Debate

പോരാട്ടത്തിന്റെ ചരിത്രത്തിലുണ്ടാകും ഈ അഞ്ച് പേര്‍, കുറവിലങ്ങാട് മഠത്തില്‍ നിന്ന് സമരമുഖം തുറന്ന കന്യാസ്ത്രീമാര്‍

ജീവന്‍ പോലും അപകടത്തിലായ ഘട്ടത്തിലും സഭ സര്‍വ്വാധികാരങ്ങളോടെ പ്രതികാര നടപടിയിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയും അസ്വസ്ഥപ്പെടുത്തിയപ്പോഴും ആടിയുലയാതെ നിതിക്കായി നിലയുറപ്പിച്ചവര്‍

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നിന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍. കേരളത്തിന്റെ സമരചരിത്രങ്ങളിലൊന്നും സമാനതകളില്ലാത്തൊരു പോരാട്ടത്തിന്റെ അമരത്ത് ഈ അഞ്ച് പേരുണ്ടായിരുന്നു. 13 തവണ തന്നെ ബലാത്സംഗം ചെയ്‌തെന്ന സഹപ്രവര്‍ത്തകയായ സന്യാസിനിയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിക്കൂട്ടിലായപ്പോള്‍ അതിജീവിതക്കൊപ്പം അടിയുറച്ച് നിന്ന് അഞ്ച് പേര്‍. ജീവന്‍ പോലും അപകടത്തിലായ ഘട്ടത്തിലും സഭ സര്‍വ്വാധികാരങ്ങളോടെ പ്രതികാര നടപടിയിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയും അസ്വസ്ഥപ്പെടുത്തിയപ്പോഴും ആടിയുലയാതെ നിതിക്കായി നിലയുറപ്പിച്ചവര്‍. കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ ഈ അഞ്ച് സന്യാസിനിമാരെ കേരളത്തിന്റെ സമര ചരിത്രത്തിലെ നിര്‍ണായ ഏടുകളിലാണ് അടയാളപ്പെടുത്താനാവുക.

ആദ്യം പ്രലോഭനമായും പിന്നീട് ഭീഷണികളായും തുടര്‍ച്ചയില്‍ അധിക്ഷേപവും അപായനീക്കവും പുറത്താക്കല്‍ ശ്രമവുമൊക്കെയായി വിധി വരുന്ന നാള്‍ വരെ ഈ സന്യാസിനിമാര്‍ക്കെതിരായ സഭയുടെ പ്രതികാര നീക്കം തുടര്‍ന്നു. ബലാത്സംഗത്തിനിരയായ സഹപ്രവര്‍ത്തക്ക് വേണ്ടി ഹൈക്കോടതിക്ക് മുന്നില്‍ ഈ അഞ്ച് പേര്‍ നടത്തിയ സമരത്തില്‍ നിന്നാണ് കേസിലെ നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്നത്. കുറ്റാരോപിതനെ സംരക്ഷിച്ചും സഹായിച്ചും ന്യായീകരിച്ചും ലൈംഗിക അതിക്രമ കേസിനെ ഒത്തുതീര്‍പ്പിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമിച്ച ക്രൈസ്തവ സഭാ മേധാവികളെ പ്രതിക്കൂട്ടിലാക്കി എറണാകുളം വഞ്ചി സ്‌ക്വയറിന് മുന്നില്‍ ഈ അഞ്ച് പേര്‍ നയിച്ച സമരം.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോട്ടയം കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പര്‍ റൂമില്‍ വച്ച് 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ പരാതിപ്പെട്ടത്. 2018 ജൂണ്‍ 27നാണ് കോട്ടയം പൊലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നല്‍കുന്നത്. കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി 2018 ജൂലൈ 14ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴിയെടുത്തു.

1993ല്‍ മിഷനറീസ് ഓഫ് ജീസസ് തുടങ്ങിയപ്പോള്‍ അതില്‍ അംഗമായ സന്യാസിനിയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയത്. കന്യാസ്ത്രീയുടെ കുടുംബത്തിലെ ഒരു ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് ഫ്രാങ്കോ തലേന്ന് കുറവിലങ്ങാട് മഠത്തിലെത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പിന്നീട് പല തവണയായി 13 തവണ പീഡിപ്പിച്ചെന്നും കന്യാസ്ത്രീ പരാതിപ്പെട്ടു. കൊന്നുകളയുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ആ വേളകളിലൊന്നും പരാതിപ്പെടാതിരുന്നത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക എന്ന നിലക്കാണ് സിസ്റ്റര്‍ അനുപമ പോരാട്ടത്തിന്റെ ഭാഗമാകുന്നത്. ബിഹാറില്‍ അധ്യാപികയായിരിക്കെ കുറവിലങ്ങാട്ടെത്തിയ ആളായിരുന്നു സിസ്റ്റര്‍ ജോസഫിന്‍. സിസ്റ്ററുടെ പരാതിയറിഞ്ഞാണ് സിസ്റ്റര്‍ ആല്‍ഫിയും പിന്തുണയുമായി എത്തുന്നത്. പരാതി പുറത്തുവരും മുമ്പേ സിസ്റ്റര്‍ നീന റോസ് പരാതിക്കാരിക്കൊപ്പം നിലയുറപ്പിച്ചിരുന്നു.

ജീവന്‍ പോലും അവഗണിച്ച് നടത്തിയ ഐതിഹാസിക സമരമെന്ന നിലക്ക് കൂടിയാണ് കന്യാസ്ത്രീമാരുടെ പോരാട്ടത്തെ കേരളം കണ്ടത്

കടപ്പാട്

നാഷനല്‍ ജ്യോഗ്രഫിക്‌

സഭാ നേതൃത്വത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന നിലയിലേക്ക് പരാതിയും അന്വേഷണവും നീണ്ടപ്പോള്‍ പത്ത് കോടി നല്‍കാമെന്ന വാഗ്ദാനവുമായി സഭാ നേതൃത്വം രംഗത്ത് വന്നെന്ന് സിസ്റ്റര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് അപായപ്പെടുത്താനുള്ള നീക്കങ്ങളിലേക്ക് നീങ്ങി കാര്യങ്ങള്‍.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് വേണ്ടി സഭാ നേതൃത്വവും അനുബന്ധ സാമ്പത്തിക സ്രോതസുകളും വിശ്വാസികളിലെ ഒരു വിഭാഗവും ഒരു പോലെ കൈകോര്‍ത്തപ്പോള്‍ അതിന്റെ എതിര്‍ദിശയില്‍ നീതിയുടെ പോരാട്ടമുഖവുമായി ഈ അഞ്ച് പേര്‍.

സഭയിലെന്ന പോലെ അധികാരകേന്ദ്രങ്ങളെയും സ്വാധീനിച്ച് കൂടെ നിര്‍ത്തിയ ആളായിരുന്നു ജലന്ധര്‍ രൂപതയിലെ അതികായനായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. പഞ്ചാബിലെ നാല് നിയമ സഭാ മണ്ഡലങ്ങള്‍ ഉള്ളിടത്താണ് ജലന്ധര്‍ രൂപതക്ക് കീഴിലുള്ള വിശ്വാസികളും സ്ഥാപനങ്ങളും എന്നതിനാല്‍ രാഷ്ട്രീയ-അധികാര കേന്ദ്രങ്ങളോടും ചേര്‍ന്ന് നീങ്ങുന്നയായാളായിരുന്നു ബിഷപ്പ് ഫ്രാങ്കോ. ഡല്‍ഹി സഹായമെത്രാനായിരിക്കെ ദേശീയ രാഷ്ട്രീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടാക്കിയിരുന്നു. ആസ്തികളുടെ കാര്യത്തിലും മറ്റ് രൂപതകളെക്കാള്‍ മുന്നിലായിരുന്നു ജലന്ധര്‍ രൂപത.

കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിച്ച സഭാ നേതൃത്വം നിലയുറപ്പിച്ച അതേ സമയം തന്നെ അന്വേഷണത്തിലെ മെല്ലപ്പോക്കുമുണ്ടായി. ഈ ഘട്ടത്തിലാണ് ബിഷപ്പ് അറസ്റ്റിലാകുന്നത് വരെ അനിശ്ചിത കാല നിരാഹാര സമരത്തിനായി കുറവിലങ്ങാട് നിന്ന് അഞ്ച് സിസ്റ്റര്‍മാര്‍ വരുന്നത്. തങ്ങളുടെ സമരം സഭക്ക് എതിരെ അല്ലെന്നും സഹപ്രവര്‍ത്തകയായ സന്യാസിനിയുടെ നീതിക്ക് വേണ്ടിയാണെന്നും ഇവര്‍ ആവര്‍ത്തിച്ചു.

വൈദികരെയും സന്യാസിനി സമൂഹത്തെയും സഭയുടെ അധികാര താല്‍പ്പര്യത്തിനും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ആഞ്ജാനുവര്‍ത്തികളായി തെരുവില്‍ സമരമുഖത്ത് അണിനിരത്തുന്ന രീതിയുടെ പൊളിച്ചെഴുത്ത് കൂടിയാണ് വഞ്ചി സ്‌ക്വയറില്‍ കേരളം കണ്ടത്. സമാനതകളില്ലാത്ത സമരം എന്നതിനൊപ്പം ജീവന്‍ പോലും അവഗണിച്ച് നടത്തിയ ഐതിഹാസിക സമരമെന്ന നിലക്ക് കൂടിയാണ് കന്യാസ്ത്രീമാരുടെ പോരാട്ടത്തെ കേരളം കണ്ടത്.

ഇരയായ കന്യാസ്ത്രീക്ക് ഉള്‍പ്പെടെ സുരക്ഷ ഒരുക്കാനാകില്ലെന്നാണ് മിഷനറീസ് ഓഫ് ജീസസ് പറഞ്ഞത്. കേസിലെ ഇരയും പ്രധാന സാക്ഷിയുമായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിലെ ദുരൂഹത ചര്‍ച്ചയാകുന്ന ഘട്ടത്തിലായിരുന്നു അപായ ഭീഷണി നേരിട്ട സന്യാസിനിമാരെ തള്ളിപ്പറഞ്ഞതും കയ്യൊഴിഞ്ഞതും.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പ്രബല ക്രൈസ്തവ സംഘടനകളും മുഖം തിരിച്ചു നിന്നപ്പോഴും സമരവീര്യമണയാതെ സന്യാസിനിമാര്‍ രണ്ടാഴ്ചയോളം കേരളത്തിന് മുന്നില്‍ ചോദ്യമുയര്‍ത്തി. സമരമുഖത്തെ സന്യാസിനിമാര്‍ക്ക് പിന്തുണയുമായി എത്തിയ വിശ്വാസികളും ക്രൈസ്തവ സംഘടനകളും സഭാനേതൃത്വത്തെ പ്രതിരോധത്തിലാക്കി. സഭയിലെ അധികാരത്തിന്റെ രോഗലക്ഷണത്തിന് പരിഹാരം കണ്ടേ മതിയാകൂ എന്നാണ് സമരത്തിന് പിന്തുണയുമായി എത്തിയ വൈദികരെ പ്രതിനിധീകരിച്ച് പോള്‍ തേലക്കാട്ട് പറഞ്ഞത്.

ആണ്‍കോയ്മയും മതാധികാരവും സാമ്പത്തിക സ്രോതസുമെല്ലാം ഒരു പോലെ നിക്ഷിപ്ത താല്‍പര്യത്തിന് ഉപയോഗിച്ചവര്‍ക്ക് കിട്ടിയ തിരിച്ചടി കൂടിയാണ് തെരുവിലിറങ്ങിയ സന്യാസിനി സമൂഹത്തിന്റെ സമരം.

ഗുരുതരമായ ഒരു ലൈംഗിക കുറ്റകൃത്യം സഭയ്ക്കകത്ത് ഒത്തുതീര്‍ക്കപ്പെടേണ്ട ആഭ്യന്തര പ്രശ്‌നമല്ലെന്ന് ഈ സന്യാസിനിമാര്‍ പൊതുസമൂഹത്തോടും സഭാനേതൃത്വത്തോടും ആവര്‍ത്തിച്ചു.

സഹപ്രവര്‍ത്തകയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഷപ്പിന് വേണ്ടി ത്യാഗസഹന ജപമാല എന്ന പേരില്‍ പ്രാര്‍ത്ഥനാ റാലി നടത്തുകയായിരുന്നു സഭാ നേതൃത്വം ഇതേ സമയം. പീഢനത്തിരയായ കന്യാസ്ത്രീയെ ഹീനമായ ഭാഷയില്‍ അപമാനിച്ച പി.സി ജോര്‍ജ്ജിനെ മുഖ്യാതിഥിയാക്കിയാണ് ജലന്ധര്‍ രൂപത കുറ്റാരോപിതനോടുള്ള ഐക്യദാര്‍ഡ്യം ആവര്‍ത്തിച്ചത്. സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാഹ്യശക്തികളുടെ പിന്തുണയോടെയാണ് സമരമെന്ന വ്യാഖ്യാനവും ഇവര്‍ നല്‍കി.

2018 സെപ്തംബര്‍ 19ന് ഫ്രാങ്കോയെ തൃപ്പുണിത്തുറ ഹൈടെക് സെല്ലിലെത്തിച്ച് ചോദ്യം ചെയ്തു. സെപ്തംബര്‍ 21ന് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടായി. ബലാല്‍സംഗക്കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് കൂടിയായിരുന്നു ഫ്രാങ്കോ മുളക്കല്‍. തെരുവിലെ സമരം അവസാനിച്ചെങ്കിലും സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നാണ് അവര്‍ അഞ്ച് പേരും സമരവേദിയില്‍ പ്രഖ്യാപിച്ചത്. അറസ്റ്റിന് ശേഷം ജയിലിലായ ശേഷവും ഫ്രാങ്കോയെ തള്ളിപ്പറയാന്‍ കത്തോലിക്ക സഭ തയ്യാറായിരുന്നില്ല. പകരം തെരുവിലിറങ്ങിയ സന്യാസിനിമാരെ അവിശ്വാസികളായും നിഷേധികളായും ചിത്രീകരിക്കാനായിരുന്നു സഭാ നേതൃത്വത്തിന്റെ ശ്രമം. സാധ്യമാകുന്ന എല്ലാ നിലക്കും പ്രതികാര നടപടികളും ഈ അഞ്ച് കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായി.

ഇരയായ കന്യാസ്ത്രീക്ക് ഉള്‍പ്പെടെ സുരക്ഷ ഒരുക്കാനാകില്ലെന്നാണ് മിഷനറീസ് ഓഫ് ജീസസ് പറഞ്ഞത്. കേസിലെ ഇരയും പ്രധാന സാക്ഷിയുമായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിലെ ദുരൂഹത ചര്‍ച്ചയാകുന്ന ഘട്ടത്തിലായിരുന്നു അപായ ഭീഷണി നേരിട്ട സന്യാസിനിമാരെ തള്ളിപ്പറഞ്ഞതും കയ്യൊഴിഞ്ഞതും.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സമരം ചെചതതിന്റെ പേരില്‍ സ്ഥലം മാറ്റ നടപടി നേരിടുന്നതായും സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും കാട്ടി 2019 ജനുവരിയില്‍ കുറവിലങ്ങാട് സിസ്റ്റേഴ്‌സ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സാക്ഷികളായതിനാല്‍ നിരന്തര ഭീഷണിയുണ്ടെന്നും ചികിത്സക്കും യാത്രക്കും പോലും മഠത്തില്‍ നിന്ന് പണം അനുവദിക്കുന്നില്ലെന്നും ഈ കത്തില്‍ പറഞ്ഞിരുന്നു.

സമരം ചെയ്തതിനുള്ള പ്രതികാര നടപടിയായി കണ്ണൂര്‍, പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. കുറവിലങ്ങാട് കഴിയുന്ന പീഡനത്തിന് ഇരയായ കന്യസ്ത്രീയെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമാണ് സ്ഥലം മാറ്റമെന്ന് സിസ്റ്റര്‍ അനുപമ ആരോപിച്ചിരുന്നു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെയും സമരമുഖത്തുണ്ടായ സിസ്റ്റര്‍ നീന റോസിനെയും കുറവിലങ്ങാട് മഠത്തില്‍ തന്നെ നിര്‍ത്തി സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ജോസഫൈന്‍, ആല്‍ഫി എന്നിവരെ ബിഹാറിലെ മഠത്തിലേക്കും, സിസ്റ്റര്‍ ആന്‍സിറ്റയെ പരിയാരത്തേക്കും സ്ഥലം മാറ്റിയായിരുന്നു ഉത്തരവ്. പിന്നീട് സിസ്റ്റര്‍ നീന റോസിനെ ജലന്ധര്‍ രൂപതയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവും മിഷനറീസ് ഓഫ് ജീസസ് പുറപ്പെടുവിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തതിന് ശേഷവും സമരം ചെയ്ത കന്യാസ്്ത്രീകള്‍ക്കെതിരെ സഭാ നേതൃത്വവും അധികാര കേന്ദ്രങ്ങളും മുന്‍നിര ക്രൈസ്തവ സംഘടനകളും പ്രതികാര നടപടികള്‍ തുടര്‍ന്നു. സന്യാസ വ്രതങ്ങളോടും നിയമങ്ങളോടും നീതി പുലര്‍ത്തി ജീവിക്കാന്‍ കഴിയാത്ത ചിലരുടെ വാക്കുകളെ ഏറ്റെടുത്ത് അസത്യ പ്രചരണം നടത്തിയെന്നായിരുന്നു കത്തോലിക്ക സഭ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനത്തിലെ പ്രമേയം. സന്യസ്തരുടെ ബ്രഹ്മചര്യ സമര്‍പ്പണത്തെയും അനുസരണത്തെയും അധിക്ഷേപിച്ചെന്നും പ്രമേയം കുറ്റപ്പെടുത്തി.

2019 നവംബര്‍ ലക്കത്തില്‍ നാഷനല്‍ ജ്യോഗഫിക് മാസിക കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ ചിത്രവുമായി പുറത്തിറങ്ങി. സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്ന ലക്കത്തിലാണ് അഞ്ച് കന്യാസ്ത്രീകളുടെ ചിത്രവും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചത്.

ഓരോ ഘട്ടത്തിലും ഞങ്ങള്‍ നേരിട്ട മാനസിക പീഢനം വിവരണാതീതമാണെന്ന് സിസ്റ്റര്‍മാരിലൊരാള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ നിലകൊണ്ടത് വിശ്വാസി സമൂഹത്തിന് കൂടി വേണ്ടിയാണ്. അനീതിക്കെതിരെയായിരുന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT