Debate

എന്തുകൊണ്ടാണ് ബിനീഷ് പുറത്തായിപ്പോകുന്നത്?

കോവിഡ് കാലം മൈഗ്രന്റ് എന്ന കമ്യൂണിറ്റിയെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റിയിട്ടുണ്ട്. ഹാഫ് സിറ്റിസണ്‍സ് അല്ലെങ്കില്‍ ലെസ് സിറ്റിസണ്‍സ് ആണ് അവര്‍. അതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച 174 മലയാളികള്‍, 'കേരളം എന്ന ഭൂപരിധി'യില്‍ ജീവിക്കുന്നവരെ ബാധിക്കുന്ന പ്രശ്‌നമേ അല്ല. വിജു വി.വി എഴുതുന്നു

ചെന്നൈയില്‍ 'അതിഥി തൊഴിലാളി'യായ മലയാളി മരിച്ചു. വടകര മുടപ്പിലാവില്‍ സ്വദേശിയായ ബിനീഷ്(41) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ചെന്നൈയിലെ ചായക്കടകളില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ബസില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മലയാളി സംഘടനയുടെ സഹായത്തോടെ പാസ് സംഘടിപ്പിക്കുകയും ബസില്‍ സീറ്റ് ഉറപ്പാക്കുകയും ചെയ്തു. വീട്ടുകാര്‍ ഹോം ക്വാറന്റൈന്‍ സൗകര്യമൊക്കെ ഒരുക്കി. എല്ലാം തയാറായി നില്‍ക്കെ ബിനീഷിന് നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ടായ ചെന്നൈയില്‍ നിന്നും ഇങ്ങോട്ടുവന്ന് പ്രശ്‌നമുണ്ടാക്കണോ, അവിടെ തന്നെ നില്‍ക്കുന്നതാണ് നല്ലത് എന്ന തരത്തിലായിരുന്നു സന്ദേശം. ഇതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ബിനീഷ്.

ഈ വാര്‍ത്ത ഏറെയൊന്നും കേരളത്തില്‍ ചര്‍ച്ചയായില്ല. കാരണം തൊഴില്‍ കുടിയേറ്റക്കാരായ മറുനാടന്‍ മലയാളികളുടെ പ്രാഥമികമായ ഐഡന്റിറ്റി പലപ്പോഴും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായോ ജാതി-മത സംഘടനകളുമായോ സാമൂഹ്യപ്രസ്ഥാനങ്ങളുമായോ ബന്ധപ്പെട്ടതല്ല. ഏറെക്കാലം ജീവിച്ചുപോന്ന ദേശം ആണ് അവരുടെ പ്രാഥമികമായ പരിഗണന. പ്രവാസികള്‍ എന്ന വിഭാഗം കേരളത്തില്‍ ഒരു സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ഭാഗമായി നില്‍ക്കുന്നില്ല. ജന്‍മനാടിനോടുള്ള ഗൃഹാതുരത്വം മാത്രമാണ് അവരുടെ നിലനില്‍പിന്റെ അടിസ്ഥാനം. എന്നാല്‍ കോവിഡ് കാലം മൈഗ്രന്റ് എന്ന കമ്യൂണിറ്റിയെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റിയിട്ടുണ്ട്. ഹാഫ് സിറ്റിസണ്‍സ് അല്ലെങ്കില്‍ ലെസ് സിറ്റിസണ്‍സ് ആണ് അവര്‍. അതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച 174 മലയാളികള്‍, 'കേരളം എന്ന ഭൂപരിധി'യില്‍ ജീവിക്കുന്നവരെ ബാധിക്കുന്ന പ്രശ്‌നമേ അല്ല. മാഹിയില്‍ മരിച്ച ഒരാളെ എങ്ങോട്ടുപെടുത്തും എന്നതുമാത്രമായിരുന്നു പ്രശ്‌നം. ഭൂമിശാസ്ത്രപരമായ പരിധി പ്രകാരം അവര്‍ പുറത്താണെങ്കിലും സാമൂഹ്യവും സാംസ്‌കാരികവും മാനവികവും ആയ പരിധികളില്‍ അവര്‍ മലയാളികളാണ്. അല്ലെങ്കില്‍ ദേശം എന്നത് മാനസികവും സാംസ്‌കാരികവും സാമൂഹികവും ഒക്കെയായ അതിര്‍ത്തികളിലാണ് രൂപം കൊള്ളുന്നത്. എന്നാല്‍ അത്തരം പരിധികളില്‍ മരിച്ചുപോകുന്നവരെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാന്‍ മാത്രം നമ്മുടെ ധിഷണയെ ഭരണകൂട-രാഷ്ട്രീയ-കക്ഷി അധികാരങ്ങള്‍ പാകപ്പെടുത്തിയിരിക്കുന്നു.

അത്തരം ഒരു മാനുഷികബോധത്തിന്റെ നഷ്ടത്തിലും സ്വന്തം നാട്ടില്‍ നിന്നുള്ള പുറത്താക്കലിലും മനംനൊന്താണ് ബിനീഷ് ആത്മഹത്യചെയ്തത്. മരിക്കുന്നതിന് മുമ്പുള്ള ഒരു കുറിപ്പില്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ വളരെ സൂക്ഷ്മമായി എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. അതിലെ ഒരൂ വാചകം ഇങ്ങനെയാണ്-'എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്'. എന്തിനോടായിരുന്നു ബിനീഷിന്റെ സമരം? അത് ഇങ്ങനെ തുടരുന്നു- 'രണ്ട് സര്‍ക്കാരുകളും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ഞങ്ങളെ ആര് രക്ഷിക്കും? മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഓരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടില്‍ എത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാണ്. നിയമം നല്ലത്. അത് മനുഷ്യന്റെ പ്രാണന്‍ എടുക്കരുത്.'

ബിനീഷിന്റെ കുറിപ്പ് ഈ പ്രശ്‌നത്തെ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാസിക്ക് അവരുടെ ദേശത്തോടുള്ള അറുത്തുമാറ്റാനാകാത്ത ബന്ധം, താല്‍ക്കാലികമായി രൂപപ്പെടുന്ന നിയമങ്ങള്‍ക്കുമുന്നില്‍ പിന്തള്ളപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന പൗരന്റെ അവസ്ഥ, ഒരു പ്രവാസി അല്ലെങ്കില്‍ കുടിയേറ്റ തൊഴിലാളി എന്ന നിലയില്‍ മറുനാട്ടില്‍ ജീവിക്കുന്ന എല്ലാ മലയാളികളുമായുള്ള ഐക്യപ്പെടല്‍, അവരുടെ സാമൂഹികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ എല്ലാം ചെറിയ കുറിപ്പിലുണ്ട്. കോവിഡ് കാലത്ത് മിലിറ്റന്റ് ആയി രൂപപ്പെടുന്ന ഒരു പുതിയ മലയാളി സ്വത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന വിഭാഗങ്ങളുടെ രോഷമോ വേദനയോ അതിലുണ്ട് താനും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച 174 മലയാളികള്‍, 'കേരളം എന്ന ഭൂപരിധി'യില്‍ ജീവിക്കുന്നവരെ ബാധിക്കുന്ന പ്രശ്‌നമേ അല്ല. മാഹിയില്‍ മരിച്ച ഒരാളെ എങ്ങോട്ടുപെടുത്തും എന്നതുമാത്രമായിരുന്നു പ്രശ്‌നം

എന്തുകൊണ്ടാണ് ബിനീഷ് പുറത്തായിപ്പോകുന്നത്? അദ്ദേഹം ഒരു ചായക്കടത്തൊഴിലാളി മാത്രമാണ്. മറ്റൊരു പ്രൊഫഷണല്‍ കാറ്റഗറിയില്‍ പെട്ടയാളോ ബിസിനസുകാരനോ ആയിരുന്നെങ്കിലോ? പ്രവാസികള്‍ രണ്ടുതരമുണ്ട്. ഒന്ന് ഏതുരാജ്യത്തേക്ക് പോയാലും അവിടെയെല്ലാം സ്വന്തം നാടുപോലെ ജീവിക്കാന്‍ കഴിയുന്ന ആഗോള പൗരന്‍മാര്‍-ട്രാന്‍സ് നാഷണല്‍ സിറ്റിസണ്‍സ്. അവര്‍ക്ക് വളരെ സുരക്ഷിതമായ വിസയുണ്ടാകും. തൊഴില്‍ കരാറുകളുണ്ടാകും. അവിടെയെത്തുമ്പോള്‍ താമസിക്കാന്‍ വളരെ നല്ല സൗകര്യമുണ്ടാകും. മറുനാട്ടില്‍ ജീവിക്കാന്‍ വേണ്ട എല്ലാരേഖകളും ശരിയാക്കി വെച്ചിട്ടുണ്ടാകും. അയാള്‍ ഒരു അതിഥിയായിരിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗം അങ്ങനെയല്ല. എങ്ങനെയെങ്കിലും ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാത്രം പുറപ്പെടുന്നവരാണ്. വളരെ പരിതാപകരമായ താമസസൗകര്യമായിരിക്കും അവര്‍ക്കുണ്ടാകുക. രേഖകളും തൊഴില്‍കരാറുകളുമൊക്കെ വളരെ ദുര്‍ബലമായിരിക്കും. ഏതുനിമിഷവും മടങ്ങാനൊരുങ്ങി ജീവിക്കുന്നവരാകും അത്. അതുകൊണ്ട് ജന്മനാട് എന്ന വികാരം കൂടുതല്‍ ശക്തമായി ഉണ്ടാകുകയും ചെയ്യും. ഇവരാണ് പലപ്പോഴും മലയാളി എന്ന വികാരം കൂടുതല്‍ കൊണ്ടുനടക്കുന്നുണ്ടാകുക.

ഇനി ബിനീഷിന്റെ മരണത്തിന്റെ ഭൗതികമായ കാരണങ്ങള്‍ എന്തായിരുന്നു? അത് കോവിഡ് കാലത്ത് രൂപപ്പെട്ട ഒരു അസന്തുലിതത്വത്തിന്റെയോ വിവേചനത്തിന്റെയോ അനന്തരഫലമാണ്. അന്തര്‍സംസ്ഥാനയാത്രയ്ക്ക് പാസുള്ളവര്‍ക്ക് സൗകര്യം കൊടുക്കും. എന്നാല്‍ ഇതിന്റെ ആനുകൂല്യം നേടി ആദ്യം പോയവരോ? സ്വന്തമായി വാഹനസൗകര്യമുള്ളവര്‍, അല്ലെങ്കില്‍ അത്രയും തുക മുടക്കി വാഹനം വാടകയ്‌ക്കെടുക്കാവുന്നവര്‍. അങ്ങനെ ചെയ്യാനാകാത്ത സാധാരണക്കാര്‍ കാത്തിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍ കേരളത്തിലെത്തിയെങ്കിലും ചെന്നൈയില്‍ നിന്ന് അനുവദിച്ചില്ല. കാരണം, ചെറിയ തുകയ്ക്ക് യാത്ര ചെയ്യാന്‍ മാത്രം കഴിയുന്ന, അത്തരം വരുമാനം മാത്രമുള്ള വിഭാഗം സര്‍ക്കാരിന്റെയോ അധികൃതരുടെയോ പരിഗണനയാകുന്നില്ല. സംഘടനകള്‍ ഒരുക്കുന്ന ബസുകളിലോ വാനുകളിലോ ആണ് ഈ വിഭാഗത്തിലുള്ളവര്‍ നാട്ടിലെത്തുന്നത്. ഇനി വിമാനസര്‍വീസുകളുടെ കാര്യം നോക്കാം. താരതമ്യേന വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയിലെ രണ്ടു വിമാനത്താവളത്തിലേക്കും വിമാന സര്‍വീസുകളില്ല. എന്നാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അനുവദിക്കുന്നുണ്ടുതാനും. കേരളത്തിന്റെ പകുതിയോളം വരുന്ന മലബാര്‍ ഇക്കാര്യത്തില്‍ ഒരു പരിഗണനയായി വരുന്നില്ല.

ഇനി ബിനീഷിന്റെ മരണത്തിന്റെ ഭൗതികമായ കാരണങ്ങള്‍ എന്തായിരുന്നു? അത് കോവിഡ് കാലത്ത് രൂപപ്പെട്ട ഒരു അസന്തുലിതത്വത്തിന്റെയോ വിവേചനത്തിന്റെയോ അനന്തരഫലമാണ്.

കോവിഡ് ഒരുതരത്തില്‍ ഒരു തുറന്നുകാട്ടലുമാണ്. നമ്മുടെ എല്ലാ ദൗര്‍ബല്യങ്ങളും വിവേചനങ്ങളും വഷളത്തരങ്ങളും മനസിലിരിപ്പുകളും ധാര്‍ഷ്ട്യവും പുറത്തുവരാന്‍ ഇതിന് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെ പറയുമ്പോള്‍, പിന്നെ എന്താണ് ചെയ്യേണ്ടത്? എല്ലാവരെയും വരാന്‍ അനുവദിച്ച് രോഗികളുടെ എണ്ണം കൂട്ടണോ എന്നു ചോദിക്കുന്ന ആളുകളുണ്ടാകും. നമ്മുടെ തന്നെ ആളുകളല്ലേ മറുനാട്ടിലായാലും മരിച്ചുവീഴുന്നത്? ഭേദപ്പെട്ട വരുമാനമോ ജീവിതമോ ലക്ഷ്യമിട്ട് മറുനാട്ടിലേക്ക് പോകുന്നവര്‍ക്ക് മരിക്കാനെങ്കിലും സ്വന്തം നാട്ടിലേക്ക് വരണം എന്നുണ്ടാവില്ലേ? അതും കൂടിയല്ലേ മലയാളിത്തം.

എല്ലാറ്റിനുമപ്പുറത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനം എന്ന നിലയില്‍ ആലോചിക്കേണ്ട മറ്റുചില കാര്യങ്ങളുമുണ്ട്. പ്രവാസികളുടെ വരുമാനത്തെയും അവര്‍ വഹിക്കുന്ന പങ്കിനെയും വാതോരാതെ പുകഴ്ത്തുമ്പോഴും അവര്‍ കടന്നുപോകുന്ന സാമൂഹികവും മാനസികവുമായ ലോകത്തെയോ അനുഭവപരിസരങ്ങളെയോ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പ്രവാസി എന്നത് ഏറ്റവും ആധുനികവും പരിഷ്‌കൃതവുമായ ഒരു ഐഡന്റിറ്റിയാണ്. അത് പലപ്പോഴും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും വംശത്തിന്റെയും പരിമിതികളെ അതിലംഘിച്ചുള്ള നില്‍പാണ്. വിട്ടുപോന്ന ദേശം മാത്രമാണ് അവരുടെ പ്രാഥമികമായ സ്വത്വത്തെ നിര്‍ണയിക്കുന്നത്. അതേസമയം, പലദേശങ്ങളില്‍ നിന്ന് കുടിയേറുന്ന മനുഷ്യരോട് ഐക്യപ്പെടാനും അവരെ മനസിലാക്കാനും കഴിയുന്നവരുമാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT