Debate

കെ.ആര്‍.മീര 'സവിശേഷമായ അറിവ്' ഇല്ലാത്ത ആളാണോ?

എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീരയെ നിയമിച്ചതില്‍ ചട്ടങ്ങളും യോഗ്യതയും ചര്‍ച്ചയാകുമ്പോള്‍ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു.

മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ്, എം ജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഞാന്‍ എം ഫില്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍, നരേന്ദ്രപ്രസാദ് സാര്‍ ആയിരുന്നു അവിടെ ഡയറക്ടര്‍. അദ്ദേഹത്തിനു എം.ഫില്‍ ബിരുദമോ പിഎച്ച്ഡിയോ ഇല്ലായിരുന്നു. അയ്യപ്പപണിക്കര്‍ സാറിന്റെ കൂടെ ഗവേഷണം തുടങ്ങിയിട്ട് പൂര്‍ത്തിയാക്കാതെ ഉഴപ്പിയ അത്യപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു, പ്രസാദ് സാര്‍. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പോലൊരു ഗവേഷണകേന്ദ്രത്തിന്റെ തലപ്പത്ത് ഒരു സാദാ എം എ ബിരുദധാരി! പക്ഷേ, അന്ന് ആരും വഴിവിട്ട ഒരു രാഷ്ട്രീയ നിയമനമായി പ്രസാദ് സാറിന്റെ അപ്പോയിന്റ്മെന്റിനെ കണ്ടില്ല. നരേന്ദ്രപ്രസാദ് ആരായിരുന്നു എന്നും, അദ്ദേഹത്തിന്റെ ധൈഷണികതയെ, അധ്യാപന മികവിനെ phd കൊണ്ടല്ല അളക്കേണ്ടതെന്നുമുള്ള മിനിമം ബോധവും ബോധ്യവും അക്കാദമിക് സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായിരുന്നു. നരേന്ദ്രപ്രസാദ് ലീവെടുത്ത് പോയപ്പോള്‍, കവി ഡി വിനയചന്ദ്രനായിരുന്നു മേധാവി. മറ്റൊരു PhD രഹിതന്‍. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥികളായി ഞങ്ങളവിടെ ചെല്ലുമ്പോള്‍, അധ്യാപകരായുണ്ടായിരുന്നത്, ബാലേട്ടന്‍( പി ബാലചന്ദ്രന്‍ without a Phd), ഡോ.കുര്യാസ് കുമ്പളക്കുഴി, ഗസ്റ്റ് ഫാക്കല്‍റ്റിയായി എന്‍ എന്‍ മൂസദ് തുടങ്ങിയവര്‍. ഡി .വിനയചന്ദ്രന്റേയും വി സി ഹാരിസിന്റേയും, പി പി രവീന്ദ്രന്റേയും, കെ എം കൃഷ്ണന്റേയും നിയമനങ്ങള്‍ ഒരു കോടതി കുരുക്കിലുമായിരുന്നു.

എല്ലാ അര്‍ത്ഥത്തിലും വിപ്ലവകരമായ ഒരു പാഠ്യപദ്ധതിയായിരുന്നു, ലെറ്റേഴ്‌സിന്റേത്.. ഇംഗ്ലിഷ്, മലയാളം എം ഫില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നു സാഹിത്യത്തേയും സംസ്‌കാരത്തേയും കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു രീതിശാസ്ത്രം. കേരളത്തിലേക്കുള്ള ഉത്തരാധുനിക/ ഘടനാവാദാനന്തര ചിന്തകള്‍ കടന്നു വരുന്നതിന് അക്കാദമികമായ അന്തരീക്ഷം പരുവപ്പെടുത്തിയതില്‍, ലെറ്റേഴ്‌സിന്റെ പാഠ്യപദ്ധതിക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ആദ്യബാച്ച് വിദ്യാര്‍ത്ഥികളായി അവിടെ എത്തിയ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ അന്ന് അത്ര എളുപ്പമായിരുന്നില്ല. അധ്യാപകരുടെ കുറവ്, ലൈബ്രറിയില്‍ ചുരുക്കം ചില പുസ്തകങ്ങള്‍ മാത്രം. സിലബസിലാവട്ടെ ഭരതമുനിയും ആനന്ദവര്‍ദ്ധനനും മാത്രമല്ല, സൊഷ്യുറും, ബാര്‍ത്തും, ദെരിദയും, ലകാനും, ഫുക്കൊയും ഒക്കെയുണ്ട്. എനിക്ക് ഇപ്പൊഴും ഓര്‍മ്മയുണ്ട്, പ്രസാദ് സാര്‍ ബാഗ് തുറന്ന് Robert Young എഡിറ്റ് ചെയ്ത് Untying the Text എന്ന സമാഹാരം എടുത്ത് തന്നത്. ആ സമാഹാരത്തിലൂടെയാണ് എന്റെപ്രിയ വിമര്‍ശകയായ Barbara Johnson - നെ ഞാന്‍ ആദ്യമായി വായിക്കുന്നത്.

ഈ പരിമിതികളൊക്കെ, സര്‍ഗ്ഗാത്മകമായി മറികടക്കേണ്ട വെല്ലുവിളികളായി മാത്രമേ അന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തോന്നിയിരുന്നുള്ളൂ. നമ്മുടെ പ്രിയ കവി അന്‍വര്‍ അലി, അധ്യാപികയും കവിയുമായ മ്യൂസ് മേരി ജോര്‍ജ്ജ്, പ്രശസ്ത വിവര്‍ത്തകനായ എ ജെ തോമസ് തുടങ്ങിയവര്‍ അന്നവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ്. രാജ്യത്തെ പലഭാഗങ്ങളിലുള്ള ലൈബ്രറികളില്‍ നിന്നും സംഘടിപ്പിക്കുന്ന പുസ്തകങ്ങളുടെ കോപ്പികളെടുത്ത്, ഒന്നിച്ചിരുന്നുള്ള reading sessions-ലൂടെ, ആ ഗവേഷണ കേന്ദ്രത്തിന്റെ പ്രാഥമിക അസൗകര്യങ്ങളെ മറികടക്കാന്‍ ശ്രമിച്ചവരായിരുന്നു, അന്നത്തെ വിദ്യര്‍ത്ഥികള്‍. അന്ന് ചെയ്തിരുന്ന മറ്റൊരു കാര്യം, ഒരോ ദിവസവും, ഞങ്ങളില്‍ ഒരാള്‍ അദ്ധ്യാപകനായി മാറുക എന്നതായിരുനു. ഒരേസമയം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി മാറിയവരായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ ക്ലാസ് തുടങ്ങി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, പ്രസാദ് സാര്‍, വി സി ഹാരിസിനെ വിളിച്ച് വരുത്തി. യൂണിവേഴ്‌സിറ്റി ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചു. ഞങ്ങള്‍ക്ക് സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന ഏതാനും 'ഹാരിസിയന്‍' സെഷന്‍സ്. ഇടക്ക് പ്രസാദ് സാറും ബാലേട്ടനുമൊക്കെ ചര്‍ച്ചകളില്‍ ചേരും. എന്തൊരു vibrant ആയിരുന്നു ആ അന്തരീക്ഷം. കോടതി സ്റ്റേ നിലനില്‍ക്കുമ്പോള്‍, ഹാരിസ് ഗസ്റ്റ് ആയി വന്ന് ക്ലാസ് എടുക്കുന്നത് മഹാപരാധമായി അന്നാര്‍ക്കും തോന്നിയിരുന്നില്ല. ഒരു മാധ്യമവും അത് ഞെട്ടിക്കുന്ന വാര്‍ത്തയുമാക്കിയില്ല. ഹസന്‍ മന്‍സില്‍ എന്ന പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലേക്ക്, ബിരുദങ്ങളുടെ ഭാരങ്ങളില്ലാത്ത കവികളും, വിമര്‍ശകരും, എഴുത്തുകാരും, നാടകപ്രവര്‍ത്തകരും നിര്‍ബാധം കടന്നു വന്നിരുന്നു. ഞങ്ങളുമായി സംവദിച്ചു. യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളും, രൂക്ഷമായ തര്‍ക്കങ്ങളും, ജ്ഞാനവിനിമയങ്ങളും ഒക്കെ ചേര്‍ന്ന് നിര്‍മ്മിച്ച, pedagogy യെ തന്നെ വിപ്ലവകരമായി മാറ്റിയെഴുതിയ ഒരു democratic space ആയിരുന്നു അവിടെയുണ്ടായിരുന്നത്. Academic/ non academic എന്ന ദ്വന്ദ്വത്തെ തന്നെ അപനിര്‍മ്മിച്ച ഒരിടം.

കെ ആര്‍ മീര എന്ന ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി, സ്റ്റാച്യുട്ട് പറയുന്ന ഈ 'സവിശേഷമായ അറിവ്' തീരെ ഇല്ലാത്ത ഒരാളാണോ? ആണെങ്കില്‍ അത് യുക്തിപരമായി സ്ഥാപിക്കൂ. മറിച്ച്, അവരുടേത് വെറും രാഷ്ട്രീയ നിയമനമാണെന്ന് ആക്രോശിക്കുന്നതൊക്കെ ശുദ്ധ വങ്കത്തമാണ്.
വി.സി ഹാരിസ്, പി ബാലചന്ദ്രന്‍, ബി ഉണ്ണിക്കൃഷ്ണന്‍

ഇതൊക്കെ, ഇപ്പൊ ഓര്‍ക്കാന്‍ കാരണം, കെ ആര്‍ മീരയെ പോലെ ഒരെഴുത്തുകാരി, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായിരിക്കാന്‍ വേണ്ട 'അക്കാദമിക് യോഗ്യത ' ഇല്ലാത്ത ആളാണെന്ന് ചിലര്‍ കണ്ടെത്തി എന്ന വാര്‍ത്തയാണ്. അവര്‍ക്ക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാവാന്‍ കഴിയില്ലെന്നും, അതിനുള്ള യോഗ്യത അവര്‍ക്കില്ലെന്നും കരുതുന്നത്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പോലൊരു ഗവേഷണ കേന്ദ്രത്തെ അങ്ങേയറ്റം സങ്കുചിതമായി നിര്‍വചിക്കാനുള്ള പരിതാപകരമായ ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ.

ബോര്‍ഡ് ഒഫ് സ്റ്റഡിസില്‍ അംഗമായിരിക്കാനുള്ള യോഗ്യതയെ പറ്റി സ്റ്റാച്യൂട്ട് പറയുന്നതിങ്ങനെ:

' No person shall be appointed as a Member of Board unless he is a teacher of, or has special knowledge in the subject or one of the subjects with which the Board is concerned.' ( P111)

എന്താ, കെ ആര്‍ മീര എന്ന ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി, സ്റ്റാച്യുട്ട് പറയുന്ന ഈ 'സവിശേഷമായ അറിവ്' തീരെ ഇല്ലാത്ത ഒരാളാണോ? ആണെങ്കില്‍ അത് യുക്തിപരമായി സ്ഥാപിക്കൂ. മറിച്ച്, അവരുടേത് വെറും രാഷ്ട്രീയ നിയമനമാണെന്ന് ആക്രോശിക്കുന്നതൊക്കെ ശുദ്ധ വങ്കത്തമാണ്.

വി സി ഹാരിസിനെ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴും, ഇപ്പൊ, മീരയ്ക്ക് രാജി വെച്ച് പോകേണ്ടിവരുമ്പോഴുമൊക്കെ ഉടഞ്ഞു പോവുന്നത്, ചരിത്രത്തിന്റെ ഈ നീക്കിയിരിപ്പുകളാണ്.
യു.ആര്‍ അനന്തമൂര്‍ത്തി

മുകളില്‍ പരാമര്‍ശിതമായ ചരിത്രം പറയുമ്പോള്‍ രണ്ടു പേരുകള്‍ കൂടി പറയാതെ വയ്യ. യു ആര്‍ അനന്തമൂര്‍ത്തി എന്ന അന്നത്തെ വി സിയുടേയും, ശങ്കരപ്പിള്ള സാര്‍ എന്ന ആദ്യ ഡയറക്ടറുടേയും . സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, യു ആര്‍ അനന്തമൂര്‍ത്തി എന്ന അസാധാരണ പ്രതിഭാശാലിയുടെ, മഹാനായ അദ്ധ്യാപകന്റെ, എഴുത്തുകാരന്റെ, ദര്‍ശനമായിരുന്നു. അതിന്റെ ആദ്യ ഡയറക്ടറായി ചുമതലയേറ്റ ശങ്കരപ്പിള്ള സാര്‍ ഒരിക്കലും സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള ഒരു അക്കാദമിഷ്യനും ആയിരുന്നില്ല. ഇവരുടെയൊക്കെ ദര്‍ശനങ്ങളും, ഇടപെടലുകളും, അദ്ധ്യാപന സങ്കല്‍പനങ്ങളുമാണ് ആ സ്ഥാപനത്തിന്റെ legacy. ഓര്‍മ്മയില്‍ നിന്ന് ഒരു കാര്യം കൂടി. ഞങ്ങളുടെ പഠനത്തിന്റെ അവസാന ഘട്ടത്തില്‍, തയ്യാറാക്കേണ്ട MPhil Dissertation- നെ കുറിച്ചുള്ള ചര്‍ച്ചയില്‍, അന്‍വര്‍ അലി അയാളുടെ കവിതകളും അവയുടെ രചനയെ പറ്റിയുള്ള ഒരു കമന്ററിയും 'പ്രബന്ധ' മായി കണക്കാക്കുമോ എന്ന് ചോദിച്ചു. അനന്തമൂര്‍ത്തി സാര്‍ അയാളോട് പറഞ്ഞത്, 'സ്വന്തം കവിതകള്‍ എന്നായാലും വെളിച്ചം കാണുമല്ലൊ, പകരം, ആഫ്രിക്കന്‍ കവിതകള്‍ വിവര്‍ത്തനം ചെയ്യൂ... translation-ന്റെ പ്രശ്‌നങ്ങളെ വിശദമായി അഭിസംബോധന ചെയ്യുന്ന ഒരു ആമുഖ കുറിപ്പോടെ' എന്നാണ്. അന്‍വര്‍ അത് തന്നെ ചെയ്തു. അയാളുടേത്, 'നിയമപ്രകാരം നിലനില്‍ക്കുന്ന' ഒരു എംഫില്‍ പ്രബന്ധമാണോ എന്ന് ആരും സംശയിച്ചില്ല. അയാള്‍ക്കായിരുന്നു, ഒന്നാം റാങ്ക്. നേരത്തെ, പൊടുന്നനവെ, വി സി ഹാരിസിനെ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴും, ഇപ്പൊ, മീരയ്ക്ക് രാജി വെച്ച് പോകേണ്ടിവരുമ്പോഴുമൊക്കെ ഉടഞ്ഞു പോവുന്നത്, ചരിത്രത്തിന്റെ ഈ നീക്കിയിരിപ്പുകളാണ്.

അക്കാദമിക്ക് ലോകത്തിനു 'പുറത്തുള്ള' ബുദ്ധിജീവികളേയും എഴുത്തുകാരേയും ക്ഷണിക്കുന്ന, സ്വാഗതം ചെയ്യുന്ന ഒരു സൗഹൃദത്തിന്റെ രാഷ്ട്രീയം നിലനിറുത്തിക്കൊണ്ട് മാത്രമേ ഈ ഗവേഷണ കേന്ദ്രത്തിന് അതിന്റെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്താന്‍ കഴിയൂ.

ലോകമെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികളില്‍ ഹ്യുമാനിറ്റിസ് എന്ന വിഭാഗം തന്നെ നിലനില്‍പ്പിനു ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ പരിതോവസ്ഥയില്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പോലൊരു ഗവേഷണ കേന്ദ്രം അര്‍ത്ഥവത്തായി നിലനില്‍ക്കണം. അതിന്റെ സാംസ്‌കാരികമായ ബഹുസ്വരത ശക്തമായി തുടരേണ്ടതുണ്ട്. അക്കാദമിക്ക് ലോകത്തിനു 'പുറത്തുള്ള' ബുദ്ധിജീവികളേയും എഴുത്തുകാരേയും ക്ഷണിക്കുന്ന, സ്വാഗതം ചെയ്യുന്ന ഒരു സൗഹൃദത്തിന്റെ രാഷ്ട്രീയം നിലനിറുത്തിക്കൊണ്ട് മാത്രമേ ഈ ഗവേഷണ കേന്ദ്രത്തിന് അതിന്റെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്താന്‍ കഴിയൂ.

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

SCROLL FOR NEXT