Debate

എന്തുകൊണ്ട് മലയാളത്തില്‍ നിന്ന് OTT?, സ്വതന്ത്ര സിനിമകളുടെ ഭാവി

കൊവിഡ് സാഹചര്യത്തെ സ്വതന്ത്ര സിനിമകള്‍ എങ്ങനെ മറികടക്കുന്നു, മലയാളത്തില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയതിന് പിന്നിലുള്ള ആലോചന. സംവിധായകന്‍ പ്രതാപ് ജോസഫ് എഴുതുന്നു

സിനിമ കലയെന്ന നിലയിലും കച്ചവടം എന്ന നിലയിലും ഉദയംചെയ്തതിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. ഏതാണ്ട് ആഗോളമായിത്തന്നെ തീയേറ്ററുകൾ അടഞ്ഞുകിടക്കുന്നു. പുതിയ സിനിമകളുടെ നിർമ്മാണവും ഏതാണ്ട് പൂർണമായിത്തന്നെ നിലച്ചിരിക്കുന്നു. മഹാമാരിക്കുശേഷം തിയേറ്റർ തുറന്ന ഇടങ്ങളിലാവട്ടെ പഴയ ആവേശം ഒട്ടുമില്ല. ഒരുവശത്ത് സാമ്പ്രദായിക രീതിയിലുള്ള സിനിമാ നിർമ്മാണ വിതരണ രീതികൾ മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുമ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുകൊണ്ടിരുന്ന OTT (over the top) പ്ലാറ്റ്‌ഫോമുകൾ ഈ പ്രതിസന്ധിയെ മുതലെടുത്ത് വലിയതോതിലുള്ള വളർച്ച നേടുകയുണ്ടായി. മനുഷ്യർ അവരവരുടെ വീടുകളിലേക്ക് ചുരുങ്ങുകയും മറ്റ് പല വിനോദോപാധികളും അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിൽ സിനിമ മറ്റൊരു രീതിയിൽ കാണപ്പെടാനുള്ള സാധ്യതകൾ തുറന്നുവരികയായിരുന്നു. കോവിഡിന് മുൻപുള്ള കാലഘട്ടത്തിൽ OTT പ്ലാറ്റ്‌ഫോമുകൾ ഒരു ന്യൂനപക്ഷത്തിന്റേത് മാത്രമായിരുന്നെങ്കിൽ കോവിഡിനൊപ്പമുള്ള സമയത്ത് മടിച്ചുനിന്നവർകൂടി അവിടേയ്ക്ക് എത്തിപ്പെടാൻ നിർബന്ധിതരായി. കോവിഡ് മനുഷ്യരുടെ സിനിമകാണുന്ന ശീലത്തെ വളരെപ്പെട്ടെന്ന് പുതുക്കിപ്പണിതു എന്നുപറയാം.

മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്വതന്ത്ര സിനിമകളിൽ ബഹുഭൂരിപക്ഷവും എല്ലാക്കാലത്തും തീയേറ്റർ സിസ്റ്റത്തിന് പുറത്താണ് പ്രേക്ഷകരെ അഭിമുഖീകരിച്ചിട്ടുള്ളത്. മുഖ്യധാരാ ചാനലുകളും അവയെ തീണ്ടാപ്പാടകലെ ത്തന്നെയാണ് നിർത്തിയിട്ടുള്ളത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ തന്നെ OTT പ്ലാറ്റ്‌ഫോമുകൾ രംഗപ്രവേശം ചെയ്തിട്ടുണ്ടെങ്കിലും അത് നമ്മിൽ ബഹുഭൂരിപക്ഷത്തിന്റെയും നിത്യജീവിതത്തിന്റെ ഭാഗമായിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ. ഒരു ഘട്ടത്തിൽ കച്ചവട സിനിമകളെക്കാൾ കലാമൂല്യമുള്ള സിനിമകൾക്കായിരുന്നു OTT കൾ പ്രാധാന്യംകൊടുത്തിരുന്നത് എന്നും കാണാവുന്നതാണ്. മുഖ്യധാരാ തിയേറ്ററുകളെയും ടെലിവിഷൻ ചാനലുകളെയും എന്നപോലെ വിപണി സമവാക്യങ്ങളാണ് ഇപ്പോൾ OTT കളെയും ഭരിക്കുന്നത്.

സ്വതന്ത്ര സിനിമകളിലേയ്ക്ക് വന്നാൽ അത് എല്ലാക്കാലത്തും കച്ചവടസമവാക്യങ്ങൾക്ക് പുറത്തുതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. അതല്ലെങ്കിൽ കലയുടെ കച്ചവടത്തെയാണ് നിലനില്പിനുവേണ്ടി അവ ആശ്രയിച്ചിട്ടുള്ളത് എന്നുകാണാം. വലിയ സ്റ്റുഡിയോ സിസ്റ്റത്തിന്റെ പുറത്ത് നിർമിക്കപ്പെടുന്നവയും വലിയ ബാനറുകളുടെയും വമ്പൻ താരങ്ങളുടെയും സാന്നിധ്യമില്ലാത്തവയും സിനിമയെന്ന മീഡിയത്തിന്റെ സൗന്ദര്യാത്മകതയിലും സാമൂഹിക പ്രതിബദ്ധതയിലും ഊന്നുന്നവയുമായ സിനിമകളെയാണ് പൊതുവെ സ്വതന്ത്ര സിനിമകൾ എന്ന് വിളിക്കുന്നത്. ഫിലിം ഫെസ്റ്റിവലുകളും ഫെസ്റ്റിവൽ മാർക്കറ്റുകളുമാണ് അവയുടെ പ്രധാനപ്പെട്ട പ്രദർശന വിപണന വേദി. മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്വതന്ത്ര സിനിമകളിൽ ബഹുഭൂരിപക്ഷവും എല്ലാക്കാലത്തും തീയേറ്റർ സിസ്റ്റത്തിന് പുറത്താണ് പ്രേക്ഷകരെ അഭിമുഖീകരിച്ചിട്ടുള്ളത്. മുഖ്യധാരാ ചാനലുകളും അവയെ തീണ്ടാപ്പാടകലെ ത്തന്നെയാണ് നിർത്തിയിട്ടുള്ളത്. വലിയ താരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മാത്രം ആർട്ട് സിനിമകൾക്ക് തിയേറ്ററും സാറ്റലൈറ്റുമൊക്കെ ഒരുകാലത്ത് കിട്ടിയിരുന്നു. ഇപ്പോൾ അതും ഏതാണ്ട് നിലച്ചമട്ടാണ്. വേറൊരു രീതിയിൽ വിപണിയിൽനിന്നുള്ള വിടുതൽ കലയെ കൂടുതൽ സ്വതന്ത്രമാക്കുന്നതായും കാണാം.

കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രവർത്തനരീതി പരിശോധിച്ചാൽ നമുക്ക് വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. സിനിമ കാണിക്കാൻ അവർ മുൻകൈയ്യിൽ ഉണ്ടെങ്കിലും അതുകൊണ്ട് സിനിമ എടുക്കുന്നവർക്ക് സാമ്പത്തികമായി ഗുണമൊന്നും ഉണ്ടാവില്ല

ഫിലിം സൊസൈറ്റികളും ചെറിയ ചെറിയ സിനിമാ കൂട്ടായ്മകളും കാമ്പസുകളും ഒക്കെയാണ് മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് എക്കാലത്തും വാതിൽ തുറന്നിട്ടിട്ടുള്ളത്. തിയേറ്ററിനൊപ്പം ഇത്തരം വേദികളും അടഞ്ഞുകിടക്കുന്നതോടെ കച്ചവട സിനിമകൾ നേരിടുന്നതിന് സമാനമായൊരു പ്രതിസന്ധി സ്വതന്ത്ര സിനിമകളും നേരിടുന്നുണ്ട്. OTT പ്ലാറ്റ്‌ഫോമുകളും ഓൻലൈൻ ഫിലിം ഫെസ്റ്റിവലുകളുമാണ് അതിന് താൽക്കാലികമായെങ്കിലും പ്രതിവിധി.

ആദ്യത്തെ പകച്ചുനിൽപ്പിനുശേഷം സ്വതന്ത്ര സിനിമകൾ അവയുടെ വഴി സ്വതന്ത്രമായി കണ്ടെത്തിത്തുടങ്ങുന്നതാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ആഗോളമായിത്തന്നെ ഓൻലൈൻ ഫിലിം ഫെസ്റ്റിവലുകൾ സജീവമാകുന്നു. ലോകത്തെ പത്ത് പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകൾ ഒന്നിച്ചുചേർന്ന് നടത്തിയ ഓൻലൈൻ ഫിലിം ഫെസ്റ്റിവലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്‌.

ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേന്ദ്രഘടകം ഇന്ത്യൻ സ്വതന്ത്ര സിനിമകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തുന്ന ഓൻലൈൻ ഫിലിം ഫെസ്റ്റിവൽ എട്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഏതാണ്ട് അമ്പതിനായിരത്തിലധികം ആളുകൾ വിവിധ സെഷനുകളിലായി സിനിമകൾ കണ്ടുകഴിഞ്ഞു. കേരളത്തിലും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നേതൃത്വത്തിൽ ചലച്ചിത്ര മേളകൾ സജീവമാകുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നു. ദിവസേന നാലായിരത്തിലധികം ആളുകളാണ് ഈ സിനിമകൾ കണ്ടുകൊണ്ടിരിക്കുന്നത്. സിനിമ കാണിക്കുക എന്നതിനൊപ്പം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ സാമ്പത്തികമായി സഹായിക്കുക എന്നതുകൂടിയാവണം ഇത്തരം മേളകളുടെ ലക്ഷ്യം.

കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രവർത്തനരീതി പരിശോധിച്ചാൽ നമുക്ക് വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. സിനിമ കാണിക്കാൻ അവർ മുൻകൈയ്യിൽ ഉണ്ടെങ്കിലും അതുകൊണ്ട് സിനിമ എടുക്കുന്നവർക്ക് സാമ്പത്തികമായി ഗുണമൊന്നും ഉണ്ടാവില്ല. ലോകസിനിമകൾ സൗജന്യമായി കണ്ടുശീലിച്ചതിന്റെ തുടർച്ചയെന്നോണം നമ്മുടെ ബഹുഭൂരിപക്ഷം പ്രേക്ഷകരും ഇക്കാര്യത്തിൽ ഉദാസീനരാണ്. FFSI കേരളഘടകം നേതൃത്വം കൊടുക്കുന്ന ഫെസ്റ്റിവൽ സ്വതന്ത്ര സിനിമകളെ സാമ്പത്തികമായി സഹായിക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണ് എന്നത് അഭിനന്ദനം അർഹിക്കുന്നു.

IFFK യിൽ സ്വതന്ത്ര സിനിമകളോടുള്ള തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് 2019 ഡിസംബറിൽ ഏതാനും സ്വതന്ത്ര സിനിമാ സംവിധായകരുടെ നേതൃത്വത്തിൽ മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (MIC- മൈക്ക് ) രൂപംകൊള്ളുന്നത്. അക്കാദമിക് സിനിമകൾക്ക് വേണ്ടി രൂപംകൊണ്ട ഒരു ചലച്ചിത്ര അക്കാദമിയുടെ കച്ചവട സിനിമകളോടുള്ള കടുത്ത പക്ഷപാതിത്വത്തിലുള്ള പ്രതിഷേധമായിരുന്നു അത്.

ലോകംമുഴുവൻ വ്യാപിച്ചുകിടക്കുന്ന വലിയൊരു വിഭാഗം കാണികൾ കലാ സിനിമകൾക്കുണ്ട്. ആ കാണികളിലേയ്ക്ക് കൃത്യമായി സിനിമ എത്തിപ്പെടേണ്ടതുമുണ്ട്. അതിന്, അതിന്റെതായ ഇടങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമാണ്.

കലാമൂല്യമുള്ള സിനിമകൾക്ക് എന്നപേരിൽ നിർമിക്കപ്പെട്ട ഗവണ്മെന്റ് തിയേറ്ററുകൾ കച്ചവട സിനിമകൾ കൈയ്യടക്കി, അതല്ലെങ്കിൽ അങ്ങനെ കൈയ്യടക്കപ്പെടുന്നതിന് ഗവണ്മെന്റ് സംവിധാനങ്ങൾ കൂട്ടുനിന്നു. അക്കാദമിക് സിനിമകളുടെ വളർച്ചയ്ക്ക് വേണ്ടി തുടങ്ങിയ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുന്ന മലയാളസിനിമകളിൽ ബഹുഭൂരിപക്ഷവും കച്ചവട സിനിമകളായി. IFFk യിൽ തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾക്കുള്ള നാമമാത്ര തുകയായ രണ്ടുലക്ഷം രൂപപോലും അങ്ങനെ 25 കോടിയും 50 കോടിയും ലാഭമുണ്ടാക്കുന്ന സിനിമകൾക്കായി. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന സിനിമകൾക്കുള്ള സബ്‌സിഡി നിർദ്ദേശങ്ങൾ അടക്കമുള്ള അടൂർ കമ്മിറ്റി റിപ്പോർട്ടും മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾക്ക് കേരളാ പ്രീമിയർ നടപ്പാക്കണം എന്ന നിർദേശമുള്ള IFFK പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടും എന്നേ ചിതലെടുത്തുപോയിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തിലാണ് മൈക്ക് (MIC) അതിന്റെ സ്വന്തം OTT പ്ലാറ്റ്‌ഫോമുമായി രംഗത്ത് വരുന്നത്‌. ഗവണ്മെന്റ് സംവിധാനങ്ങളുടെ വീഴ്ചയുടെ പരിഹാരമെന്ന നിലയ്ക്കല്ല, പ്രതിഷേധം എന്ന നിലയ്ക്കാണ് ഇൻഡീ സ്‌ക്രീൻ എന്ന OTT പ്ലാറ്റ്‌ഫോമിനെ അടയാളപ്പെടുത്തേണ്ടത്. സ്വതന്ത്ര സിനിമകൾ പ്രേക്ഷകരിൽ എത്തിക്കാനും നിർമ്മാണച്ചിലവ് കണ്ടെത്താനും ബുദ്ധിമുട്ടുന്ന സംവിധായകർക്കും നിർമാതാക്കൾക്കും അത് ചെറിയ രീതിയിൽ എങ്കിലും ആശ്വാസമാകും.

നെറ്റ്‌ഫ്ലിക്സും ആമസോണും പോലെയുള്ള OTT ഭീമന്മാർ ഒരു ഘട്ടത്തിൽ വലിയ പ്രതീക്ഷയാണ് നമ്മുടെ സ്വതന്ത്ര സിനിമകൾക്ക് നൽകിയിരുന്നത്. മലയാളത്തിൽനിന്ന് നിരവധി ചിത്രങ്ങൾ അവർ വാങ്ങുകയും ഉണ്ടായി. സാറ്റലൈറ്റ് പ്രതീക്ഷകൾ അസ്തമിച്ചതിനുശേഷം നമ്മുടെ സിനിമയെ ചലനാത്മകമാക്കിയത് ആഗോള പ്രേക്ഷകരിലേയ്ക്ക് സിനിമ എത്തിക്കാമെന്ന പ്രതീക്ഷയും കുറഞ്ഞ ബഡ്ജറ്റിൽ നിർമിക്കപ്പെടുന്ന സിനിമകൾക്കെങ്കിലും OTT യിലൂടെ മുടക്കുമുതൽ കണ്ടെത്താമെന്ന തിരിച്ചറിവുമായിരുന്നു. OTT കളും കൃത്യമായി അവയുടെ കച്ചവട വഴികളിലേയ്ക്ക് എത്തിപ്പെട്ടതോടെ പ്രതിഫലം വ്യൂവർഷിപ്പിന്റെ അടിസ്ഥാനത്തിലേക്ക് മാറുകയും അത് നാമമാത്രമാവുകയോ പലർക്കും സ്വീകാര്യമല്ലാതാവുകയോ ചെയ്‌തു.

ലോകംമുഴുവൻ വ്യാപിച്ചുകിടക്കുന്ന വലിയൊരു വിഭാഗം കാണികൾ കലാ സിനിമകൾക്കുണ്ട്. ആ കാണികളിലേയ്ക്ക് കൃത്യമായി സിനിമ എത്തിപ്പെടേണ്ടതുമുണ്ട്. അതിന്, അതിന്റെതായ ഇടങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമാണ്. ഇൻഡീസ്ക്രീൻ അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ആദ്യത്തെ സംരംഭങ്ങളിൽ ഒന്നാണെന്ന് തീർച്ചയായും പറയാം. ഒരുപക്ഷേ OTT കളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും സ്വതന്ത്ര സിനിമാ സംവിധായകരുടെ മുൻകൈയ്യിൽ തന്നെ ഒരു പ്ലാറ്റ്ഫോം രൂപംകൊള്ളുന്നത്. ലോകം മുഴുവനുമുള്ള ഇൻഡിപെൻഡന്റ് സിനിമകൾ ഒരിടത്ത് കാണാൻ കഴിയുക എന്നത് തീർച്ചയായും സുഖമുള്ള അനുഭവമാണ്. അത് വരും വർഷങ്ങളിൽ മലയാള സിനിമയെയെങ്കിലും ഗുണപരമായി സ്വാധീനിക്കും എന്നകാര്യത്തിൽ ആർക്കും സംശയമുണ്ടാകാനും ഇടയില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT