സിപിഐഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കല്‍ സംസ്‌കാരത്തെക്കുറിച്ച് ഡി.ദാമോദര്‍ പ്രസാദ്
ദേശിയ തലത്തിലുള്ള ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങളാല്‍ ഒരു പരോക്ഷ ബഹിഷ്‌കരണം നേരിടുന്ന സി പി എം പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ മാധ്യമങ്ങളോട് എന്ത് ജനാധിപത്യപരമായ സമീപനമാണ് പുലര്‍ത്തേണ്ടത് എന്ന ചോദ്യം സി പി എംനു മാത്രമല്ല ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി ബാധകമാകുന്ന ഒന്നാണ്
റദ്ദാക്കല്‍ സംസ്‌കാരത്തെക്കുറിച്ചുള്ള (Cancel Culture) ചര്‍ച്ച പാശ്ചാത്യ സമൂഹ മാധ്യമങ്ങളില്‍ വീശിയടിച്ചുക്കൊണ്ടിരിക്കുകയാണ്. ചോംസ്‌ക്കിയും റുഷ്ദിയുമുള്‍പ്പെടെ 150 ലോകപ്രസിദ്ധ എഴുത്തുകാര്‍ ഹാര്‍പ്പര്‍ മാഗസിനില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഈ ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ അല്ലെങ്കില്‍ തീവ്രവിയോജിപ്പുകളുടെ കാരണത്താല്‍ എതിരഭിപ്രായം പറയുന്ന വ്യക്തിയെ ആ ഒരൊറ്റ കാരണത്താല്‍ ഒഴിവാക്കുകയായോ റദ്ദ് ചെയ്യുകയോ ചെയ്യുന്ന പ്രവണതയെയാണ് റദ്ദാക്കല്‍ സംസ്‌കാരമെന്നുകൊണ്ടു ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.
ഈ റദ്ദാക്കല്‍ അല്ലെങ്കില്‍ ക്യാന്‍സല്‍ രീതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാണ് എഴുത്തുകാരും ബുദ്ധിജീവികളും പറയുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെയും വ്യത്യസ്ത നിപാടുകള്‍ സ്വീകരിച്ചതിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നേക്കും. അത് സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനും കഴിയണം. വിയോജിപ്പുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് ആശയപരമായി തന്നെയാണ്.
പക്ഷെ പാശ്ചാത്യ സാമൂഹിക സംവാദത്തിന്റെ സന്ദര്‍ഭത്തില്‍ രാഷ്ട്രീയമായി ശരിയില്‍ (political correctness) നിന്ന് വ്യതിചലിച്ചു എന്ന വാദമുഖമുയര്‍ത്തി വ്യത്യസ്തവും ഒരു പക്ഷെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ അസ്വീകാര്യവുമായൊരു നിലപാട് സ്വീകരിച്ചവരെ ബഹിഷ്‌ക്കരിക്കുക എന്ന തീരുമാനത്തിലേക്കാണ് സാമൂഹിക നീതിയുടെ പുതിയ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന സംഘടനകളും വ്യക്തികളും എത്തിച്ചേര്‍ന്നത്. ശ്രദ്ധിക്കേണ്ട കാര്യം: ഇവിടെ ബഹിഷ്‌കരണ വാദം അല്ലെങ്കില്‍ റദ്ദാക്കല്‍ അഥവാ ക്യാന്‍സല്‍ ചെയ്യല്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് വലതുപക്ഷമല്ല, മറിച്ചു നവ ഇടതുപക്ഷ സംഘടനകളും കൂട്ടായ്മകളുമാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിന്റെ അകത്തുനിന്നാണ് ഈ റദ്ദാക്കല്‍/ ബഹിഷ്‌കരണ സമീപനം ഉണ്ടായത് എന്നതിലാണ് ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബുദ്ധിജീവികളും എഴുത്തുകാരും ആശങ്കപ്പെട്ടത്.
സമാനമായ ഒരു സമീപനമാണോ ഒരു മാധ്യമത്തോട് കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ പാര്‍ട്ടിയായ സി പി എം -ഉം സ്വീകരിക്കുന്നത്?. ഏഷ്യാനെറ്റ് വലിയ മുതല്‍മുടക്കുള്ള ലാഭേച്ഛ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ്. മുതലാളിത്ത മാധ്യമങ്ങളുടെ ഏതൊരു പരിധിയും പരിമിതിയും ഏഷ്യാനെറ്റിനും ബാധകമാണ്. പ്രസ്തുത സ്വകാര്യ ചാനലിന്റെ പരിമിത ഇടത്ത് നിന്ന് മാത്രം മനസ്സിലാക്കേണ്ടതല്ല രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനല്‍ ബഹിഷ്‌കരണത്തിന്റെ പ്രശ്‌നം. ഇതിനോടൊപ്പം, ഒരു കാര്യം കൂടി വ്യക്തമാണ്: ഏതൊരു ചാനലിനേക്കാളും ജനങ്ങളോട് അക്കൗണ്ടബിലിറ്റി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാണ്. അതുകൊണ്ടു തന്നെ, ഇവിടെ പ്രസക്തമായ പ്രശ്‌നം ചാനല്‍ ബഹിഷ്‌കരണം എന്നതിനേക്കാള്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പരസ്പരം സ്വീകരിക്കേണ്ട ജനാധിപത്യപരമായ സമീപനം എന്താണ് എന്നുള്ളതാണ്.
ദേശീയ തലത്തില്‍ നോക്കുകയാണെങ്കില്‍, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കൃത്യവും വ്യക്തവുമായ, അതും സ്ഥിരതയോടെ തന്നെ, നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍. എങ്കിലും ദേശീയ വാര്‍ത്താ മാധ്യമങ്ങളിലോ ചാനലുകളിലോ സി പി എം സാന്നിധ്യം തുലോം തുച്ഛമാണ്. ഇംഗ്ലീഷ് - ഹിന്ദി ദൃശ്യമാധ്യമങ്ങളില്‍ പ്രത്യേകിച്ചും, ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം രേഖപ്പെടുത്താന്‍ സി പി എം ഉള്‍പ്പെടെ ഇടതുപക്ഷ പാര്‍ട്ടികളെ അപൂര്‍വമായേ ക്ഷണിക്കാറുള്ളൂ. എത്രയോ പ്രസിദ്ധരായ ഇടതുപക്ഷ ചിന്തകരും / നീരീക്ഷകരും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സുപരിചരിതരാണെങ്കിലും അവരെയൊന്നും തന്നെ ഇംഗ്ലീഷ് -ഹിന്ദി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാറില്ല. വാസ്തവത്തില്‍, ഇന്ത്യയിലെ വ്യത്യസ്തവും പ്രധാനപ്പെട്ടതും ധാര്‍മികമായ അടിസ്ഥാനമുള്ളതുമായ കാഴ്ചപ്പാടിനെ പരോക്ഷമായി ബഹിഷ്‌ക്കരിക്കുന്നതിന്/ റദ്ദ് ചെയ്യുന്നതിന് തുല്യമാണത്. ഒരു പക്ഷെ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സി പി എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ചാനലുകളുടെ കാഴ്ചപ്പാടില്‍ അവരുടെ സ്വാധീന മേഖലകളില്‍ പ്രസക്തമല്ല എന്നതാണ്. ഇന്ത്യ മഹാരാജ്യത്തിന്റെ വലിയൊരു ഭാഗം ഈ ചാനലുകളുടെ സ്വാധീന മേഖലയില്‍ വരും.
ആ നിലയില്‍, ദേശിയ തലത്തിലുള്ള ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങളാല്‍ ഒരു പരോക്ഷ ബഹിഷ്‌കരണം നേരിടുന്ന സി പി എം പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ മാധ്യമങ്ങളോട് എന്ത് ജനാധിപത്യപരമായ സമീപനമാണ് പുലര്‍ത്തേണ്ടത് എന്ന ചോദ്യം സി പി എംനു മാത്രമല്ല ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി ബാധകമാകുന്ന ഒന്നാണ്
അസംഘടിതനായ ഒരു വ്യക്തിയല്ലല്ലോ സംഘടിത രാഷ്ട്രീയ പാര്‍ട്ടി. ഒരു ഉദ്യോഗസ്ഥനെതിരെ മുഴുനീള വിമര്‍ശനവും ആരോപണവും മാധ്യമങ്ങള്‍ ഉന്നയിച്ചുക്കൊണ്ടിരിക്കുമ്പോള്‍ ആ ഉദ്യോഗസ്ഥന് നിത്യേന വന്ന് തന്റെ ഭാഗം വ്യക്തമാക്കാന്‍ പറ്റുകയില്ല എന്നത് തീര്‍ച്ച. ഒരു പക്ഷെ അതിന് മറ്റൊരാളെ നിയോഗിക്കാനും പറ്റുകയില്ല. ഏകപക്ഷീയമായ വിധത്തിലാണ് ചര്‍ച്ച അസംഘടിതനായ വ്യക്തിയുടെ കാര്യത്തില്‍ നടക്കുന്നത് എന്നുകൂടി വേണം നാം മനസിലാക്കാന്‍. പക്ഷെ സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാനലുകളില്‍ പോയി അവരുടെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ വക്താക്കളുണ്ട്, എന്തിന് തങ്ങളോട് പല കാരണങ്ങള്‍കൊണ്ടും ബന്ധം പുലര്‍ത്തുന്ന സ്വതന്ത്ര നീരിക്ഷകര്‍ വരെയുണ്ട്. അതിനു പുറമേ, സി പി എമ്മിനാണെങ്കില്‍ സ്വന്തം പക്ഷം മാത്രം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് , ബി ജെ പി എന്നിവര്‍ക്കെന്നത് പോലെ സ്വന്തമായൊരു ചാനല്‍ ഉള്‍പ്പെടെ മാധ്യമ സംവിധാനവുമുണ്ട്.
ഏതൊരു മാധ്യമ ഇടവും തങ്ങളുടെ രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിന് ഉപയോഗിക്കുക എന്നതാണ് ഒരു ശരിയായ സമീപനം. നാട്ടില്‍ നാനൂറ് ചാനലുകള്‍ ഉള്ളപ്പോള്‍ ഒരു ചാനല്‍ ബഹിഷ്‌കരിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന സമീപനത്തെക്കാള്‍ ജനാധിപത്യപരമായ സംവേദനത്തിന് പ്രധാനം ഓരോ മാധ്യമങ്ങളുടെയും ഇടങ്ങള്‍ രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന് ഉപയോഗിക്കുക എന്നതാണ്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. കേരളത്തിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ മാധ്യമ വിമര്‍ശനം തുടങ്ങുന്നത് ഇന്നും ഇന്നലെയുമല്ല. ബൂര്‍ഷ്വാ മാധ്യമങ്ങളുമായുള്ള വൈരുധ്യം എക്കാലത്തും കൃത്യമായി അവതരിപ്പിച്ചുപോന്നിട്ടുണ്ട്.
സ്റ്റുഡിയോ ചര്‍ച്ച ഇപ്പോള്‍ എന്നല്ല ഒരു ഘട്ടത്തിലും തുല്യനീതി പ്രധാനം ചെയ്യുന്ന സംവാദ വേദികളായിരുന്നില്ല. ആ വേദികളെ ജനാധിപത്യപരമായ സംവാദ വേദിയാക്കി പുനഃസൃഷ്ടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വക്താക്കള്‍ക്കും നാളിതുവരെ കഴിഞ്ഞിട്ടുമില്ല
കഴിഞ്ഞ ഒന്ന് രണ്ടു ദശകത്തിനുള്ളിലെ മാധ്യമസ്ഥിതമാണ് രാഷ്ട്രീയ പ്രവര്‍ത്തന പരിപാടികള്‍ പോലും. കോവിഡിനും എത്രയോ മുമ്പു തന്നെ പൊതു യോഗങ്ങളെക്കാള്‍ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും സ്റ്റുഡിയോ ചര്‍ച്ചയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. സ്റ്റുഡിയോ ചര്‍ച്ചയിലെ വിജയ പരാജയങ്ങളാണ് രാഷ്ട്രീയ പ്രചരണത്തിലെ മേല്‍ക്കൈയുടെ മാനദണ്ഡമായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിപ്പോരുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിലപാടുകളൊന്നും ഇക്കാര്യത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് പോലും നാട്ടില്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ചാനല്‍ സാന്നിധ്യമായിരുന്നു പരിഗണനയെന്ന് ബോധ്യപ്പെടുത്തുന്ന എത്ര സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ നമ്മുടെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികകളില്‍ നിന്ന് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായി.
സ്റ്റുഡിയോ ചര്‍ച്ച ഇപ്പോള്‍ എന്നല്ല ഒരു ഘട്ടത്തിലും തുല്യനീതി പ്രധാനം ചെയ്യുന്ന സംവാദ വേദികളായിരുന്നില്ല. ആ വേദികളെ ജനാധിപത്യപരമായ സംവാദ വേദിയാക്കി പുനഃസൃഷ്ടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വക്താക്കള്‍ക്കും നാളിതുവരെ കഴിഞ്ഞിട്ടുമില്ല, ശ്രമിച്ചിട്ടുമില്ല. പ്രതിയോഗിയെ തറപറ്റിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്റ്റുഡിയോകളില്‍ ന്യൂസ് ആങ്കര്‍മാരുടെ സഹായത്തോടെ തന്നെ നിര്‍വഹിച്ചു പോരുന്നതാണ്. ഓരോ സന്ദര്‍ഭത്തില്‍ ഓരോ രാഷ്ട്രീയ കക്ഷിക്കായിരിക്കും മേല്‍ക്കൈ എന്നുമാത്രം. ഈ സ്വഭാവം പ്രകടമാകുന്ന എത്രയോ വീഡിയോകള്‍ യു റ്റിയുബ് ആര്‍ക്കൈവില്‍ ലഭ്യമാണ്.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക്ക് ചാനലിന്റെ സ്വഭാവം പുലര്‍ത്തുന്നവയല്ല മലയാളത്തിലെ പ്രധാന ചാനലുകളൊന്നും. ഭരണാധികാര സേവ പ്രത്യക്ഷത്തില്‍ ചാനലുകള്‍ പ്രകടിപ്പിക്കാറില്ല
സമയ ലബ്ധിയുടെ അഭാവം എക്കാലത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉന്നയിക്കാവുന്ന കാര്യമാണ്. ഇതിനു മുമ്പും അഭിപ്രായ പ്രകടനം തടസപ്പെടുത്തിയതിന്റെ പേരില്‍ രാഷ്രീയ വക്താക്കള്‍ ചാനല്‍ ചര്‍ച്ച ഉപേക്ഷിച്ചു പോയിട്ടുണ്ട്. ചാനല്‍ അവതാരകന്റെ ധാര്‍മിക പ്രഘോഷണം ആദ്യമായിട്ടല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. അതൊരു സ്ഥിരം ശൈലിയാണ്, പ്രതിയോഗിക്ക് നേരെയാണ് ധാര്‍മിക ശാസനയെങ്കില്‍, ആ സമയം മറ്റുള്ളവര്‍ അത് ആസ്വദിച്ചിരുന്നു. സ്റ്റുഡിയോ ചര്‍ച്ചകള്‍ ഈ നിലയിലാണ് രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി വക്താക്കള്‍ക്കും സ്വതന്ത്ര നീരിക്ഷര്‍ എന്ന വേഷം കെട്ടി ചാനലില്‍ വന്നിരിക്കുന്നവര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. എല്ലാവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് സമകാലിക സ്റ്റുഡിയോ ചര്‍ച്ചയുടെ സംസ്‌കാരം.
സ്വതന്ത്ര നീരിക്ഷകര്‍ എന്ന് പറഞ്ഞു ചാനലില്‍ അവതരിപ്പിക്കുന്നവര്‍ ആ ചാനലിന്റെയോ അവതാരകരുടെയോ ചങ്ങാതിമാരോ അടുത്ത ബന്ധമുള്ളവരോ അല്ലെങ്കില്‍ അവരുടെ പ്രോത്സാഹന/ ആരാധന സംഘത്തിലെ ഒരു ആള്‍ മാത്രമാണ്. പലപ്പോഴും വിശേഷ വൈദഗ്ധ്യമൊന്നും പലരിലും പ്രകടമല്ല. അവരുടെ ഏക വ്യക്തിവൈശിഷ്ട്യം, ഒരു പക്ഷെ ചാനല്‍ അവതാരകന്റെ പരിചയ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ്. അഭിഭാഷക പോലുള്ള പ്രഫഷണല്‍ വൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ ചാനല്‍ ചര്‍ച്ചകളെ അവരുടെ കൊമേര്‍ഷ്യല്‍ ഫ്രീ ടൈമായാണ് പരിഗണിക്കുന്നത് എന്ന് വേണം കരുതാന്‍. അതായത് അവരുടെ പ്രഫഷണല്‍ പ്രചരണത്തിനുള്ള വേദികളാണ് സ്റ്റുഡിയോ ചര്‍ച്ചകള്‍. ഒരു പക്ഷെ ഇത്തിരി കടത്തി പറയുകയാണെങ്കില്‍, അവര്‍ക്ക് ഈ വഴിയിലൂടെയുള്ള പ്രചാരത്തിലൂടെ സിദ്ധിക്കുന്ന ഓരോ ഫയലിന്റെ ഫീസിനത്തില്‍ ലഭിക്കുന്ന തുകയുടെ ഒരു ശതമാനം ചാനലുകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.
ചില നീരിക്ഷരുടെ കാര്യം ബഹുതമാശയാണ്. അവതാരകന്‍ രണ്ടു ദിവസം അവധിയില്‍ പോയാലും സ്വതന്ത്ര നീരിക്ഷകന്‍ സ്റ്റുഡിയോവില്‍ തന്നെ തുടരും. പ്രാതലും അത്താഴവും യോഗാസനവും വരെ നിത്യേന ചാനലുകളില്‍ നിന്നാണ് എന്ന പോലെയാണ്. ഓരോ ദിവസത്തെ ചര്‍ച്ചയുടെ സ്വഭാവമനുസരിച്ചു ഓരോ ഓരോ നീരിക്ഷണ പദവികളിലാണ് അവര്‍ അവതരിക്കുക. ചാനല്‍ അവതാരകന്റെ പുറമെ അവരുടെ വകയായും രാഷ്ട്രീയ പാര്‍ട്ടിക വക്താക്കള്‍ക്കും പ്രേക്ഷകര്‍ക്കും ധാര്‍മികതയുടെ റ്റിയുഷന്‍ ക്‌ളസ്സായി മാറും സ്റ്റുഡിയോ ചര്‍ച്ച.
ഇവിടെ സി പി എം, ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാത്രമാണോ അതോ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമോ പങ്കെടുക്കാതിരിക്കുമോ എന്നു വ്യക്തമല്ല.
ഇത് പറയുമ്പോഴും, അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക്ക് ചാനലിന്റെ സ്വഭാവം പുലര്‍ത്തുന്നവയല്ല മലയാളത്തിലെ പ്രധാന ചാനലുകളൊന്നും. ഭരണാധികാര സേവ പ്രത്യക്ഷത്തില്‍ ചാനലുകള്‍ പ്രകടിപ്പിക്കാറില്ല. സര്‍ക്കാരിനെ അവര്‍ക്ക് ശരിയെന്നു തോന്നുന്ന ഘട്ടത്തില്‍ പിന്തുണച്ചിട്ടുണ്ട്. അതേസമയം, അവര്‍ മുറുകെപ്പിടിക്കുന്ന ശരിയുടെ മാനദണ്ഡം ( അത് എന്താണെന്നു അത്ര വ്യക്തമല്ലെങ്കിലും), അവര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനൂകൂലിക്കുകയൂം പിന്തുണയ്ക്കുകയൂം ചെയ്യും.. ചാനല്‍ അവതാരകരില്‍ ശ്രദ്ധ നേടിയവര്‍ പൊതുവില്‍ ലിബറല്‍ ഇടതുപക്ഷ കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുന്നവരാണ്. അതിനു സന്മാര്‍ഗികതയുടെ ഒരു റിബ്ബണ്‍ കൂടി അണിയിച്ചിട്ടുണ്ടാകും എന്ന് മാത്രം. അത്തരം സാന്മാര്‍ഗിക ജീവിത വിളംബരങ്ങളായി വാര്‍ത്താവതരണത്തോടൊപ്പം കുറച്ചു രാഷ്ട്രീയ സുവിശേഷം കൂടി അവര്‍ പകര്‍ന്നു തരും എന്ന് മാത്രം. എന്നാല്‍ പലപ്പോഴും ആ സന്മാര്‍ഗികതയുടെ അളവുകോല്‍ ഒരു മര്‍ദ്ദനോപകാരണമായി അവതാരകര്‍ പ്രയോഗിക്കാറുമുണ്ടെന്നും യാഥാര്‍ഥ്യമാണ്. അപരവ്യക്തിക്കെതിരെയുള്ള വിമര്‍ശനത്തില്‍ ഒരു മയവുമില്ലാതെ മര്‍ദനോപകാരണം പ്രയോഗിക്കുന്ന ചാനല്‍ പ്രതിഭകള്‍ പക്ഷെ ആത്മ വിമര്‍ശനത്തിന്റെ കാര്യത്തില്‍ അത് അത്ര പ്രസക്തമല്ല എന്നാണ് നിനച്ചിരിക്കുന്നത്.
മലയാള ചാനലുകള്‍ (എല്ലാ ചാനലുകളും അങ്ങനെയല്ല!) ലിബറല്‍ ഇടതുപക്ഷ സമീപനം സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള നല്ല കാരണം പ്രവര്‍ത്തകരുടെയോ ഉടമയുടെയോ രാഷ്ട്രീയ ബോധ്യങ്ങളുടെ മേന്മയല്ല, മറിച്ച്, കേരളത്തിന്റെ പൊതു സമൂഹത്തില്‍ മേധാവിത്വമുള്ള നല്ല ആശയങ്ങളില്‍ പലതും ലിബറല്‍ ഇടതുപക്ഷ അനൂകൂലമാണ് എന്നതുകൊണ്ടാണ്. ഇതിന്റെ അര്‍ഥം കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടിന് അപ്രമാദിത്വം ഉണ്ടെന്നല്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും ഇടതു ജനാധിപത്യ കാഴ്ചപ്പാടുകളെ പൊതുബോധത്തിന്റെ താല്പര്യാര്‍ത്ഥം വെള്ളം ചേര്‍ക്കാന്‍ തയ്യാറാകുമ്പോള്‍ കേരളത്തിന് അങ്ങനെയൊരു മേന്മ കല്പിച്ചുകൊടുക്കുന്നത് ശരിയായിരിക്കില്ല.
എങ്കിലും ചില പ്രസക്തമായ കാര്യങ്ങളില്‍ ഇടതു ധാരണകള്‍ പ്രാധാന്യത്തോടെ നിലകൊള്ളാറുണ്ട്. ഏറ്റവും സമീപകാല ഉദാഹരണമാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രധാനപ്പെട്ടതും, സ്വതന്ത്രമെന്ന് നിനക്കുന്നതുമായ എല്ലാ ദൃശ്യമാധ്യമങ്ങളും, ഒരു വലതുപക്ഷ ചാനലൊഴികെ, പൊതുവില്‍ സ്വീകരിച്ച നിലപാട്. ഏഷ്യനെറ്റ് ന്യൂസും മീഡിയ വണ്‍ ചാനലും ഒരു ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായി പ്രക്ഷേപണം വരെ തടസ്സപ്പെട്ടു. അത്തരമൊരു സമീപ കാല ഉദാഹരണം ഓര്‍മയില്‍ നിലനില്‍ക്കെ ഏഷ്യനെറ്റിനെ റിപ്പബ്ലിക് ചാനല്‍ രീതികളോടെ ആരെങ്കിലും തുലനം ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ ഏതോ വൈകാരിക ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. എന്തായാലൂം യുക്തിപ്പൂര്‍വ്വമല്ല.
പറഞ്ഞു വന്നത് റദ്ദാക്കല്‍ സംസ്‌കാരത്തെക്കുറിച്ചായിരുന്നു. ജനങ്ങളുമായി നിരന്തരമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന, പ്രത്യേകിച്ചും ബഹുകക്ഷി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന, ജനാധിപത്യ രീതികള്‍ അവലംബിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, ഒരു മാധ്യമ സ്ഥാപനത്തെ ഒന്നോ രണ്ടോ ദിവസത്തെ സ്റ്റുഡിയോ ഇടപാടുകളിലെ ഇടര്‍ച്ചയുടെ പേരില്‍ ബഹിഷ്‌ക്കരിക്കുന്നത് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ ലിബറല്‍ ജനാധിപത്യം നിലനില്‍ക്കേണ്ട, നിലനില്‍ക്കുന്ന സമവായത്തെ ഭേദിക്കുന്ന ഒരു നീക്കമാണ്. ഇവിടെ സി പി എം, ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാത്രമാണോ അതോ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമോ പങ്കെടുക്കാതിരിക്കുമോ എന്നു വ്യക്തമല്ല.
ഗുരുതരമായ പ്രശ്‌നം, മാധ്യമങ്ങള്‍ എങ്ങനെ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് പരോക്ഷമായ രീതിയില്‍ പോലും ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്നത് ഒട്ടും തന്നെ അഭിലഷണീയമായ കാര്യമല്ല. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനു വിരുദ്ധമായുള്ള പ്രവര്‍ത്തനത്തെ നിയമസംവിധാനങ്ങള്‍ മുഖേന നേരിടണം. ഒപ്പം, ജനാധിപത്യപരമായി പ്രതിഷേധിക്കാം. അപ്പോള്‍ ബഹിഷ്‌കരണം ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗമല്ലേ എന്ന ചോദ്യം ഉയരാം. അവിടെയാണ് ബഹിഷ്‌കരണം റദ്ദാക്കലായി ഇവിടെ പരിണമിക്കുന്നുണ്ടോ എന്ന മറുചോദ്യം ഉയരുന്നത് .
റദ്ദാക്കല്‍ നിഷേധാത്മകമാണ്. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത വ്യക്തിയെയും സംഘടനയെയും റദ്ദു ചെയ്യുന്ന സമീപനമാണ് ഇത്. നൈതികമായൊരു ഉള്ളടക്കം ഇതിലില്ല. അസംഘടിതരായ ദുര്‍ബലരായ ഒരു ജനവിഭാഗം അവര്‍ നേരിട്ട അപമാനകരമായ സമീപനത്താലോ തെറ്റായ പ്രതിനിധാനത്താലോ ഒരു മാധ്യമത്തെയോ,മാധ്യമങ്ങളെയോ തന്നെ ബഹിഷ്‌കരിക്കുന്നത് പോലെയല്ല സംഘടിതമായ എല്ലാ അര്‍ത്ഥത്തിലും ബലവും അധികാരവുമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യുന്നത്.
ആദ്യത്തേത് ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ മറ്റൊരു നൈതിക സമീപനവും സ്വീകരിക്കാന്‍ അവര്‍ക്ക് നിര്‍വാഹമില്ലാത്തത് കൊണ്ടാണെങ്കില്‍ രണ്ടാമത്തേതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവത്തകര്‍ക്കും ഒരു താക്കീതായാണ് മാറുന്നത്. അതിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമാണ്. ഈയൊരു റദ്ദാക്കല്‍ (cancellation) സമീപനത്തിന്റെ നല്ല ഗുണഭോക്താക്കളായി ഒരു പക്ഷെ മാറുക വലതുപക്ഷ രാഷ്ട്രീയ ശക്തികളാണ് എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു