകൊണ്ടാണ് അതിന്റെ സാധ്യതകള്‍ ഉരുത്തിരിയുന്നത്. 'ഓപ്പണ്‍ എഡ്യൂക്കേഷന്‍ റിസോഴ്സ്സ്' -നെ ഇതുമായി കൂടി ബന്ധപെട്ടു കാണേണ്ട കാര്യമാണ്. ഇതിനെ എങ്ങനെയാണ് രൂപപ്പെടുത്തുക? അധ്യാപകരാല്‍, വിദ്യാര്‍ത്ഥികളാല്‍ രൂപപ്പെട്ടു വരേണ്ട ഒരു കാര്യമാണ്. ഒരു പ്രത്യേകമായ സന്ധിയില്‍ നിന്നുകൊണ്ട് ഇതൊന്നും സാധ്യമല്ല എന്ന് പറയുന്നത്, അതിനെ അടച്ചുകളയുന്നതിനു തുല്യമാണ്. ഇന്റര്‍നെറ്റ് അതിന്റെ ഉത്ഭവ കാലം തൊട്ട് പല സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് പല വഴികളിലൂടെ രൂപപ്പെട്ടു വന്നതാണ്. അറബ് വസന്തം (Arab Spring) ഉണ്ടാകുന്നതിനു മുന്‍പുള്ള ഇന്റര്‍നെറ്റ് അല്ല വിപ്ലവാനന്തരം നമ്മള്‍ കാണുന്നത്. അതില്‍ വന്നിട്ടുള്ള തടസ്സങ്ങളും (disruptions), ആള്‍ക്കാരുടെ പങ്കാളിത്തവും നമ്മള്‍ കാണാതെ ഇരിക്കണ്ട. ആ പങ്കാളിത്തം നിഷേധിച്ചു കൊണ്ട് മോശമായ ചരിത്രവായനയിലൂടെ ഇതൊന്നും ശരിയല്ല, ഇതൊന്നും സാധ്യമല്ല എന്നൊക്കെ പറയുന്നത് ഒരു അടച്ചുകളയലാണ്. കുറേ തെളിവുകള്‍ ചരിത്രത്തില്‍ നിന്ന് നിരത്തി നമ്മള്‍ സാധ്യതകളെ അടച്ചു കളയുന്നതിനു പകരം എന്തുകൊണ്ട് ഭാവിയെ മുന്‍നിര്‍ത്തി കൊണ്ട് പുതിയ സാധ്യതകള്‍ ആരാഞ്ഞ് കൂടാ? ആ ഒരു ഘട്ടത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. ആ ഒരു സാഹചര്യമാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ തുറന്ന് കൊടുക്കേണ്ടത് എന്നതാണ് എന്റെ വ്യക്തിപരവും വിനീതവുമായ അഭിപ്രായം.
തയ്യാറാക്കിയത് : ഗോകുല്‍ കെ.എസ്